ശൂർപ്പണഖ - പ്രണയത്തിനു വില നല്കിയോൾ


ശൂർപ്പണഖ - പ്രണയത്തിനു വില നല്കിയോൾ 
[രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ : ഭാഗം-6 ]

കഥാപാത്ര പരിചയം:
ശൂർപ്പണഖ:
രാവണന്റെ സഹോദരി. സീതയെ ആക്രമിച്ചവൾ. ലക്ഷ്മണനാൽ മൂക്കും മുലയും കാതും ഛേദിയ്ക്കപ്പെട്ടവൾ. അതിന്റെ പ്രതികാര ദാഹത്താൽ, സീതാസൗന്ദര്യത്തെക്കുറിച്ച് ഏറെ വർണ്ണിച്ച്, അങ്ങിനെ തന്റെ  സഹോദരനായ രാവണനിൽ സീതാമോഹമുദിപ്പിച്ചവൾ. അതുവഴി,  സീതാപഹരണത്തിനും, പിന്നെ രാമ-രാവണ യുദ്ധത്തിനും ഒക്കെ കാരണമായവൾ.

ഇതൊക്കെയാണ്, രാമായണത്തെ അറിയുന്ന ഒരാളുടെ മനസിലുള്ള ശൂർപ്പണഖയുടെ ഒരു ഏകദേശ ചിത്രം. അല്ലേ?

അതുകൊണ്ടു തന്നെ, വല്ലാത്ത മൂശേട്ടകളായ ചില സ്ത്രീകളെ വിശേഷിപ്പിയ്ക്കുവാൻ, ഈ ഒരു പേര് ഇന്നും ധാരാളമായി പലരും  ഉപയോഗിയ്ക്കാറുമുണ്ട്.

"എന്റമ്മോ ..അവരോ? അവരൊരു ശൂർപ്പണഖ തന്നെയാ ..." എന്ന രീതിയിൽ.

പിന്നെ, പുതുതായി കല്യാണം കഴിഞ്ഞ്, സന്തോഷത്തോടെ ഭർത്തൃവീട്ടിലേയ്ക്ക് യാത്രയാവുന്ന, നവവധുവിനെ ചില 'നല്ല' കൂട്ടുകാർ  ഇങ്ങിനെയൊക്കെ ഉപദേശിയ്ക്കാറുമുണ്ട്. കേട്ടിട്ടില്ലേ ?

"എടീ ..നിന്റെ ആ അമ്മായിഅമ്മ ഉണ്ടല്ലോ? ആളൊരു ശൂർപ്പണഖ ആണെന്നാ കേട്ടത് ... ഒന്ന് നോക്കീം കണ്ടും ഒക്കെ നിന്നോണെ ..."

എന്നാൽ, ഒട്ടും നന്മകളില്ലാത്ത ഒരു മൂശേട്ട രാക്ഷസസ്ത്രീ എന്നതിലപ്പുറം, ഈ കഥാപാത്രത്തിന് വല്ല പ്രാധാന്യവും ഉണ്ടോ എന്നാണ് നമ്മൾ ഇവിടെ നോക്കുന്നത്.

വിശകലനം/വ്യാഖ്യാനം:
ഗൗതമീതീരത്തിലെ ആ അതിമനോഹരമായ കാനനം. ആരിലും പ്രണയം ജനിപ്പിയ്ക്കുന്ന ആ മോഹന വശ്യഭംഗി. ആ രംഗത്തിലേയ്ക്കാണ് രാവണസഹോദരിയായ ശൂർപ്പണഖ എത്തുന്നത്. കാനന മണ്ണിൽ പതിഞ്ഞ സുന്ദരമായ രാമപാദത്തിന്റെ ആ പാടുകൾ, ശൂർപ്പണഖയെ അങ്ങോട്ടേയ്ക്ക് എത്തിയ്ക്കുകയാണ്.

അതിസുന്ദരനായ രാമനെ കണ്ട അവൾ, പ്രഥമ ദൃഷ്ട്യാ തന്നെ അനുരാഗവിവശയാകുന്നു. എന്നാൽ, വളരെ മര്യാദയോടുകൂടി തന്നെ സ്വയം പരിചയപ്പെടുത്തുന്നു. ശേഷം, 'താങ്കളാരാണ്?' എന്ന് രാമനോട് അന്വേഷിയ്ക്കുകയും ചെയ്യുന്നു.

ശ്രീരാമനാകട്ടെ, അതേ മര്യാദയോടെ സ്വയം പരിചയപ്പെടുത്തുന്നു, കൂടെ സീതയേയും. ശൂർപ്പണഖയുടെ ആഗമനോദ്ദേശം ആരായുകയും ചെയ്യുന്നു.

തന്നെ വിവാഹം കഴിയ്ക്കണം എന്നു പറയുന്ന ശൂർപ്പണഖയോട് രാമൻ പറയുന്നു.

"താപസവേഷത്തിൽ, കാനനങ്ങൾ തോറും അലയുന്ന എന്റെ കൂടെ, എന്റെ പത്‌നിയുണ്ട്. അതുകൊണ്ട്, നിന്നെക്കൂടെ കൂട്ടി, ആ സപത്നീദുഃഖം നിന്നെ അനുഭവിപ്പിയ്ക്കാൻ ഞാൻ ഒരുക്കവുമല്ല..."

ഒന്നു കൂടെ പറയുന്നു രാമൻ. "എന്റെ സഹോദരനായ ലക്ഷ്മണൻ അതി സുന്ദരനാണ്. അവൻ നിനക്കു നന്നായി ഇണങ്ങും. അതിനാൽ നീ അവനെ സമീപിയ്ക്കുക...".

ഏറെ ആശയോടെ, ശൂർപ്പണഖ ലക്ഷ്മണനെ സമീപിയ്ക്കുന്നു. എന്നാൽ, കാര്യം കേൾക്കുന്ന ലക്ഷമണന്റെ പ്രതികരണം മറ്റൊരു തരത്തിൽ ആയിരുന്നു. "ഞാൻ വെറുമൊരു ദാസനാണ്. നീ ഒരു ദാസിയായി ജീവിയ്ക്കേണ്ടവളുമല്ല. അതിനാൽ, നിന്നെ സ്വീകരിയ്ക്കാൻ എനിയ്ക്കു സാദ്ധ്യമല്ല. നീ എന്റെ ജ്യേഷ്ഠനെ തന്നെ സമീപിയ്ക്കുക....".

നിരാശയായ ശൂർപ്പണഖ, വീണ്ടും രാമ സമീപത്തെത്തുന്നു. പഴയ അതേ പ്രണയ പരാവശ്യത്തോടെ തന്നെ. എന്നാൽ മര്യാദയുടെ ഭാഷയിൽ തന്നെയാണ് ഇത്തവണയും അവൾ തന്നെ വിവാഹം കഴിയ്ക്കാൻ, വീണ്ടും രാമനോട് അപേക്ഷിയ്ക്കുന്നത്.

എന്നാൽ, "..ആണൊരുത്തനായാൽ, അവനു തുണയായി ഒരുത്തി വേണം. എനിയ്ക്കു തുണയായി ഇപ്പോൾ ഒരുവളുണ്ട്. അതിനാൽ നീ നേരം കളയാതെ അതിവേഗം ലക്ഷ്മണനെ തന്നെ സമീപിയ്ക്കുക..... " എന്ന മറുപടിയായിരുന്നു ഇത്തവണയും രാമൻ നൽകിയത്.

അവസാന ശ്രമമെന്ന നിലയിൽ,  ശൂർപ്പണഖ ഒരിയ്‌ക്കൽകൂടി  ലക്ഷ്മണനെ സമീപിയ്ക്കുന്നു. ഇത്തവണ ലക്ഷ്മണൻ വളരെ ഖണ്ഡിതമായി തന്നെ പറയുന്നു "എനിയ്ക്കു നിന്നിൽ യാതൊരു ആശയുമില്ല.... നീ രാമനെ തന്നെ സമീപിയ്ക്കുക ..." എന്ന്.

ഇവിടെ നോക്കുക. തന്റെ പ്രണയാഭ്യർത്ഥനയുമായി ശൂർപ്പണഖ രണ്ടു തവണ വീതം, രാമനെയും ലക്ഷ്മണനെയും സമീപിയ്ക്കുന്നു. ഓർക്കണം, ഈ നാലു തവണയും അവൾ വിവാഹ ലക്ഷ്യത്തോടെ തന്നെയാണ്  രാമലക്ഷ്മണൻമാരെ സമീപിയ്ക്കുന്നത്. അല്ലാതെ കാമപാരവശ്യത്തോടെയേയല്ല. മാത്രവുമല്ല, എല്ലാ തവണയും മര്യാദയുടെ ഭാഷയിൽ, ആദരവോടെ തന്നെയാണ് ആ വിവാഹ അഭ്യർത്ഥനകൾ നടത്തുന്നതും.

എന്നാൽ, നാലാം തവണയും തന്റെ പ്രണയം നിഷ്കരുണം നിഷേധിയ്ക്കപ്പെട്ടപ്പോൾ, അവൾ നിരാശയിലേക്കാഴുന്നു. മാത്രവുമല്ല, ആ നിരാശയിൽ നിന്നും ഉടലെടുത്ത ആത്മരോഷം, അവളുടെ ആ സാമാന്യബുദ്ധിയെ തന്നെ ഒരു വേള ഇല്ലാതാക്കുന്നു. ഫലമോ? രോഷത്തോടെ അവൾ സീതയെ ആക്രമിയ്ക്കാൻ തുനിയുന്നു. ആ ആക്രമണത്തെ തടയുന്നതിനിടെ ലക്ഷ്മണൻ, ശൂർപ്പണഖയുടെ മൂക്കും മുലയും ചെവിയും അറുക്കുകയും ചെയ്യുന്നു.

ഇവിടെ നമുക്ക് ഒരു നീതിയില്ലായ്മ കാണാൻ കഴിയുന്നുണ്ട് എന്നാണ് എന്റെ പക്ഷം. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, സൗന്ദര്യപരമായി പറയുകയാണെങ്കിൽ, അവളുടെ ഏറ്റവും വലിയ സ്വത്തുക്കൾ തന്നെയാണ് അവളുടെ മുലയും മൂക്കും കാതുകളും. അല്ലേ?

അപ്പോൾ, ഒരു പ്രണയാഭ്യർത്ഥനയുടെ പേരിൽ, ‌അല്ലെങ്കിൽ അതിൽ നിന്നും ഉടലെടുത്ത ഒരു ക്ഷിപ്രകോപത്തിന്റെയും, പിന്നെ അതിന്റെ ഒരു ദ്രുതപ്രതികരണത്തിന്റെയും പേരിൽ, ഒരു പെണ്ണിൽ നിന്നും ആ സ്വത്തുക്കൾ കവർന്നെടുക്കാൻ അഥവാ ഇല്ലായ്മ ചെയ്യാൻ ഒരു ആണിനോ (മറ്റൊരു പെണ്ണിനോ തന്നെ) എന്തധികാരം?

[ഇന്നത്തെ വാർത്തകളിൽ നമ്മൾ കാണുന്ന, കണ്ടു വേദനിയ്ക്കുന്ന, പ്രണയ സംബന്ധിയായ ആസിഡ് ആക്രമണങ്ങളുടെയും, കുത്തിക്കൊലകളുടെയും കാര്യത്തിലും, എനിയ്ക്ക്  ഇതേ അഭിപ്രായം തന്നെയാണ്].

തങ്ങൾക്കു സ്വീകാര്യമല്ലെങ്കിൽ, അവളുടെ ആ വിവാഹ അഭ്യർത്ഥന തീർച്ചയായും രാമലക്ഷ്മണന്മാർക്ക് നിഷേധിയ്ക്കാമായിരുന്നു. അതും, തുടർച്ചയായി നാല് തവണ, അങ്ങോട്ടും ഇങ്ങോട്ടും അവളെ ഓടിയ്ക്കുന്നതിനു മുൻപേ തന്നെ.

ഇനി അതുമല്ല, കഠിനശിക്ഷ കൊടുക്കണമായിരുന്നു എങ്കിൽത്തന്നെയും, അത് ഇത്തരത്തിൽ ആവേണ്ടിയിരുന്നുമില്ല. ഏറിയാൽ,  അന്യർക്ക് ദൃഷ്ടിഗോചരമല്ലാത്ത രീതിയിൽ, ആ കാൽവിരലുകളിൽ ഒന്നോ രണ്ടോ ഛേദിച്ചിരുന്നുവെങ്കിൽ പോലും, അത് കുറച്ചു കൂടി ഭേദമാകുമായിരുന്നു എന്നാണ് എന്റെ പക്ഷം.

തുടർന്നും നോക്കുക. അലറിക്കരഞ്ഞു കൊണ്ട് ശൂർപ്പണഖ ഖരാസുരനടുത്ത് സഹായ അഭ്യർത്ഥന നടത്തുമ്പോൾ പോലും, ആ മനസ്സിൽ രാമലക്ഷ്മണന്മാരോടുള്ള സ്നേഹവും ആദരവും, ഒട്ടും കുറയാതെ തന്നെ നിഴലിയ്ക്കുന്നു എന്നും കാണാം.

"... മർത്ത്യന്മാർ ദശരഥപുത്രന്മാരിരുവരു-
ണ്ടുത്തമഗുണവന്മാരെത്രയും പ്രസിദ്ധന്മാർ
രാമലക്ഷ്‌മണന്മാരെന്നവർക്കു നാമമൊരു 
കാമിനിയുണ്ടു കൂടെ സീതയെന്നവൾക്കു പേർ ..."

എന്നാൽ, തുടർന്ന്, രാമബാണങ്ങളാൽ ഖരദൂഷണത്രിശിരസ്സുകളും,  കൂടെ പതിനാലായിരം രാക്ഷസരും, യമപുരി പൂകിയപ്പോൾ ശൂർപ്പണഖ സഹായം ചോദിച്ച് രാവണന്റെ സമീപത്തെത്തുന്നു. അവിടെ ഏതു വിധേനയും രാമ-ലക്ഷ്മണന്മാരെ നിഗ്രഹിയ്ക്കണം എന്ന മോഹത്താൽ, ശൂർപ്പണഖ വലിയൊരു കള്ളം പറയുന്നു. തന്റെ മൂക്കും മുലയും കാതും ഛേദിയ്ക്കപ്പെട്ടത്, സുന്ദരിയായ ആ സീതയെ രാവണനുവേണ്ടി കടത്തിക്കൊണ്ടു പോരാൻ ശ്രമിച്ചപ്പോൾ ആണ്, എന്ന വലിയ കള്ളം.

ഒരു പക്ഷേ, തന്റെ പ്രണയപരാജയവും അതിനെ തുടർന്നുണ്ടായ മാനക്കേടും, ഖരദൂഷണത്രിശിരസ്സുകളുടെ മരണവും ഒക്കെ ആകാം അവിടെ അവളെ കൊണ്ട് ആ വലിയ കള്ളം പറയിപ്പിയ്ക്കുന്നത്. എങ്കിലും, ഇനി എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും, ആ കള്ളം ഒരുതരത്തിലും ന്യായീകരിയ്ക്കാവുന്നതല്ല.

എന്നാൽ, രാവണനോട് ഈ കള്ളം പറയുമ്പോൾ പോലും, രാമലക്ഷ്മണന്മാരുടെ ശക്തിയെ, ശൂർപ്പണഖ ഒട്ടും കുറച്ചു കാണുന്നുമില്ല. അവൾ പറയുന്നത് നോക്കുക.

"..രാമനോടേറ്റാൽ നിൽപ്പാൻ നിനക്കു ശക്തിപോരാ 

കാമവൈരിയ്ക്കും നേരെ നിൽക്കരുതെതിർക്കുമ്പോൾ 
മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ, 
മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുള്ളൂ..."

ശൂർപ്പണഖയെ കുറിച്ച് ഇത്രയുമൊക്കെ പറയുമ്പോൾ, അവളുടെ ആ പ്രണയ പ്രവർത്തിയുടെയും, പിന്നെ അതിനു കിട്ടിയ കഠിനശിക്ഷയുടെയും ഒക്കെ നാനാ വശങ്ങളെ ഇങ്ങനെ അതിസൂക്ഷ്‌മവിശകലനം ചെയ്യുമ്പോൾ, നമുക്ക് വേണമെങ്കിൽ ഇങ്ങനെയും പറയാം.

"ഇതൊക്കെ കാലത്തിന്റെ, അനിവാര്യമായ ആ നിയോഗങ്ങളാണ്. അതിനെ  തിരുത്തുവാൻ ആരാലും സാധ്യവുമല്ല" എന്ന്.

കാരണം, ശൂർപ്പണഖയുടെ 'കുചനാസാകർണ്ണച്ഛേദനം' നടന്നില്ലായിരുന്നുവെങ്കിൽ, രാവണൻ സീതാപഹരണം നടത്തില്ലായിരുന്നു. അങ്ങിനെയെങ്കിൽ, രാമ-രാവണ യുദ്ധവും നടക്കില്ലായിരുന്നു; രാവണമോക്ഷം ഉണ്ടാകില്ലായിരുന്നു.

എന്തിന്?  ഈ രാമായണകഥ തന്നെ ഈ രീതിയിൽ ഉണ്ടാകില്ലായിരുന്നു.

ശരിയല്ലേ?

അതുകൊണ്ടുതന്നെ, എല്ലാം കാലത്തിന്റെ 'നിയോഗ'ങ്ങളാകാം. ഇവരൊക്കെ ആ 'നിയോഗാർത്ഥം' ചലിയ്ക്കാൻ 'നിയോഗിയ്ക്കപ്പെട്ട' വെറും കഥാപാത്രങ്ങളും.

എങ്കിലും, 'പ്രണയത്തിനു വലിയ വില നല്കിയോൾ' എന്ന രീതിയിൽ, ആ രാക്ഷസ സുന്ദരി ശൂർപ്പണഖ, മനസ്സിൽ എവിടെയൊക്കെയോ ചില നേർത്ത വിങ്ങലുകൾ ഉണർത്തുന്നു, എന്നതു തന്നെയാണ് സത്യം.

======================
സ്നേഹത്തോടെ
- ബിനു മോനിപ്പള്ളി 
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 


Comments

  1. തീർച്ചയായും ഇത്രയും വേണ്ടായിരുന്നു എന്ന് അനുവാചകരെ ചിന്തിപ്പിക്കുവാൻ സാധിക്കുന്നതിൽ വിജയിച്ചിരികുന്നു. ഒരു പക്ഷെ ഇതുപോലെ തന്നെ കഥയുടെ ഗതി മുൻപോട്ടു കൊണ്ടുപോയ ഒരു
    കഥാപാത്രമല്ലേ സീതാദേവി കാഞ്ചന കൂട്ടിൽ അടച്ചു വളർത്തിയ ആ തത്തയും?

    ReplyDelete
    Replies
    1. ഏറെ നന്ദി ....!

      ശിക്ഷിച്ചതിൽ അല്ല മറിച്ച് ആ ശിക്ഷ അല്പം കൂട്ടിപ്പോയില്ലേ എന്നതിൽ ആണ് കൂടുതൽ സംശയം ....

      Delete
  2. സത്യ സന്ധവും ആത്മാർത്ഥമുമായ കാഴ്ചപ്പാട്, നന്ദി.

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]