അലുവ
"എന്തേ കുമാരച്ചാ താടിയ്ക്കു കയ്യും കൊടുത്ത് ... ? ഒരു മാതിരി ആയിട്ട് ....."
"ഓഹ് ... എന്നാ പറയാനാ എന്റെ പാക്കരാ ... മുട്ടനൊരു പണി കിട്ടിയെടാ ...."
"എന്നാ പറ്റി ..? കുമാരച്ചാ ... നീ കാര്യം പറയന്നെ ...."
"പാക്കരാ, നീയും കാണുന്നതല്ലേ, ഇപ്പോൾ ദേ, റ്റീവീലും പത്രത്തിലും ...പിന്നെ ആ എഫ്ബി ഒണ്ടല്ലോ ..അതിലും ഒക്കെ.... ഈ വാർത്തകൾ അല്ലേ ഫുൾ ...?
"നിങ്ങള് ... ചുമ്മാ ഒരു മാതിരി ആളെ വടിയാക്കാതെ കാര്യം പറയന്നേ ...."
"ടാ ... പാക്കരാ ... നമ്മടെ ആ ജോയിച്ചന്റെ എളേ ചെറുക്കൻ കോഴിക്കോട്ടല്ലേ ... ?അവൻ മാസത്തില് ലീവിന് വരുമ്പോൾ എല്ലാ തവണയും എനിയ്ക്ക് ഓരോ കിലോ *അലുവാ കൊണ്ടെത്തരും ... കഴിഞ്ഞ തവണ പുതിയ ഐറ്റം ആണെന്നും പറഞ്ഞ് ഒരു 'സ്‌പൈസ് അലുവ'യും കൊണ്ടെത്തന്നു ..."
"അതിനെന്താ പ്രശ്നം? നീ കാശ് കൊടുത്തില്ലേ ...?"
" അതൊക്കെ കൊടുത്തു ... അതല്ലടാ പ്രശ്നം ... ഇപ്പൊ ദേ വാർത്തേൽ ... പറയുന്നു, അവന്മാരെല്ലാം ഇപ്പോൾ അലുവേടേം, സ്‌പൈസ് അലുവേടേം പൊറകേ ആണെന്ന്..... അതിൽ പെട്ട എല്ലാരേം ചോദ്യം ചെയ്യൂന്ന് ....."
"ആരുടെ കാര്യമാ കുമാരച്ചാ ... നീയീ പറയുന്നത് ?"
"വേറെ ആരുടെ? ആ ഇടിക്കാരുടെ ..... നല്ല ഇടീം കിട്ടൂല്ലോ ദൈവമേ .. ഇനി ഈ വയസ്സാംകാലത്ത് ..."
"ഇടിക്കാരോ ?"
"ആന്നെ ... ആ ശങ്കരനെ പിടിച്ചോരില്ലേ ....? അവര് തന്നെ ...."
"ഹ ... ഹ ...ഹ ..."
"ഡാ ...പാക്കരാ ... ഞാൻ ഇവിടെ ഒറങ്ങീട്ടു ദിവസങ്ങളായി ... അപ്പോൾ, നീ ഇതും കേട്ടു ക..ക...ക.... വയ്ക്കുന്നോ?
"പിന്നെ .... ഇതൊക്കെ കേട്ടാൽ, എങ്ങിനെ ചിരിയ്ക്കാതിരിയ്ക്കും ... എന്റെ കുമാരച്ചാ ...."
"മ്മ് ...?"
"അതേയ് ... അത് അലുവയും മത്തിക്കറിയും ഒന്നും അല്ല ... ഹവാലയും പിന്നെ റിവേഴ്‌സ് ഹവാലയും ആണ് ... ഇടിക്കാരുമല്ല ... ഇഡിക്കാർ ...."
"ങേ ... അലുവ അല്ലേ?... ഒന്ന് തെളിച്ചു പറ എന്റെ പാക്കരാ ...."
"അല്ലാന്ന് ....."
"അപ്പോ പിന്നെ വേറെ എന്തോന്നാടെ.... ഈ ഹവാലയും, റിവേഴ്‌സ് ഹവാലയും?"
"പറഞ്ഞു തരാം ... ശ്രദ്ധിച്ചു കേട്ടോണം ... ഇപ്പോൾ ഏതെങ്കിലും ഒരു വിദേശരാജ്യത്ത് നിന്നും ഇന്ത്യയിലേയ്ക്ക് ഒരാൾക്ക് കുറച്ച് കാശ് അയയ്ക്കണം എങ്കിൽ, അത് ബാങ്കുകൾ വഴിയോ അല്ലെങ്കിൽ നമ്മുടെ സർക്കാർ അംഗീകരിച്ച മറ്റ് ഏജൻസികൾ വഴിയോ മാത്രം വേണം ചെയ്യാൻ. മനസ്സിലായോ ?"
"ഉവ്വ്... അങ്ങിനെ ആണല്ലോ എന്റെ മൂത്തവൻ ദുബായിൽ നിന്നും ഇടയ്ക്ക് അയയ്ക്കുന്നത്"
"അതെ ... പക്ഷേ ചിലരൊക്കെ അതിനു പകരം, വലിയ, വലിയ തുകകൾ അവിടെ ചില അനധികൃത ഏജന്റുമാർക്ക് കൈമാറും ... പകരം അവരുടെ ഇവിടുത്തെ ഏജന്റ് അപ്പോൾ തന്നെ ആ തുക നിങ്ങളുടെ വീട്ടിൽ കാശ് ആയിത്തന്നെ കൊണ്ടുവന്ന് തരികയും ചെയ്യും."
"ശരി ... പക്ഷെ അതിനെന്താ കുഴപ്പം? അത് കള്ളനോട്ടൊന്നും അല്ലല്ലോ?"
"അതല്ല ... പക്ഷെ ...കുമാരച്ചാ ... ഇതിൽ രണ്ടു കുഴപ്പങ്ങൾ ഉണ്ട് ... ഒന്ന് ... മിക്കവാറും ഈ പണം, അവിടെ ഉള്ള ആൾ തെറ്റായ മാർഗ്ഗത്തിൽ സമ്പാദിച്ചതോ, അല്ലെങ്കിൽ ആ പണം കൊണ്ട് തെറ്റായ കാര്യങ്ങൾ ഇവിടെ ചെയ്യാനുള്ളതോ ആകാം ... അങ്ങിനെയാകുമ്പോൾ, അത് രണ്ടു രാജ്യങ്ങളിലെയും നിയമങ്ങൾക്ക് എതിരാണ്. രണ്ട് ... ഇത്തരം പണം നമ്മുടെ രാജ്യത്തേക്ക് വന്നതിന്, നിയമപരമായ തെളിവുകളോ, രേഖകളോ, കണക്കുകളോ ഒന്നും ഇവിടെ ഉണ്ടാകില്ല. അതായത് അത് മുഴുവൻ 'കണക്കിൽ പെടാത്ത പണം' ആണ് എന്ന് ചുരുക്കം. അതുകൊണ്ടു തന്നെ, അത്തരം പണത്തിന്റെ ഒഴുക്ക്, നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആകെ തകിടം മറിയ്ക്കും".
" ..ഓഹോ .. ശരി, ശരി.. അപ്പോൾ, ഇതിൽ ഏതാ ഈ ഹവാല?"
"ഇങ്ങിനെ വരുന്ന കണക്കില്ലാത്ത ആ പണത്തിനു പറയുന്ന പേരാണ് ഹവാല അല്ലെങ്കിൽ കുഴൽപ്പണം. മനസ്സിലായോ?"
"ഉവ്വ് ... ഉവ്വ് ... അപ്പോൾ മറ്റവനോ?"
"ആര്?"
"അവനേ ... ആ റിവേഴ്‌സ് ഹവാല?"
"അതും പറയാം ... ഇവിടെ നിന്നും നിയമപരമായ രീതിയിൽ ഒരാൾക്ക് പുറം രാജ്യത്തേക്ക് കൊണ്ട് പോകാൻ കഴിയുന്ന പണത്തിന് പരിധി ഉണ്ട്. അത് മറികടക്കാൻ, കണക്കില്ലാതെ ഇവിടെ സമ്പാദിച്ച പണം ചിലർ അനധികൃത മാർഗങ്ങളിൽക്കൂടി രാജ്യത്തിന് പുറത്തേയ്ക്കു കൊണ്ടുപോകുന്നു. എന്നിട്ടോ? അത് വിദേശ കറൻസി ആക്കി മാറ്റി അവിടെ ഉപയോഗിയ്ക്കുകയോ, അതുമല്ലെങ്കിൽ ഇന്ത്യയിലേയ്ക്ക് തന്നെ തിരികെ അയയ്ക്കുകയോ ചെയ്യുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, 'കള്ളപ്പണം വെളുപ്പിയ്ക്കൽ' എന്ന് പറയാം. ഇനി ചിലപ്പോൾ, ആ തിരികെ അയയ്ക്കൽ, നമ്മൾ നേരത്തെ പറഞ്ഞ ആ ഹവാല വഴിയും ആകാം."
"പാക്കരാ ഇപ്പൊ ... ഏതാണ്ടൊക്കെ മനസിലായി .... മൊത്തം ഗുലുമാൽ കേസ് ആണ് അല്ലേ?..."
"അതെയതെ .... പിന്നെ ... ഇത്തരം കള്ളപ്പണ ഇടപാടുകൾ അന്വേഷിയ്ക്കുന്ന ഇന്ത്യയുടെ ഏജൻസി ആണ് 'ഇഡി' അഥവാ 'എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്'. അല്ലാതെ അവർ ഇടിക്കാർ അല്ല. ഇപ്പോൾ പിടി കിട്ടിയോ?"
"കിട്ടി ..കിട്ടി ....ഹോ .... എന്തായാലും, എന്റെ അലുവ അല്ലല്ലോ കുഴപ്പക്കാരൻ? എനിയ്ക്കത് മതി .... അതും ചിന്തിച്ച് എന്റെ ഉറക്കം പോയിട്ട് ദിവസം കൊറേ ആയി എന്റെ പാക്കരാ .... ദേ സത്യം പറയാം ..... നിന്നെ ഇപ്പോൾ കണ്ടില്ലാരുന്നേൽ, ഞാൻ മിക്കവാറും വല്ല അറ്റാക്കും വന്ന് തട്ടിപ്പോയേനെ ..."
"എന്റെ കുമാരച്ചാ .. എന്തായാലൂം നിന്നെ ഞാൻ സമ്മതിച്ചു .... ആ ഹവാലേനെ നീ വെറും അലുവ ആക്കിക്കളഞ്ഞല്ലോ .... "
"അല്ല ... അത്... പിന്നെ"
" ശരി ... ശരി ..ഞാൻ പോട്ടെ ..."
"അതെയ് .... പാക്കരാ .... "
"എന്തേ ...?"
"അതേയ് ... ഈ അലുവാക്കാര്യം നീ ആരോടും പറയല്ലേ ... ആകെ നാണക്കേടാവും... അതാ ... പിന്നെ ആ എഫ്‍ബീൽ ഇത് ഒട്ടും ഇട്ടേക്കല്ല് കേട്ടോ ..."
"ഓഹ് ..ശരി ..ശരി ..അടുത്ത തവണ പറയുമ്പോൾ, എനിയ്ക്കും കൂടി ഒരു കിലോ അലുവ പറഞ്ഞേക്ക് .....എന്നാ നോക്കാം"
ശേഷം: കുമാരച്ചൻ സ്വസ്ഥമായൊന്ന് ഉറങ്ങാൻ അകത്തേയ്ക്കും, പാക്കരൻ പാലുവാങ്ങാൻ കടയിലേയ്ക്കും ഗമിച്ചു.
*അലുവ = ഹൽവയുടെ നാടൻ പേര്
******
ഉം.... കൊള്ളാട്ടോ
ReplyDeletethank you .....
Deleteകൊള്ളാം sir
ReplyDeletethank you ....!!
DeleteSuper...
ReplyDeleteere nandhi ...
Deleteകൊള്ളാം
ReplyDeleteorupatu nandhi ....
Deletefunny, but facts
ReplyDeletethank you sir .....
Delete