വായിച്ചറിയുവാൻ, മാലിക്കുഴി എഴുതുന്നത് [എഴുത്തുകുത്ത്]


വായിച്ചറിയുവാൻ, മാലിക്കുഴി എഴുതുന്നത്   
[എഴുത്തുകുത്ത്]


എത്രയും ബഹുമാനപ്പെട്ട ...

പൊതുജനം എന്ന പൊതുസുഹൃത്തുക്കൾ വായിച്ചറിയുവാൻ,

നെഞ്ചുപൊട്ടുന്ന സങ്കടത്തോടെ ആണ് ഞാൻ ഈ കത്തെഴുതുന്നത്.

ഇത് ഞാനാണ് മാലിക്കുഴി.

മനസ്സിലായോ? 

അയ്യോ .... ഇല്ലേ?

ഞാൻ എന്റെ ഒരു സങ്കടം അറിയിയ്ക്കാൻ വന്നതായിരുന്നു. പക്ഷേ നിങ്ങൾക്കെന്നെ അറിയില്ല എന്നു പറഞ്ഞ സ്ഥിതിയ്ക്ക്, ആദ്യം ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്താം. എന്റെ കഥയും ചുരുക്കി പറയാം. 

തിരുവനന്തപുരത്തുകാർക്ക് അറിയാം കുമാരപുരം എന്ന സ്ഥലം. ആന്നെ... ആ മെഡിക്കൽ കോളേജ് ഒക്കെ ഉള്ള സ്ഥലം.  

അവിടെയുള്ള മാലിദ്വീപ് കോൺസുലേറ്റില്ലേ? ആ കോൺസുലേറ്റിനു മുന്നിലെ റോഡിൽ, വലിയൊരു കുഴി കണ്ടിട്ടില്ലേ നിങ്ങൾ?

ആ... ആ കുഴിയാണ് ഈ ഞാൻ. എന്നെ എല്ലാവരും സ്നേഹത്തോടെ "മാലിക്കുഴി" എന്നാണ് വിളിയ്ക്കുന്നത്. 

പണ്ടുണ്ടല്ലോ, ഞാൻ ആരും കാണാത്ത വളരെ ചെറിയൊരു കുഴിയായിരുന്നു. അന്നൊക്കെ എന്റെ കൂട്ടുകാർ എല്ലാവരും, എന്നെ ഒരുപാട് കളിയാക്കിയിരുന്നു. കരഞ്ഞുകരഞ്ഞ് സങ്കടപ്പെട്ടിരുന്ന എന്നെ കണ്ടു ദയ തോന്നി നമ്മടെ KWA ലെ ഒരു ചേട്ടനാ (ഞാൻ സ്നേഹത്തോടെ 'പൈപ്പേട്ടൻ' എന്നാട്ടോ വിളിയ്ക്കുന്നത്) അവസാനം സഹായിച്ചത്. KWA മനസിലായില്ലേ? നമ്മടെ സ്വന്തം കേരള വാട്ടർ അതോറിറ്റി. പുള്ളിക്കാരൻ അന്നെന്നോട് പറഞ്ഞു "ദേ നിന്റെ സങ്കടം കണ്ടിട്ട് സഹിയ്ക്കാൻ പറ്റുന്നില്ല.... ഞാൻ പൊട്ടിപ്പാളീസായാലും ശരി, നിന്നെ ഞാൻ ഒരു വലിയ ആളാക്കും..." എന്ന്. 

അങ്ങനെ... വലുതായി, വലുതായി, വലുതായി, വേണമെങ്കിൽ ഒരു മോട്ടോർ സൈക്കിളിനെ വരെ വലയിൽ വീഴ്ത്താൻ പറ്റുന്ന, ഒരു വലിയ കുഴിയായി ഞാനങ്ങു മാറി. 

അതുവരെ എന്നെ മൈൻഡ് ചെയ്യാതിരുന്ന വണ്ടിക്കാരൊക്കെ എന്ത് ബഹുമാനത്തോടെ ആയിരുന്നുവെന്നോ അപ്പോൾ എന്നെ കണ്ടിരുന്നത്.

ആ മാലിക്കാരുണ്ടല്ലോ, കോൺസുലേറ്റിലേക്ക് വരുമ്പോഴും പോകുമ്പോഴും ഒക്കെ അതിശയത്തോടെ, താടിയ്ക്കു കയ്യും കൊടുത്ത് എന്നെ നോക്കി ഒരൊറ്റ നിൽപ്പാ. എന്നിട്ടോ? പിരിയാനുള്ള വിഷമത്തോടെ ഏതേലും ഒരു ഓട്ടോ കൈകാണിച്ചു നിർത്തി അതിൽ കയറിയങ്ങു പോകും. തിരിഞ്ഞു തിരിഞ്ഞു നോക്കി. കണ്ണിൽ നിന്നു മായുന്നത് വരെ.

മറ്റു റോഡുകളിൽ കുതിച്ചുപായുന്ന ഓട്ടോറിക്ഷക്കാരും, കാറുകാരും, എന്തിന് നമ്മടെ ടിപ്പറുകൾ വരെ എന്നെ കണ്ട് നിർത്തി, എന്നോട് ഒന്ന് കുശലം പറഞ്ഞേ പോകുമായിരുന്നുള്ളൂ. പിന്നെ, ആ ചീള് ടു വീലറുകാരില്ലേ അവർക്കാണെങ്കിൽ എന്നെ, എന്നാ പേടിയായിരുന്നെന്നോ. 

അയ്യോ അത് പറയാൻ മറന്നു. നിങ്ങളെപ്പോലെ തന്നെ, ഞങ്ങൾക്കും ഉണ്ട് ഒരു വാട്സാപ് ഗ്രൂപ്പ്. അതിൽ എന്തോരം അംഗങ്ങൾ ആണെന്നോ? പണ്ട് ഞാൻ (ശരീരം കൊണ്ട്) ചെറുതായിരുന്നപ്പോൾ, ഒരുത്തനും അതിൽ എന്നെ മൈൻഡ് ചെയ്യാറില്ലായിരുന്നു. ബാക്കിയുള്ളവർക്കൊക്കെ എന്തായിരുന്നു ഒരു ഗമ? എന്റെ പാതാളക്കുഴി തമ്പുരാനേ....

ആ കൊച്ചീന്നുള്ള കുഴിയന്മാരുടെ തലക്കനം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. "നീയൊക്കെ ഒരു കുഴിയാണോടെയ്‌?..." എന്ന ഭാവത്തിൽ ആയിരുന്നു അവർ മറ്റുജില്ലക്കാരായ ഞങ്ങളെയൊക്കെ  നോക്കിയിരുന്നത്. അവരിൽ നിന്നും രക്ഷപെടാൻ അന്നൊക്കെ ഞാൻ എടുക്കുന്ന ഒരു അറ്റകൈ പ്രയോഗം ഉണ്ടായിരുന്നു. "എടേ ...എനിക്കിങ്ങു കേരളത്തിൽ മാത്രമല്ല ...അങ്ങു മാലിയിലും ഉണ്ടടെ പിടി....". അതിൽ, അവന്മാർ എല്ലാം "പ്ലിങ് ...".

എന്നാൽ ... ഞാനങ്ങ് വലുതായപ്പോ, എന്തോരു ബഹുമാനമായിരുന്നു ഗ്രൂപ്പിൽ എല്ലാർക്കും. ഹോ ...

അങ്ങനെ സുഖമായി പോയിക്കൊണ്ടിരിയ്ക്കവേയാണ്, ഏകദേശം ഒരു മാസം മുൻപ് (കൃത്യമായി പറഞ്ഞാൽ 2019 നവംബർ 19) രാത്രി ഒരു 7:00 മണി കഴിഞ്ഞപ്പോൾ ഞാനാ ഞെട്ടിയ്ക്കുന്ന കാഴ്ചകണ്ടത്. പാഞ്ഞു വന്ന ഒരു ടെമ്പോ എന്റെ അരികിൽ ചേർത്തങ്ങു നിർത്തി. നാട് മുഴുവൻ പീഡനങ്ങളുടെ കാലമല്ലേ? അതും ആണെന്നോ, പെണ്ണെന്നോ, കുഞ്ഞെന്നോ, വലുതെന്നോ ഒന്നും ഒരു നോട്ടവും ഇല്ലാതെ? ഞാനാണെങ്കിൽ പേടിച്ചു വിറച്ചു.


വണ്ടിയിൽ നിന്നും ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ ചാടിയിറങ്ങി. മൊബൈൽ തെളിച്ച് എന്നെ ആകെയൊന്നു നോക്കി. പിന്നെ, വണ്ടിയിൽ നിന്നും ഒരു തൂമ്പയും കുറച്ചു മെറ്റലും സിമന്റും ഒക്കെ എടുത്തു. എനിയ്ക്കു മനസിലായി ഇതോടെ എന്റെ കഥ കഴിയും. ഇന്നവർ, എന്നെ സഹായിയ്ക്കുന്ന പൈപ്പേട്ടന്റെ പൊട്ടൽ അടയ്ക്കും. ചേട്ടനില്ലാതെ പിന്നെ ഞാനില്ലല്ലോ? എന്നെയും അവർ മൂടും. 

പക്ഷെ, അവരെന്റെ ചേട്ടനെ ഒന്ന് നോക്കുക പോലും ചെയ്യാതെ, വാനിൽ നിന്നും ഒരു ചെറിയ കപ്പ് എടുത്ത്. അതുകൊണ്ടു കുറച്ചു വെള്ളം  കോരിക്കളഞ്ഞു. പിന്നെ കൊണ്ടുവന്ന സിമന്റും മെറ്റലും ഒക്കെ ഇട്ടു എന്നെ വെറുതെയങ്ങ് മൂടി. കൂട്ടത്തിൽ, അവസാനം ആ തൂമ്പ കൊണ്ടു രണ്ടു തലോടലും. 

അപ്പോഴത്തെ എന്റെ സന്തോഷം പറഞ്ഞറിയിയ്ക്കാൻ പറ്റില്ല.

കുറച്ചു ദിവസത്തേക്ക് എനിക്ക് ഗ്രൂപ്പിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു, കാരണം അപ്പോൾ ഞാൻ കുഴി അല്ലല്ലോ? രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ, വിളിയ്ക്കാതെ എന്റെ കൂടെ വന്നുകൂടിയ സിമന്റും മെറ്റലും ഒക്കെ ദൂരേക്കെറിഞ്ഞു. എന്റെ കൂടെ എന്റെ പൊന്നു പൈപ്പേട്ടനുള്ളപ്പോൾ, പിന്നെ അവരെന്തിനാ?

ഞാൻ വീണ്ടും പഴയ മാലിക്കുഴിയായി ഗ്രൂപ്പിൽ വിലസാൻ തുടങ്ങി. 

ഒരു കാര്യം പറയാൻ വിട്ടു. എനിക്ക് ഏറ്റവും ഇഷ്ടം നൈറ്റ് ഡ്യൂട്ടി ആണ് കേട്ടോ. കാരണം എന്നതാണെന്നോ? പകൽ എന്നെ കാണുമ്പോൾ ഉണ്ടല്ലോ ഈ വണ്ടിക്കാരൊക്കെ, കാണാത്ത മട്ടിൽ അങ്ങ് ഒഴിഞ്ഞു മാറി പോകുമെന്നെ. പലിശക്കാരനെ കാണുമ്പോൾ കാശു കൊടുക്കാനുള്ളവർ മുങ്ങുന്നത് പോലെ. വല്ലപ്പോഴും ഒരുത്തൻ വലയിൽ വീണാലായി, വീണില്ലെങ്കിലായി. 

എന്നാൽ രാത്രിയായാൽ ഒരുത്തനേം ഞാൻ വിടില്ല. എന്റെ വലയിൽ വീഴുമ്പോൾ അവന്മാരുടെ ഉള്ളിൽ നിന്നും അറിയാതെ ഒരു "അയ്യോ" വിളി വരും. ഈ ഏമ്പക്കം പോലെ. എന്ത് സുഖമാണെന്നോ അത് കേൾക്കാൻ?

പിന്നെ, ആകെ ഇത്തിരി വിഷമം വരുന്നത്, മെഡിക്കൽ കോളേജിലേക്ക് രോഗികളെ കൊണ്ടുപോകുന്ന വണ്ടികൾ അറിയാതെ എന്റെ വലയിൽ വീഴുമ്പോൾ മാത്രമാണ്. ആ പാവം രോഗികളുടെ ദീനമായ കരച്ചിൽ ഉണ്ടല്ലോ, അത് മാത്രം സഹിയ്ക്കാൻ പറ്റില്ല. 

ഓരോ ദിവസവും ഞങ്ങൾ മെമ്പേഴ്‌സ്, ഞങ്ങളുടെ ഗ്രൂപ്പിൽ വന്ന്, അന്നു വീഴ്ത്തിയ വണ്ടികളുടെ കണക്കു കൊടുക്കണം. അതും ബൈക്ക്, ഓട്ടോ, കാർ, ലോറി, ബസ് ... ഇങ്ങനെ ഇനം തിരിച്ച്.

ഏറ്റവും കൂടുതൽ വണ്ടികളെ വലയിൽ വീഴ്ത്തിയ കുഴിയാണ് അന്നത്തെ 'നക്ഷത്രക്കുഴി'. ഒരു മാസത്തിനുള്ളിൽ പത്ത് 'നക്ഷത്രക്കുഴി' സ്ഥാനങ്ങൾ നേടിയാൽ പിന്നെ ഗ്രൂപ്പിൽ 'കാബിനറ്റ്' പദവിയായി. പതിനഞ്ചു കഴിഞ്ഞാൽ "വികസനസമിതി ചെയർപേഴ്സൺ". ഇരുപതു കഴിഞ്ഞാൽ പിന്നെ 'അഡ്മിൻ' ആകാം. ഇതൊക്കെ ആയാലുണ്ടല്ലോ പിന്നെ ആജീവനാന്ത പെൻഷനാ....!!

ദോഷം പറയരുതല്ലോ. ആ 'നക്ഷത്രക്കുഴി' പദവിയുണ്ടല്ലോ, അത് മിക്കവാറും ദിവസങ്ങളിൽ ആ കൊച്ചിക്കാരൻമാർ അടിച്ചുമാറ്റാറാണ് പതിവ്. ഹോ ..എന്നാ ഒരു വീഴ്ത്തലാന്നെ അവന്മാർ....

[നിങ്ങളിതുവരെ അറിഞ്ഞിട്ടില്ലെങ്കിൽ ഒരു സ്വകാര്യം പറയാം കേട്ടോ. അവന്മാരുണ്ടല്ലോ ഇപ്പോൾ ഒരു ഗൂഡാലോചനയിലാ ... അവിടുത്തെ എല്ലാ കുഴികളും കൂടി വലുതായി വലുതായി ഒരുമിച്ചു ചേർന്ന്, ഞങ്ങളുടെ അടുത്ത ഹയർ ലെവൽ ആയ 'കുളം' ആകാനുള്ള ആലോചനയിൽ. അങ്ങിനെ ആകാൻ പറ്റിയാൽ, കൊച്ചിയും എറണാകുളവും കൂട്ടിച്ചേർത്ത് 'മരണകുളം' എന്നോ മറ്റോ പേര് മാറ്റാമെന്ന് ഏതോ ഒരു വകുപ്പുമന്ത്രി അവർക്കു വാക്ക് കൊടുത്തിട്ടുമുണ്ടത്രെ.... ആർക്കറിയാം, നേരാണോന്ന്]

ശോ ... പറഞ്ഞു വന്നപ്പോൾ ഞാൻ എന്റെ ഇപ്പോഴത്തെ സങ്കടത്തിന്റെ കാര്യം വിട്ടു ....

ഞാനേ .... ഞാനങ്ങനെ സ്വസ്ഥമായി പോവുകയായിരുന്നു. അപ്പോൾ ദാ, ഇന്നലെ ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞിരിയ്ക്കുന്നു റോഡിലെ കുഴികളും മറ്റും നന്നായി മൂടിയില്ലെങ്കിൽ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കനത്ത പിഴ നൽകുമെന്ന്.


അവർ പേടിച്ചു, ശരിയ്ക്കും പേടിച്ചു.

കേട്ടപാതി കേൾക്കാത്ത പാതി, ദേ കുറേപ്പേർ വന്ന് വീണ്ടും എന്നെ കുറെ മണ്ണിട്ട്  മൂടി. ഞാൻ ഇനി എന്ത് ചെയ്യും?

എല്ലാം പോയില്ലേ?

എന്നാലും വല്യ ചതിയായിപ്പോയി ഇത്.

പിന്നെ, ചെറിയ ഒരു ആശ്വാസം ഉള്ളത് എന്താണെന്നു വച്ചാൽ, ഇത്തവണയും അവന്മാർ വെറുതെ  കുറെ മണ്ണ് കൊണ്ടുവന്നിട്ടാ എന്നെ മൂടിയേക്കുന്നത്. എന്റെ kwa ചേട്ടൻ  രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും പഴയപോലാകും. അതിനു നിങ്ങളും കൂടി ഒന്ന് പ്രാർത്ഥിച്ചേക്കണേ ...... ഞങ്ങടെ പാതാളക്കുഴി തമ്പുരാനോട് ....

ആകെ ഒരു സങ്കടമേ ഇതുവരെ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. എന്താണെന്നറിയാമോ?

തിരുവനന്തപുരം മുതൽ അങ്കമാലി വരെ ഉള്ള നിങ്ങടെ ആ എംസി റോഡില്ലേ. അതിൽ മാത്രം ഞങ്ങൾക്ക് കാര്യമായ അംഗങ്ങളില്ല. സാരമില്ല, അതും ഞങ്ങൾ ഉണ്ടാക്കിക്കോളാം.

എന്റെ സങ്കടം കേട്ടല്ലോ .... എന്നാൽ ഇനി കുറച്ചു സീരിയസ് കാര്യങ്ങൾ കൂടി ഞാൻ നിങ്ങൾക്കു പറഞ്ഞു തരാം. അതും കൂടി കേട്ട്  നിങ്ങൾ അങ്ങ് തീരുമാനിയ്ക്ക്, ഞങ്ങളെ മൂടണോ വേണ്ടയോ എന്ന്.

നിങ്ങൾ ഞങ്ങളെ വെറും ശല്യക്കാരായി മാത്രം കാണരുത്. ഞങ്ങളാണ് ഒരു തരത്തിൽ നിങ്ങളുടെ നാട്ടിൽ വികസനവും, വ്യവസായവും ഒക്കെ കൊണ്ടു വരുന്നത്. അല്ലാതെ ആരേലും എന്നേലും ഒക്കെ ചുമ്മാ വിദേശത്തു പോയത് കൊണ്ടൊന്നുമല്ല.

മനസ്സിലായില്ല അല്ലേ? പറഞ്ഞു തരാം.

ഞങ്ങളുടെ വലയിൽ ഒരു ദിവസം എത്ര വണ്ടികളാണ് വീഴുന്നത് എന്ന് നിങ്ങൾ ഒന്ന് ഓർത്തു നോക്കിക്കേ. ആ വണ്ടികളിൽ മിക്കതും വർക്ക്ഷോപ്പിൽ എത്താറുമുണ്ട്. അവിടെ എത്ര പേർക്ക് ജോലിയായി? ഇനി, വീഴ്ചയിൽ പരിക്ക് പറ്റി എത്ര പേരാണ് ദിവസവും ആശുപത്രികളിൽ എത്തുന്നുണ്ട്? അതില്ലെങ്കിൽ നിങ്ങൾ മുക്കിനു മുക്കിനു കെട്ടിപ്പൊക്കിയ ആ പഞ്ചനക്ഷത്ര ആശുപത്രികൾ ഒക്കെ അടച്ചു പൂട്ടില്ലേ? അപ്പോൾ അവിടുത്തെ ജോലിക്കാരോ?

പിന്നെ ഇടയ്ക്കിടെ ഞങ്ങളെ സഹായിയ്ക്കുന്ന പൈപ്പ് ചേട്ടന്മാരെ മെരുക്കാൻ വരുന്ന പാവം "പൊട്ടൽ കോൺട്രാക്ടർമാർ", അവരുടെ പണിക്കാർ, ഇവർക്കൊക്കെ ഇത്തിരി പണി കൊടുക്കാൻ വേണ്ടി, മറ്റു പലതും ദയാവായ്പോടെ കണ്ടില്ലെന്നു നടിയ്ക്കുന്ന പാവം കുറെ ഉദ്യോഗസ്ഥർ. ഓരോ അറ്റകുറ്റപണിയ്ക്കും വേണ്ടി വാങ്ങിക്കൂട്ടുന്ന ലക്ഷങ്ങളുടെ സാധനസാമഗ്രികൾ, അവയുടെ കടകൾ, നിർമാണ ഫാക്ടറികൾ, അവിടുത്തെ ജോലിക്കാർ..... പിന്നെ ഇത്രയുമൊക്കെ ചെയ്യാൻ ഇവർക്കൊക്കെ എപ്പോഴും സഹായമായി നിൽക്കുകയും അവസാനം എല്ലാവരാലും 'ഇടനിലക്കാർ' എന്ന് വിളിയ്ക്കപ്പെട്ട് അപമാനഭാരത്താൽ തല കുനിയ്ക്കേണ്ടി വരികയും ചെയ്യുന്ന കുറച്ചു പഞ്ചപാവങ്ങൾ......

ഈ പറഞ്ഞതൊന്നും ഇവിടെ ഇല്ലെങ്കിൽ, പിന്നെ നിങ്ങളുടെ നാട്ടിൽ എന്തോന്ന് വികസനവും വ്യവസായവും ഒക്കെ ഉണ്ടാകും എന്നാ നിങ്ങളീ പറയുന്നേ?

അപ്പോൾ, നാട് വികസിയ്ക്കണോ? നിങ്ങൾ സാധാരണ ജനങ്ങൾ, ഞങ്ങളുടെ ഒപ്പം നിൽക്കണം.


ഞങ്ങളുടെ സങ്കടങ്ങൾ മനസിലാക്കി, ഞങ്ങൾക്കൊപ്പം വരൂ .. നമുക്കീ നാടിനെ കുഴികൾ കൊണ്ട് മൂടാം. ഒരിയ്ക്കൽ ആ നിലവാരത്തിൽ എത്തിയാൽ, റോഡിൽ മുഴുവൻ കുഴികൾ ആയാൽ, പിന്നെ ഇവിടെ റോഡപകടങ്ങളേ ഉണ്ടാകില്ല. ഹെൽമെറ്റ് വേണ്ടി വരില്ല. ആരും 5km ൽ കൂടുതൽ വേഗത്തിൽ വണ്ടിയോടിയ്ക്കില്ല. അതു പരിശോധിയ്ക്കാൻ പോലീസുകാരോ, പിന്നെ കോടികളുടെ ഉപകരണങ്ങളോ ഒന്നും വേണ്ടി വരില്ല.

പിന്നെയും കുറച്ചു കൂടി കുഴികൾ നിറഞ്ഞാൽ പിന്നെ, ആർക്കും വണ്ടികൾ വേണ്ടി വരില്ല. എല്ലാവരും കാൽനടക്കാർ. പണക്കാരനും പട്ടിണിക്കാരനും എല്ലാം ഒരുപോലെ. അയലത്തുകാരൻ ബെൻസിൽ പറക്കുന്നത് കണ്ട് ആരും അസൂയപ്പെടേണ്ടി വരില്ല.

മാനുഷരെല്ലാരുമൊന്നു പോലെ ...... മാവേലിനാടെന്നു നിങ്ങളൊക്കെ സ്വപ്നം മാത്രം കണ്ടിരുന്ന, അതേ നാട്....

വായു മലിനീകരണം ഇല്ലേ ഇല്ല. ഓരോ  വർഷവും പെട്രോളിനും ഡീസലിനും വേണ്ടി മുടക്കിയിരുന്ന ശതകോടികൾ നിങ്ങൾക്കു ലാഭിയ്ക്കാം.

ഈ രീതിയിൽ ദീർഘദൃഷ്ടിയോടെ ഞങ്ങളും, നിങ്ങൾ നിങ്ങൾക്കുവേണ്ടി തിരഞ്ഞെടുത്ത ആളുകളും, പിന്നെ ഞങ്ങൾക്കും അവർക്കുമിടയിൽ ഉണർന്നു പ്രവർത്തിയ്ക്കുന്ന ആ ഉദ്യോഗസ്ഥവൃന്ദവും....  ഒക്കെ ഇങ്ങനെ നിങ്ങൾക്കു വേണ്ടി അശ്രാന്തപരിശ്രമം നടത്തുമ്പോൾ, നിങ്ങൾ ജനങ്ങൾ ഇങ്ങനെ കുറച്ചെന്തോ നികുതിപ്പണം കൊടുക്കുന്നുണ്ട് എന്ന തൊടുന്യായവും പറഞ്ഞ്, വെറുതെ കോടതികളെ സമീപിയ്ക്കല്ലേ.....

ഞങ്ങളുടെ വായിൽ വെറും പച്ചമണ്ണ് വാരി നിറയ്ക്കല്ലേ..... എന്ന വിനീതമായ അഭ്യർത്ഥനയോടെ,

വാഹനങ്ങളൊഴിഞ്ഞ നിരത്തുകൾ സ്വപ്നം കാണുന്ന,

ഒരു പാവം പാവം മാലിക്കുഴി.
(ഒപ്പ്)

കുമാരപുരം, തിരുവനന്തപുരം
15-ഡിസംബർ-2019

വാൽക്കഷ്ണം: അയ്യോ ഒരു കാര്യം പറയാൻ വിട്ടു. ഈ കഴിഞ്ഞ ദിവസം എന്നേം നോക്കി നിന്ന രണ്ടു മാലിക്കാർ പറയുന്ന കേട്ടതാ.... ഇവിടേന്ന് ആരാണ്ടൊക്കെ ഉടനെ മാലിയ്ക്കു ചെല്ലുന്നുണ്ടത്രേ ..ഏതാണ്ട്, പിള്ളേരെ പിടിയ്ക്കാനോ ..ഇങ്ങോട്ടു ക്ഷണിയ്ക്കാനോ ഒക്കെ...  ഇനി ഓൻ അതും പറഞ്ഞു അങ്ങോട്ട് ചെല്ലുമ്പോൾ ആ പിള്ളാരോ, അവരുടെ മാതാപിതാക്കളോ വല്ലോം കേറി എന്നേ പറ്റി ചോദിച്ചാൽ, എന്ത് ചെയ്യും? ഒരു കാര്യം ചെയ്യ് ഞാൻ തന്നെ ഒരു ഐഡിയ പറഞ്ഞു തരാം... പോണേന് മുൻപ് ഓനോട്‌ ഒന്ന് പറഞ്ഞു കൊടുത്തേക്കണേ .. അങ്ങിനെ എങ്ങാൻ ചോദിച്ചാൽ, ചമ്മാൻ നിക്കാതെ അവരോട് പറയണം "..അതേ നിങ്ങൾ അവിടെ വരുന്നത് ഞങ്ങടെ അതിഥികൾ ആയല്ലേ? 'അതിഥി ദേവോ ഭവ' എന്നാണല്ലോ പ്രമാണം.... അതിനെക്കൊണ്ട്, ങ്ങടെ ആ ഓഫീസിൽ വരണ ആരയേലും വല്ല വണ്ടിയും തട്ടിയാൽ, അത് ഞങ്ങക്ക് പെരുത്ത് മോശല്ലേ ..? അതിനാലെക്കൊണ്ടു ഞങ്ങള് ഒരു സൂത്രപ്പണി ചെയ്തതാ ആ മാലിക്കുഴി ..അവന്മാരുടെ സ്പീഡ് കുറയ്ക്കാൻ ... പിന്നെ ങ്ങള് ധൈര്യായി അങ്ങട്ട് പോന്നോളൂ... പഠിച്ചോള്... ഇനി എങ്ങാനും പരീക്ഷ തോറ്റാല്, ഒരു അദാലത്ത് നടത്തി ങ്ങളെ ജയിപ്പിയ്ക്കണ കാര്യം ഞാൻ ഏറ്റൂന്ന് ....". 

[കാര്യം, നിങ്ങളെന്നെ മൂടാൻ നോക്കുന്നോരാണേലും, ആ മാലിക്കാരുടെ മുന്നിൽ നമ്മൾ നാട്ടുകാർ തോൽക്കാൻ പാടില്ലാലോ.... അതോണ്ട് മാത്രം പറഞ്ഞു തന്നതാ... !!] 

- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചില ചിത്രങ്ങൾക്ക് കടപ്പാട് : മാതൃഭൂമി, മനോരമ  






Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]