സ്വാതന്ത്ര്യദിന ചിന്തകൾ - 2020 [കവിത]




സ്വാതന്ത്ര്യദിന ചിന്തകൾ-2020
[കവിത]


നാല്പത്തിയേഴിലെ പാതിരാവിൽ, പണ്ടു
നാടിതു നേടിയാ സ്വാതന്ത്ര്യം
സൂര്യൻ മറയാത്ത സാമ്രാജ്യശക്തികൾ
പോയ്മറഞ്ഞെത്തിയ സ്വാതന്ത്ര്യം
പാലൊളി ചന്ദ്രനെ സാക്ഷിയാക്കി
അന്നു, നാടിതു നേടിയാ സ്വാതന്ത്ര്യം !

ആഘോഷ രാവതു പോയ്മറയെ

മക്കൾ ആമോദമാമോദമുല്ലസിക്കെ
ഒരുപാടു സമരങ്ങൾ മുന്നിൽ നയിച്ചൊരാ
'മോഹൻദാസ്' മാത്രം നിശബ്ദനായി !

അധികാരചർച്ചകൾ ഉള്ളിൽ തകർക്കവേ

തെരുവിലാ പാവം ചകിതനായി !
ഉറയൂരിയാടിയ വർഗീയസർപ്പത്തിൻ 
ദംശനം ഏറ്റവരെത്രയന്ന് ?

* * *
ഒരുപാടു ത്യാഗങ്ങൾ ചെയ്തു നാം നേടിയ
സ്വാതന്ത്ര്യമിന്നൊരു ശാപമായോ ?
അഴിമതിയാകെയും മൂടിനിൽക്കുന്നൊരീ
ഇന്നിന്റെ നാടിനെ കണ്ടു നിൽക്കെ
കണ്ണിൽ നിറയുന്നു കണ്ണുനീരല്ലതെൻ
ഹൃദയത്തിലൂറുന്ന ജീവരക്തം

ജാതിവെറികളും (ദുര)ഭിമാനകൊലകളും 

നാടിന്റെ നെഞ്ചകം കീറിപ്പിളർക്കവേ 
പിഞ്ചുബാല്യത്തെയും 'ഇര'യായി കാണുന്ന 
കാമാന്ധരെങ്ങും നുരഞ്ഞു പുളയ്ക്കവേ 
എങ്ങുനിന്നെത്തുമാ ആശാസ്ഫുലിംഗങ്ങൾ 
നന്മ തൻ യാഗാഗ്നി ഊതിയുണർത്തുവാൻ ?

തമ്മിൽ ഗുണിച്ചു കുതിച്ചു കയറുമാ 

കമ്പോള വിലകളിൽ പ്രജകൾ പിടയവേ 
അരമന മോടി കൂട്ടീടുന്ന സചിവരി- 
ന്നാരാൽ തളയ്ക്കപ്പെടേണമെന്നോർക്ക നാം 
* * *
സ്വപ്നങ്ങളിൽ പണ്ടു നാം കണ്ട ഭാരതം
സ്വച്ഛമാം വാഗ്ദത്തഭൂമിയല്ലേ ?
ഹിന്ദുവും ക്രിസ്ത്യനും സിഖും മുസൽമാനും
ഒന്നായ് പുലരുന്ന സ്വർഗ്ഗമല്ലേ ?

മൂന്നായ് പിരിഞ്ഞോരു ഭാരതഖണ്ഡത്തെ

ഒന്നായിക്കാണുവതെന്നിനി നാം?
അല്ലെങ്കിൽ വേണ്ടിനി ചിന്തിയ രക്തങ്ങൾ
ചിന്താതെ നോക്കണം ഇന്നിനി നാം

ചിന്തിക്കണം നമ്മൾ ചിന്തിച്ചു ചിന്തിച്ചു

ചിന്തിച്ചുപായങ്ങൾ കണ്ടെത്തണം
ജാതി മതങ്ങളും രാഷ്ട്രീയവൈരവും
ദൂരെയകറ്റി നാം ഒന്നാകണം !!

എങ്കിലും ചൊല്ലിടാമെന്നുമെൻ ഹൃത്തിലെ

അഭിമാന രക്തമാണെന്നുമെൻ ഭാരതം !
'വന്ദേ' പറഞ്ഞു ഞാൻ വന്ദിയ്ക്കും അമ്മയാ-
ണെന്നുമെനിയ്ക്കെന്റെ സ്വന്തമാം ഭാരതം !

'വന്ദേ' പറഞ്ഞു ഞാൻ കുമ്പിടും അമ്മയാ-
ണെന്നുമെനിയ്ക്കെന്റെ സ്വന്തമാം ഭാരതം !

ജയ് ഹിന്ദ് !!!

എല്ലാ സ്നേഹിതർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ...!!

 -ബിനു മോനിപ്പള്ളി

****************************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

  1. സൂപ്പർ. ഇത് ഓരോ ഭാരതീയൻ്റെയും ഹൃദയമാണ്

    ReplyDelete
  2. ശരാശരി ഭാരതീയന്റെ ആത്മാപമാണ് ബിനുവിന്റെ
    കവിത.അഭിനന്ദനങ്ങൾ!!

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]