തിരിഞ്ഞുനോട്ടം [മലയാളം ചെറുകഥ]
തിരിഞ്ഞുനോട്ടം [മലയാളം ചെറുകഥ]
അയാളോർത്തു ....
അന്ന് തനിക്ക് ഏകദേശം പതിനഞ്ചു വയസ്. കൃത്യമായ ദിവസം ഓർമയില്ലെങ്കിലും തന്റെ പതിനാലാം പിറന്നാൾ കഴിഞ്ഞു ഏറെ കഴിയുന്നതിനു മുന്പാണ് താൻ അയാളെ ആദ്യമായി കണ്ടത്.
അയാൾ തന്റെ അദ്ധ്യാപകൻ ആയിരുന്നില്ല. പക്ഷെ കണ്ട നാൾ മുതൽ ഇതാ ഇന്ന് വരെ താൻ ഗുരുസ്ഥാനത്ത് കണ്ട ഒരേ ഒരാൾ അയാൾ മാത്രമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം, അതും എതാനും നിമിഷങ്ങൾ മാത്രം കണ്ട ഒരാൾ തന്നെ എങ്ങിനെയാണ് ഇത്രയും സ്വാധീനിച്ചത് ?
ഒരൊറ്റ വാചകം മാത്രമാണ് അയാള് തന്നോട് പറഞ്ഞതും.
"ജീവിതത്തിൽ ഒരിക്കലും തിരിഞ്ഞു നോക്കരുത്"
കേട്ട അന്നുമുതൽ അയാൾ അതു പ്രാവർത്തികമാക്കി. പിന്നെ, തിരിഞ്ഞു നോക്കാത്ത ഒരോട്ടം തന്നെയായിരുന്നു ജീവിതം. ഒരുപാടു തവണ അയാൾ പുറകിൽ നിന്ന് വിളിക്കപ്പെട്ടു. തിരിഞ്ഞു നോക്കിയതേയില്ല. പുറകിൽ ഉയർന്ന സന്തോഷശബ്ദങ്ങളോ സന്താപസ്വരങ്ങളോ ഒന്നും അയാളെ ഏശിയതേയില്ല.
അയാളുടെ ലോകം അയാൾ മാത്രമായിരുന്നു. അതിനിടയിൽ എപ്പോഴോ അച്ഛനും അമ്മയും മരിച്ചു. അച്ഛൻ മരിച്ചപ്പോൾ അമ്മയുടെയും, പിന്നീട്, അമ്മ മരിച്ചപ്പോൾ തന്റെ കൂടപ്പിറപ്പുകളുടെയും അലമുറകൾ അയാൾക്ക് പിന്നിലുയർന്നു. എന്നാൽ അയാൾ തിരിഞ്ഞു നോക്കിയതേയില്ല.
ഇടക്കെപ്പൊഴൊ അയാൾ വിവാഹിതനായി. എന്നാൽ അവിടെയും അയാൾ തന്റെ രീതികൾ മാറ്റാൻ തയ്യാറായിരുന്നില്ല.
അയാൾ ജീവിച്ചു കൊണ്ടേയിരുന്നു. പുറകിലും ചുറ്റിലുമുയർന്ന ദൈന്യതയുടെ ഞരക്കങ്ങളോ, ഉന്മാദത്തിന്റെ ആക്രോശങ്ങളോ, എന്തിനേറെ, സന്തോഷത്തിന്റെ കരഘോഷങ്ങൾ പോലുമോ അയാളെ ബാധിച്ചതേയില്ല.
അയാൾക്ക് നോട്ടം മുന്നോട്ടു മാത്രമായിരുന്നു. മുന്നിലുള്ള കാഴ്ച്ചകൾ മാത്രമായിരുന്നു അയാൾ കണ്ടത്. അയാളുടെ ചെവികൾ വശങ്ങളിൽ ആയിരുന്നെങ്കിലും, കേട്ടത് മുന്നിലുള്ള ശബ്ദങ്ങൾ മാത്രമായിരുന്നു.
അയാൾ നടന്നു കൊണ്ടേയിരുന്നു, മുന്നോട്ട്.
പിന്നെ പിന്നെ, ആരും അയാളോട് ശബ്ദിക്കാതായി, പുറകിൽ നിന്നും വിളിക്കാതായി. അതൊരു അനുഗ്രഹമായി അയാൾക്കു തോന്നി. തിരിഞ്ഞു നോക്കേണ്ടല്ലോ!
അങ്ങിനെ അന്നൊരു ദിവസം അയാൾ പതിവ് നടത്തത്തിലായിരുന്നു. പിന്നിലുയർന്ന ശബ്ദം കേട്ടിട്ടും അയാൾ തിരിഞ്ഞു നോക്കിയതേയില്ല. പക്ഷെ, അയാളുടെ ആദർശം അന്നയാളെ ചതിച്ചു.
എവിടെ നിന്നോ ഓടിയെത്തിയ ഒരു തെരുവുനായയായിരുന്നത്. തലങ്ങും വിലങ്ങും കടിച്ച അതിൽ നിന്നും രക്ഷപെടാൻ അയാൾ ആവതും ശ്രമിച്ചു. ആവോളം ഉച്ചത്തിൽ നിലവിളിച്ചു. പക്ഷെ, എന്തുകൊണ്ടോ ആരും "തിരഞ്ഞുനോക്കി"യതേയില്ല.
പിന്നെ എപ്പൊഴൊ കണ്ണ് തുറന്നപ്പോൾ അയാൾ സർക്കാർ ആശുപത്രിയിലെ ഈ 'ഐസോലേഷൻ' വാർഡിൽ ആണ്. ആരും തിരിഞ്ഞു നോക്കാനില്ലാതെ!
മങ്ങിതുടങ്ങിയ ഓർമ്മകളുടെ, ചെറിയ ഇടവേളയിൽ എപ്പോഴോ അയാൾ ചിന്തിച്ചു. എവിടെയാണ് തനിക്കു പിഴച്ചത് ?
"തിരിഞ്ഞു നോക്കരുത്' എന്ന ഗുരുവിന്റെ ഉപദേശം തെറ്റായിരുന്നോ ?
അതോ ഗുരു തന്നെ അറിഞ്ഞു കൊണ്ട് വഴിതെറ്റിച്ചതാണോ ?
ആയുസിന്റെ നീളം ഒരല്പം കൂടി നീണ്ടിരുന്നെങ്കിൽ, തനിക്കത് കണ്ടു പിടിക്കാമായിരുന്നു. പക്ഷെ ചുറ്റിലുമുള്ള കനത്ത ഇരുട്ട് തന്റെ കണ്ണുകളിലേക്കു പടരുന്നതും, തന്റെ കൈകാലുകൾ മരവിക്കുന്നതും താൻ അറിയുന്നു. ആരോ തന്നെ പുറകിൽ നിന്നും വിളിക്കുന്നുണ്ടോ?
ജീവിതത്തിൽ ആദ്യമായി അയാൾ തിരിഞ്ഞു നോക്കി. എന്നാൽ അവിടം ശൂന്യമായിരുന്നു. കനത്ത ഇരുട്ട് മാത്രമായിരുന്നു!
ആർക്കാണ് പിഴച്ചത്? ഗുരുവിനോ, അതോ ശിഷ്യനോ?
Comments
Post a Comment