രണ്ടു പീഡനങ്ങൾ ........!!
പീഡനം -1:
അവൾ സുന്ദരിയായിരുന്നു. വിടരാൻ കൊതിക്കുന്ന ഒരു മലരായിരുന്നു. പ്രായത്തിന്റെ പക്വതക്കുറവിനാലാകാം, അവൾ പ്രലോഭനങ്ങളിൽ വീണുപോയി. പിന്നെ പീഡനകാലമായിരുന്നു. യൗവ്വനവും വാർദ്ധക്യവും അവളുടെ ശരീരത്തിനു വേണ്ടി 'വരി' നിന്നു. അവസാനം അവരുടെ എണ്ണം 41 ൽ എത്തിയപ്പോൾ എങ്ങിനെയോ പുറംലോകം അതറിഞ്ഞു.
പിന്നെ വിചാരണകാലമായിരുന്നു. പക്ഷെ, നീതിയും നിയമവും അവൾക്കു തുണയായില്ല. നീതിദേവത തന്റെ മൂടിയ കണ്ണുകൾക്കിടയിലൂടെ പ്രതികളെ കണ്ടു, പിന്നെ വീണ്ടും കണ്ണടച്ചു.
"വേണമെങ്കിൽ അവൾക്കു രക്ഷപെടാൻ പഴുതുകൾ ഉണ്ടായിരുന്നില്ലേ?" എന്ന് നീതിമാൻ ചോദിച്ചു. ആർക്കും ഉത്തരമുണ്ടായിരുന്നില്ല. അല്ലെങ്കിൽ, എല്ലാവരും മൗനം പാലിച്ചു. എന്നിട്ട് അവരവരുടെ സ്വാർത്ഥതയിലേക്കൊതുങ്ങി.
മാനക്കേടിനാൽ അവളുടെ ഉള്ളു നീറി. നാണക്കേടിനാൽ ആ കുടുംബം ഉള്ളതെല്ലാം വിറ്റുപെറുക്കി നാടുവിട്ടു. പിന്നെ അകലെയെവിടെയോ ഒരു കൂരയിൽ ഒതുങ്ങി. സർക്കാർ കനിഞ്ഞുനല്കിയ ഒരു ചെറിയ ജോലിയിൽ അവൾ തന്റെ ജീവിതസ്വപ്‌നങ്ങൾ എരിയിച്ചു തീർക്കുന്നു .
അങ്ങിനെ അവൾ ചാരമായി.....!!
*****
പീഡനം - 2:
അവൾ സുന്ദരിയായിരുന്നു. വിടർന്നു കഴിഞ്ഞ പൂവായിരുന്നു. ജീവിതം ഒരു പാടു കണ്ടവളായിരുന്നു; ഒപ്പം ആസ്വദിച്ചവളും.
അതുവരെ കാണാത്ത ചില ബിസിനസ്സ് മേച്ചിൽപുറങ്ങൾ തേടി അവളും, അവളുടെ കൂട്ടുകാരനും. സ്ത്രീശരീരത്തോട് ആർത്തിപൂണ്ട ഉപരിവർഗ്ഗമേലാളൻമാരെയും, അവരുടെ കൂട്ടികൊടുപ്പുകാരെയും അവൾ തിരിച്ചറിയുകയായിരുന്നു. ഒപ്പം, സ്വന്തം ശരീരത്തിന്റെ വാണിജ്യസാധ്യതകളും.
അവൾക്കു മുൻപിൽ ചട്ടങ്ങളും നിയമങ്ങളും വഴിമാറി. ആ വഴികളിലൂടെ 'കരാറുകൾ' അവൾ നേടിക്കൊണ്ടേയിരുന്നു. അടച്ചുകെട്ടിയ കോട്ടവാതിലുകൾ ഒന്നിനുപുറകെ ഒന്നായി അവൾക്കു മുൻപിൽ തുറക്കപ്പെട്ടു. ഓരോ തുറക്കലുകളും അവൾ ആരുമറിയാതെ തന്റെ മൊബൈലിൽ പകർത്തി വച്ചു. എന്തിനെന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. കോടികൾ അവളുടെ കാൽക്കൽ കുമിഞ്ഞു കൂടി. എന്നാൽ അവൾ മാത്രം അവജ്ഞയോടെ അതിനെ നോക്കി.
ഒരിക്കൽ അവളും ചതിക്കപ്പെട്ടു. അപ്പോൾ കഴിഞ്ഞതൊക്കെയും പെട്ടെന്ന് പീഡനങ്ങളായി മാറി. നീതിയുടെ കാവൽക്കാർ അവളെ വിചാരണ ചെയ്യാൻ മടിച്ചു. അവർക്ക് മുൻപിൽ അവൾ ഒഴിവുകഴിവുകൾ പറഞ്ഞു കൊണ്ടേയിരുന്നു. 'സ്മാർത്തവിചാരം' നിർത്തലാക്കിയിരുന്നതിനാൽ അതിനാരും ആവശ്യപ്പെട്ടില്ല. അതുകൊണ്ട് ഒട്ടേറെ പകൽമാന്യന്മാർ രക്ഷപെട്ടു!
ഇടവേളകളിൽ, അവൾ തന്റെ കേസുകൾ ഒന്നൊന്നായി ഒത്തുതീർത്തുകൊണ്ടേയിരുന്നു. അവൾ കുലുക്കിയാൽ പച്ചനോട്ടുകൾ പൊഴിക്കുന്ന ഒരുപാടു വന്മരങ്ങൾ (അതോ, പടുമരങ്ങളോ?) അവൾക്കു ചുറ്റിലുമുണ്ടായിരുന്നു.
അവൾ 'സെലിബ്രിറ്റി'യായി മാറിയിരുന്നു. ചാനലുകൾ അവൾക്കു വേണ്ടി കാത്തിരുന്നു. നീതിയുടെ കൊട്ടാരക്കെട്ടുകളിലേക്ക്, അവൾ അണിഞ്ഞൊരുങ്ങി, പട്ടുസാരിചുറ്റി ഒരു നവോഡയെപ്പോലെ എത്തികൊണ്ടിരുന്നു. അവൾ തൊഴാനെത്തിയ അമ്പലങ്ങളിൽ, ദേവിയെ തൊഴാൻ കാത്തുനിന്ന ഭക്തർ അവളെ തൊഴുതു. അതുംപോരാതെ, ചന്ദനത്തിനു പകരം അവളുടെ ' ഓട്ടോഗ്രാഫ്' വാങ്ങി സായൂജ്യമടഞ്ഞു!
'ലൈവ് കവറേജ്' കണ്ടു പ്രേക്ഷകരുടെ മനം നിറഞ്ഞു. അവളുടെ നാവിൽ നിന്നുതിർന്നേക്കാവുന്ന പേരുകൾക്കുവേണ്ടി ആളുകൾ ഉറക്കം വെടിഞ്ഞു. മറ്റു ചിലർ ഞെട്ടിയുണർന്നു. എല്ലാവരും ഉറക്കം കളഞ്ഞപ്പോൾ അവൾ മാത്രം സുഖമായുറങ്ങി.
അങ്ങിനെ അവൾ താരമായി ......!!
---------------------------------
**കഥയും സന്ദർഭങ്ങളും സാമ്യങ്ങളും വെറും സാങ്കല്പികം മാത്രം.
Comments
Post a Comment