കണ്ണാ കണിക്കൊന്ന പൂത്തു പോലും .......[കവിത]



കണ്ണാ നിൻ കമനീയ വിഗ്രഹം ഞാനെന്റെ
കരളിന്റെയുള്ളിൽ കാത്തു പോലും
സംവത്സരങ്ങളായ് സന്ധ്യയ്ക്കു ഞാനതിൽ
സന്ധ്യാവിളക്കു കൊളുത്തി പോലും

കണ്ണാ നിൻ പൊന്നോടക്കുഴലിന്റെ നാദത്തിൽ
ഞാനെത്രയെന്നെ മറന്നു പോയി 
ദിവസങ്ങൾ കൊഴിയുന്നതറിയാതെ ഞാനെന്നുമാ-
നാദവീചി തൻ രാഗമായി

കണ്ണാ നിൻ മുരളിക കേട്ടോടിയെത്തുന്നോ-
രമ്പാടി പൈക്കൾ തൻ കോലാഹലം
അറിയാതെ എൻ ജീവതാളമായ് മാറി പോൽ 
ഞാനോ നിൻ പ്രിയസഖി രാധയായി

കണ്ണാ എൻ കരളിന്റെയോരത്തു നില്ക്കുമാ-
കൊന്നമരം പൂവണിഞ്ഞു പോലും
പീതവർണ്ണാങ്കിത പൂക്കളിന്നർച്ചനാ-
രൂപത്തിൽ നിൻ മേനി മൂടിപോലും

കണ്ണാ നീ കണ്ണു തുറക്കില്ലയെന്നോ എൻ 
അർച്ചന കൈക്കൊള്ളുകില്ലയെന്നോ
കണ്ണാ നീ കള്ളത്തരങ്ങൾ വെടിഞ്ഞെന്റെ
കൈപിടിച്ചീടുകയില്ലയെന്നോ?

കണ്ണാ നീ ഗോപിക പെണ്ണിവൾ തൻ
അനുരാഗമാം കാളിന്ദി കാണ്മതില്ലേ ?
കരളിന്റെയുള്ളിൽ നിന്നുയരുമീ ഗദ്ഗദം
കനിവിന്റെ ദേവാ നീ കേൾപ്പതില്ലേ ?

കണ്ണാ നിൻ പോന്നോടക്കുഴലായി മാറുവാൻ 
ആവില്ലയെങ്കിലോ എന്റെ ജന്മം 
നിൻ മുൻപിലൊരു നറുകർപ്പൂരദീപമായ് 
ഞാനെന്നെയിങ്ങനെ ഹോമിച്ചിടും 

കണ്ണാ നീ കണ്ണു തുറക്കുകെൻ പ്രേമമാം 
നൈവേദ്യമിന്നിതു സ്വീകരിയ്ക്ക 
നിൻ പ്രിയ രാധയായ് നിന്നോടു ചേർക്കുകീ 
പാവമാം ഗോപികപ്പെണ്ണിവളെ 

കണ്ണാ കണിക്കൊന്ന പൂത്തു പോലും 
പൊൻ മേടമാസമണഞ്ഞു പോലും 
കരളിന്റെയുള്ളിൽ നിൻ കമനീയവിഗ്രഹം 
പൊൻകണിയായ് ഞാനൊരുക്കി പോലും !!
*******
binumonippally.blogspot.in

*ചിത്രത്തിന് കടപ്പാട്: Google Images

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]