ഉണ്ണിയമ്മ [മലയാളം കവിത]


ആ കൊച്ചു കുടിലിന്റെയുമ്മറ  വാതിലിൽ 
ഒരു കുഞ്ഞുതിങ്കളായ്‌ ഉണ്ണിയവൻ 
അമ്മ തൻ അമ്മിഞ്ഞപ്പാൽ കുടിച്ചന്നവൻ 
ആമോദത്തോടെ വളർന്ന കാലം 

അവനിയിൽ ജീവിതച്ചൂടിനാലെ 
പാവം ഉണ്ണി തൻ അമ്മ തളർന്ന കാലം 
ആലംബമില്ലാതെയേങ്ങിക്കരഞ്ഞമ്മ 
ഉണ്ണി തൻ കൺപെടാതെന്നുമെന്നും 
പാവം, ഉണ്ണി തൻ കൺപെടാതെന്നുമെന്നും 

***
പുലരിയിൽ കതിരവൻ കൺതുറക്കുന്നേരം 
അമ്മ തൻ ഉണ്ണിയെ വേർപിരിയും 
കീറത്തുണികൊണ്ടു കെട്ടിയ തൊട്ടിലിൽ 
അമ്മ തൻ ഉണ്ണിയെ വാവുറക്കും 

തൻ വിരലൊന്നിനെ വായിൽ തിരുകിയിട്ട-
മ്മിഞ്ഞ പോലവൻ പാൽ കുടിക്കും 
അതു കാൺകെയമ്മതൻ കൺകളിൽ നിന്നു-
രണ്ടശ്രുബിന്ദുക്കളടർന്നു വീഴും 

ഏറുന്ന ദുഖത്തെയുള്ളിലമർത്തിയി-
ട്ടേകിടും മുത്തമൊന്നാ കവിളിൽ 
ഉരിയരിക്കഞ്ഞിക്കു വകതേടാനായവൾ
പിന്നെയോ, പാടപ്പണിക്കിറങ്ങും 

ഞാറ്റടിപ്പാടത്തു ഞാറു നടുമ്പോഴും  
ഉണ്ണി തൻ ചാരെയാണെന്നുമമ്മ 
ഉണ്ണി തൻ ഓർമ്മകൾ എപ്പോഴുമശ്രുവായ് 
അമ്മ തൻ കണ്ണിൽ തുളുമ്പി നില്ക്കും 

ഉച്ചക്ക് പണിയാളർ പണിനിർത്തും നേരത്ത് 
പതിവായി എന്നുമാ ഉണ്ണിയമ്മ 
ഉണ്ണി തൻ ചാരെയങ്ങോടിയെത്തും 
പിന്നെയമ്മിഞ്ഞയേകിടും, മുത്തങ്ങളും 

പുലരിയിൽ വേർപിരിഞ്ഞെങ്ങോ പോയ തൻ 
അമ്മയോടുണ്ണി കെറുവു കാട്ടും 
എങ്കിലുമമ്മ തൻ കണ്ണുനീർ കാൺകവേ 
ഉണ്ണി തൻ കെറുവങ്ങലിഞ്ഞു പോകും 

കൈകാലിളക്കിയിട്ടാർത്തു ചിരിച്ചവൻ 
കൊച്ചരിപ്പല്ല് പുറത്ത് കാട്ടും  
അതു കാൺകെയമ്മ തൻ ദുഖങ്ങളൊക്കെയും 
കാണാമറയത്ത് പോയൊളിക്കും 

പിന്നെ, തന്നുണ്ണിയെ വാവുറക്കീട്ടമ്മ
പാടപ്പണിക്ക് തിരിച്ചു പോകും 
അന്തിക്കു കതിരവനങ്ങു മറയവേ 
ഉണ്ണി തൻ അമ്മ തിരികെയെത്തും 

വാടിയ താമരത്തണ്ടുപോൽ തൊട്ടിലിൽ
'വാവു'ന്നോരുണ്ണിയെ നോക്കിനില്ക്കും 
പിന്നെ പതിയവേ ഉണ്ണിയെ തന്നുടെ 
നെഞ്ചിന്റെ നെഞ്ചോടു ചേർത്തു വയ്ക്കും 

വറ്റിവരണ്ട തൻ മുലകളിലൊന്നിനെ
ഉണ്ണി തൻ വായിൽത്തിരുകീടവേ
അമ്മ തൻ കണ്ണിൽ നിന്നശ്രുബിന്ദുക്കൾ
തന്നുണ്ണിതൻ മൂർദ്ധാവിലൂർന്നു വീഴും
***

പിന്നെ തന്നുണ്ണിയെ ഒക്കത്തിരുത്തിയിട്ടമ്മ-
തൻ അത്താഴ ജോലി ചെയ്യും
ഒരുപിടി പൊടിയരി, പിന്നെയൊരു മുളകരി
അമ്മതൻ അത്താഴം അതിലൊതുങ്ങും

കോട്ടിയ പ്ലാവിലക്കുമ്പിളിൽ പൊടിയരി-
ക്കഞ്ഞി തൻ ഉണ്ണിക്കു കോരി നല്കെ
ഒരു നൂറുകഥകൾ പറയുന്നോരമ്മയെ
ഉണ്ണിയോ മുറുകെ പുണർന്നിരിക്കും

അമ്മ തൻ ഉള്ളിൽ  നിന്നുയരുന്ന ദുഃഖങ്ങൾ
ആയിരം കഥകളായ് ഊർന്നു വീഴേ
അതിനിടക്കെപ്പെഴോ ആ പിഞ്ചുബാലകൻ
നിദ്ര തൻ മടിയിൽ മയങ്ങി വീഴും

തൻ പിഞ്ചുപൈതലിൻ ചാരെ കിടക്കവേ
അമ്മ തൻ നെഞ്ചകം നീറി നില്ക്കും
ഒരു വേള ഉണ്ണി തൻ അച്ചന്റെയോർമ്മകൾ
ആ മാതൃഹൃദയത്തെ ചുട്ടു നീറ്റും

ജീവിത പന്ഥാവിലേകാകിയാക്കിയിട്ടെന്നോ
കടന്നു പോയെങ്കിലുമാ, ഓർമ്മകളുള്ളിൽ  
സ്മരിച്ചു കൊണ്ടല്ലാതെ ഉണ്ണി തൻ അമ്മ ഉറങ്ങുകില്ല
എന്നും, ഉണ്ണി തൻ അമ്മ ഉണരുകില്ല

ഒരു നേർത്ത തണലിനായ് ആരോരുമില്ലാതെ
ജീവിതദുഖത്തെയോർത്തു കൊണ്ടാ-
രാവിന്റെ അവസാന യാമത്തിലെപ്പോഴോ
ഉണ്ണി തൻ അമ്മ തളർന്നുറങ്ങും

***
ദിവസങ്ങൾ മെല്ലെ കൊഴിഞ്ഞു വീണു
പിന്നെ ഋതുഭേദഭാവങ്ങൾ മാറി വന്നു
ദിവസങ്ങൾ മെല്ലെ കൊഴിഞ്ഞു വീണു
പിന്നെ ഋതുഭേദഭാവങ്ങൾ മാറി വന്നു

അങ്ങ് കിഴക്കിലായ് വെള്ളിടി വെട്ടവേ
ഉണ്ണി തൻ അമ്മ വെറുങ്ങലിക്കും
വാവിട്ടുറക്കെ നിലവിളിക്കും തന്റെ
പൈതലെ നെഞ്ചോടു ചേർത്തു വയ്ക്കും 

സംവൽസരങ്ങൾക്കു  മുൻപിലേക്കാ  പാവം
അമ്മ തൻ ഓർമ്മകൾ പാഞ്ഞു പോകും
സംവൽസരങ്ങൾക്കു  മുൻപിലേക്കാ  പാവം
അമ്മ തൻ ഓർമ്മകൾ പാഞ്ഞു പോകും

പാടപ്പണി കഴിഞ്ഞന്നും പതിവുപോൽ
ഉമ്മറക്കോലായിൽ വിശ്രമിച്ചോ-
രുണ്ണി തൻ അച്ഛന്റെ ജീവനുമായൊരു
വെള്ളിടിയിതു പോലെ പാഞ്ഞു പോയി

ഒരു വാക്കു പറയാതെ, വിട പോലും ചൊല്ലാതെ
ഒരു പിടിച്ചാരമായ് ഉണ്ണിയച്ചൻ
ഇത്തിരിപ്പോന്ന തൻ പൈതലു മാത്രമായ്
ജീവിതയാത്രയിൽ കൂട്ടവൾക്ക് 
***

അങ്ങു കിഴക്കിലായ് വെള്ളിടി വെട്ടവേ
ഉണ്ണി തൻ അമ്മ വെറുങ്ങലിച്ചു
പിന്നെ, തന്നുണ്ണിയെ ചേർത്തു പിടിച്ചവൾ 
കീറിയ പായയിൽ മിഴിയടച്ചു

കാലവർഷത്തിന്റെ രൗദ്രമാം കയ്യുകൾ 
ഭൂമി തൻ മാറിലേക്കാഴ്ന്നിറങ്ങേ  
ദിക്കുകളെല്ലാം നടുങ്ങുമാറുച്ചത്തിൽ  
ശ്യാമമേഘങ്ങളങ്ങാർത്തലച്ചു  

കുരുനരിക്കൂട്ടങ്ങളാർത്തു വിളിച്ചൊരാ- 
ഭീതമാം രാത്രിയകന്നു പോകെ 
വിളറി വെളുത്തൊരാ സൂര്യന്റെ കയ്യുകൾ 
ഭൂമി തൻ മെയ്യിലെ മുറിവുണക്കെ 

അമ്മ തൻ അമ്മിഞ്ഞപ്പാലിനായ് പൈതലാൾ 
പതിവു പോലന്നും പരതി നോക്കെ 
പതിവ് പോൽ അമ്മ തൻ കൈകൾ തന്നുണ്ണിയെ 
വാരിപ്പുണർന്നില്ലയന്നു മാത്രം 

കാറിക്കരഞ്ഞുകൊണ്ടുണ്ണി തൻ അമ്മയുടെ 
മാറിലേക്കൊന്നങ്ങു ചുണ്ടു ചേർക്കെ  
ഒരു വേളയാപ്പൈതൽ ഞെട്ടിവിറച്ചു തൻ 
അമ്മ തൻ ദേഹം തണുത്തിരുന്നു 

ഭീതമാം രാവിന്റെയന്ത്യയാമത്തിലാ 
ദേഹത്തെ ദേഹി വെടിഞ്ഞിരുന്നു 
തൻ പൊന്നു പൈതലെയവിടെ തനിച്ചാക്കി 
അമ്മ തൻ ആത്മാവകന്നിരുന്നു 

ഉണ്ണി കുലുക്കിവിളിച്ചു തന്നമ്മയെ 
'അമ്മുയുറങ്ങുകയല്ലേ?
അമ്മ തൻ ഉണ്ണിയെ പറ്റിക്കുവാനായി 
അമ്മ ഉറങ്ങുകയല്ലേ ?
അമ്മേ ഉണരൂ ഈ ഉണ്ണിക്കു പാൽ തരൂ"
ഉണ്ണി കുലുക്കി വിളിച്ചു നോക്കി 
അമ്മയുണർന്നതില്ലമ്മിഞ്ഞയേകിയില്ലുണ്ണി 
കെറുവിച്ചു മാറി ദൂരെ 

ഇല്ല, അന്നേകിയില്ലക്കെറുവു  മാറ്റുവാൻ 
ഉണ്ണിക്കു പൊൻമുത്തമൊന്നുമമ്മ 
ഉണ്ണി തൻ അമ്മ മരിച്ചിരുന്നു പാവം 
ഉണ്ണി തൻ അമ്മ തണുത്തിരുന്നു 

അവനിയിൽ തന്നുണ്ണിക്കണ്ണനെ വിട്ടവൾ 
ആകാശലോകത്ത് പോയിരുന്നു 
ഏങ്ങിക്കരഞ്ഞുകൊണ്ടാ പാവം പൈതൽ തൻ 
അമ്മയുടെ മാറിൽ തളർന്നു വീഴ്കെ 

ആകാശലോകത്തെ അമ്മതൻ കണ്ണുനീർ 
അതിവർഷ മേഘമായ് പെയ്തിറങ്ങി 
ഇടനെഞ്ചു പൊട്ടുമാ അമ്മയുടെ ഗദ്ഗദം 
ഒരു മിന്നൽക്കൊടിയായി ആഴ്ന്നിറങ്ങി 

ആകാശലോകത്തെ അമ്മതൻ കണ്ണുനീർ 
അതിവർഷ മേഘമായ് പെയ്തിറങ്ങി 
ഇടനെഞ്ചു പൊട്ടുമാ അമ്മയുടെ ഗദ്ഗദം 
ഒരു മിന്നൽക്കൊടിയായി ആഴ്ന്നിറങ്ങി 

***
പാവമാം ഉണ്ണിയുടെ ഓർമ്മയിൽ നെഞ്ചകം 
നീറുമൊരു കനലായ് എരിഞ്ഞു നില്ക്കെ 
അറിയാതെയശ്രു തുളുമ്പുമെൻ കൺകളിൽ 
കാലം കഴിഞ്ഞിട്ടുമിന്നുമിന്നും  ..!!

-----------------
2002 മെയ്‌ മാസം ഡയറിയിൽ കുറിച്ചിട്ട കവിത. 














Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]