നായ്ക്കാലം [കവിത]



നായ്ക്കൾക്കു നിങ്ങളു പാലു നല്കീടണം
കേന്ദ്രമൊന്നിങ്ങോട്ടു ചൊല്ലി
നായ്ക്കൾക്കു ഞങ്ങളു 'ഷെൽട്ടർ' ഒരുക്കിടും
സംസ്ഥാനമങ്ങോട്ടു ചൊല്ലി !

കേരളത്തിൽ മാത്രം നായയെന്തിങ്ങനെ ?
കോടതി ചിന്തിച്ചു പോയി
നായയെ പറ്റി പഠിക്കുവാനായൊരു
കമ്മീഷനങ്ങോട്ടു വച്ചു  !

നായകൾ കൂടുവാൻ കാരണം 'സർക്കാരു'
പ്രതിപക്ഷ മെമ്പറു ചൊല്ലി
അതിനുത്തരവാദി ഞങ്ങളേയല്ലെന്നു
മന്ത്രിസാർ സഭയിൽ മൊഴിഞ്ഞു !

കൊട്ടാരം പോലുള്ള വീടുകൾ കെട്ടി നാം
'ഫോറിൻ' നായ്ക്കളെ പോറ്റി
നാട്ടിലെ നായ്ക്കളോ തെരുവിലെ ക്രൗര്യമായ്
നാട്ടാർക്കു ദോഷമായ് തീർന്നു !

നേതാവ് തുമ്മിയാൽ ഹർത്താൽ നടത്തുന്ന
കേരള നാടിതെന്നോർക്ക
നായകടിച്ചിട്ടു നാട്ടുകാർ ചത്തിട്ടും
ഹർത്താൽ നമുക്കിന്നു വേണ്ട !

തൊണ്ണൂറുകാരനെ നായ കടിച്ചപ്പോൾ
കണ്ണീരൊഴുക്കിയില്ലാരും
വോട്ടു ചെയ്തീടുവാൻ ബാക്കിയില്ലെങ്കിലാ
വോട്ടറെയാർക്കിനി വേണം ?

പട്ടിയെ കൊന്നെന്നാൽ 'കാപ്പ' ചുമത്തണം
കേന്ദ്രത്തിലൊരു മന്ത്രിയോതി
ആളിനെ കൊല്ലുകിൽ 'കോപ്പും' ചുമത്താത്ത
നാടാണ് നമ്മുടേതോർക്ക !

വീട്ടിലെ കുട്ടിക്ക് ബിസ്കറ്റ് നൽകാത്ത
'കൊച്ചമ്മ' മാരുള്ള നാട്ടിൽ
തെരുവിലെ നായക്ക് പിന്തുണയേകുവാൻ
ആളേറെയുള്ളൊരീ നാട്ടിൽ

ജീവിച്ചു പോകണമെങ്കിൽ ധരിക്കണം
ക്രിക്കറ്റുകാരന്റെ വേഷം
കയ്യിൽ കരുതണം സ്റ്റമ്പൊരെണ്ണം സ്ഥിരം
നായകൾ വാഴുമീ നാട്ടിൽ ..!!

കാര്യങ്ങളീവിധം പോവുകിൽ വേഗമീ
കേരളം, 'നായളം' ആയി മാറും
നായകൾ വാഴുമാ കാലത്ത് നമ്മളോ?
ഇല്ലാത്ത വാലാട്ടി നിന്നീടണം !!


*************
binumonippally.blogspot.in

*ചിത്രത്തിന് കടപ്പാട്: Google Images




Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]