ഓർമ്മയുടെ താളുകളിലേയ്ക്ക് നീയും ..? [ഓർമ്മക്കുറിപ്പ് ]

ഓർമ്മയുടെ താളുകളിലേയ്ക്ക് നീയും ..?

വിവാദങ്ങളുടെയും, വിഴുപ്പലക്കുകളുടെയും ഗന്ധം പേറുന്ന, ദിനപത്ര താളുകളിൽ,  മനസില്ലാമനസ്സോടെ പതിവുള്ള ആ പ്രഭാത ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ്, നിന്നെ ശ്രദ്ധയിൽ പെട്ടത്. 

ശരിയ്ക്കും, വിശ്വസിയ്ക്കാനായില്ല.... ഒരിയ്ക്കലും പ്രതീക്ഷിയ്ക്കുന്നില്ലല്ലോ,  ഇങ്ങനെയൊന്ന് .....

അല്ല ... ഇത്തരം ആകസ്മികങ്ങളുടെ ആകെത്തുകയാണല്ലോ ഈ ജീവിതം തന്നെ ... അല്ലേ ?

- പ്രഭാതഭേരിയുടെ ഒച്ച ഒരൽപ്പം കൂട്ടി, മടിയനായ എന്നെ നീ എന്നും വിളിച്ചുണർത്തിയിരുന്നത് ...

- പുലർകാല മഞ്ഞിൽ, അല്പം അടഞ്ഞ ഒച്ചയിൽ, ലോകവിവരങ്ങൾ നീ എന്നിൽ പകർന്നു നൽകിയത് .....

- നിന്റെയാ മധുരസ്വരമൊന്നു കേൾക്കാൻ,  മധ്യാഹ്നങ്ങളിൽ ആരും കാണാതെ നിന്റെ തറവാടിന്റെ അതിരിൽ, പൊട്ടിച്ചെടുത്ത ഒരു മാങ്ങ തിന്നുന്നു എന്ന വ്യാജേന, ഒഴിവുദിവസങ്ങളിൽ ഞാൻ കാത്തിരുന്നിരുന്നത്.....

- പുന്നമടയുടെ ഓളപ്പരപ്പിൽ, ചമ്പക്കുളവും, ആലപ്പാടനും, ആയാപറമ്പനും കുതികുതിയ്ക്കുമ്പോൾ, ആർക്കും പിടികൊടുക്കാതെ ചില ഇരുട്ടുകുത്തികൾ അതിനിടയ്ക്കു നുഴഞ്ഞു കയറുമ്പോൾ .... സർവ്വശ്രീ ലൂക്കിനെയും ജോസഫ് മാഷിനെയും ഒക്കെ, നീ എനിയ്ക്കു വേണ്ടി മാത്രം അവിടെ ആ വേദിയിൽ ഇരുത്തി ആവേശം കൊള്ളിച്ചിരുന്നത് .... എന്നിട്ടോ? അവരുടെ ആ ആവേശം ഒട്ടും ചോരാതെ അത്, അങ്ങകലെ കാതുകൂർപ്പിച്ചിരുന്ന എന്നിലേക്കെത്തിച്ചു ...... നേരിൽ കാണാത്ത ആ ആവേശഓളങ്ങളിൽ, ഞാനും ഏറെ നീന്തിത്തുടിച്ചു...

- കാൽപ്പന്തുകളി ആവേശം നിറച്ചിരുന്ന ഞങ്ങളുടെ തെമ്മാടിക്കൂട്ടത്തിനു വേണ്ടി, സി വി പാപ്പച്ചനെയും, കെ ടി ചാക്കോയേയും, വി പി സത്യനെയും , തോബിയാസിനെയും, ഐ എം വിജയനെയും, ഷറഫലിയെയും ഒക്കെ നീ ഞങ്ങളുടെ കൂട്ടുകാരാക്കി .... അവരുടെ 'മിസ് പാസുകൾ' ഞങ്ങളുടെയും സങ്കടങ്ങളായി.... അവരുടെ ഗോളുകൾ, നിന്നെ എടുത്തുയർത്തിയാണ് ഞങ്ങൾ ആഘോഷമാക്കിയിരുന്നത് .....

- പിന്നെ ...തിരഞ്ഞെടുപ്പിന്റെ ആവേശം ഞങ്ങൾ അറിഞ്ഞതും നിന്നിലൂടെ മാത്രം ആയിരുന്നു ... വോട്ടെണ്ണൽ ദിവസം രാവിലെ മുതൽ, പെൻസിലും പേപ്പറും ആയി ആ ദിവസം മുഴുവൻ നിന്നോട് ചേർന്നിരുന്നത്, ഇന്നും ഞാൻ ഓർക്കുന്നു. കേട്ടുകേൾവി പോലും ഇല്ലാതിരുന്ന മണ്ഡലങ്ങളിലെയും ലീഡുനില കുത്തിക്കുറിച്ച്, ഇടവേളകളിൽ കൂട്ടുകാരോട് വലിയ വലിയ രാഷ്ട്രീയ നിരീക്ഷണങ്ങൾ ഞാൻ വിളിമ്പിയത്, നീ തന്ന ആ ഒറ്റ ധൈര്യത്തിൽ അല്ലായിരുന്നോ ...?

- വൈകിട്ട്, കുളിച്ച് ഈറനായി 'വയൽ വരമ്പിലൂടെ വീട്ടിലേയ്‌ക്കെത്തുന്ന' നീ, എന്നിൽ നിറച്ചത് സന്ധ്യയുടെ നിറശോഭയും, നാട്ടിൻപുറത്തിന്റെ ഹരിതാഭയും ആയിരുന്നു....

- പിറ്റേന്ന് ഗ്രാമച്ചന്തയിൽ വിൽക്കാൻ വേണ്ടി, മുത്തച്ഛൻ എടുത്തു വച്ചിരിയ്ക്കുന്ന ആ  ഇത്തിരി കുരുമുളകിന്റെ 'അൺഗാർബിൾഡ്' വില, ചെവിയിൽ പറഞ്ഞു തന്നതും നീ ആയിരുന്നല്ളോ. ചന്തയിലെത്തുമ്പോൾ, മാരാക്കുളത്തിന്റെ കരയിലെ മാത്തൻചേട്ടനോട്, അതിന്റെ അടിസ്ഥാനത്തിൽ വീറോടെ വിലപേശിയത് പലപ്പോഴും വെറുതെയായില്ല ...

- ആഴ്ചയിൽ ഒരിയ്ക്കൽ നീ എനിയ്ക്കൊരു 'കാപ്സ്യൂൾ' തന്നിരുന്നത് നിനക്കോർമ്മയില്ലേ? 'കണ്ടതും കേട്ടതു'മായ ആനുകാലിക കയ്പുകൾ ഉള്ളിൽ നിറച്ച, നർമ്മത്തിന്റെ പുറംപൊതിയിൽ മധുരതരമാക്കിയ, ആ അഞ്ചു നിമിഷം 'കാപ്സ്യൂളുകൾ'...

 - ഇടയ്ക്കു നീ, കെപിഎസി യുടെ നാടക ഗാനങ്ങൾ എനിയ്ക്കായി മൂളി ... ആരും കേൾക്കാതെ ഒച്ച തീരെ കുറച്ച് ...

- പിന്നെ പ്രണയം തുളുമ്പുന്ന കുറെ ഏറെ ചലച്ചിത്ര ഗാനങ്ങളും. 'ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ....." മൂളി തന്നിട്ട്, ഇടം കണ്ണാൽ നീ എന്നെ നോക്കുന്നത് പലപ്പോഴും ഞാൻ കണ്ടിരുന്നു .... കാണുന്നില്ല എന്ന് നടിച്ചെന്നു മാത്രം .... 

- ഉദയഭാനു സാറിന്റെ വേദനയൂറുന്ന ശബ്ദത്തിലെ "വെള്ളിനക്ഷത്രമേ നിന്നെ നോക്കി തുള്ളിത്തുളുമ്പുകയല്ലേ ...." എന്ന പാട്ട് ഞാൻ അറിയാതെ മൂളിപ്പോകുമ്പോൾ, നീ എന്നോട് കെറുവിച്ചു. വേദനകൾ ഒരിയ്ക്കലും നിനക്കിഷ്ടമായിരുന്നില്ലല്ലോ .....

- നാടകങ്ങളോടുള്ള എന്റെ പ്രണയം ..അയ്യയ്യോ ..അല്ല... ഇഷ്ടം ... (ഞാൻ നിന്നെ അല്ലാതെ മറ്റാരെയും പ്രണയിയ്ക്കുന്നതും  നിനക്കിഷ്ടമായിരുന്നില്ലല്ലോ) അറിഞ്ഞ നീ, എനിയ്ക്കായല്ലേ 'നാടകോത്സവങ്ങൾ' തന്നെ ഒരുക്കിയത്? അതും, ഉറക്കം വരാത്ത ആ മഴക്കാല രാത്രികളിൽ ?.... അങ്ങിനെ, ടിപി രാധാമണിയും, സിഎസ് രാധാദേവിയും, സതീഷ്ചന്ദ്രനും, ഖാൻ കാവിലും.... ഒക്കെ എന്റെ ആരാധനാപാത്രങ്ങളായി.....

വേണ്ട ... ഇനിയും കൂടുതൽ പറയാൻ എനിയ്ക്കാവില്ല .....

ഇങ്ങിനെ ഒക്കെ എന്നെ സ്നേഹിച്ചിരുന്ന നീ ആണ്, ഇപ്പോൾ ഒരു വാക്ക് പോലും ചൊല്ലാതെ, ഇന്നിങ്ങനെ പിരിഞ്ഞു പോകുന്നത് .... കൊറോണക്കാലത്തെ എന്റെ നഷ്ടങ്ങളുടെ വ്യാപ്തി, പിന്നെയും കൂട്ടി .....

വൈകിയ ഈ വേളയിൽ, പ്രിയപ്പെട്ടവളെ ... പറയാൻ ഒന്ന് മാത്രം ...

"എല്ലാ ദുഃഖവും എനിയ്ക്കു തരൂ ...

എന്റെ പ്രിയ സഖീ... പോയ് വരൂ ..."

-ബിനു മോനിപ്പള്ളി 



സമർപ്പണം:
 സംപ്രേഷണം നിർത്തുന്ന, പ്രിയപ്പെട്ട ആലപ്പുഴ റേഡിയോ നിലയത്തിന് ..!!

                                                                             *************

Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്, ആർട്ടിസ്റ്റ് നന്ദകുമാർ





Comments

  1. ആ feel adhu ഒന്ന് വേറെ ആണ്. പ്രത്യേകിച്ചും മഴ കാലത്തെ ജില്ലാ collector അവധി prakyabhicho എന്ന് നോക്കി ഇരുന്ന prabhatangal

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]