ഏകാകിയുടെ പശ്ചാത്താപം....... [മലയാളം കവിത]




ഏകാകിയുടെ പശ്ചാത്താപം [മലയാളം കവിത]

ഇരുളും വെളിച്ചവും ഇടവിട്ടു നില്ക്കുന്നോരീ 
വഴിത്താരയിൽ ഞാനേകനോ?
പാപവും പുണ്യവും തോരണം തൂക്കുന്ന 
ജീവിതപ്പാതയിൽ ഞാനേകനോ?

നിറമുള്ള സ്വപ്നങ്ങളില്ലാതെയൂഴിയിൽ 
കാറിക്കരഞ്ഞു ഞാൻ ജാതനായി, 
അഴകാർന്ന സ്വപ്‌നങ്ങൾ ഉള്ളിൽ  നിറഞ്ഞത്‌ 
അറിയാതെയെങ്കിലും ആസ്വദിച്ചു 

കൗമാരമെന്നിൽ നിറച്ചു ചാപല്യവും 
കൂടെക്കുറേ മധുസ്വപ്നങ്ങളും 
മനസോ പിടിവിട്ടു യാഗാശ്വമായേതോ 
മേച്ചിൽപ്പുറത്തന്നലഞ്ഞിരുന്നു 

യൗവ്വനമെന്നിൽ നിറച്ചത് സ്വപ്നമോ ?
ചൂടുള്ള കുളിരോവറിഞ്ഞു കൂടാ, 
എങ്കിലും ഞാനത് കഴിവതുപോലൊക്കെ-
യാസ്വദിച്ചെന്നത് നഗ്നസത്യം 

കാലമാം ചക്രം തിരിയവേ യൌവ്വന-
ശലഭമോ ദൂരെപ്പറന്നകന്നു 
ഓർക്കാൻ കുറെയേറെ ബാക്കിവച്ചിട്ടെന്നെ
ഏകാകിയാക്കി പറന്നു പോയി 

ഇന്നെന്റെ ജീവിത സായന്തനത്തിന്റെ 
തീരത്തിരുന്നൊന്നു ചിന്തിക്കവേ 
എന്നിൽ നിറവത് ഭൂതകാലത്തിന്റെ 
പാപമോ പുണ്യമോ ശൂന്യതയോ ?

ഏറെത്തിമിർത്തു മദിച്ചു നടന്നൊരീ- 
ജീവിതത്തിൽ നിന്നുമെന്തു നേടി?
ഇല്ല, ഞാൻ നേടിയില്ലൊന്നുമേ കേവല-
മർത്ത്യന്നു നേടുവാനെന്തിവിടെ?

പക്ഷെ, അത് ഞാനന്നോർത്തില്ല തെല്ലുമേ,
ലൌകിക ജീവിത ഗർവ്വിനാലെ 
ഇന്നു ഞാൻ പശ്ചാത്തപിക്കുന്നു 
തെല്ലൊന്നു, വൈകിയിട്ടാകാമതു ക്ഷമിക്ക!

ഇന്നു ഞാൻ പശ്ചാത്തപിക്കുന്നു 
തെല്ലൊന്നു, വൈകിയിട്ടാകാമതു ക്ഷമിക്ക....!


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]