ദേശീയ രാമായണ മഹോത്സവം - ഉദ്‌ഘാടനം


ദേശീയ രാമായണ മഹോത്സവം - ഉദ്‌ഘാടനം
[2019 ഡിസംബർ 19 @ തിരുവനന്തപുരം]

പ്രിയ സുഹൃത്തുക്കളെ,

തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന  "ദേശീയ രാമായണ മഹോത്സവ"ത്തിന്, (2019 ഡിസംബർ 19) തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ ഔപചാരികമായ തുടക്കം കുറിച്ചു.

രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും, പണ്ഡിത ശ്രേഷ്ഠരും പങ്കെടുത്ത പ്രസ്തുത പരിപാടി, രാവിലെ 10:30 ന് 51 നിലവിളക്കുകൾ തെളിയിച്ചാണ് ആരംഭിച്ചത്.

സ്വാഗത പ്രസംഗത്തിൽ, തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ സെക്രട്ടറി ശ്രീ രംഗനാഥൻ, സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു.

ആദരണീയ അശ്വതി തിരുനാൾ ലക്ഷ്മിഭായ് തമ്പുരാട്ടി നിലവിളക്കു തെളിയിച്ച് ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.


ശ്രീപത്മനാഭസ്വാമി ക്ഷേത്രവും, രാമായണവും, രാമനും തമ്മിലുള്ള, അധികമാരും ചർച്ച ചെയ്യാത്ത അഥവാ അറിയപ്പെടാത്ത ചില കാര്യങ്ങളാണ് ഈ അവസരത്തിൽ തമ്പുരാട്ടി പങ്കുവച്ചത്. രാമാവതാരത്തിനു തൊട്ടുമുൻപ്, യോഗനിദ്രയിലാണ്ട  മഹാവിഷ്ണുവത്രെ  നമ്മൾ കാണുന്ന ശ്രീ പദ്മനാഭസ്വാമി.

അദ്ധ്യക്ഷപ്രസംഗത്തിൽ, തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ പ്രസിഡന്റ് കൂടിയായ ഡോ. ബി എസ് ബാലചന്ദ്രൻ, സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം നൽകുകയുണ്ടായി.  മലയാളികൾക്ക് കുറച്ചുകൂടി ലളിത വായനയ്ക്കുപകരിയ്ക്കുന്ന രീതിയിൽ, ഏഴു കാണ്ഡങ്ങളോടു കൂടിയ ഒരു ഗദ്യരാമായണ രചനയിലാണ് അദ്ദേഹം, ഇപ്പോൾ.

മുഖ്യപ്രഭാഷണം നടത്തിയ മുൻ കെപിസിസി പ്രസിഡൻറ് ശ്രീ എം എം ഹസ്സൻ, ചെറുപ്പകാലത്ത് ആകാംക്ഷയോടെ കേട്ടിരുന്ന  രാമായണത്തിലെയും, ബൈബിളിലെയും, മഹാഭാരതത്തിലെയും ഖുർആനിലേയും കഥകൾ അയവിറക്കി. അവയൊന്നും  കേൾക്കാൻ അവസരം കിട്ടാത്ത ഇന്നത്തെ തലമുറയുടെ മൂല്യച്യുതിയിലേയ്ക്കും വിരൽ ചൂണ്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.


കേരളരാഷ്ട്രീയത്തിലെ സാത്വികൻ എന്നു വിശേഷിപ്പിക്കാവുന്ന, ശ്രീ കുമ്മനം രാജശേഖരൻ, ശബരിപീഠവും ശബരിആശ്രമവും ശബരിമലയും ഒക്കെ എങ്ങിനെ രാമായണവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രം നൽകുകയുണ്ടായി. അങ്ങ് കാസർകോട് മുതൽ ഇങ്ങ് തിരുവനന്തപുരം വരെയുള്ള, കേരളത്തിലെ വിവിധ സ്ഥലങ്ങൾ എങ്ങിനെയൊക്കെ ആണ് രാമനുമായും, രാമായണവുമായും  ബന്ധപ്പെട്ടിരിയ്ക്കുന്നത് എന്ന് അദ്ദേഹം വിശദമാക്കിയപ്പോൾ, സദസ്സ് വർധിത ഉത്സാഹത്തോടെ ആ വാക്കുകൾക്ക്  ചെവികൂർപ്പിയ്ക്കുണ്ടായിരുന്നു.

കെ പി എം എസ് പ്രസിഡന്റ് ശ്രീ എൻ കെ നീലകണ്ഠൻ, രാമായണ ദർശനങ്ങൾ മൗലികമായ രീതിയിൽ വ്യാഖ്യാനിയ്ക്കുകയുണ്ടായി.  അദ്ദേഹത്തിൻറെ സ്വദേശമായ വൈക്കത്തു നടക്കുന്ന, ഇതുമായി ബന്ധപ്പെട്ട ശിൽപ്പശാലയിലെ അപ്രതീക്ഷിത ജനബാഹുല്യത്തെപ്പറ്റി എടുത്തുപറയുകയും ചെയ്തു.

പിന്നീടു സംസാരിച്ച ശ്രീ ബിജു രമേശാകട്ടെ, ഇൻഡോനേഷ്യയിലെ ചില നേരനുഭവങ്ങൾ കാണികളുമായി പങ്കുവയ്ക്കുകയാണ് ചെയ്തത്. ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ, മിക്ക യൂണിവേഴ്സിറ്റികളുടെയും  ലോഗോയിൽ, ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിയ്ക്കുന്നതു കണ്ട അദ്ദേഹം, ആശ്ചര്യത്തോടെ അതേ പറ്റി ടൂർ ഗൈഡിനോട് ചോദിച്ചു. "അത് ഞങ്ങളുടെ സംസ്കാരത്തിൻറെ ഭാഗമാണ്. ഞങ്ങളതിൽ അഭിമാനിയ്ക്കുന്നു " എന്നായിരുന്നുവത്രെ മറുപടി. വിദേശ രാജ്യങ്ങളിൽ പോലും ഈ രീതിയിൽ നമ്മുടെ പുരാണങ്ങളും മറ്റും അവ അർഹിയ്ക്കുന്ന പ്രാധാന്യത്തോടെ അംഗീകരിയ്ക്കപ്പെടുമ്പോൾ, നമ്മുടെ ഈ സ്വന്തം മണ്ണിൽ  അവയൊക്കെ അകറ്റിനിർത്തപ്പെടുകയും, ഒരു പക്ഷേ, ആക്ഷേപിയ്ക്കപ്പെടുകയും വരെ ചെയ്യുന്നതിന്റെ ദുഖവും, അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു.

കുറച്ചേറെ വൈകിമാത്രം ചടങ്ങിൽ എത്താൻ പറ്റിയ ശ്രീ കെ ആൻസലൻ എം ൽ എ ആകട്ടെ, തന്റെ ഘനഗംഭീര ശബ്ദത്തിൽ, ചുരുങ്ങിയ വാക്കുകളിൽ, രാമായണം പോലുള്ള കൃതികൾ ജനകീയമാകേണ്ടതിന്റെ ആവശ്യകത, കലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ എത്ര അനിവാര്യമാണ് എന്നത് ചൂണ്ടിക്കാട്ടി.

തുടർന്ന്, തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ ആരംഭിക്കുന്ന 10000 പഠനകേന്ദ്രങ്ങളുടെ കർമപദ്ധതി, ആരാധ്യനായ തിരുവനന്തപുരം മേയർ ശ്രീ കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ശ്രീ കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായരുടെ കൃതജ്ഞതാ വാക്കുകളോടെ, ഉദ്‌ഘാടനചടങ്ങുകളുടെ ഔപചാരിക സമാപനമായി.

കോഴിക്കോട് നിന്നും എത്തിയ ഡോക്ടർ എ ബി കെ നായരും പത്‌നിയും ചേർന്നവതരിപ്പിച്ച "അമൃതം രാമായണം" എന്ന പരിപാടിയായിരുന്നു അടുത്തതായി. ഭാഗവതസപ്താഹ രൂപത്തിൽ, രാമായണസപ്താഹം തയ്യാറാക്കുകയും അത് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ, രാമജന്മഭൂമിയായ അയോധ്യയിൽ ഉൾപ്പെടെ, അവതരിപ്പിയ്ക്കുകയും ചെയ്ത  പ്രശസ്തനാണ് ഡോക്ടർ എ ബി കെ നായർ.  രാമായണത്തിലെ 'മക്കളി'ലൂടെ,  ഉത്തമർ, മധ്യമർ, അധമർ എന്നിങ്ങനെ മക്കളെ മൂന്നായി തരംതിരിയ്ക്കാം എന്നദ്ദേഹം സമർത്ഥിച്ചു.  മാതാപിതാക്കളുടെ ആഗ്രഹങ്ങളെ, അവർ പറയാതെ തന്നെ കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്ന മക്കളത്രെ 'ഉത്തമർ'. മാതാപിതാക്കൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെ ചെയ്തു കൊടുക്കുന്ന മക്കളത്രെ 'മധ്യമർ'. മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ പോലും, അതിനെ ഗൗനിയ്ക്കാതിരിയ്ക്കുകയോ, അവഗണിയ്ക്കുകയോ ചെയ്യുന്ന മക്കളത്രെ 'അധമർ'. 

പരിപാടികൾ നിശ്ചയിച്ചതിലും കൂടുതൽ സമയം എടുത്തതിനാൽ തന്നെ, ഉച്ചഭക്ഷണത്തിനു വേണ്ടി നിശ്ചയിച്ചിരുന്ന പ്രത്യേക ഇടവേള ഒഴിവാക്കി, പകരം സ്റ്റേജിലെ പരിപാടികൾക്കു തടസ്സമുണ്ടാകാത്ത വിധം, ചെറു ഗ്രൂപ്പുകളായി കാണികൾ ഉച്ചഭക്ഷണം കഴിഞ്ഞു  തിരിച്ചെത്തി കൊണ്ടിരുന്നു. വളരെ സമർത്ഥമായി ഈ രീതിയിൽ 'സമയ'ത്തെ കൈകാര്യം ചെയ്ത സംഘാടകരും, അതിനോട് പൂർണ്ണമായും സഹകരിച്ച കാണികളും പ്രത്യേക പ്രശംസ അർഹിയ്ക്കുന്നു.


ശേഷം, ഡോ. ആർ. വേണുഗോപാൽ, സഹോദരി പ്രൊഫ: ഇന്ദു കെ എസ് എന്നിവർ അവതരിപ്പിച്ച "രാമായണം: സംസ്കൃതിയുടെ തീർത്ഥാടനം" എന്ന പരിപാടി നടന്നു.  തങ്ങൾക്ക് കിട്ടിയ പത്ത് മിനിറ്റു വീതം മാത്രമുള്ള സമയത്ത്, വളരെ ശക്തമായ രീതിയിൽ, വളരെ വ്യക്തമായ ഭാഷയിൽ, കാണികൾക്ക് ഒരു നിമിഷം പോലും ശ്രദ്ധ തിരിയ്ക്കാൻ അവസരം നൽകാതെ, സ്വതസിദ്ധമായ അവതരണ ശൈലിയിൽ ആ പരിപാടി അവതരിപ്പിച്ച രണ്ടുപേരും, മുക്തകണ്ഠമായ പ്രശംസ അർഹിയ്ക്കുന്നു എന്ന് നിസ്സംശയം പറയാം. രാമായണത്തിലെ സഹോദരബന്ധങ്ങളെ (അത് രാമലക്ഷ്മണന്മാരുടെ മാത്രമല്ല ജഡായു-സമ്പാതി, ബാലി-സുഗ്രീവൻ, രാവണൻ-വിഭീഷണൻ-ശൂർപ്പണഖ എന്നിങ്ങനെ എല്ലാ സഹോദരങ്ങളെയും) പറ്റി വളരെ അയത്നലളിതമായ രീതിയിൽ ശ്രീ വേണുഗോപാൽ സംസാരിച്ചു. രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചായിരുന്നു പ്രൊഫ: ഇന്ദു കെ എസ് സംസാരിച്ചത്.   അതാകട്ടെ, സീതയേയോ, ഊർമിളയെയോ കുറിച്ച് മാത്രമായിരുന്നില്ല, മറിച്ച്, കൈകേയി, കൗസല്യ, സുമിത്ര, മണ്ഡോദരി, താര എന്നിങ്ങനെ എല്ലാവരെയും കുറിച്ചായിരുന്നു. അവർ ഒരോരുത്തരും ചെയ്ത ത്യാഗത്തെ കുറിച്ചായിരുന്നു. മര്യാദാപുരുഷോത്തമനായ രാമൻ, എന്തിന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു എന്നതിന് പോലും, യുക്തിഭദ്രമായ വ്യാഖ്യാനം ചമയ്ക്കാൻ പ്രൊഫ: ഇന്ദുവിനായി.

ശേഷം രണ്ട് സെമിനാറുകൾ ആയിരുന്നു.

ശ്രീ സദാശിവൻ പൂവത്തൂരിന്റെ സ്വാഗതത്തോടെ ആരംഭിച്ച "രാമായണ ദർശനം" എന്ന ആദ്യ സെമിനാർ, വളരെ ഊർജസ്വലവും, ചലനാത്മകവും ആയിരുന്നു.

ഡോ. റ്റി പി ശങ്കരൻകുട്ടിനായർ പങ്കുവച്ചത് ഒരു മുസ്ലിം രാജ്യമായ ബാലിയിൽ അദ്ദേഹം നേരിൽ അനുഭവിച്ച ചില കാര്യങ്ങൾ ആണ്. വൈകുന്നേരം 5:45 ലോടെ ഇവരെ ഒരു വലിയ സ്റ്റേഡിയത്തിൽ എത്തിയ്ക്കുന്നു. 6 മണി കഴിഞ്ഞപ്പോൾ, നൂറിലധികം ബസുകളിലായി വിദേശ വിനോദസഞ്ചാരികളും പിന്നെ തദ്ദേശവാസികളും എത്തുന്നു. കൃത്യം 6:15 നു ബാലെ ആരംഭിയ്ക്കുന്നു. കഥ "രാമായണം". ഏതാണ്ട് 9:30 വരെ നടന്ന ആ ബാലെ, മുഴുവൻ പേരും നിശബ്ദരായി ആസ്വദിയ്ക്കുന്നു. അതു നടക്കുന്നത് നമ്മുടെ കേരളത്തിലാണെങ്കിലോ?


മുൻ ചീഫ് സെക്രട്ടറി കൂടിയായ ശ്രീ കെ ജയകുമാർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം, എപ്പോഴൊക്കെ ഒരാൾ തന്റെ  പ്രഥമ-കർത്തവ്യത്തിൽ നിന്നും മാറി, ദ്വിതീയ-കർത്തവ്യത്തിന് പ്രാമുഖ്യം കൊടുക്കുന്നുവോ, അപ്പോളൊക്കെ അവിടെ മൂല്യച്യുതി ഉണ്ടാകുന്നു. അഥവാ അത് വലിയ വലിയ പ്രശ്‌നങ്ങളിലേയ്ക്കുള്ള വാതിൽ തുറക്കുന്നു എന്നാണ്. ഉദാഹരണത്തിന്, ദശരഥമഹാരാജാവ് എപ്പോഴാണോ തന്റെ പ്രഥമ കർത്തവ്യമായ രാജ്യ-പ്രജാ താല്പര്യങ്ങളെക്കാൾ കൂടുതൽ പ്രാമുഖ്യം, ദ്വിതീയ കർത്തവ്യമായ കൈകേയിയുടെ-ഭർത്താവ് എന്നതിന് നൽകിയത്,  അതോടെയാണ് രാമ-രാവണ യുദ്ധം വരെയെത്തിയ സംഭവബഹുലമായ രാമായണ പരമ്പര തന്നെ തുടങ്ങുന്നത് എന്നോർക്കുക.

തുടർന്ന് സംസാരിച്ച ശ്രീ സുദർശനൻ കാർത്തികപറമ്പിൽ രാമായണത്തെ അധികരിച്ചെഴുതിയ സ്വന്തം കവിത അവതരിപ്പിച്ചു.

ശ്രീ കെ സുദർശനൻ ആകട്ടെ, രാമായണത്തെ പുതുതലമുറയിലെ ചിലരെങ്കിലും എങ്ങിനെ നോക്കി കാണുന്നു എന്നു വ്യക്തമാക്കുന്ന ഒരു കഥയാണ് പറഞ്ഞത്. പഠനവും ജോലിയുമൊക്കെയായി, വിദേശ രാജ്യത്തു താമസം ഉറപ്പിച്ച മകൻ ഒരുപാട് കാലത്തിനു ശേഷം, നാട്ടിലുള്ള അച്ഛനെയും അമ്മയെയും കാണുവാൻ എത്തുന്നു. അച്ഛനോടായി ചോദിച്ചു "അച്ഛാ ...എന്താണീ രാമായണം? അവിടെയൊക്കെ ആളുകൾ അതേ പറ്റി  ഒരുപാട് പറയുന്നുണ്ടല്ലോ .....". അച്ഛനാകട്ടെ, സന്തോഷമായി. മകൻ നീണ്ട വിദേശവാസത്തിനിടയിൽ പോലും രാമായണം മറന്നില്ലല്ലോ. അദ്ദേഹം രാമായണം കഴിയുന്നത്ര വിശദമായി പറഞ്ഞു കൊടുത്തു. ഉടനെ വന്നു മകന്റെ കമന്റ്. "ഓ ...ഇതൊക്കെ ആ കാലത്തു നടക്കും..". അച്ഛന് സംശയമായി. "അതെന്താ നീ അങ്ങിനെ പറഞ്ഞത് ?" മകൻ വളരെ കൂളായി ഉത്തരം നൽകി "അച്ഛാ ഇന്ന്, ഞങ്ങളുടെ കാലത്താണ് ഇതെങ്കിൽ, ഇറ്റ് വിൽ ബി ജസ്റ്റ് വൺ പേജ് ...... ആസ് ഇറ്റ് ഈസ് ജസ്റ്റ് എ മാറ്റർ ഓഫ് ഡിവോഴ്സ് ...".

ശ്രീ രാജ് മോഹൻ കൂവളശ്ശേരിയുടെ കൃതജ്ഞതയോടെ, ആദ്യ സെമിനാർ അവസാനിച്ചു.

"എഴുത്തച്ഛനും നവോത്ഥാന വീക്ഷണവും" എന്ന വിഷയത്തെ അധികരിച്ചുള്ള രണ്ടാമത്തെ സെമിനാർ ശ്രീ പാറശ്ശാല ജയമോഹന്റെ സ്വാഗതത്തോടെ ആരംഭിച്ചു. പക്ഷേ, സെമിനാർ തുടങ്ങിവച്ച ഡോ. എം ആർ തമ്പാൻ ഒഴികെയുളള പ്രഭാഷകർ ആരും തന്നെ വിഷയത്തിൽ ഒതുങ്ങി നിന്ന് സംസാരിക്കാൻ തയ്യാറായില്ല എന്നുള്ളത് ഈ സെമിനാറിന്റെ ഒരു പോരായ്മയായി എന്നു തന്നെ  പറയേണ്ടിവരും. ഒരു പക്ഷേ, ഓരോരുത്തർക്കും കിട്ടിയ വളരെ ചരുങ്ങിയ സമയത്തിനുള്ളിൽ, രാമായണ ആമുഖവും കഴിഞ്ഞ്, അവർക്കു വിഷയത്തിലേക്ക് ആഴത്തിൽ വരാൻ സാധിയ്ക്കാത്തതുമാകാം.

രാവിലെ തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ ലക്ഷ്മിഭായ് തമ്പുരാട്ടി ഒരു ചോദ്യം ബാക്കി നിർത്തിയിരുന്നു. അധ്യാത്മരാമായണത്തിനു മുൻപും, മറ്റു പല രാമായണങ്ങൾ  ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ മറ്റു പല കൃതികളും ഉണ്ടായിട്ടുണ്ട്. എന്നിട്ടും, എന്ത് കൊണ്ടാണ് തുഞ്ചത്ത് എഴുത്തച്ഛനെ നാം മലയാള ഭാഷയുടെ പിതാവായി കാണുന്നത് എന്ന്.  ഡോ. എം ആർ തമ്പാൻ   ഇതിനുള്ള വ്യക്തമായ മറുപടി ഈ സെമിനാറിൽ നൽകുകയുണ്ടായി. മണിപ്രവാളത്തിന്റെയും സംസ്കൃതത്തിന്റെയും അതിപ്രസരമുണ്ടായിരുന്ന പഴയ ആ മലയാളഭാഷയെ, അതിൽ നിന്നൊക്കെ വിമുക്തമാക്കി, തനതായ അന്തസ്സും, ആഭിജാത്യവും ഒക്കെ നൽകിയ ആൾ എന്നുള്ള നിലയിലാണ്, നമ്മൾ തുഞ്ചത്ത് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി കാണുന്നത്, എന്ന്.

തുടർന്ന് സംസാരിച്ച പ്രൊഫ.  ബാലചന്ദ്രൻ, ശ്രീമതി മണ്ണടി പൊന്നമ്മ എന്നിവർ, എഴുത്തച്ഛനേക്കാൾ കൂടുതൽ രാമായണ വ്യാഖ്യാനങ്ങൾക്കാണ്  പ്രാധാന്യം നൽകിയത്.

ഏതാണ്ട് അഞ്ചുമണിയോടുകൂടി, തിരഞ്ഞെടുത്ത രാമായണ കവിതാ രചയിതാക്കളെ പൊന്നാടയും ഉപഹാരവും നൽകി ആദരിയ്ക്കുന്ന ചടങ്ങ് ആരംഭിച്ചു. ബഹു: ബീഹാർ സംസ്ഥാന സഹകരണ മന്ത്രി ശ്രീ. രൺദീർ സിംഗിന്റെ കയ്യിൽ നിന്നും കവികൾ ആദരം ഏറ്റുവാങ്ങി. [2020 മാർച്ച് മാസത്തിൽ ഈ കവിത സമാഹാരം പുറത്തിറക്കാനാണ് പഠനകേന്ദ്രം ഉദ്ദേശിയ്ക്കുന്നത്].

ആ കവികളുടെ കൂട്ടത്തിൽ ഒരാളാകാനുള്ള ഭാഗ്യം എനിയ്ക്കുമുണ്ടായി.


ദിവസത്തിന്റെ തുടക്കം മുതൽ, വൈകുന്നേരത്തെ പുരസ്‌കാര വിതരണം വരെ മുഷിവേതുമില്ലാതെ, തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ മാത്രം ഈ ചടങ്ങിൽ കാണാൻ കഴിഞ്ഞ ശ്രീ. രൺദീർ സിംഗ്,  ശരിയ്ക്കും ഒരു രാഷ്ട്രീയ നേതാവ് എങ്ങിനെ വേണം, എത്ര ക്ഷമയോടെ വേണം ഒരു പൊതുചടങ്ങിൽ പെരുമാറാൻ എന്നതിന്റെ ഉത്തമ ഉദാഹരണമായി. ഭാഷയുടെ പരിമിതികൾ ഉണ്ടായിരുന്നുവെങ്കിൽ പോലും, ശ്രീപദ്മനാഭ ദർശനം നടത്താൻ സാധിച്ചതിലെയും, ശേഷം ഈ മണ്ണിൽ ഇങ്ങിനെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിലെയും, അളവറ്റ സന്തോഷം അദ്ദേഹത്തിന്റെ വാക്കുകളിൽ എങ്ങും പ്രകടമായിരുന്നു. 

* * *
ചുരുക്കത്തിൽ പറഞ്ഞാൽ, ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ഈ പരിപാടി - അത് വളരെ അർത്ഥവത്തായ, സാർത്ഥകമായ, സംതൃപ്‌തിദായകമായ   ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം.

ഈ സംഘടനയുമായും, അതുവഴി ഈ പരിപാടിയുമായും വളരെ  യാദൃശ്ചികമായാണ് ഞാൻ ബന്ധപ്പെടുന്നത്.  ഇതുമായി ബന്ധപ്പെട്ട്  മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ, ഞാൻ ശ്രീ. രംഗനാഥനെ വിളിയ്ക്കുകയും, വളരെ ഊർജസ്വലനായ അദ്ദേഹം പരിപാടിയുടെ വിശദവിവരങ്ങളും ഉദ്ദേശലക്ഷ്യങ്ങളുമൊക്കെ ചരുക്കി പറയുകയും ചെയ്തു.

എങ്കിലും തുറന്നു പറഞ്ഞാൽ, ഈ പരിപാടിയിൽ പങ്കെടുക്കാൻ യാത്ര തിരിക്കുമ്പോൾ പോലും, എന്റെ മനസ്സിൽ രണ്ടു പ്രധാന സംശയങ്ങൾ ഉണ്ടായിരുന്നു.

1. ഇത്തരം ഒരു പരിപാടി ടാഗോർ തീയേറ്റർ പോലുള്ള ഒരു വലിയ വേദിയിൽ സംഘടിപ്പിയ്ക്കുമ്പോൾ, അതിൽ എത്രമാത്രം ആളുകൾ പങ്കെടുക്കും?

2. രാമായണം പോലുള്ള ഒരു ഗ്രന്ഥത്തെ മാത്രം അടിസ്ഥാനമാക്കി, ഒരു വർഷം മുഴുവൻ നീളുന്ന, എന്ത് പരിപാടികൾ ആണ് ഇവർ ആസൂത്രണം ചെയ്യാൻ പോകുന്നത്?

എന്നാൽ രാവിലെ 10:30 നു പ്രോഗ്രാം തുടങ്ങുന്ന അവസരത്തിൽ തന്നെ ടാഗോർ തീയേറ്റർ ഏതാണ്ട് 90% നിറഞ്ഞിരുന്നു. മാത്രവുമല്ല, അത്രയും ആളുകൾ, വൈകുന്നേരം പരിപാടി സമാപിയ്ക്കുന്നത് വരെ അവിടെ തന്നെ ഉണ്ടാവുകയും ചെയ്തു.

ഈ പരിപാടിയിൽ ഓരോ പ്രഭാഷകരും തങ്ങളുടെതായ രീതിയിൽ, ആഴത്തിലുള്ള രാമായണ വ്യാഖ്യാനങ്ങൾ അവതരിപ്പിയ്ക്കുന്നത് കേട്ടപ്പോൾ, കണ്ടപ്പോൾ, എന്റെ രണ്ടാമത്തെ സംശയത്തിനും അറുതിയായി.

രാമായണം എന്നത് രാമന്റെയോ സീതയുടെയോ മാത്രം കഥയല്ല. മറിച്ച്, അത് മനുഷ്യരുടെയും, ദേവന്മാരുടെയും അസുരന്മാരുടെയും, മൃഗങ്ങളുടെയും, പക്ഷികളുടെയും, മണ്ണിന്റെയും, കടലിന്റെയും, വൻകരയുടെയും, ചെറുദ്വീപിന്റെയും, പർവതത്തിന്റെയും,  സസ്യജാലങ്ങളുടെയും ഒക്കെ കഥയാണ്. അത് പ്രജാക്ഷേമതല്പരരും അല്ലാത്തവരുമായ ഭരണാധികാരികളുടെ കഥയാണ്. അത് പിതൃ-പുത്ര ബന്ധങ്ങളുടെ, മാതൃ-പുത്ര ബന്ധങ്ങളുടെ, സഹോദര-സഹോദരി ബന്ധങ്ങളുടെ, സ്ത്രീ-പുരുഷ ബന്ധങ്ങളുടെ, ഭക്തിയുടെ, വിഭക്തിയുടെ, ആഗ്രഹങ്ങളുടെ, അത്യാഗ്രഹങ്ങളുടെ, വിഹിത ബന്ധങ്ങളുടെ, അവിഹിത താല്പര്യങ്ങളുടെ... ഒക്കെ ഒക്കെ കഥയാണ്. 

അങ്ങിനെയെങ്കിൽ, ഈലോക ജീവിതത്തിന്റെ ഒരു 'മിനിയേച്ചർ' രൂപം തന്നെയാണ് ഈ രാമായണം എന്ന് പറയാം.

ശരിയല്ലേ?

അതുകൊണ്ടു തന്നെ, ഇനി നിങ്ങൾ രാമായണ വായന നടത്തുമ്പോൾ അതിന്റെ രീതിയിൽ ചെറിയൊരു മാറ്റം വരുത്തണമെന്ന് ഞാൻ അഭ്യർത്ഥിയ്ക്കുന്നു. തുടക്കം മുതൽ, ഏതെങ്കിലും ഒരു കഥാപാത്രത്തെ മാത്രം തിരഞ്ഞെടുത്ത്, ആ കഥാപാത്രത്തിനു മാത്രം പ്രാധാന്യം കൊടുത്തുകൊണ്ട്, രാമായണം മുഴുവനായി വായിയ്ക്കുക. ആ കഥാപാത്രം രാമനോ, സീതയോ പോലെ മുഖ്യകഥാപാത്രമാകണം എന്നില്ല. മറിച്ച്, അത് ഭരതനാകാം, ഊർമ്മിളയാകാം, സുമിത്രയാകാം, ജടായുവാകാം, ഹനുമാനാകാം, സുഗ്രീവനാകാം, ബാലിയാകാം, രാവണനാകാം, മണ്ഡോദരിയാകാം, താരയുമാകാം. ആ കഥാപത്രത്തിന്റെ തെറ്റും, ശരിയും വായനാശേഷം സമഗ്രമായി സ്വയം വിലയിരുത്തുക. നല്ല വശങ്ങൾ സ്വാംശീകരിയ്ക്കുക.

പിന്നെ, മറ്റൊരു കഥാപാത്രത്തെ തിരഞ്ഞെടുത്ത്, വീണ്ടും വായിയ്ക്കുക. ആ കഥാപത്രത്തിന്റെ തെറ്റും, ശരിയും വായനാശേഷം സമഗ്രമായി സ്വയം വിലയിരുത്തുക. നല്ല വശങ്ങൾ സ്വാംശീകരിയ്ക്കുക.

അങ്ങനെയെങ്കിൽ, ഒരു വർഷമല്ല മറിച്ച് അനേക ദശകങ്ങളോളം വേണമെങ്കിൽ നമുക്ക് രാമായണത്തെ പാരായണം ചെയ്യാം. അല്ലേ?

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒരു മനുഷ്യായുസ്സിൽ വായിക്കേണ്ടതും, അറിയേണ്ടതും, പ്രാവർത്തികമാക്കേണ്ടതുമായ ധർമ്മാധർമ്മങ്ങളെല്ലാം, ഈ ഒരൊറ്റ മഹദ്ഗ്രന്ഥത്തിൽ നമുക്ക് കാണാൻ കഴിയും എന്നതാണ് പരമമായ സത്യം.

സാധാരണ ഒരു കാഴ്ചക്കാരന്, കേൾവിക്കാരന് ഈ ഒരു തിരിച്ചറിവുണ്ടാകുവാൻ നിമിത്തമായി അല്ലെങ്കിൽ സഹായകമായി എന്നതാണ്, വെറും ഒരു ദിവസം മാത്രം നീണ്ടുനിന്ന ഈ പരിപാടിയുടെ ഏറ്റവും വലിയ മഹത്വം എന്നാണ് എന്റെ എളിയ വിലയിരുത്തൽ.

അതിനു കാരണക്കാരായ ശ്രീ രംഗനാഥൻ ഉൾപ്പെടെയുള്ള എല്ലാ സംഘടകരോടമുള്ള അളവറ്റ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. തുടർപ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി (ബിനു എം പി)
[മെയിൽ: binu.monippally@gmail.com]

*************
Blog: https://binumonippally.blogspot.com

കുറിപ്പ്: ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലാതെ പ്രവർത്തിയ്ക്കുന്ന ഈ സംഘടനയുമായി ബന്ധപെടുവാനോ, ഒപ്പം പ്രവർത്തിയ്ക്കുവാനോ ആഗ്രഹിയ്ക്കുന്നവർക്ക് ramayanafestival2019@gmail.com എന്ന മെയിൽ-ഐഡിയിൽ അവരെ ബന്ധപ്പെടാവുന്നതാണ്.





















Comments

  1. ആനുകാലിക പ്രസക്തി എറിയ ഒരു മഹാ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ കൃതാർഥനാണ് ബിനു മോനിപ്പിള്ളിയുടെ റിപ്പോർട് തികച്ചും അഭിനന്ദനാർഹമാണ് ഇതിൽ കൂട്ടിച്ചേർക്കുവാനോ കിഴിക്കുവാനോ ഇല്ലാത്തതുപോലെ തോന്നുന്നു പ്രസ്തുത റിപ്പോർട്ട്‌ വളരെ പ്രശംസനീയമാണ് എന്റെ സ്നേഹാശംസകൾ

    ReplyDelete
    Replies
    1. സർ
      വിശദമായ വായനയ്ക്കും, വിലയിരുത്തലിനും ഒരുപാട് നന്ദി....!!

      സ്നേഹത്തോടെ
      ബിനു മോനിപ്പള്ളി

      Delete
  2. Valarea nannayittundu masheaa..congrats

    ReplyDelete
    Replies
    1. ഒരുപാട് നന്ദി....!!

      സ്നേഹത്തോടെ
      ബിനു മോനിപ്പള്ളി

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]