ലക്ഷാർച്ചന [ONE LAKH views]

 

ലക്ഷാർച്ചന

നമസ്കാരം പ്രിയപ്പെട്ടവരേ....

എനിയ്ക്ക്, നിങ്ങൾ എത്ര പ്രിയപ്പെട്ടവരാകുന്നുവോ, അത്ര തന്നെ പ്രിയങ്കരമാണ്, പുതുവർഷത്തിലെ ഈ ദിനവും (കൃത്യമായി പറഞ്ഞാൽ 18-ജനുവരി-2026) .

ഏഹ്... എന്താണ് കാരണം, എന്നല്ലേ? പറയാം ...

ഇന്ന്, www.binumonippally.blogspot.com എന്ന നമ്മുടെ ഈ കൊച്ചുബ്ലോഗ്, ഒരു ലക്ഷം വായനകൾ പിന്നിട്ടു...!!

ഒരു രചന പ്രസിദ്ധീകരിച്ചാൽ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ മണിക്കൂറുകൾക്കുള്ളിൽ തന്നെയോ, ഈ പറഞ്ഞ ഒരു ലക്ഷം വായനകൾ കവിയുന്ന, ധാരാളം 'വമ്പൻ ബ്ലോഗ്‌പേജുകൾ' ഉള്ള ഈ കാലത്ത്, ഇതിത്ര വലിയ വാർത്തയാണോ? 

തീർച്ചയായും അല്ല. എന്നാൽ ....

ഒരു 'സെലിബ്രിറ്റി' ബ്ലോഗ് അല്ലാത്ത, മതപരമോ, രാഷ്ട്രീയമോ തുടങ്ങി ഒരുവിധത്തിലുമുള്ള 'വിവാദ വിഷയങ്ങൾ' കൈകാര്യം ചെയ്യാത്ത, ഒരു തരത്തിലുമുള്ള 'വിപണന തന്ത്രങ്ങൾ' പയറ്റാത്ത, ഒട്ടും വാണിജ്യവൽക്കരിയ്ക്കാത്ത, വ്യക്തി അധിഷ്ഠിതമായ അധിക്ഷേപങ്ങൾ തീർത്തും ഇല്ലാത്ത, മാസത്തിൽ പരമാവധി രണ്ട് രചനകൾ മാത്രം പ്രസിദ്ധീകരിയ്ക്കുന്ന, നമ്മുടെ ഈ കൊച്ചുബ്ലോഗ്, ഇത്രയും വായനകൾ പൂർത്തിയാക്കി എന്നത്, തീർച്ചയായും ഏറെ സന്തോഷമുള്ള കാര്യമല്ലേ..?

ഈ ബ്ലോഗ് യാത്രയിൽ എന്നോടൊപ്പമുള്ള എല്ലാ വായനക്കാരെയും, ഇപ്പോഴും, എപ്പോഴും, ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. 

ഒപ്പം, ഒരായിരം നന്ദി അറിയിയ്ക്കുന്നു.

ഈ രചനായാത്രയിൽ ഓർമ്മിയ്ക്കുവാൻ ഏറെയുണ്ട്... ഏറെപ്പേരുണ്ട് ....

ശരിയ്ക്കും പറഞ്ഞാൽ, ഓർമ്മിയ്ക്കുവാൻ മാത്രമല്ല, കുറച്ച് ചിരിയ്ക്കുവാനും, ഏറെ ചിന്തിയ്ക്കുവാനും ...!

*ചിലപ്പോഴെങ്കിലും ചില രചനകളിൽ, നോട്ടപ്പിശകിനാൽ വരുന്ന ഒരു ചെറിയ അക്ഷരത്തെറ്റുപോലും, അപ്പോൾത്തന്നെ 'സ്ക്രീൻ ഷോട്ട്' എടുത്ത്, അതിൽ 'വട്ടം വരച്ച്' അയച്ചുതന്ന്, എത്രയും വേഗം തിരുത്താൻ ആവശ്യപ്പെടുന്ന, ഗൗരവക്കാരായ, എന്നാൽ അത്ര തന്നെ സ്നേഹമുള്ള ചില വായനക്കാർ. 

*ഇടയ്ക്കെപ്പോഴോ നമ്മുടെ യാത്രാവിവരണങ്ങളുടെ ശൈലി, ചെറുതായി ഒന്ന് മാറ്റിയപ്പോൾ, "അത് വേണ്ട .... ബിനൂ ..നിന്റെ യാത്രാവിവരണം വായിയ്ക്കുമ്പോൾ, ആ യാത്രയിൽ ഞങ്ങളും നിന്റെ കൂടെത്തന്നെയുണ്ടായിരുന്നു, എന്നൊരു തോന്നലാണ് ഞങ്ങൾക്ക് ... ആ രീതി മാറ്റല്ലേ .... പ്ലീസ്.." എന്ന് സ്നേഹപൂർവ്വം നിർബന്ധിച്ചവർ.

*പലകാരണങ്ങളാൽ, യാത്രകളുടെ ഇടവേളകൾ, ചിലപ്പോഴെങ്കിലും ഏറിയപ്പോൾ, കാരണം തിരക്കിയവർ. 'ഇനി സാമ്പത്തികമാണെങ്കിൽ, ഞങ്ങൾ സഹായിയ്ക്കാം' എന്ന് മടിച്ചുമടിച്ചാണെങ്കിലും പറഞ്ഞ, ഇതേവരെ നേരിൽ  ഒരു തവണ പോലും കാണാത്ത, കുറേയേറെ സുഹൃത്തുക്കൾ. [അവരതിന് പറഞ്ഞ കാരണം എന്തായിരുന്നെന്നോ? "ഞങ്ങൾക്കൊന്നും ഈ ജന്മം ഇങ്ങനെ യാത്രചെയ്യാനും, അത് ആസ്വദിയ്ക്കാനും പറ്റുമെന്ന് തോന്നുന്നില്ല. കാരണം, ഞങ്ങളുടെ സാഹചര്യങ്ങൾ അങ്ങിനെയാണ്. നിങ്ങളുടെ യാത്രാവിശേഷങ്ങൾ വായിച്ചെങ്കിലും ഞങ്ങൾ ഇത്തിരി സന്തോഷിയ്ക്കട്ടെ .." എന്ന്. അതുകേട്ടപ്പോൾ സത്യത്തിൽ, സന്തോഷത്തേക്കാളേറെ, സങ്കടമാണ് ഉള്ളിൽ തോന്നിയത്.]

*സ്വന്തം നാട്ടിലെ, പൗരാണികമായോ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ പ്രാധാന്യമുള്ള സ്ഥലങ്ങളെക്കുറിച്ച്, എന്നെ അറിയിച്ച്, അവിടം സന്ദർശിയ്ക്കുവാൻ ആവശ്യപ്പെട്ടവർ. [കുറെയേറെ സ്ഥലങ്ങൾ അങ്ങിനെയാണ് നമ്മൾ സന്ദർശിച്ചത് കേട്ടോ.]

*വർത്തമാനകാല കുടുംബ ബന്ധങ്ങളെക്കുറിച്ച്, അതിലെ തകർച്ചകളെക്കുറിച്ച്, ചില ലേഖനങ്ങൾ എഴുതിയപ്പോൾ, നേരിൽ വിളിച്ച്, സ്വന്തം വീട്ടിലെ ഒരാളോടെന്ന പോലെ, അവരുടെ തീരാത്ത സങ്കടങ്ങൾ പറഞ്ഞവർ.  

*ഏറുന്ന വിവാഹമോചനങ്ങളെക്കുറിച്ച് ലേഖനമെഴുതിയപ്പോൾ, പബ്ലിഷ് ചെയ്ത അതേ രാത്രിയിൽ തന്നെ, കുടുംബകോടതിയിലെ വിവാഹമോചന വിചാരണകളെ, ആ തീരാവേദനകളെ, നേരിൽ വിവരിച്ചവർ; അതും പൊട്ടിക്കരഞ്ഞുകൊണ്ട്.

*'ഝ'യെ കുറിച്ച് ഒരു കവിതയെഴുതിയപ്പോൾ, 'ദൈവമേ മോളുടെ ഹോംവർക്കിൽ '' അക്ഷരം വച്ചുള്ള വാക്കുകൾ ചോദിയ്ക്കുമ്പോൾ, ഇനി ഇതോർത്താൽ മതിയല്ലോ' എന്നാശ്വസിച്ചവർ.

*നമ്മുടെ ആദ്യത്തെ ആ വൈറൽ കവിത, 'വേണ്ട നമുക്കിന്നു കപ്പ' ചൊല്ലിയ, ഇന്നും ആ സൗഹൃദം തുടരുന്ന ശ്രീ. ഞെരളത്ത് ഹരിഗോവിന്ദൻ. [അന്തരിച്ച നടൻ ശ്രീ മാമുക്കോയയും, അന്നത്തെ തിരുവനന്തപുരം മേയർ ശ്രീ വി കെ പ്രശാന്തും ഉൾപ്പെടെ പല പ്രമുഖരും, ഈ കവിത ആവേശത്തോടെ നവമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയുണ്ടായി.]

*സ്വന്തം ഈണത്തിൽ "ഇന്ന്" എന്ന നമ്മുടെ കവിത ചൊല്ലി വൈറലാക്കിയ, ഇന്ന് നമ്മോടൊപ്പമില്ലാത്ത ശ്രീ. തങ്കൻ തോട്ടഞ്ചേരി.

*"ഇന്ന്" കവിതയിഷ്ടമായി എന്നതിനാൽ, അന്ന് പാതിരാത്രി തന്നെ എന്നെ വിളിച്ച്, അതേപോലെ മറ്റൊരു കവിത ഞങ്ങൾക്കും വേണം എന്ന് സ്നേഹപൂർവ്വം നിർബന്ധം പിടിച്ച, ലണ്ടൻ മലയാളസാഹിത്യവേദി ഭാരവാഹി. [അവർക്കുവേണ്ടി നമ്മൾ പിന്നീട് "ആത്മാവിൽ ഒരു സുന്ദരശില്പം" എന്ന കവിത ചൊല്ലി നൽകി.]

*നാട്ടിൻപുറത്തിന്റെ നന്മകൾ വിവരിയ്ക്കുന്ന രചനകൾ വായിച്ച്, രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ, നേരിൽ വിളിച്ച്, 'ഗൃഹാതുരത'യുടെ സുഖനൊമ്പരം പങ്കു വയ്ക്കുന്ന, നേരിട്ടറിയുന്നതും, അറിയാത്തതുമായ അനേകം സുഹൃത്തുക്കൾ. [അതിൽ നിറയുന്ന, പ്രവാസിയുടെ ആ പറയാത്ത സങ്കടങ്ങൾ, പലപ്പോഴും എനിയ്ക്കു കേൾക്കാനായി.]

*ദേശീയ രാമായണ മഹോത്സവത്തിലേയ്ക്ക് ക്ഷണിയ്ക്കുകയും, അതുവഴി  രാമായണ മഹാസാഗരത്തിലേയ്ക്ക് ഒരു ചെറുവെട്ടം തെളിയിയ്ക്കുകയും ചെയ്ത ശ്രീ. രംഗനാഥൻ സർ. [പിന്നീട് രാമായണ മാസക്കാലങ്ങളിൽ നമ്മൾ ചെയ്ത "രാമായണം- അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന ആ പരമ്പര, ഈ ദേശീയ രാമായണ മഹോത്സവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു]

*"രാമായണം- അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന ആ പരമ്പര കണ്ട്, അങ്ങ് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ നിന്നും, എന്നെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിയ്ക്കുകയും, തന്റെ കൈവശമുള്ള, ഏതാണ്ട് ഇരുപത്തിയെട്ടോളം തരം 'അമൂല്യരാമായണങ്ങൾ' കാണിച്ചു തരികയും ചെയ്ത ശ്രീ. പദ്മനാഭൻ സാർ.  

*രാമായണമോ, മറ്റു പുരാണങ്ങളോ ആണ് നമ്മുടെ പ്രതിപാദ്യവിഷയമെങ്കിൽ, സംശയദൂരീകരണത്തിനായി സദാ സന്നദ്ധനായ, എന്റെ കൊച്ചച്ഛൻ ശ്രീ. സുന്ദരേശൻ മുഴയമ്മാനാൽ. 

*എഴുത്തിലൂടെ പരിചയപ്പെട്ട്, പിന്നീട് ഒരു ജ്യേഷ്‌ഠസഹോദരനെപ്പോലെ  പ്രോത്സാഹിപ്പിയ്ക്കുന്ന, ഒരുപാട് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന, കാർട്ടൂണിസ്റ്റും, റിട്ടയേർഡ് പോലീസ് ഓഫീസറും, ഇമ മാസികയുടെ ചീഫ് എഡിറ്ററും, ഒക്കെയായ ശ്രീ. രേഖ വെള്ളത്തൂവൽ.

*എപ്പോഴെങ്കിലും കഴിയുമെങ്കിൽ എഴുതണം, എന്നാവശ്യപ്പെട്ട് 'വിഷയങ്ങൾ' അയച്ചു നൽകിയ, ധാരാളം വായനക്കാർ. അതിൽ ഇനിയും കുറെയേറെ ബാക്കിയാവുന്നു. [പക്ഷെ, ഒന്നുപോലും വിട്ടുപോകാതെ, ഞാൻ അവയൊക്കെ സൂക്ഷിച്ചിട്ടുണ്ട്. എഴുതുക തന്നെ ചെയ്യും കേട്ടോ.]

*ചില രചനകൾ വായിച്ച്, 'ഇത്തവണ അത്രയ്ക്കങ്ങ് നന്നായില്ലല്ലോ. എന്ത് പറ്റി?' എന്ന് സത്യസന്ധമായി, നിഷ്കളങ്കമായി ചോദിച്ചവർ.

*രചയിതാവ് എന്ന നിലയിൽ ഞാൻ പോലും കരുതാത്ത തരത്തിൽ, അഥവാ ആഴത്തിൽ, ചില രചനകളെ വിശകലനം ചെയ്ത 'വിദഗ്ധ'വായനക്കാർ.

*ഒരു ഓണക്കാലത്ത്, തികച്ചും അപ്രതീക്ഷിതമായി "മാബലീ മാപ്പ്" എന്ന ഓണക്കവിത അച്ചടിച്ച മാതൃഭൂമി. [പിന്നീട്, "ജിഷ", "മൃതനഗരിയിലേയ്ക്കൊരു കരകടൽ യാത്ര" തുടങ്ങി നമ്മുടെ കുറെയേറെ രചനകൾ മാതൃഭൂമി പ്രസിദ്ധീകരിയ്ക്കുകയുണ്ടായി].

*മാതൃഭൂമിയിൽ അച്ചടിച്ച ആ രചനകൾ കണ്ട്, അതിൽ നൽകിയിരുന്ന അപൂർണ്ണമായ മേൽവിലാസത്തിൽ, സ്വന്തം കൈപ്പടയിൽ എഴുത്തയച്ച, ഇന്നും ആ സൗഹൃദം അതേപോലെ തുടരുന്ന ശ്രീ. മുരളീധരൻ സാർ. [കുറച്ചേറെ  കറങ്ങിത്തിരിഞ്ഞുവെങ്കിലും, ആ കത്ത് അവസാനം എന്റെ കയ്യിൽത്തന്നെ എത്തി കേട്ടോ]

*മനോരമ മ്യൂസിക്കിന് വേണ്ടി ആദ്യമായി,  'പൊന്നോണ തുമ്പ' എന്ന ഓണപ്പാട്ടെഴുതാൻ അവസരമൊരുക്കിയ, സംഗീതസംവിധായകൻ ശ്രീ. ബിജു ജോൺ.  

*നമ്മുടെ പാട്ടുകൾക്കും കവിതകൾക്കും ശബ്ദം പകർന്ന ശ്രീലയ, പൗർണ്ണമി, സച്ചിൻ മന്നത്ത്, അജിമോൻ തുടങ്ങിയ അനുഗ്രഹീത 'ശബ്ദ'ഉടമകൾ.

*നമ്മുടെ ചില ഭക്തിഗാനങ്ങൾ ഏറെ ഇഷ്ടമായി എന്നും, അതിനാൽ  തങ്ങളുടെ നിത്യേനയുള്ള സന്ധ്യാപ്രാർത്ഥനയിൽ അത് കൂടി ഉൾപ്പെടുത്തി എന്നും, സന്തോഷത്തോടെ അറിയിച്ചവർ.  

*കുറെയേറെ രചനകൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ സമസ്യ, ഇമ തുടങ്ങിയ പ്രസിദ്ധീകരണശാലകൾ; കാവ്യധ്വനി, അക്ഷരമലരുകൾ തുടങ്ങിയ എഴുത്തുകൂട്ടായ്മകൾ.

*ക്ഷണിയ്ക്കപ്പെട്ട അനേകം സാഹിത്യകൂട്ടായ്മകൾ. അവയിൽ നിന്നാർജ്ജിച്ച പുത്തൻ അറിവുകൾ. അതിലൂടെ പരിചയപ്പെട്ട അനേകം പേർ; ചില അതിപ്രശസ്തരുൾപ്പെടെ.

*'ഒരു റോഹിൻഗ്യൻ കണ്ണീർ കഥ" എന്ന കഥ വായിച്ച്, അതൊരു യഥാർത്ഥ യാത്രാവിവരണം ആണെന്ന ധാരണയിൽ, അവർക്കായി തങ്ങളാലാവുന്ന സാമ്പത്തികസഹായം ചെയ്യാൻ തയ്യാറാണെന്നറിയിച്ച ചില സുമനസ്സുകൾ.

*തുടക്കത്തിൽ എഴുതിയ, മേല്പറഞ്ഞതുപോലുള്ള ചില സങ്കടരചനകൾ വായിച്ച് 'സങ്കടപ്പെടാൻ നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാടുണ്ടല്ലോ.. ഇത് കൂടി വായിച്ചു ഞങ്ങൾ ഇനിയും കരയണോ..? അതു വേണ്ടന്നെ...' എന്ന് സങ്കടത്തോടെ പറഞ്ഞവർ. [അവരുടെ ആ സങ്കടം ശരിയാണ് എന്ന് തോന്നിയതിനാൽ, എഴുതാൻ താരതമ്യേന എളുപ്പമാണെങ്കിലും, അത്തരം 'സങ്കടരചനകൾ' പിന്നീട് ഒന്നുപോലും നമ്മൾ എഴുതിയതേയില്ല, കേട്ടോ].

*ഒരുപക്ഷേ, നമ്മുടെ ചില ലേഖനങ്ങൾ വായിച്ചാകാം, ഞാൻ ഒരു സൈക്കോളജിസ്റ് അല്ലെങ്കിൽ ഫാമിലി കൗൺസിലർ ആണോ? എന്ന് പലതവണ സംശയം ചോദിച്ച കുറെയേറെ വായനക്കാർ. അല്ലെന്നു പറഞ്ഞിട്ടും വിശ്വാസം വരാതെ, അവരുടെ തികച്ചും വ്യക്തിപരമായ പ്രശ്നങ്ങളും സങ്കടങ്ങളും കണ്ണുനിറഞ്ഞു പറഞ്ഞവർ. അതൊക്കെ പറഞ്ഞു തീർക്കാൻ ഏറെ സമയം എടുത്തതിന്, സ്വയം ക്ഷമ ചോദിച്ചവർ. [അതിൽ നിന്നുമാണ് എനിയ്ക്കും ഒരു പ്രധാന കാര്യം മനസ്സിലായത്. പറയാൻ നമ്മൾ ഓരോരുത്തർക്കും ഒരുപാടുണ്ട്. സന്തോഷങ്ങളും, അതിലേറെ സങ്കടങ്ങളും. പക്ഷേ, അതൊന്നു ക്ഷമയോടെ കേൾക്കാൻ, ഇവിടെ ആളുകൾ ഇല്ല തന്നെ.]  

*മോനിപ്പള്ളിയെക്കുറിച്ച് ഒരുപാട് എഴുതിയതിനാലാകണം, ഒരിയ്ക്കൽ ചില വായനക്കാർ ചോദിച്ചു, "നിങ്ങളുടെ മോനിപ്പള്ളിയെക്കുറിച്ച് ഇത്രയുമൊക്കെ എഴുതാനുണ്ടോ ..?". [അവരോട് ഞാൻ പറഞ്ഞു "മോനിപ്പള്ളിയുടെ ഗതകാല ഓർമ്മകൾ മുഴുവനായും എഴുതാൻ തുടങ്ങിയാൽ, ഒരുപക്ഷേ, എനിയ്ക്കു മറ്റൊന്നും എഴുതാൻ സമയം തികയുമെന്ന് തോന്നുന്നില്ല" എന്ന്.]

*ഈ രചനായാത്രയിൽ എപ്പോഴും പൂർണ്ണ പിന്തുണ നൽകുന്ന, ആദ്യവായനക്കാരായ എന്റെ കുടുംബം. ഓരോ തവണയും, അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമായി ഒപ്പം നിൽക്കുന്ന, വായനക്കാരായ പ്രിയ കൂട്ടുകാർ. പിന്നെ, നമ്മുടെ യാത്രകളെ എപ്പോഴും സുന്ദരവും, രസകരവുമാക്കുന്ന, അതിൽ ഒപ്പം കൂടുന്ന യാത്രാപ്രിയരായ കൂട്ടുകാർ .... ഇവരും ഇവിടെ പ്രത്യേക പരാമർശം അർഹിയ്ക്കുന്നു.

അങ്ങിനെ, എത്ര പറഞ്ഞാലും തീരാത്ത, ഒരുപാട് അനുഭവങ്ങൾ ഉണ്ട്, ഒരുപാട് പ്രിയപ്പെട്ടവരുണ്ട്, ഈ ചെറിയ ബ്ലോഗ് യാത്രയിൽ, എന്നോടൊപ്പം .... 

ബന്ധപ്പെട്ടവരുടെ സ്വകാര്യത കൂടി മാനിയ്ക്കേണ്ടതിനാൽ, കൂടുതലൊന്നും ഇവിടെ പറയാനുമാവില്ല.

അതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത്. 

നമ്മുടെ ബ്ലോഗിന്റെ നേരിട്ടുള്ള ഈ വായനക്കാർക്ക് പുറമെ, വാട്സാപ്പിലും, കൂടാതെ ഞാൻ കൂടി അംഗമായിട്ടുള്ള നിരവധി ഫേസ്ബുക് കൂട്ടായ്മകളിലും കൂടിയുള്ള, നമ്മുടെ വായനക്കാരുടെ എണ്ണം, ഇതിനേക്കാൾ അധികം വരും കേട്ടോ. പക്ഷേ, അവരുടെ കൃത്യമായ എണ്ണം അറിയാനാവില്ലല്ലോ.

അവരിൽ പലരും വിശദമായ അഭിപ്രായങ്ങൾ ഓരോ രചനകൾക്കും പറയാറുണ്ട്. കമന്റുകളായും, പിന്നെ മെസ്സഞ്ചർ വഴിയും. 

ആശയങ്ങളെ മനസ്സിൽ രൂപീകരിയ്ക്കുവാനും, അവയെ അനസ്യൂതം, അർത്ഥപൂർണ്ണമായി വിരൽത്തുമ്പിലേയ്ക്ക് ആവാഹിയ്ക്കുവാനും, അനുഗ്രഹം ചൊരിയുന്ന അച്ഛനമ്മമാർക്കും, ഗുരുകാരണവന്മാർക്കും, ജഗദീശ്വരനും പ്രണാമം.  

എഴുത്തിന്റെ ഒരു തരത്തിലുമുള്ള പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത എനിയ്ക്ക്, ഇന്ന് എന്തെങ്കിലുമൊക്കെ എഴുതാൻ ആവുന്നുണ്ടെങ്കിൽ, അത് അവരുടെയൊക്കെ ആ അനുഗ്രഹത്താൽ മാത്രം.

എല്ലാ പ്രിയ വായനക്കാർക്കും, ഒരിയ്ക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി ... ഈ രചന-വായനാ യാത്രയിൽ, ഇനിയും കൂടെയുണ്ടാവുക. 

കാരണം, ഇനിയും ഒരുപാട് കാര്യങ്ങൾ നമുക്ക് പങ്കുവയ്ക്കുവാനുണ്ട്. 

പ്രിയവായനക്കാർക്ക്, എന്നോട് പറഞ്ഞാലും, പറഞ്ഞാലും തീരാത്ത, അവരുടെ ചെറുതും വലുതുമായ ആ വിശേഷങ്ങൾ പോലെ ....

നാനാവിധ സമ്മർദ്ദങ്ങൾ നിറഞ്ഞ ഈ 'തിരക്ക്'കാലത്ത്, ഇത്തിരി നേരം ഇവിടെ നമുക്കൊരുമിച്ചുണ്ടാകാം. 

ജീവിതത്തിന്റെ ആ കടുത്ത യാഥാർഥ്യങ്ങളെ, നമുക്കീ സുഖ-മധുര-വായനാ-മരുന്നിനാൽ നേരിടാം. ദ്രുതഫലത്തിനായി. 

എന്താ?

സ്നേഹപൂർവ്വം... ഹൃദയപൂർവ്വം ....!

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

ഓർമ്മചിത്രങ്ങളിൽ ചിലത് മാത്രം....








 

******

Comments

  1. Keep going... ❤️

    ReplyDelete
  2. All the very best

    ReplyDelete
  3. Congratulations 👏 Continue your journey with more energy. Wish all the very best ❤️

    ReplyDelete
  4. Reading this, your journey through writing felt so real and clear. Such a lovely look back! We’re really happy for you and proud of you Binu. May your interesting and enjoyable writings in so many areas find many more readers ahead. Lots of love and warm wishes!

    ReplyDelete
    Replies
    1. Thanks a lot.. dear Rooma .... yes ..it was very nice to travel all these distance with my dear readers ... they are always with me with their valuable comments, criticisms, cheers and all their feelings .... hope we could cover more distance ....thank you ..

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

പഴമയെ നെഞ്ചേറ്റുന്നൊരാൾ [യാത്രാ വിവരണം]