ആരോമൽ സ്വപ്നമേ നീ വരുമോ ? [മലയാളം കവിത]

 ആരോമൽ സ്വപ്നമേ നീ വരുമോ ? [മലയാളം കവിത]



ആയിരം കനവുകൾ നെയ്തു ഞാനിന്നലെ
ആരോരുമറിയാതെ മെല്ലെ
ആയിരം പൊൻപ്രഭ ചാർത്തി നിന്നീടുന്ന
ആരോമലേ നിനക്കേകാൻ

ഊഷരം എൻ ജീവവാടിയിലൊക്കെയും
സൂനങ്ങൾ ചെമ്മേ വിടർന്നുവെന്നാൽ
ഒക്കെയും സൗഗന്ധമില്ലാതെ പാഴിലായ്
ധർത്തിയിൽ ചേരുകയായിരുന്നു

വർണ്ണങ്ങൾ ഇല്ലാത്ത പുഷ്പങ്ങളവയൊക്കെ
ദുഖത്തിൻ പൂമ്പൊടിയേറ്റി നിന്നു
അതുമൂലമാകാം ഭൃംഗങ്ങളൊന്നുമേ
അവയെത്തലോടാനുമെത്തിയില്ല.

നീരേകി പോറ്റുവാനാളില്ലാതവയൊക്കെ
ജീവിത ചൂടേറ്റു വാടി നില്ക്കെ,
വേഴാമ്പൽ കാംക്ഷിച്ച പുതുമഴ പോലെ നീ
അന്നെന്റെ ഹൃത്തിലോ പെയ്തിറങ്ങി

വർണ്ണങ്ങളായിരം വാരിവിതറി നീ
ആരണ്യമതിനെ പൂവാടിയാക്കി
പുതുജന്മം കിട്ടിയ പൂവുകൾ തെന്നലിൽ
തലയാട്ടി മെല്ലെ ചിരിച്ചു നില്ക്കെ-

ആയിരം വിത്തുകൾ പുതുതായി പാകി
നിന്നോർമകൾ എന്നുടെ ഹൃത്തടത്തിൽ,
അനുരാഗ ജലമേറ്റിട്ടാർത്തു വളർന്നവ
വാനോളമുയരത്തിൽ പൂത്തു നിന്നു

ഉയിരിന്റെ ഉയിരായ പൂക്കളിറുത്തു ഞാൻ
മോടിയിൽ മണ്ഡപമൊന്നു തീർത്താൽ,
ഞാൻ ചാർത്തും  താലിയെ സ്വീകരിക്കാൻ
എന്റെ ആരോമൽ സ്വപ്നമേ നീ വരുമോ ?

======
വാട്സാപ്പും എഫ്ബിയും ഇല്ലാത്ത പഴയകാലത്തെ, ഒരു കാമുകചിന്ത ..!!


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]