ഓണമിങ്ങെത്തും മുൻപേ [ഓണക്കവിത - 2019]


ഓണമിങ്ങെത്തും മുൻപേ
[ഓണക്കവിത - 2019]

ഓണത്തിനെത്തേണ്ട  മാവേലിയേ
ഓണക്കളികൾ തുടങ്ങി ഞങ്ങൾ
ഓണം വരേയ്ക്കങ്ങു കാത്തുനിൽക്കാൻ
ഒട്ടും സമയമില്ലെന്റെ തമ്പ്രാ ....

ഓണത്തല്ലെങ്ങോ മറന്നു ഞങ്ങൾ
ഓണക്കളികൾ പരിഷ്കരിച്ചു
പൂവിളിയാകെയും മാറ്റി ഞങ്ങൾ
പൂര വിളിയുന്നു ചാനലിലായ്

ചേലൊത്ത ദാവണിത്തുമ്പുയർത്തി
പൂക്കൾ പറിയ്ക്കുമാ പെണ്ണിനോട്
ഇഷ്ടം പറയുവാൻ കാത്തു നിന്നാ-
കാലമകലേയ്ക്കു പോയ്മറഞ്ഞു

വാട്സാപ്പിലൂടെ തുടങ്ങിവച്ച്
ഫേസ്ബുക്കിലൂടങ്ങു പന്തലിച്ച്
ഒടുവിലൊരു കുപ്പി ഇന്ധനത്തിൽ
എരിയുന്നതാണിന്നു പ്രണയമത്രെ !

തോവാളമണമുള്ള പൂക്കളാലെ
പൂക്കളം തീർത്താൽ പുതുമയില്ല
സഹജന്റെ നെഞ്ചിലെ ചുടുചോരയാൽ
പുതുമയിൽ പൂക്കളം തീർത്തു ഞങ്ങൾ

പണ്ടവർ വരുണനെ പ്രാർത്ഥിച്ചു പോൽ
ഒരു തുള്ളി മഴയിങ്ങു പെയ്തിറങ്ങാൻ
ഇന്നിവർ *വരുണിന്റെ മഴ നനയും
നാളത്തെ മന്ത്രിക്കസേര കിട്ടാൻ

താറുടുത്തെത്തേണ്ട മാവേലിയെ
താറടിയ്ക്കാൻ ചിലരിവിടെയുണ്ട്
ഓണത്തിനെത്തേണ്ട  മാവേലിയേ
ഓലക്കുടയും പഴഞ്ചനല്ലേ

കാനന വാസനും രക്ഷയില്ല
പാതാളവാസാ നീ ഓർത്തീടണം
മതിലൊന്നു തീർത്തങ്ങു നോക്കിയിട്ടും
ഉത്ഥാനം ഇവിടെങ്ങുമേശിയില്ല

ഗാഡ്‌ഗിലിന്നിവരാരും കേട്ടതില്ല
കേട്ടവരൊന്നുമേ മിണ്ടിയില്ല
വെറും അഞ്ചുവർഷം കഴിയുമ്പൊഴീ
നാടിതാ പ്രളയക്കെടുതിയിലായ്

കുന്നിടിച്ചു ഞങ്ങൾ പാർക്ക് തീർത്തു
കാടുവെട്ടി മണിമേട തീർത്തു
വയൽ നികത്തി വ്യോമ താവളങ്ങൾ
ചേലോടെ തീർത്തതും ഞങ്ങൾ തന്നെ

**പ്രളയം  കൊണ്ടൊന്നും പഠിച്ചതില്ല
കാരണം പോലും വിവാദമാക്കി
'ഫണ്ടിന്റെ' കാര്യത്തിലാണെങ്കിലോ
അർഹരെ കാണുവാനില്ലയത്രെ !

അനുദിനം കൂടുന്ന പീഡനങ്ങൾ
ദിനപത്ര താളുകൾ നിറയുമ്പോഴും
അയലത്തു നാട്ടിലെ നാടകങ്ങൾ
വാ കീറി അലറലാണിവിടുള്ളവർ

ലോക്കപ്പ് മരണങ്ങൾ ഇല്ലയില്ല
എല്ലാമേ മാധ്യമ സൃഷ്ടിയത്രേ
'ഒറ്റപ്പെട്ടെ'ങ്ങാനും സംഭവിച്ചാൽ
അതിനിത്ര വാർത്ത  കൊടുക്ക വേണോ?

പണ്ടൊക്കെ എമ്മെല്ലേയിങ്ങു വന്നാൽ
ഏമാൻമാരങ്ങോട്ടു മാറി നിൽക്കും
ഇന്നെങ്ങാൻ എമ്മെല്ലേ വന്നുപെട്ടാൽ
എല്ലങ്ങു മാറ്റിയിട്ടെമ്മെയാക്കും

മാനുഷരെല്ലാരുമൊന്നെന്നു നീ
ലോകരെ കാട്ടിയ നാടാണിത്
മനുഷ്യത്വമുള്ളവരെവിടെയെന്ന്
ആശ്ചര്യമൂറേണ്ട നാടാണിന്ന് !

അസുര പ്രജാപതി ഓർത്തീടണം
ആസുരമാവുകയാണ് നാട്
സ്ഥല-കാല-ബോധങ്ങളില്ലാതെയാ-
സുരപാന തല്പരരാകുന്നിവർ

ഇല്ലില്ല മാവേലി വന്നിടേണ്ട
ഇല്ലാത്ത നന്മയെ കണ്ടീടുവാൻ
പണ്ടു നീ കണ്ടൊരാ നല്ല നാടിൻ
ഓർമ്മയിൽ നീയങ്ങു വാണീടുക

പണ്ടു നീ കണ്ടൊരാ നല്ല നാടിൻ
ഓർമ്മയിൽ നീയങ്ങു വാണീടുക

-- ബിനു മോനിപ്പള്ളി

*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ ഇമേജസ്  



*വരുൺ: കേരളപോലീസിന്റെ ജലപീരങ്കി
** 2018 ലെ പ്രളയം 

പിൻകുറിപ്പ്‌: ഒരുപാട് സന്തോഷത്തോടെ ഓണത്തിനെ വരവേൽക്കാൻ കാത്തുനിന്ന ആ കുട്ടിക്കാലം, ഇന്നും ഓർമയിൽ ഉണ്ട് ....ഒട്ടും ഒളി മങ്ങാതെ. എങ്കിലും, നിസ്സാര കാരണത്തിന്റെ പേരിൽ, അല്ലെങ്കിൽ മറ്റാർക്കൊക്കെയോ വേണ്ടി, സ്വന്തം കൂട്ടുകാരന്റെ നെഞ്ചിൽ പോലും ഒട്ടും അറപ്പില്ലാതെ കത്തിയിറക്കുന്ന യുവതയുള്ള ഈ കാലത്ത്, പ്രണയം നിഷേധിച്ചതിന്റെ പേരിൽ മോഹിച്ച പെണ്ണിനെ പച്ചയ്ക്കു കത്തിച്ചു കൊല്ലുന്ന കാഴ്ചകൾ കാണേണ്ടി വരുമ്പോൾ, അഭ്യസ്തവിദ്യർ എന്ന് അഹങ്കരിയ്ക്കുന്ന ഈ ജനത തന്നെ മദ്യപിച്ചു മദോന്മത്തരായി റോഡുകളെ കുരുതിക്കളമാക്കുമ്പോൾ....... പല ആരാധനാ വിഗ്രഹങ്ങളും സ്വയം തകർന്നടിയുമ്പോൾ ...പിന്നെ ... വെട്ടിമുടിച്ച കാടുകളുടെയും, ഇടിച്ചു മാറ്റിയ കുന്നുകളുടെയും ശാപമെന്നോണം പെയ്തിറങ്ങുന്ന ഈ പേമാരി കാണുമ്പോൾ  ... അതിൽ ഉറ്റവരെ വെറും കയ്യകലെ നഷ്ടമായവരുടെ നിലവിളിയങ്ങിനെ  കാതിൽ മുഴങ്ങുമ്പോൾ ... ഒക്കെ ..... ഒരുപാട് വേദനയോടെയെങ്കിലും, മനസില്ലാമനസ്സോടെയെങ്കിലും .....പറഞ്ഞു പോകുന്നു.... "അരുത് മാവേലി ..... ഈ കാഴ്ചകൾ കാണാൻ നീ ഇനി ഇങ്ങോട്ടു വരരുത് ... ഇത് ഞങ്ങളുടെ മാത്രം വിധി .... ഞങ്ങളായിത്തന്നെ നശിപ്പിയ്ക്കുന്ന, ഞങ്ങളുടെ ഈ നാടിന്റെയും ...!!"

Comments

  1. പ്രളയം കൊണ്ടൊന്നും പഠിച്ചതില്ല
    കാരണം പോലും വിവാദമാക്കി
    'ഫണ്ടിന്റെ' കാര്യത്തിലാണെങ്കിലോ
    അർഹരെ കാണുവാനില്ലയത്രെ

    Every aspect of recent times touched sensibly n sensitively!

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]