മാവിലാംതോട്ടിലെ മാവീരൻ [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-6]
മാവിലാംതോട്ടിലെ മാവീരൻ
[വയനാടൻ ടൂർ ഡയറി - 2022: ഭാഗം-6]
പഴശ്ശിരാജ എന്ന പേര് കേൾക്കുമ്പോൾ, "ഓ... എന്തോ ഒരു പഴയത്" എന്ന ഒരു വിചാരമേയല്ല നമ്മുടെയൊന്നും മനസ്സിലേയ്ക്ക് കടന്നു വരിക. പകരം, ഒരു തരം രോമാഞ്ചം ആണ്. അല്ലേ?
നമ്മൾ അറിയാതെ, നമ്മുടെ ഉള്ളിൽ ഒരു സിംഹം സടയും കുടഞ്ഞ് എണീൽക്കുന്നതുപോലുള്ള, ഒരുതരം വീരഭാവം.
അതിൽ ഒട്ടും അതിശയമില്ല തന്നെ. കാരണം വീരപഴശ്ശിയുടെ ആ പോരാട്ടക്കഥകൾ, അത്രയേറെ നമ്മെ സ്വാധീനിയ്ക്കുന്നവയാണ്. അതും, ആ കഥകളുമായി നമ്മൾ ആദ്യമായി പരിചയപ്പെട്ട ആ സ്കൂൾ കാലഘട്ടം മുതൽ തന്നെ. മാത്രവുമല്ല, അതുകൊണ്ടു കൂടിയാണല്ലോ അദ്ദേഹം "കേരള സിംഹം" എന്നറിയപ്പെടുന്നതും.
ശരിയല്ലേ?
പക്ഷേ, എങ്ങിനെയെന്നറിയില്ല, എന്റെ ഇതുവരെയുള്ള ആ വയനാടൻ സന്ദർശനങ്ങളിലൊക്കെയും, വീരപഴശ്ശിയുടെ ആ സ്മാരകസന്ദർശനം എല്ലായ്പ്പോഴും വിട്ടുപോയി.
സദയം ക്ഷമിയ്ക്കുക.
ഇത്തവണ എന്തായാലും അതുണ്ടാകരുത് എന്ന് ഉറച്ച് തീരുമാനിച്ചിരുന്നതു കൊണ്ടുതന്നെ, പ്രതികൂല കാലാവസ്ഥ മൂലം പലതവണ മാറ്റിവയ്ക്കേണ്ടി വന്ന ആ യാത്ര, ഇന്ന് നമ്മൾ തുടങ്ങുകയാണ്.
ഇത്തവണ പക്ഷേ, നമ്മൾ പതിവൊന്നു തെറ്റിയ്ക്കുകയാണ് കേട്ടോ. നമ്മുടെ എല്ലാ യാത്രകളും സാധാരണ തുടങ്ങാറുള്ളത് അതിരാവിലെ ആണല്ലോ? ഈ യാത്ര പക്ഷെ നമ്മൾ തുടങ്ങുന്നത്, കുറച്ചു താമസിച്ച് ഏതാണ്ട് 10 മണിയോടെ ആണ്.
വയനാടൻ യാത്രകളിൽ എന്നും നമ്മുടെ സാരഥിയാകാറുള്ള അനുജന്, ഈ യാത്രയിൽ മാത്രം ഞങ്ങളുടെ കൂടെ കൂടാൻ പറ്റിയില്ല. എങ്കിലും, വഴിയിലെല്ലാം തന്നെ ശരിയായ ദിശാസൂചികകൾ ഉണ്ടായിരുന്നതിനാൽ, ഞങ്ങൾ കൃത്യമായി, മാവിലാംതോട്ടിലെ ആ സ്മാരകത്തിന് മുന്നിലെത്തി.
കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോൾ തന്നെ, ഒന്നതിശയിച്ചു പോയി. മനോഹരമായി ടൈലുകൾ പാകിയിരിയ്ക്കുന്ന പാർക്കിംഗ് സ്ഥലം. നടുവിൽ, നിറയെ തളിർത്തു നിൽക്കുന്ന ഒരു പുളിമരം. പക്ഷേ, ആ മരത്തിന്റെ കൊഴിഞ്ഞ ഇലകൾ പോലുമില്ലാതെ, അവിടമാകെ വൃത്തിയാക്കിരിയ്ക്കുന്നു.
നമുക്കത്ര പരിചിതമല്ലല്ലോ അത്തരം കാഴ്ചകൾ, പ്രത്യേകിച്ചും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും.
ടിക്കറ്റെടുത്ത്, അകത്തേയ്ക്കു കടന്നു. "പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനിപ്പട്ടാളം കാണാനിരിയ്ക്കുന്നതേയുള്ളൂ ..." എന്ന് പറഞ്ഞത് പോലെ, കൂടുതൾ മനോഹരകാഴ്ചകൾ, അവിടെ നമ്മെ കാത്തിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ടൈലുകൾ പാകി അതിമനോഹരമാക്കിയിരിയ്ക്കുന്നു, സുന്ദരമായ ആ പൂന്തോട്ടത്തിലെ നടപ്പാതകൾ. ഒരു കരിയില പോലുമില്ലാതെ, അവിടെങ്ങും വൃത്തിയാക്കിയിരിയ്ക്കുന്നു; അതും രാവിലെ തന്നെ.
നുണ പറയുകയല്ല; ശരിയ്ക്കും അതിശയിച്ചുപോയി കേട്ടോ. കാരണം, കേരളത്തിൽ നമുക്ക് സുപരിചിതമായ കാഴ്ചകൾ ഇതല്ലല്ലോ. കാക്കകൾ കാഷ്ഠിച്ച രാഷ്ട്രപിതാവിന്റെ പ്രതിമകൾ, അംഗഭംഗം സംഭവിച്ച മറ്റു സാംസ്കാരിക നായകരുടെ അർദ്ധകായ-പൂർണ്ണകായ പ്രതിമകൾ, പട്ടിയും പൂച്ചയുമൊക്കെ പെറ്റുകിടക്കുന്ന 'മഹാസ്മാരകമന്ദിരങ്ങൾ' ....!
ഇവയൊക്കെയാണല്ലോ നമ്മുടെ പതിവ് കാഴ്ചകൾ. ദോഷം പറയരുതല്ലോ. അതത് വാർഷിക/ ആഘോഷദിനത്തിന്റെ തലേന്ന്, നമ്മൾ ഇതൊക്കെ അടിച്ചുവാരി, പിന്നെ ഒരു പെയിന്റടി ഉണ്ട്. ആഹാ അപ്പോൾ എത്ര സുന്ദരം....! എന്താ ഒരു ആദരവ്?
പിറ്റേന്നു മുതൽ?
ക്ഷമിയ്ക്കണം ... അത് ചോദിയ്ക്കരുത്. കാരണം, പലതും സ്ഥാപിയ്ക്കാനേ നമുക്കറിയൂ, പരിപാലിയ്ക്കാൻ അത്ര താല്പര്യം പോരാ....!
എന്തായാലും, നമുക്ക് ആ സുന്ദരകാഴ്ചകളിലേയ്ക്ക് തിരിച്ചു വരാം. ഇടതു വശത്തായി കുട്ടികളുടെ പാർക്ക്; നിറയെ കളിയുപകരണങ്ങൾ. തുരുമ്പു കയറി നാശമായവയല്ല ഒന്നും. പകരം, പുതുപുത്തൻ പോലെ തിളങ്ങുന്നവ. കുട്ടികൾ ആഘോഷിച്ചു തുടങ്ങിയപ്പോൾ, ഞങ്ങൾ വീണ്ടും മുന്നിലേയ്ക്ക് നടന്നു.
മുഖ്യ കവാടത്തിന്റെ വലതു വശത്തായി പഴശ്ശി മ്യൂസിയം പണി പൂർത്തിയായി വരുന്നു. പ്രൗഢമായ ആ കെട്ടിടം കൂടി പൂർത്തിയാകുമ്പോൾ, ഈ സ്ഥാപനം, മഹാനായ ആ ചരിത്രപുരുഷനുള്ള, ഉചിത ആദരം തന്നെയാകും. തീർച്ച.
മുന്നിലേയ്ക്ക് നടക്കുമ്പോൾ, തിരശ്ചീനമായ ആർച്ചു രൂപത്തിൽ, ഒരു മനോഹര നിർമ്മിതി. പഴശ്ശിരാജാവിന്റെ ചരിത്രം അവിടെ കൊത്തിവച്ചിരിയ്ക്കുന്നു. ആ ദൂരക്കാഴ്ച, തികഞ്ഞ ഒരു ഭംഗി തന്നെ.
ഓരോ ശില്പ-ചിത്രങ്ങൾക്കുമൊപ്പം അതിന്റെ ചെറുവിവരണവും കൊടുത്തിരിയ്ക്കുന്നു.
ആ വിവരണങ്ങൾക്കു പുറമെ, മറ്റൊരു വിവരണം കൂടി ആവശ്യമില്ലാത്തതിനാൽ, ആ ചിത്രങ്ങൾ കൂടുതലായി ഇവിടെ ചേർക്കുന്നു.
പണ്ട് മോനിപ്പള്ളി സ്കൂളിൽ, കുരുവിള സാറിന്റെ ആ ചരിത്ര ക്ളാസുകളിൽ പഠിച്ചു മറന്ന, ചരിത്ര പാഠങ്ങൾ ആ ചിത്രങ്ങൾ എന്നെ ഒന്ന് കൂടി ഓർമ്മപ്പെടുത്തി.
ശേഷം, ഞങ്ങൾ വീണ്ടും മുന്നോട്ടു നടന്നു.
ഇപ്പോൾ തൊട്ടുമുന്നിൽ, ആരുടെ മുന്നിലും കുനിയാത്ത തലയെടുപ്പോടെ അതാ ആ വീരപഴശ്ശി.
ഇടനെഞ്ചിലെരിയുന്ന എല്ലാ രൗദ്ര-വീര ഭാവങ്ങളും മറയുന്ന രീതിയിൽ, ഒരല്പം സൗമ്യത മുഖത്താവാഹിച്ച കൂറ്റൻ പഴശ്ശിരാജാ പ്രതിമ.
തമ്മിലടിയ്ക്കുന്ന നാട്ടുരാജാക്കന്മാർക്കിടയിൽ, കടൽ കടന്നെത്തിയ സാമ്രാജ്യത്വ ശക്തിക്ക് മുന്നിൽ, അല്പവും തല കുനിയ്ക്കാതെ തനിച്ചു പോരാടിയ കേരള സിംഹം.
മരണത്തിലും വീര്യം ചോരാത്ത ആ മനക്കരുത്തിന് മുൻപിൽ, ഒരു നിമിഷം തല കുനിച്ചു വന്ദിച്ചു.
* * * *
ഐതിഹ്യം: ജനുവരി-3-1753 മുതൽ നവംബർ-30-1805 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന, പ്രജാക്ഷേമതല്പരനായി നാടുവാണ, കോട്ടയം രാജവംശത്തിലെ ഏറ്റവും പ്രമുഖനായ രാജാവായിരുന്നു കേരളവർമ്മ പഴശ്ശിരാജ.
പുറന്നാട്ടുകര സ്വരൂപത്തിന്റെ മൂന്ന് താവഴികളിൽ ഒന്നായ പടിഞ്ഞാറേ കോവിലകത്താണ് കേരളവർമ്മയുടെ ജനനം. പടിഞ്ഞാറേ കോവിലകത്തിന്റെ ആസ്ഥാനമായ 'പഴശ്ശി'യിൽ നിന്നുമാണ് കേരളവർമ്മയ്ക്ക്, 'പഴശ്ശിരാജ' എന്ന പേര് സിദ്ധിയ്ക്കുന്നത്.
1788 ൽ ടിപ്പുവിന്റെ ആക്രമണം ഭയന്ന് അന്നത്തെ രാജാവ്, രാജ്യഭരണം യുവാവായ പഴശ്ശിയെ ഏൽപ്പിച്ചു പലായനം ചെയ്യുകയായിരുന്നു. പിന്നീട്, ടിപ്പുവിനെതിരെയുള്ള പോരാട്ടത്തിന് ശക്തി കൂട്ടാൻ പഴശ്ശി ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കൈകോർക്കുകയും ചെയ്തു. എന്നാൽ, 1792 ൽ ടിപ്പുവും ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഒപ്പിട്ട ഒരു കരാർ വഴി, മലബാർ ദേശം അവർ ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്കു കൈമാറുകയായിരുന്നു. മുൻപ്, ടിപ്പുവിന്റെ അധിനിവേശം തടയുന്നതിനായി കമ്പനിയുമായി പഴശ്ശി ഒത്തു ചേർന്നിരുന്നുവെങ്കിലും, സ്വതന്ത്രമായ ഒരു രാജ്യമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1790 ൽ പഴശ്ശിയും കമ്പനിയും തമ്മിൽ ഒപ്പുവച്ച കരാറിൽ ഇത് ഉറപ്പാക്കുകയും ചെയ്തിരുന്നുവത്രെ.
എന്നാൽ ആ കരാറിന് വിരുദ്ധമായി, പിന്നീട് കമ്പനി മലബാറിന്റെ ഭരണം പിടിയ്ക്കാൻ നോക്കിയതോടെ, അത് പഴശ്ശിയും കമ്പനിയുമായുള്ള നീണ്ട യുദ്ധത്തിലേയ്ക്ക് വഴി തുറന്നു. വയനാടൻ കാടുകൾ, കൈവെള്ളയിലെ രേഖകൾ പോലെ പരിചിതമായ, കുറിച്യരെയും, കുറുമ്പരെയും കൂടി അണിനിരത്തിയുള്ള പഴശ്ശിയുടെ ആ പുത്തൻ ഗറില്ലാ യുദ്ധമുറകൾ, പലപ്പോഴും കമ്പനിപ്പട്ടാളത്തിനു കനത്ത നാശം വിതയ്ക്കുന്നവയായിരുന്നു.
1805 നവംബർ 30 ന് വയനാട് പുൽപ്പള്ളിയ്ക്കടുത്ത മാവിലാംതോട്ടിൽ വച്ച് മരണപ്പെടുന്നത് വരെയും, പഴശ്ശി വൈദേശിക ഭരണകൂടത്തിനും, അവരുടെ പ്രജാവിരുദ്ധ നടപടികൾക്കുമെതിരായി, വീരോചിതം പോരാടുക തന്നെ ചെയ്തു.
മരണം: ആ വീരപുരുഷന്റെ മരണം പക്ഷേ, ഇപ്പോഴും ചില അവ്യക്തതകൾ നിറഞ്ഞതാണ്. മൂന്നു തരത്തിലുള്ള കഥകളാണ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുന്നത്.
മാവിലാംതോട്ടിൽ വച്ച്, ചതിപ്രയോഗത്തിലൂടെ കമ്പനിപ്പട്ടാളത്താൽ വളയപ്പെട്ട പഴശ്ശി, ശത്രുവിന്റെ കൈകളിൽ ഒരു നിമിഷം പോലും അകപ്പെടുന്നത് ഒഴിവാക്കാൻ, കൈവിരലിലെ ആ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഒരു കൂട്ടർ പറയുന്നത്.
രണ്ടാമതൊരു കൂട്ടരാകട്ടെ, കമ്പനിപ്പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന കണാരമേനോൻ എന്നൊരാളാണ് പഴശ്ശിയെ വധിച്ചത് എന്ന് പറയുന്നു.
ഇനിയുമൊരു കൂട്ടർ, ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന കേണൽ ക്ലാഫാമും, കൂടെ ആറ് പട്ടാളക്കാരും ചേർന്നാണ് പഴശ്ശിയെ വധിച്ചത് എന്ന് വിശ്വസിയ്ക്കുന്നു.
* * * *
പഴശ്ശിരാജാവിന്റെ ആ പ്രതിമയും കടന്ന്, ഏതാനും അടികൾ കൂടി മുന്നോട്ടു ചെല്ലുമ്പോൾ വലതു വശത്തായി, നമുക്ക് ആ വീരപുരുഷൻ മരിച്ചു വീണ സ്ഥലം കാണാം.
വൃത്തിയായി, എന്നാൽ ആഡംബരങ്ങളേതുമില്ലാതെ, ആ സ്ഥലം സൂക്ഷിച്ചിരിയ്ക്കുന്നു.
ആ മരണം, അതെങ്ങിനെയുമായിരുന്നിരിയ്ക്കട്ടെ, ആ പോരാട്ടം അതിന്നും ആരുടെയും സിരകളിൽ അഗ്നി പടർത്തുന്നത് തന്നെയാണ്.
ആ വീരനുള്ള ആരാധനായിട്ടു തന്നെ, ആ സ്മാരകത്തിന് ഞങ്ങൾ ഒന്നു വലംവച്ചു. പിന്നെ, ഒരു നിമിഷം നിശബ്ദമായി പ്രാർത്ഥിച്ചു.
ശേഷം, പഴശ്ശി സ്മൃതികളാൽ ഒരല്പം കനം വച്ച മനസ്സുമായി, ആ ചരിത്രമണ്ണിൽ നിന്നും മടങ്ങി.
******
പ്രിയരേ, നമ്മുടെ ഈ വയനാടൻ യാത്രയുടെ വിശേഷങ്ങൾ ഇതാ ഈ ആറാം ഭാഗത്തോടെ പൂർത്തിയാകുകയാണ്. ഓരോ ഭാഗവും വായിച്ച്, വിശദമായ അഭിപ്രായങ്ങൾ അറിയിച്ച, നിങ്ങൾക്ക് ഓരോരുത്തർക്കും, ഹൃദയം നിറഞ്ഞ നന്ദി.
കൂടെ, ഒരു അഭ്യർത്ഥന കൂടി. ഇനിയും, വയനാട് സന്ദർശിയ്ക്കാത്ത വായനക്കാർ ഉണ്ടെങ്കിൽ, കഴിയുമെങ്കിൽ, അധികം താമസിയാതെ ഒരിയ്ക്കൽ ആ നാട് സന്ദർശിയ്ക്കുക. ശരിയ്ക്കും, നല്ലൊരു അനുഭവം തന്നെയാകും അത്. തീർച്ച.
"അധികം താമസിയാതെ", എന്ന് എടുത്തു പറയാൻ ഒരു കാര്യമുണ്ട് കേട്ടോ. മറ്റേതൊരു നാടും എന്നത് പോലെ, ഈ വയനാടും ഇപ്പോൾ അതിവേഗം മാറിക്കൊണ്ടിരിയ്ക്കുകയാണ്. ശാലീനമായ ആ ഗ്രാമാന്തരീക്ഷത്തിൽ നിന്നും, അതിവേഗത്തിന്റേതായ ആ നാഗരികതയിലേയ്ക്ക്.
അത് സ്വാഭാവികവും, പിന്നെ കാലത്തിന്റെ അനിവാര്യതയുമാണല്ലോ. അല്ലേ?
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
**************
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
മനോഹരം വായിച്ചു കഴിഞ്ഞപ്പോൾ ശെരിക്കും ഒരു വയനാടൻ യാത്ര ചെയ്തപോലെ........ കാണാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്... അതിൽ ഈ വയനാടൻ കൂടെ ചേർക്കപ്പെട്ടു 🥰🥰🥰🥰
ReplyDeleteഏറെ സന്തോഷം .... പറ്റുമെങ്കിൽ ഒരിയ്ക്കൽ പോകണം കേട്ടോ ...
Deleteവയനാട് സന്ദർശിക്കു മ്പോൾ ഒഴിവാക്കാൻ പറ്റാത്ത ഒരു സ്ഥലം കൂടി മനോഹരമായി പരിചയപ്പെടുത്തിയതിന് നന്ദി..
ReplyDeleteഏറെ സന്തോഷം അജീഷേ ..... തീർച്ചയായും സന്ദർശിയ്ക്കണം കേട്ടോ ....
DeleteAdipol
ReplyDeletethanks mashe ...
ReplyDelete