സഹകരണ മേഖല: പ്രശ്നങ്ങളും പ്രതിവിധികളും [ലേഖനം]


പ്രിയപ്പെട്ട വായനക്കാരെ,

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ നടക്കുന്ന ഒരു വലിയ സംവാദമാണല്ലോ "സഹകരണ മേഖലയെ തകർക്കാൻ ശ്രമം ഉണ്ടോ? ഇല്ലയോ എന്നത്? ". അതിന്റെ രാഷ്ട്രീയ വശങ്ങളിലേക്കു പോകാതെ നമുക്ക് ഒന്ന് വിശകലനം ചെയ്തു നോക്കിയാലോ?

ഭാരതത്തിൽ നിലവിലുള്ള നിയമം അനുസരിച്ചു, ഏതൊരു ബാങ്കിങ് സ്ഥാപനവും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിന് വിധേയമായി വേണം പ്രവർത്തിക്കാൻ. എന്നാൽ അർബൻ ബാങ്കുകൾ ഒഴികെയുള്ള മിക്ക സഹകരണ ബാങ്കുകളും അങ്ങിനെയല്ലത്രേ !

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയുടെ തന്നെ നട്ടെല്ലായ നമ്മുടെ സഹകരണ പ്രസ്ഥാനത്തിന്റെ, ഏറ്റവും പ്രധാനപ്പെട്ട ഘടകമായ സഹകരണ ബാങ്കുകൾ, റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കും ചട്ടങ്ങൾക്കും വിധേയപ്പെടാൻ എന്തിനാണ് മടിക്കുന്നത് ?

തങ്ങളുടെ നിക്ഷേപകരെല്ലാം ഈ രാജ്യത്തിൻറെ നിയമങ്ങൾ അനുസരിക്കുന്ന നല്ല പൗരന്മാർ ആണെന്നും, അവരുടെ നിക്ഷേപങ്ങൾ പൂർണ്ണമായും നിയമാനുസൃതമാണെന്നും, അതാണ് തങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും, സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട പ്രാഥമികചുമതല നമ്മുടെ സഹകരണ പ്രസ്‌ഥാനങ്ങൾക്കില്ലേ ?

ഇനി, അഥവാ ഇല്ലെങ്കിൽ?
അതിനു ഉത്തരവാദികൾ ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ഇവിടുത്തെ രാഷ്ട്രീയക്കാർ (എല്ലാ പാർട്ടിയിലും പെട്ടവർ) തന്നെയാണ്. അവരാണ് തങ്ങളുടെ നിക്ഷേപകരെ സംശയത്തിന്റെ പുകമറക്കുള്ളിൽ നിർത്തുന്നത്. അവരാണ് തങ്ങളുടെ നിക്ഷേപകരെ താറടിച്ചു കാണിക്കാൻ കൂട്ടു നിൽക്കുന്നത്.

എന്തിലും രാഷ്ട്രീയം കാണുന്ന നമ്മൾ മലയാളികളുടെ  പതിവു ശൈലി മാറ്റി വച്ച്, നമുക്ക് ഈ പ്രശനത്തിന്റെ പ്രതിവിധികൾ എന്താണെന്നു ഒന്ന് നോക്കിയാലോ ?

1. സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ നിക്ഷേപ സ്ഥാപനങ്ങളിലും (സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ) KYC നിർബന്ധമാക്കുക.

[നിയമവിധേയമായ നിക്ഷേപങ്ങൾ ഉള്ളവർ (അത് എത്ര വലിയ നിക്ഷേപവും ആകട്ടെ) എന്തിനാണ് KYC യെ പേടിക്കുന്നത് ?]

2. ഒരു നിശ്ചിത തുകയിൽ കൂടുതൽ ഉള്ള നിക്ഷേപങ്ങൾക്ക് (എല്ലാ നിക്ഷേപ സ്ഥാപനങ്ങളിലും, സഹകരണ ബാങ്ക് ഉൾപ്പെടെ) IT റിട്ടേൺ നിർബന്ധമാക്കുക. ഓർക്കുക, IT റിട്ടേൺ നിർബന്ധമാക്കുക എന്നതിന് Income Tax  കൊടുക്കുക എന്ന് അർത്ഥമില്ല. നിക്ഷേപകർക്കു അർഹതപ്പെട്ട ഇളവുകൾ എല്ലാം അവർക്കു അവകാശപ്പെടാവുന്നതാണ്.

[ഉദാഹരണത്തിന്: 10 ലക്ഷത്തിനു മുകളിൽ ഉള്ള എല്ലാ ബാങ്ക് നിക്ഷേപത്തിനും (പൊതുമേഖലാ, സ്വകാര്യ മേഖല, സഹകരണ മേഖല) IT റിട്ടേൺ നിർബന്ധമാക്കുക. കർഷകർ ഈ പരിധിയിൽ വരുന്നു എങ്കിൽ അവർക്കു അർഹതപ്പെട്ട നികുതിയിളവ് നൽകുക. പൂർണ്ണ ഇളവ് വേണമെങ്കിൽ അങ്ങിനെ. പക്ഷെ IT റിട്ടേൺ സമർപ്പിക്കുന്നത് ഒഴിവാക്കാതിരിക്കുക.]

3. നിലവിൽ Income Tax നൽകുന്ന വ്യക്തികൾക്ക് ഒരു നിശ്ചിത തുക വരെ (ഉദാ: 5  ലക്ഷം വരെ) നികുതിയിളവോടെ സഹകരണ ബാങ്കിൽ നിക്ഷേപിക്കാൻ അവസരം നൽകുക. പക്ഷെ, അവർ തങ്ങളുടെ IT റിട്ടേണിൽ നിക്ഷേപം  കാണിച്ചിരിക്കണം. പരിധിയിൽ കൂടുതൽ ഉള്ള നിക്ഷേപങ്ങൾക്ക് Income Tax ഈടാക്കാവുന്നതാണ്.

[തീർച്ചയായും ഈ നടപടി സഹകരണ ബാങ്കിലേക്ക് കൂടുതൽ 'നിയമ വിധേയ നിക്ഷേപങ്ങൾ' കൊണ്ടു വരും. ഇല്ലേ ? കാരണം നിലവിൽ Income Tax കൊടുക്കുന്ന ആളുകൾ വിവിധ പദ്ധതികളിൽ (NSC , പോസ്റ് ഓഫീസ്, പെൻഷൻ പ്ലാൻ  മുതലായവ) നിക്ഷേപിച്ചാണ് ഇപ്പോൾ ഇത്തരം നികുതി ഇളവുകൾ നേടുന്നത്. അതൊന്നും ഇല്ലാതെ നേരിട്ട് സഹകരണ ബാങ്കിൽ നിക്ഷേപിക്കാം എങ്കിൽ, എത്രയോ എളുപ്പം?]

4. ഒരു  ലക്ഷത്തിനു മുകളിൽ ഉള്ള എല്ലാ സഹകരണ ബാങ്ക് ഇടപാടുകൾക്കും PAN  നിർബന്ധം ആക്കുക.


സുഹൃത്തുക്കളെ, ഒരിക്കൽ കൂടി പറയട്ടെ, നമ്മുടെ സഹകരണ മേഖലയിൽ 'കള്ളപ്പണം' ഇല്ല എന്ന് തെളിയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്, അല്ലെങ്കിൽ കടമയാണ്. പക്ഷെ അതിനു വേണ്ടി ആരോപണ-പ്രത്യാരോപണങ്ങളോ, സംശയത്തിന്റെ പുകമറയോ, രാഷ്ട്രീയ-തർക്കങ്ങളോ അല്ലെങ്കിൽ ഹർത്താലോ ഒന്നുമല്ല നമ്മൾ നടത്തേണ്ടത്.

പിന്നെ? 

മേല്പറഞ്ഞതു പോലുള്ള നടപടികളിലൂടെ, ആ  മേഖലയിലെ ഇടപാടുകളെ സുതാര്യമാക്കുകയാണ്, നിയമാനുസൃതമാക്കുകയാണ്.  അതിൽ നമുക്ക് രാഷ്ട്രീയം മാറ്റിവെക്കാം, മറ്റു നിക്ഷിപ്ത താല്പര്യങ്ങൾ മാറ്റിവയ്ക്കാം.

ചുരുക്കത്തിൽ, നമ്മുടെ സംസ്ഥാന സർക്കാരുകളും, കേന്ദ്ര സർക്കാരും റിസർവ് ബാങ്കും കൂടി തീരുമാനിച്ചാൽ വെറും 10  ദിവസത്തിനുള്ളിൽ തീർക്കാവുന്ന പ്രശ്നങ്ങളേ സഹകരണ മേഖലയിൽ ഉള്ളൂ. എങ്ങിനെ എന്നാണോ ?

1. സഹകരണ മേഖലയിൽ എല്ലാ നിക്ഷേപകർക്കും അവരുടെ KYC സമർപ്പിക്കാൻ 5 ദിവസം സമയം നൽകുക.

2. KYC  കൾ സൂക്ഷ്മപരിശോധന നടത്തി സംസ്ഥാന സഹകരണ വകുപ്പിനെ അറിയിക്കാൻ ജില്ലാ ബാങ്കുകൾക്കു 3  ദിവസം സമയം നൽകുക.

3. പ്രാഥമിക പരിശോധന നടത്തി 10 ലക്ഷത്തിനു താഴെയുള്ള എല്ലാ നിക്ഷേപങ്ങളിലും (ഇവിടുത്തെ ഇടത്തരം അല്ലെങ്കിൽ താഴേക്കിടയിലുള്ള സാധാരണ നിക്ഷേപകർക്ക് 10  ലക്ഷത്തിൽ കൂടുതൽ നിക്ഷേപം ഉണ്ടാകാൻ  സാധ്യതയില്ലല്ലോ), എല്ലാ ഇടപാടുകൾക്കും പൂർണ്ണമായ അനുമതി നൽകാൻ റിസർവ് ബാങ്കിന് 2 ദിവസം സമയം നൽകുക.
[ഈ മൂന്നു പരിശോധനകളും, നിക്ഷേപകൻ കൃത്യമായ PAN അല്ലെങ്കിൽ aadhaar നൽകിയിട്ടുണ്ടോ എന്ന് മാത്രം പരിശോധിച്ചാൽ മതിയാകും]

4. സാധാരണക്കാരായ എല്ലാ സഹകാരികളുടെയും പ്രശ്നങ്ങൾ അങ്ങനെ 10 ദിവസത്തിനുള്ളിൽ തീരും.

5. ബാക്കിയുള്ള (10 ലക്ഷത്തിനു മുകളിലുള്ള) നിക്ഷേപങ്ങൾ, കൂടുതൽ പരിശോധനകൾക്കു വിധേയമാക്കി, സമയബന്ധിതമായി പൂർ ത്തിയാക്കി, ഇടപാടുകൾ നടത്താൻ അനുമതി നൽകുക.

6. "കള്ളപ്പണം" എന്ന് തെളിയുന്ന ഏതൊരു നിക്ഷേപവും, പൂർണ്ണമായും സർക്കാരിലേക്ക് കണ്ടുകെട്ടുക.

നമ്മുടെ സംസ്ഥാന സർക്കാരുകളും, കേന്ദ്രസർക്കാരും ഒക്കെ, ജനങ്ങളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളിലെങ്കിലും അവരുടെ രാഷ്ട്രീയം മാറ്റി വച്ച്, രാജ്യതാല്പര്യത്തിനു വേണ്ടി, പ്രായോഗിക ബുദ്ധിയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ .....!!

വെറുതെ ആശിച്ചു പോകുന്നു......!!

*************
binumonippally.blogspot.in


*ചിത്രത്തിന് കടപ്പാട്: Google Images






Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]