യദുവംശ വഴിയെ [മലയാള കവിത]


യുഗമതു മുൻപേ ദ്വാപരകാലം 
നാടുഭരിച്ചൊരു യദുവംശം 
ഭഗവാൻ കൃഷ്ണൻ രാജസ്ഥാനേ- 
വാണരുളീടിയ യദുവംശം 

മഥുരാപുരിയെ സ്വർഗ്ഗസമാനം
പരിപാലിച്ചൊരു യദുവംശം 
നാടിനു നന്മകൾ മാത്രം ചെയ്താ- 
നാടു ഭരിച്ചൊരു യദുവംശം 

പതിയെ സുര തൻ വഴിയേ നീങ്ങി 
താനെ നശിച്ചൊരു യദുവംശം 
സുരയിൽ മുങ്ങിയൊരാസുര ചിന്തയിൽ 
അടിവേരിളകിയ യദുവംശം 

മദ്യമതേകിയ മായികവലയം 
ഭൂഷണമാക്കിയ ശാപകുലം 
പാതിമറഞ്ഞൊരു ബോധമനസ്സുകൾ 
താണ്ഡവമാടിയ ശാപകുലം

'ഏരക'വടി തൻ മാരകപ്രഹരം 
പാടെ മുടിച്ചൊരു ശാപകുലം
ഭഗവാൻ പോലും പാടെയുപേക്ഷി-
ച്ചെങ്ങോ പോയൊരു ശാപകുലം

                          * * * *
മാബലി നാടും യദുകുല വഴിയേ 
പോവുകയല്ലേ ചിന്തിക്കൂ 
നാട്ടിൽ മുഴുവൻ ലഹരിയിൽ മുങ്ങിയ  
പേക്കൂത്തല്ലേ കാണ്മതു നാം !

'ഏരക'വടികൾ ദൂരെയെറിഞ്ഞവർ 
കൊടുവാൾ കൈകളിലേന്തുന്നു
ഗദകൾ മാറ്റി നാടൻ ബോംബിൻ  
ഭാണ്ഡം തോളിൽ തൂക്കുന്നു

ഒട്ടിയ വയറും വിളറിയ മുഖവും
കാണാൻ കണ്ണുകളില്ലാതെ
ലഹരിയിൽ മുങ്ങി പൊങ്ങി നുരയ്ക്കാൻ
മണ്ടുകയാണോ മലയാളി ?

കലിയുഗകാലേ നാടിതു നാശ-
പടുകുഴി പൂകുവതിൻ മുൻപേ 
രക്ഷയുമായൊരു കൽക്കി ഈ നാട്ടിൽ 
ജന്മമെടുക്കാൻ പ്രാർത്ഥിക്കാം !!

അതുവരെ നമ്മെ രക്ഷിച്ചീടാൻ
നാമല്ലാതിവിടാളില്ല
ഒത്തു ശ്രമിയ്ക്കാം, ഒരുമിച്ചുണരാം
മാബലി നാടിനെ രക്ഷിയ്ക്കാം

മാരകമാമീ ലഹരിയിൽ നിന്നും
നമ്മുടെ നാടിനെ രക്ഷിയ്ക്കാൻ 
ഒത്തു ശ്രമിയ്ക്കാം, ഒരുമിച്ചുണരാം
വൈകരുതിനിയും സോദരരെ
നാം, വൈകരുതിനിയും സോദരരെ !!

                                                              - ബിനു മോനിപ്പള്ളി 

[യദുകുലം - രണ്ടാം പതിപ്പ്]
*************
binumonippally.blogspot.in

*ചിത്രത്തിന് കടപ്പാട്: Google Images

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]