ഉണ്ണിയമ്മ [മലയാളം കവിത]

ആ കൊച്ചു കുടിലിന്റെയുമ്മറ വാതിലിൽ ഒരു കുഞ്ഞുതിങ്കളായ് ഉണ്ണിയവൻ അമ്മ തൻ അമ്മിഞ്ഞപ്പാൽ കുടിച്ചന്നവൻ ആമോദത്തോടെ വളർന്ന കാലം അവനിയിൽ ജീവിതച്ചൂടിനാലെ പാവം ഉണ്ണി തൻ അമ്മ തളർന്ന കാലം ആലംബമില്ലാതെയേങ്ങിക്കരഞ്ഞമ്മ ഉണ്ണി തൻ കൺപെടാതെന്നുമെന്നും പാവം, ഉണ്ണി തൻ കൺപെടാതെന്നുമെന്നും *** പുലരിയിൽ കതിരവൻ കൺതുറക്കുന്നേരം അമ്മ തൻ ഉണ്ണിയെ വേർപിരിയും കീറത്തുണികൊണ്ടു കെട്ടിയ തൊട്ടിലിൽ അമ്മ തൻ ഉണ്ണിയെ വാവുറക്കും തൻ വിരലൊന്നിനെ വായിൽ തിരുകിയിട്ട- മ്മിഞ്ഞ പോലവൻ പാൽ കുടിക്കും അതു കാൺകെയമ്മതൻ കൺകളിൽ നിന്നു- രണ്ടശ്രുബിന്ദുക്കളടർന്നു വീഴും ഏറുന്ന ദുഖത്തെയുള്ളിലമർത്തിയി- ട്ടേകിടും മുത്തമൊന്നാ കവിളിൽ ഉരിയരിക്കഞ്ഞിക്കു വകതേടാനായവൾ പിന്നെയോ, പാടപ്പണിക്കിറങ്ങും ഞാറ്റടിപ്പാടത്തു ഞാറു നടുമ്പോഴും ഉണ്ണി തൻ ചാരെയാണെന്നുമമ്മ ഉണ്ണി തൻ ഓർമ്മകൾ എപ്പോഴുമശ്രുവായ് അമ്...