കണ്ട കാഴ്ചകൾ - ഭാഗം 4
കണ്ട കാഴ്ചകൾ - ഭാഗം 4
[തോളോട് തോൾ ചേർന്ന്...]
നമസ്കാരം ...
"കണ്ട കാഴ്ചകളു"ടെ നാലാം ഭാഗത്തിലേയ്ക്ക് സുസ്വാഗതം.
നാലാം ഭാഗം: തോളോട് തോൾ ചേർന്ന്...
ദിവസവും രാവിലെയുള്ള ആ ഓഫീസ് യാത്രയിൽ, തിരക്കൊഴിവാക്കാൻ ചില ഇടറോഡുകളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. എന്നാലും, ഇടയ്ക്കുള്ള ആ കവലകൾ ഒഴിവാക്കാൻ ആവില്ലല്ലോ.
അത്തരമൊരു കവലയിലെ 'സ്ഥിരം' കാഴ്ചയെ അഥവാ ഒരു 'സ്നേഹക്കൂട്ടായ്മയെ' കുറിച്ചാണ്, ഇന്ന് നമ്മൾ പറയുന്നത്.
മിക്കവാറും, ഞാൻ ആ കവലയിൽ എത്തുമ്പോൾ സ്‌കൂൾ സമയമാകും. ബസ്സിറങ്ങിയ ധാരാളം കുട്ടികൾ, കുറച്ചധികം ദൂരെയുള്ള തങ്ങളുടെ സ്‌കൂളിലേക്ക് നടക്കുന്നത് കാണാം.
താരതമ്യേന വീതി കുറഞ്ഞ ആ റോഡിന്റെ ഇരുവശങ്ങളിലും, വളരെ ഉയരമുള്ള മതിലുകൾ ആണ്. ഇരുവശത്തേയ്ക്കുമുള്ള വണ്ടികൾ, അതും ഭാരവണ്ടികൾ ഉൾപ്പെടെ, ഇടതടവില്ലാതെ പോകുന്ന വഴിയാണ്.
ആ വഴിയിലൂടെയുള്ള, കുട്ടികളുടെ നടത്തത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ പറയുന്നത്.
കുട്ടികളല്ലേ? വാ തോരാതെ പറയാൻ, അവർക്കേറെ വിശേഷങ്ങൾ കാണും. തീർച്ച.
പക്ഷേ, ആ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് അവർ നടക്കുന്നത്, തോളോട് തോളുരുമ്മി നാലോ അഞ്ചോ പേർ വരെ ചേർന്നാണ് .... അതും താരതമ്യേന മുതിർന്ന കുട്ടികൾ.
(എല്ലാ കുട്ടികളും ഇങ്ങിനെയാണ് എന്നല്ല കേട്ടോ ... മിക്കവാറും ചെറിയ ക്‌ളാസ്സിലെ കുട്ടികൾ, റോഡിനരികു ചേർന്ന് വളരെ ശ്രദ്ധയോടെയാണ് പോകുന്നത്).
കൂടാതെ, അവരെല്ലാം നടക്കുന്നത് റോഡിന്റെ ഇടതുവശം ചേർന്നാണ്.
പുറകിൽ നിന്ന് വരുന്ന വണ്ടികളോ, അവയുടെ ഹോണടികളോ ഒന്നും ഇവർ കേൾക്കാറില്ല. അവർ അവരുടെ ആ ലോകത്ത് മാത്രമായി അങ്ങിനെ നടന്നു പോകും. മഴയെങ്കിൽ, അതും നനഞ്ഞ്.
എതിർ വശത്ത് വണ്ടികൾ വന്നാൽ, നമ്മൾ വണ്ടികൾ ഒതുക്കി നിർത്തി, പിന്നീട് വേണം കടന്നു പോകാൻ. കാരണം, മേൽപ്പറഞ്ഞത് പോലെ, ഹോൺ അടിച്ചാലൊന്നും ഈ കുട്ടികൾ തിരിഞ്ഞു പോലും നോക്കില്ല.
ആ വഴിയിലെ സ്ഥിരയാത്രികൻ ആയതു കൊണ്ടും, കുട്ടികളുടെ ഈ രീതി നന്നേ പരിചിതമായതു കൊണ്ടും, ഞാൻ ഇപ്പോൾ ഹോൺ അടിയ്ക്കാറേയില്ല.
മറിച്ച്, വാഹനം ഒതുക്കി നിർത്തി, എതിർവശത്തെ വാഹനം കടന്നു പോകാൻ വഴി നൽകുകയാണ് പതിവ്. അതും, നാലോ അഞ്ചോ തവണ ആവർത്തിയ്ക്കേണ്ടി വന്നാൽ പോലും.
പിന്നെ, ഇന്ന് ഇതിവിടെ പറയാൻ കാരണം, ആ അസൗകര്യത്തെക്കുറിച്ച് പറയാനോ, ആ കുട്ടികളെ കുറ്റപ്പെടുത്താനോ അല്ല. മറിച്ച്, ഒരു വലിയ അപകട സാധ്യതയെ സൂചിപ്പിയ്ക്കാനാണ്.
ഈ വഴിയും, ഈ രീതികളും, പരിചിതമല്ലാത്ത വണ്ടികൾ, പലപ്പോഴും ഇടതുവശം ചേർത്ത്, കുട്ടികളെ തട്ടി-തട്ടിയില്ല എന്ന രീതിയിൽ കടന്നു പോകുന്നത്, അവർക്കു പിന്നിലായുള്ള എന്റെ വണ്ടിയിലിരുന്ന് ഞാൻ കണ്ടിട്ടുണ്ട്, എന്നതിനാൽ മാത്രമാണ്.
ഒരു പക്ഷേ, ഹോൺ അടിയ്ക്കുമ്പോൾ ഈ കുട്ടികൾ വഴിയരികിലേയ്ക്ക് ഒതുങ്ങി മാറും എന്ന ആ പ്രതീക്ഷയിൽ ആകും ആ വണ്ടിക്കാർ, വേഗത കുറയ്ക്കാത്തത്.
പുറകിൽ ഹോൺ അടിയ്ക്കുന്നത് കാർ ആണോ, ബൈക്ക് ആണോ, ലോറി ആണോ, ബസ് ആണോ, എന്ന് പോലും തിരിഞ്ഞു നോക്കാത്ത ആ കുട്ടികൾ എവിടെ മാറാൻ?
ഇനി, ഇത് വായിയ്ക്കുന്ന ചിലരെങ്കിലും ചിന്തിയ്ക്കുന്നുണ്ടാകും, ഇത്രയൊക്കെ ഇവിടെ എഴുതുന്ന ഇയാൾക്ക്, എന്നാൽ പിന്നെ വണ്ടി നിർത്തിയിറങ്ങി ആ കുട്ടികളോട് ഇതൊന്നു നേരിട്ട് പറഞ്ഞു കൂടെ എന്ന്.
ശരിയാണ്; പലവട്ടം അത് ആലോചിച്ചതാണ്. വണ്ടി നിർത്തിയതുമാണ്.
അപ്പോഴാണ് ആരോ തെല്ലുറക്കെ പറഞ്ഞത് "ദേ ..അവരൊക്കെ 'ജെൻസി'യാണ് മോനെ ... പറച്ചിലൊക്കെ ഒന്ന് നോക്കീം കണ്ടും മതീട്ടോ....."ന്ന്.
അപ്പോൾ അറിയാതെ ഞാൻ പിൻസീറ്റിലേയ്ക്ക് നോക്കി. അവിടാരുമില്ല. പിന്നെ ആരാണാവോ ഇത് പറഞ്ഞത്?
ഉള്ളിൽ നിന്നാരോ ഒരു മുന്നറിയിപ്പ് തന്നതാണ്.
പുതിയ തലമുറയിലെ പിള്ളേരാണ്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ പെട്ടെന്ന് വണ്ടി നിർത്തി വന്ന്, ഇത്തരമൊരു കാര്യം പറയാൻ ശ്രമിച്ചാൽ, അവർ എങ്ങിനെ അതിനോട് പ്രതികരിയ്ക്കും എന്നുള്ള, ആ ചെറുതല്ലാത്ത പേടി.
അതുകൊണ്ട്, ഇത് വായിയ്ക്കുന്നവരോട് ഒരപേക്ഷ മാത്രം.
നിങ്ങളുടെ കുട്ടികൾ തിരക്കേറിയ റോഡിലൂടെ ഏറെ ദൂരം നടന്നു പോകുന്നവരാണെങ്കിൽ, അവരെ ഇക്കാര്യങ്ങൾ ഒന്ന് പറഞ്ഞു മനസ്സിലാക്കുക. അവരുടെ സ്‌കൂളിലെ അധ്യാപകരോടും, ഇതേക്കുറിച്ചൊരു ബോധവത്കരണ ക്ലാസ്സ്, അവിടുത്തെ എല്ലാ കുട്ടികൾക്കും കൊടുക്കാൻ ആവശ്യപ്പെടുക.
അത്യാഹിതങ്ങൾ വരാൻ കാത്തിരിയ്‌ക്കേണ്ട, അത് നമുക്ക് മുൻകൂട്ടി അറിയാനും, തടയാനും, ആവുമെങ്കിൽ...!!
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally

Comments
Post a Comment