അച്ഛാ, എനിക്കും വേണം.......[മലയാളം ചെറുകഥ]
അച്ഛാ, എനിക്കും വേണം.......
അടച്ചിട്ട ഫ്ലാറ്റിൽ താനിങ്ങനെ നടക്കാൻ തുടങ്ങിയിട്ട് നേരമെത്രയായി? ആധിയോടെ അയാൾ ഓർത്തു. ദൈവമേ തൻറെ മോൾ 4 മണിക്ക് സ്കൂളിൽ നിന്നെത്തും. പാവം, വെറും ആറു വയസ് മാത്രമുള്ള അവളോട് താൻ എന്തു പറയും ?
ആ ഉത്തരത്തിനു വേണ്ടിയാണ് താൻ ഇന്ന് 'ഹാഫ്-െ ഡ ' അവധിയെടുത്തത് തന്നെ. എന്നിട്ടും ?
ഛെ ... എത്ര ആലോചിച്ചിട്ടും ഒരുപിടിയും കിട്ടുന്നില്ലല്ലോ. ഇനി ഭാര്യയോടു ചോദിക്കാം എന്നു വച്ചാൽ അതിൽ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. കാരണം, നഗരത്തിൽ ജനിച്ചുവളർന്ന അവൾക്കിത്തരം കാര്യങ്ങളിൽ ഒന്നും പണ്ടേ വലിയ താല്പര്യം ഇല്ല.
ഇന്നലെ രവിയേട്ടന്റെ ഫ്ലാറ്റിൽ വൈകുന്നേരത്തെ പിറന്നാൾ ആഘോഷത്തിനു പോകാതിരുന്നാൽ മതിയായിരുന്നു. അവിടെ നിന്നാണല്ലോ ഈ പ്രശ്നത്തിന്റെ തുടക്കം?
തിരിച്ചു വരുന്ന വഴിയാണ് മോൾ ആദ്യമായി ആ ചോദ്യം തന്നോട് ചോദിച്ചത്. നാട്ടിൽ നിന്നും വന്ന, രവിയേട്ടന്റെ അനിയന്റെ മക്കൾ പറഞ്ഞു കൊടുത്തതാണത്രേ.
അയാളോർത്തു. 35 വർഷങ്ങൾക്കപ്പുറം താൻ ജനിച്ചു വളർന്ന തന്റെ നാട്. നിറയെ മാവും പ്ലാവും കമുകും തെങ്ങുമെല്ലാം തിങ്ങിനിറഞ്ഞ അരയേക്കർ പുരയിടം. അതിനു നടുവിലായിരുന്നു തന്റെ വീട്. ഓടിട്ട, നീളൻ വരാന്തയുള്ള ഒരു കൊച്ചു വീട്. ആ വീടിന്റെ എല്ലാ ഐശ്വര്യവും തന്റെ മുത്തച്ഛൻ ആയിരുന്നു.
വെറുമൊരു നാടൻ കൃഷിക്കാരൻ. അതിരാവിലെ തന്നെ ഒരു തൂമ്പയുമെടുത്ത് പറമ്പിലേക്കിറങ്ങും. പിന്നെ 8 മണി വരെ പണിയാണ്. പിന്നീട്, തന്നെയും അരികിൽ പിടിച്ചിരുത്തി, ചേന പുഴുങ്ങിയതോ, കാച്ചിൽ പുഴുങ്ങിയതോ അതുമല്ലെങ്കിൽ അല്പം പഴംകഞ്ഞിയോ കഴിക്കും. താൻ സ്കൂളിൽ പോകാനൊരുങ്ങുമ്പോളേക്കും മുത്തച്ഛൻ അന്നത്തെ പത്രവുമെടുത്ത് വിശ്രമിക്കാനുള്ള ഒരുക്കത്തിലായിരിക്കും.
വൈകുന്നേരം സ്കൂളിൽ നിന്നെത്തിയാൽ എത്ര നേരം വേണമെങ്കിലും കളിക്കാൻ പോകാം. ഒറ്റ നിർബന്ധമേ മുത്തച്ഛനുണ്ടായിരുന്നുള്ളൂ, സന്ധ്യാവിളക്ക് തെളിയിക്കുമ്പോൾ എല്ലാവരും ഒരുമിച്ചുണ്ടാകണം.
പിന്നെ, ഏതാണ്ട് ഒരു മണിക്കൂറോളം ഉറക്കെയുള്ള നാമജപം ആണ്. അടുത്ത വീടുകളിൽ പോലും കേൾക്കാൻ പറ്റുന്ന അത്ര ഉറക്കെ!
ദേവീസ്തുതികളും, കൃഷ്ണലീലകളും, രാമകഥകളും ഒക്കെ അടങ്ങിയ ആ നാമജപം കഴിയുമ്പോൾ 7 മണിയെങ്കിലും ആയിട്ടുണ്ടാകും. അപ്പോൾ കാണാം ഞെക്കുവിളക്കിന്റെ അരണ്ട ഒരു വെളിച്ചം അടുത്തടുത്ത് വരുന്നത്. കൂടെ ഉറക്കെ ഒരു ചോദ്യവും
"..യശ്മാ*....ഉറങ്ങിയോ?..."
മുത്തച്ഛന്റെ ഒരു ബന്ധുവാണ്, ഒപ്പം ഏറ്റവും അടുത്ത സുഹൃത്തും. തൊട്ടടുത്ത വീട്ടിലാണ് താമസം.
പിന്നെ രണ്ടു പേരും കൂടി അന്നു ആ നാട്ടിൽ നടന്ന ചെറിയ ചെറിയ സംഭവങ്ങളും രാഷ്ട്രീയവും ഒക്കെ ചർച്ച ചെയ്യുകയായി. ചിലപ്പോൾ അത് സംസ്‌ഥാന അല്ലെങ്കിൽ ദേശീയരാഷ്ട്രീയം വരെയായി എന്നും വരാം. കൂട്ടത്തിൽ അവരുടെ ചെറുപ്പകാലത്ത് ഒപ്പിച്ച കുസൃതികളും ഒക്കെ സംസാര വിഷയമാകാം. ഒക്കെ കേൾക്കാൻ കാതുകൂർപ്പിച്ചു കൊണ്ട് ആ നീളൻ വരാന്തയുടെ ഇങ്ങേ അറ്റത്ത് താനുമുണ്ടാകും.
ഒരു കാര്യം പറയാതെ വയ്യ. വർഷങ്ങളോളം താൻ കേട്ട ആ ചർച്ചകളിൽ ഒരിക്കൽ പോലും ഒരാളെയും കുറിച്ച് മോശമായോ സഭ്യമല്ലാതെയോ ഒന്നും ഒരിക്കലും അവർ ചർച്ച ചെയ്തിരുന്നില്ല !
അങ്ങിനെ ഏകദേശം ഒരു 8:30pm ഒക്കെ ആകുമ്പോഴേക്കും മുത്തച്ഛന് അത്താഴം കഴിക്കാൻ നേരമയിട്ടുണ്ടാകും.
"യശ്മാ, നമുക്കിത്തിരി അത്താഴം കഴിച്ചാലോ...?.."
"വേണ്ട യശ്മാ, ... അവിടെയും ഇപ്പോൾ വിളമ്പിയിട്ടുണ്ടാകും...ഞാൻ ഇറങ്ങട്ടെ ......"
എന്നും പറഞ്ഞു കൂട്ടുകാരൻ ഇറങ്ങും. പിന്നെ മുത്തച്ഛൻ നേരെ അത്താഴ മേശയിലേക്ക്. അവിടെയും ഒരു നിർബന്ധം ഉണ്ടായിരുന്നു. അത്താഴം കഴിക്കുമ്പോൾ വീട്ടിലെ എല്ലാവരും ഒരുമിച്ചു വേണം. അല്ലെങ്കിൽ കഴിച്ചുവെന്നു വരുത്തി വേഗം എഴുന്നേറ്റു പൊയ്ക്കളയും!
പിന്നെ, കാലം കുറെ കഴിഞ്ഞു. താൻ കോളേജിൽ പോയി. അവിടെ നിന്നും ജോലി സംബന്ധമായി അടുത്ത നഗരത്തിലേക്ക് പോയി. എന്നാലും, മുടങ്ങാതെ എല്ലാ ശനിയാഴ്ച്ചയും താൻ വീട്ടിലെത്തുമായിരുന്നു. താൻ വരുന്നതും കാത്ത്, അതിനി എത്ര തന്നെ താമസിച്ചാലും മുത്തച്ഛൻ വഴിയരികിൽ ഉണ്ടാകുമായിരുന്നു. എന്നിട്ട് വീട് വരെ പതുക്കെ തന്നോട് സംസാരിച്ചു, വിശേഷങ്ങൾ ഒക്കെ ചോദിച്ചു നടക്കും. മരണം വരെ മുത്തച്ഛൻ ആ പതിവ് തെറ്റിച്ചതേയില്ല.
പിന്നെയും കുറെ കഴിഞ്ഞു താൻ ഈ മുംബൈ നഗരത്തിലേക്കു ചേക്കേറി. അതോടെ നാടുമായുള്ള അടുപ്പവും കുറഞ്ഞു. ഇപ്പോൾ തന്റെ ലോകം ഈ എട്ടുനില കെട്ടിടത്തിലെ, എഴാംനിലയിലെ ഈ രണ്ടു മുറി ഫ്ലാറ്റിൽ ഒതുങ്ങുന്നു. അഞ്ചു വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ പോയിട്ട്. തൻറെ മോൾക്ക് ഒരു വയസ് ആകാറായ സമയത്ത് പോയതാണ്. പിന്നെ ഓരോരോ കാരണങ്ങൾ പറഞ്ഞു നാട്ടിലേക്കുള്ള യാത്രകൾ എപ്പോഴും മാറ്റിവച്ചു.
ദാ ...ഇപ്പോൾ തന്റെ ആറുവയസ്സുകാരി മകൾ ചോദിക്കുന്നു " അച്ഛാ ..അച്ഛാ... ആരാ ഈ മുത്തച്ഛൻ ? ... എനിക്കും ഒരു മുത്തച്ഛനെ വേണം .."
താഴത്തെ ഫ്ലാറ്റിൽ വിരുന്നു വന്ന കുട്ടികൾ ഇന്നലെ പറഞ്ഞുവത്രേ നാട്ടിൽ അവർക്ക് ഒരു മുത്തച്ഛൻ ഉണ്ട് എന്ന്. ഒരുപാടു കഥകൾ പറയുന്ന, അവരുടെ കൂടെ ആന കളിക്കുന്ന ഒരു മുത്തച്ഛൻ ഉണ്ട് എന്ന്. അപ്പോൾ തുടങ്ങിയ വാശിയാണ്. അവൾക്കും ഒരു മുത്തച്ഛൻ വേണമെന്ന്.
പാവം, അവളുടെ വിചാരം കടകളിൽ വാങ്ങാൻ കിട്ടുന്ന എന്തോ ഒന്നു ആണ് ഈ മുത്തച്ഛൻ എന്നാണ്. ഈ ബെൻ10 ഉം ബാർബിയും ഒക്കെ പോലെ!
പാവം, ഒരുപാടു കരഞ്ഞിട്ടാണ് ഇന്നലെ ഉറങ്ങിയത്. അതും ഇന്ന് സ്കൂളിൽ നിന്നും വരുമ്പോൾ ഒരു മുത്തച്ഛനെ വാങ്ങി നല്കാം എന്നാ ഉറപ്പിൽ മാത്രം. രാവിലെ പോകുമ്പോൾ വലിയ സന്തോഷത്തിൽ ആയിരുന്നു. തന്നെ ഓർമ്മിപ്പിക്കുകയും ചെയ്തു.
"..അച്ഛാ.. ഇന്ന് ഞാൻ വരുമ്പോൾ മുത്തച്ഛനെ വാങ്ങി വച്ചേക്കണം കേട്ടോ ...അല്ലെങ്കിൽ മോൾ പിണങ്ങും ..?" എന്ന്.
ദൈവമേ, ഇനി അരമണിക്കൂർ കുടിയേ ഉള്ളൂ അവളിങ്ങെത്താൻ. താൻ എന്തു ചെയ്യും?
ജീവിതത്തിൽ ആദ്യമായി അയാൾക്ക് അയാളോട് തന്നെ അമർഷം തോന്നി. പിന്നെ അത് വെറും നിസ്സഹായത ആയി മാറി. പാവം, അവളെ ഇന്നും കരയിക്കാൻ വയ്യ. പക്ഷെ താൻ എന്ത് ചെയ്യും? ഇല്ലാത്ത മുത്തച്ഛനെ താൻ എവിടെ നിന്നും കൊണ്ടു വരും?
അവസാനം അയാൾ തീരുമാനിച്ചു. എന്തായാലും മോളുടെ സങ്കടം കാണാൻ വയ്യ. ഉച്ചക്ക് ഓഫീ സിൽ നിന്നും വന്നപ്പോൾ മാറിയിട്ട ഡ്രസ്സ് തന്നെ എടുത്തിട്ട് അയാൾ പുറത്തേക്കിറങ്ങി.
ഒരുപാടു വൃദ്ധസദനങ്ങൾ ഉള്ള നാടാണല്ലോ ഇത്. എവിടെ നിന്നെങ്കിലും ഒരു മുത്തച്ഛനെ കിട്ടുമോ എന്ന് നോക്കാം.......
===============
* യശ്മാൻ = യജമാനൻ എന്നതിന്റെ നാട്ടുഭാഷ്യം
Comments
Post a Comment