സീരിയൽ - ദ 'കില്ലർ' ? [മലയാള സീരിയലുകൾ - ഗുണമോ ദോഷമോ ?]
സീരിയൽ - ദ 'കില്ലർ' ??
സീരിലയുകൾക്കും സെൻസറിങ് വേണ്ടേ?
സീരിയലുകൾ സമൂഹത്തിനു ഗുണകരമോ ? ദോഷകരമോ? ......
തുടങ്ങിയ ചോദ്യങ്ങൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.
അതിനു മുന്പും പിന്പും ഒരുപാടു സീരിയലുകൾ ഇങ്ങനെ കയറിയിറങ്ങി പോയി. പക്ഷെ ആ ചോദ്യങ്ങൾ മാത്രം ഇങ്ങനെ ഉത്തരം കിട്ടാതെ തുടരുന്നു.
ശരിക്കും സീരിയലുകൾ നമ്മുടെ സമൂഹത്തിനോ, സംസ്കാരത്തിനോ ഗുണകരമോ ദോഷകരമോ ആണോ ? ഇനി അഥവാ ദോഷകരമാണെങ്കിൽ തന്നെ അത് നിരോധിക്കേണ്ടതുണ്ടോ ? പകരം, താല്പര്യം ഇല്ലാത്തവർ അത് കാണണ്ട എന്ന് വച്ചാൽ പോരെ ? ഇത്തരം ചോദ്യങ്ങളും നമ്മൾ ഉത്തരം കണ്ടെത്തേണ്ടവ തന്നെ.
എല്ലാ മലയാള സീരിയലുകളും മോശമാണെന്നോ, അത് കാണുന്നവർ എല്ലാം മോശക്കാരാണെന്നോ അല്ല. പക്ഷെ, ഭൂരിഭാഗം സീരിയലുകളും ദൃശ്യവൽക്കരിക്കുന്നത് അമ്മായിഅമ്മ-മരുമകൾ പോരും, ബാലവേലകളും, അവിഹിതബന്ധങ്ങളും, അമിത ആഭരണ/വസ്ത്ര ഭ്രമങ്ങളും ഒക്കെ തന്നെയല്ലേ ?
ഇതിനൊക്കെ പുറമെയാണ് കേട്ടാൽ ദഹിക്കാത്ത ദ്വയാർഥ പ്രയോഗങ്ങളും, യാതൊരു യുക്തിയും ഇല്ലാത്ത കഥാ / ഉപകഥാ സന്ദർഭങ്ങളും ഒക്കെ. ഇതൊക്കെ നമ്മുടെ കുടുംബങ്ങൾക്കോ, അതു വഴി സമൂഹത്തിനോ ഏതെങ്കിലും തരത്തിലുള്ള നല്ല സന്ദേശങ്ങൾ നല്കുന്നുണ്ടോ? നമ്മൾ മനസ്സിരുത്തി ആലോചിക്കണം.
നിങ്ങൾ പല ചാനലുകളിൽ വരുന്ന പല സീരിയലുകൾ കാണുന്നവരാണെങ്കിൽ, ഒന്ന് വിശദമായി വിശകലനം ചെയ്തു നോക്കൂ. എല്ലാ സീരിയലുകൾക്കും ഏതാണ്ട് നമ്മൾ മുകളിൽ സൂചിപ്പിച്ച ഒരേ കഥാതന്തു തന്നെയല്ലേ ഉള്ളത് ?
ഇത്തരം സീരിയലുകൾ കാണാൻ വേണ്ടി മാത്രം മണിക്കൂറുകൾ TV ക്ക് മുന്നിൽ ഇരിക്കുന്ന 'സംസ്കാര സമ്പന്ന' സമൂഹമാണു നമ്മുടെ കേരളത്തിൽ ഇന്നുള്ളതു എന്ന് കൂടി ഓർക്കണം.
ഇനി, ഇത്തരം സീരിയലുകൽ തുടർച്ചയായി കാണാൻ ഇടവരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികസ്ഥിതി കൂടി ഒന്ന് ആലോചിച്ചു നോക്കൂ. ആ കുട്ടികളുടെ മനസിലേക്ക് നമ്മൾ കടത്തി വിടുന്നത് 'സീരിയൽ കുടുംബ'ങ്ങളിലെ അസംബന്ധ / അവിഹിത കാഴ്ച്ചകളല്ലേ ? ഇതും പോരാഞ്ഞിട്ട്, മിക്ക കുടുംബങ്ങളിലും ഇത്തരം സീരിയലുകൾക്കിടയിലെ ഇടവേളകളിൽ, തങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന സീരിയലിലെ കഥയെ പറ്റി കുടുംബാംഗങ്ങൾ തമ്മിലുള്ള ഒരു ചർച്ച കൂടിയുണ്ടാകും. അച്ഛനും അമ്മയും, അല്ലെങ്കിൽ അമ്മയും ചേച്ചിയും മുത്തശ്ശിയും കൂടി നടത്തുന്ന ഇത്തരം ചർച്ചകൾ കൂടി കേൾക്കാൻ ഇടവരുന്ന കുഞ്ഞു മനസ്സിൽ രൂപപ്പെടുന്ന 'കുടുംബ മോഡൽ' എന്തായിരിക്കും എന്ന് ഊഹിക്കവുന്നതല്ലേ ഉള്ളൂ?
ഇത്തരം സീരിയലുകൾ കാണുന്ന ടീനേജുകാരുടെ മനസിലും കുടുംബ ബന്ധങ്ങളെ കുറിച്ച് മിക്കവാറും വികലമായ ഒരു ചിത്രമായിരിക്കും രൂപപ്പെടുക. (ഇത്രയൊക്കെ പ്രതികൂല സാഹചര്യങ്ങൾ ഒരുക്കി കൊടുത്തിട്ട് നമ്മൾ മുതിർന്നവർ പറയും മകൻ /മകൾക്ക് മുതിർന്നവരെ ഒരു ബഹുമാനവും ഇല്ലെന്ന് !!).
വർഷത്തിൽ 365 ദിവസവും ഇത്തരം സീരിയലുകൾ കാണുന്ന ഒരു കുട്ടി വളർന്നു വരുമ്പോൾ എന്തായിരിക്കും അവൻറെ /അവളുടെ മനസ്സിൽ 'കുടുംബം ' എന്നതിനെ കുറിച്ചുള്ള കാഴ്ചപ്പാട്?
ഇനി, ഇതിനൊരു മറുചോദ്യവും ഉണ്ട്. ഇതൊക്കെ തന്നെ അല്ലെ ഇന്നത്തെ സിനിമകളിലും കാണിക്കുന്നത്. അപ്പോൾ പിന്നെ എന്തിനാണ് സീരിയലുകളെ മാത്രം വിമർശിക്കുന്നത് ? ശരിയാണ് ഇത്തരം പശ്ചാത്തലമുള്ള ഒരുപാടു സിനിമകളും ഉണ്ട്. പക്ഷെ, ഒരു സിനിമ എന്നത് ഏറിയാൽ വെറും 3 മണിക്കൂർ മാത്രം നീളുന്നതാണ്. മാത്രവുമല്ല, ഒരു സിനിമയുടെ ഓർമ്മകൾ നമ്മളിൽ നില്ക്കുന്നത് വളരെ കുറച്ചു മണിക്കൂറുകളോ, അല്ലെങ്കിൽ ദിവസങ്ങളോ മാത്രമാണ്. എന്നാൽ വർഷങ്ങളോളം നമുക്ക് മുൻപിൽ സ്ഥിരമായെത്തുന്ന സീരിയലുകളും അതിലെ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ ചെലുത്തുന്ന സ്വാധീനം അങ്ങിനെയല്ലല്ലോ ?
കൂടെ മറ്റൊന്ന് കൂടി. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും ഏതാണ്ട് 99% സീരിയലുകളും സമൂഹത്തിലെ ഉപരിവർഗ്ഗകുടുംബങ്ങളിലെ കഥകൾ പറയുന്നതാണ്. അത്തരം കുടുംബങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം ഉറങ്ങുമ്പോൾ പോലും വിലകൂടിയ പട്ടുസാരി അണിയുന്നവരും, പവൻ കണക്കിന് സ്വർണ്ണം അണിയുന്നവരും ആണ്. ഇനി ആണ്‍ കഥാപാത്രങ്ങളോ? അതും ഏതാണ്ട് അങ്ങിനെയൊക്കെ തന്നെ. ഒന്നുകിൽ വിലകൂടിയ ജീൻസും ടി-ഷർട്ടും, അല്ലെങ്കിൽ പളപളാ മിന്നുന്ന ജുബ്ബ. സ്വഭാവമോ വെറും 'മണകുണാഞ്ചൻ' ടൈപ്പ്. പൌരുഷമുള്ള ഏതെങ്കിലും ഒരു ആണ്‍കഥാപാത്രത്തെ ഏതെങ്കിലും മലയാള സീരിയലിൽ നിങ്ങൾ കണ്ടിട്ടുണ്ടോ?
ഉണ്ടാവില്ല, കാരണം അതിന്റെ സംവിധായകർക്കറിയാം തങ്ങൾ പടച്ചു വിടുന്ന ഇത്തരം 'ചപ്പടാച്ചി' സീരിയലുകളുടെ പ്രധാന പ്രേക്ഷകർ വീട്ടമമ മാരായ പാവം സ്ത്രീകളാണെന്നും അവരെ കയ്യിലെടുക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് ഇത്തരം പുരുഷകഥാപാത്ര ചിത്രീകരണങ്ങളെന്നും. എന്തൊരു മനശാസ്ത്രപരമായ സമീപനം?
പണ്ട്, നമ്മുടെ കേരളീയ ഭവനങ്ങളിൽ സന്ധ്യാനേരത്ത് ഉയർന്നു കേട്ടിരുന്നത് പ്രാർത്ഥനാഗീതങ്ങൾ ആയിരുന്നു. എന്നാൽ ഇന്നോ? ആ സ്ഥാനത്ത് കേൾക്കുന്നത് മത്തിസുകുവും ചാളമേരിയും പോലെയുള്ള സീരിയൽ കഥാപാത്രങ്ങളുടെ വായിൽ നിന്നുതിരുന്ന കേട്ടാൽ തികട്ടുന്ന തിരുവചനങ്ങളത്രേ!!
എന്നും ഒരുപാടു ദുരന്തവാർത്തകളുമായി നമ്മുടെ മുന്നിലെത്തുന്ന ദിനപത്രങ്ങളിലെ ഒരുവാർത്തയും നമ്മെ വേദനിപ്പിക്കില്ല. പക്ഷെ, സീരിയലിലെ പെണ്‍കുട്ടിയുടെ ജാരനെ പൊലീസ് പിടിച്ചാൽ നമ്മൾ മലയാളികളുടെ കണ്ണ് നിറയും. ഒരു പക്ഷെ വാവിട്ടു കരയുകയും ചെയ്യും!
വിശന്നു കരയുന്ന തന്റെ കുഞ്ഞിന് ഒരല്പം ഭക്ഷണം ചോദിച്ചു വരുന്ന നാടോടി സ്ത്രീയെ നമ്മൾ മോഷ്ടാവ് എന്ന് മുദ്ര കുത്തി പോലീസിൽ ഏല്പിക്കും. ഒരു നാടിനെ മുഴുവൻ വഞ്ചിച്ചു കോടികൾ തട്ടിയ ആളുടെ കയ്യിൽ നിന്നും ആ കോടികൾ അടിച്ചുമാറ്റി കൊട്ടാരം പണിത സീരിയൽനടിയുടെ പൊലീസ് വേഷത്തെ നമ്മൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും!
എന്തൊരു വൈരുദ്ധ്യം അല്ലെ ? അന്തം വിടേണ്ട, അതാണ് നമ്മൾ മലയാളികൾ. നമുക്ക് തുല്യം നമ്മൾ മാത്രം !
കുറച്ചുനാൾ മുൻപ് വരെ ഉച്ചക്ക് ശേഷമായിരുന്നു ഇത്തരം സീരിയലുകൾ തുടങ്ങിയിരുന്നത്. എന്നാൽ ചാനലുകൾ തമ്മിലുള്ള മത്സരം കടുത്തതോടെ ഇപ്പോൾ അതിരാവിലെ മുതൽ തന്നെ തുടുങ്ങുകയായി. ഇനി അതല്ലെങ്കിൽ, ഓഫീസിൽ പോയി ടെൻഷൻ അടിക്കാതെ പ്രേക്ഷകർ കഥയുടെ ബാക്കി കൂടി കണ്ടിട്ടു പൊയ്ക്കോട്ടേ എന്ന് കരുതിയുമാകം.
ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം ഉണ്ട്. സീരിയലുകൾ ഇഷ്ടമില്ലാത്തവർക്ക് ചാനലുകൾ മാറ്റിക്കൂടെ ? അതിനുള്ള റിമോട്ട് അല്ലെ കയ്യിൽ? കൃത്യമായ ചോദ്യം. പക്ഷെ, സീരിയലുകൾ ഇഷ്ടമില്ലാത്തവർ അത് കാണാതിരിക്കുന്നതല്ലല്ലോ ഇവിടെ പ്രശ്നം. അത് ഇഷ്ടമുള്ളവർ (പ്രത്യേകിച്ച് കുട്ടികൾ) അതുകാണുകയും അതിനു അടിപ്പെടുകയും ചെയ്യുന്നതല്ലേ? അപ്പോൾ 'റിമോട്ട്' എങ്ങിനെ അതിനു പരിഹാരമാകും?
ഇനി ഈ സീരിയലുകളിൽ നിന്നും രക്ഷതേടി ആരെങ്കിലും ന്യൂസ് ചാനൽ വച്ചാലോ? സീരിയലുകളേക്കാൾ തരംതാണ രാഷ്ട്രീയചർച്ചകൾ കൊണ്ട് നിറഞ്ഞതാണല്ലോ അവിടം!
ഇത്രയുമൊക്കെ പറഞ്ഞത്, സീരിയലുകൾ ഒന്നും കൊള്ളില്ല എന്ന അർത്ഥത്തിൽ അല്ല, സീരിയലുകൾ ആയിരക്കണക്കിന് ആളുകളുടെയും, അവരുടെ കുടുംബങ്ങളുടെയും ജീവനോപാധി ആണ് എന്നറിയുകയും ചെയ്യാം. എതിർക്കുന്നത് സീരിയലുകളെ അല്ല, മറിച്ച് അവയുടെ ഉള്ളടക്കത്തെയാണ്. അവ നമ്മുടെ സമൂഹത്തിനു ഏല്പിക്കുന്ന ക്ഷതങ്ങളെ കുറിച്ചാണ് ഇവിടെ വേവലാതി.
ആ ഉള്ളടക്കം നിയന്ത്രിക്കാൻ ആർജ്ജവമുള്ള, ആത്മാർത്ഥതയുള്ള, അധികാരമുള്ള, കച്ചവടതാല്പര്യങ്ങളില്ലാത്ത ഒരു സെൻസറിങ് ബോർഡ് നമ്മുക്ക് അത്യന്താപേക്ഷിതമാണ് എന്ന സത്യം നിങ്ങളെ ബോദ്ധ്യപ്പെടുത്തുക മാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
നമ്മുടെ സർക്കാരുകളും, മറ്റു ഉത്തരവാദിത്ത്വപ്പെട്ടവരും ഇത്തരം കാര്യങ്ങളെ പറ്റി ഗൌരവത്തോടെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചില്ലേ ?
പട്ടാപ്പകൽ പോലും ഒരു ആണിനേയും പെണ്ണിനെയും ഒരുമിച്ചു കണ്ടാൽ, സംശയത്തോടെ മാത്രം നോക്കുന്ന നമ്മുടെ സമൂഹം, ഇനി നേരം അല്പമൊന്നിരുട്ടിയാൽ പൂച്ചകളെ പോലെ പതുങ്ങിയെത്തുന്ന 'സദാചാരപോലീസുകാർ' വാഴുന്ന നമ്മുടെ ഈ സമൂഹം, ഇത്രയധികം 'അവിഹിതബന്ധ / അസംബന്ധകഥകൾ' പടച്ചു വിടുന്ന ഈ നാലാം കിട സീരിയലുകളോട് കാണിക്കുന്ന നിസംഗഭാവം അല്ലെങ്കിൽ പ്രതികരണമില്ലായ്മ വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യം അല്ലെ ? നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ ......
=================
സ്നേഹത്തോടെ,
2016 ലെ ആദ്യ ബ്ലോഗിലൂടെ ബിനു.
==================
1-1-2016 ലെ ഈ ബ്ലോഗിന് ശേഷം വന്ന ആശ്വാസകരമായ ഒരു പത്രവാർത്ത ഇതാ .....
Comments
Post a Comment