ഓമനിയ്ക്കാൻ ... ഓർമ്മവയ്ക്കാൻ..!
[യാത്രാവിവരണം: ഭാഗം-1]
ഒരു വർഷത്തിലേറെയാകുന്നു നമ്മളൊരു യാത്ര പോയിട്ട്. അല്ലേ ?
ഇത്ര വലിയൊരു ഇടവേള, ആദ്യമായിട്ടാണ് .
സാരമില്ല. ജീവിതമല്ലേ? ചിലപ്പോൾ അങ്ങിനെയാണ്.
അവിചാരിതമായ ചില തിരക്കുകളിലൂടെ, അതങ്ങിനെ അറിയാതെയൊഴുകും, ഒരുപക്ഷേ, ദിശ പോലുമറിയാതെ.
അക്കാര്യം. അതവിടെ നിൽക്കട്ടെ.
നമുക്കൊരു യാത്ര പോയാലോ? അതും, നമ്മുടെ സ്വന്തം വയനാട്ടിലേയ്ക്ക്.
ഏറെ നാളായി യാത്രകളിൽ നമ്മുടെ സഹചാരിയായ ടൊയോട്ട, ഇക്കാര്യം കേട്ടതും ഇന്നലെത്തന്നെ ഒരു കുളിയൊക്കെ കഴിഞ്ഞു സുന്ദരനായി കാത്തുകിടപ്പാണ്.
പതിവുപോലെ ജയവിജയ ഭക്തിഗാനവും കേട്ട്, നമ്മൾ അതിരാവിലെ അനന്തപുരിയിൽ നിന്നും യാത്രയാവുകയാണ്.
തിരുവല്ല ഏവീസിൽ നിന്നും പ്രഭാതഭക്ഷണം. പുട്ടും, കടലയും, പിന്നെ ആ സ്പെഷ്യൽ ചായയും.
ഏറ്റുമാനൂരപ്പനെ തൊഴുത്, എനിയ്ക്കേറെ പ്രിയപ്പെട്ട ദേവമാതാ കലാലയ (കുറവിലങ്ങാട്) ഓർമ്മകളെ ഒരുവേള നെഞ്ചിലോർത്ത്, മോനിപ്പള്ളി ഭഗവതിയെ മനസ്സാ നമിച്ച്, നമ്മൾ തറവാട്ടിലെത്തി.
അവിടെ നാടൻ മീൻകറിയും, മീൻ വറുത്തതും, പിന്നെ നല്ല പയർ തോരനും ഒക്കെ കൂട്ടി ഒരൂണ്.
അപ്പോഴാണ് തൊട്ടയൽവക്കത്തെ കൂട്ടുകാരൻ ' സ്റ്റോൺ' വിളിച്ചത്. അവർക്ക് രണ്ട് അതിഥികൾ ഉണ്ടത്രേ. അവർ നമ്മുടെ പെപ്പയെ കാത്തിരിയ്ക്കുകയാണ് എന്ന്. ദേ കണ്ടോ?
പിന്നെ കുറെയേറെ നേരം, പെപ്പെയും, ദേവുവും അവന്മാർക്കൊപ്പമായി ഓട്ടവും, ചാട്ടവും.
തിരിച്ചെത്തി അല്പം വിശ്രമം. അക്കൂട്ടത്തിൽ പതിവുപോലെ കൊച്ചച്ഛനുമായി നാട്ടുവിശേഷങ്ങൾ പങ്കിട്ടു.
ശേഷം, വൈകുന്നേരത്തോടെ എറണാകുളത്തേക്ക്.
അതിരാവിലെ, തണുപ്പ് വകവയ്ക്കാതെ നല്ലൊരു കുളി പാസാക്കി. അഞ്ചു മണിയ്ക്ക് മുൻപായി നമ്മൾ വീണ്ടും യാത്ര തുടങ്ങി.
തിരക്കുകളില്ലാത്ത പുത്തൻ ഹൈവേയിലൂടെ, അനുവദനീയമായ വേഗത്തിൽ പറക്കുമ്പോൾ, ചിലപ്പോഴൊക്കെ നമ്മൾ അതിശയിയ്ക്കും, കേരളത്തിലൂടെയാണോ, അതോ സിനിമകളിലൂടെ മാത്രം നമുക്ക് പരിചിതമായ ആ ഗൾഫ് രാജ്യങ്ങളിലൂടെയാണോ യാത്ര ചെയ്യുന്നത് എന്ന്.
സുന്ദരം, സുരഭിലം, എൻ കേരളം. അറിയാതെ മനസ്സിൽ പറഞ്ഞു.
ഇടയ്ക്ക് വയനാട് നിന്നും അനിയന്റെ ഫോൺ വിളിയെത്തി. താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത തടസ്സം.
[ഗതാഗത തടസ്സം, അതെന്നും എന്റെ പേടിസ്വപ്നമാണ് കേട്ടോ. വേണമെങ്കിൽ ഒറ്റയടിയ്ക്ക് ഏഴോ എട്ടോ മണിക്കൂർ ഞാൻ ഡ്രൈവ് ചെയ്യാം. പക്ഷെ, ഇടയിൽ ഒരു അരമണിക്കൂർ ഗതാഗത തടസ്സമുണ്ടായാൽ, അതെന്റെ 'മൂഡും', തുടർയാത്രയുടെ ആസ്വാദനവും ഒക്കെ, തീർത്തും നഷ്ടമാക്കും].
അപ്പോൾത്തന്നെ നമ്മൾ പ്ലാൻ ബി ലേയ്ക്ക് മാറി. യാത്ര കുറ്റ്യാടി ചുരം വഴിയാക്കി.
ആദ്യമായാണ് ആ വഴിയുള്ള നമ്മുടെ യാത്ര. അതിനാൽ, ഗൂഗിൾ ചേച്ചിയെ ആശ്രയിയ്ക്കാം എന്നുവച്ചു.
ഏതാണ്ട് എട്ടുമണി കഴിഞ്ഞപ്പോൾ നമ്മൾ കോഴിക്കോട്ടെത്തി.
പിന്നെ നേരെ പേരാമ്പ്ര, ഉള്ള്യേരി, അത്തോളി വഴി കുറ്റ്യാടിയ്ക്ക് വച്ച് പിടിച്ചു.
കൂട്ടിന് ഗൂഗിൾ ചേച്ചി ഉണ്ടെങ്കിലും, ഇടയ്ക്കു പലതവണ കാർ നിർത്തി വഴി ചോദിച്ചു. രണ്ട് കാരണങ്ങളുണ്ടായിരുന്നു അതിന്.
ഒന്ന്: ശരിയായ വഴി ഉറപ്പിയ്ക്കുക. നമ്മുടെ ചേച്ചി ചിലരെ പറഞ്ഞു പറ്റിച്ച വാർത്തകൾ, നമ്മൾ ഇടയ്ക്ക് വായിയ്ക്കാറുണ്ടല്ലോ. നമ്മളായിട്ടെന്തിനാ വെറുതെ നിന്ന് കൊടുക്കുന്നത്?
രണ്ട്: നാട്ടിൻപുറത്തെ ആളുകളോട് നമ്മൾ വഴി ചോദിയ്ക്കുമ്പോൾ, ഏറെ സന്തോഷത്തോടെയാണ് അവർ അത് പറഞ്ഞു തരിക. കൈയ്യൊക്കെ ആ ദിശയിലേക്കു ചൂണ്ടി, വിശദമായി അവർ വഴി പറഞ്ഞു തരും. പിന്നെ നമ്മൾ വിനയത്തോടെ അവർക്കൊരു നന്ദി പറയുമ്പോൾ, ആ മുഖങ്ങളിൽ വിരിയുന്ന ഒരു നിറചിരിയുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ?
ഇല്ലെങ്കിൽ, അടുത്ത തവണ ശ്രദ്ധിയ്ക്കണം. ആ ഒരു ചിരിയിൽ, നമ്മുടെ യാത്രാക്ഷീണം ഏറെയങ്ങകലുകയും ചെയ്യും.
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതുമതി...
ഒരു വിളി കേട്ടാൽ വഴി കേട്ടാൽ അതുമതി...
ഞാൻ പതുക്കെ ആ വരികളിത്തിരി മാറ്റിയൊന്ന് മൂളി.
ഉള്ള്യേരി കഴിഞ്ഞപ്പോഴേയ്ക്കും വിശപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തി. അതിരാവിലെ അഞ്ചു മണിയ്ക്ക് കുടിച്ച, ഒരു ചായയുടെ ബലത്തിലാണ് ഇത്രയും നേരം ഓടിയത്. ഇനി വയ്യ.
ഒരുപക്ഷെ, ഞായറാഴ്ച ആയതിനാലാകാം, വഴിയോരത്തെ മിക്ക ചായക്കടകളും തുറന്നിട്ടില്ല.
'പട്ടിണിയാകുമോ ദൈവമേ..?' എന്ന് ചിന്തിച്ചപ്പോൾ, അതാ വലതു വശത്തായി ഒരു കൊച്ചു ചായക്കട. സ്ഥലപ്പേരൊണ് നോക്കി, നടുവണ്ണൂർ.
പൊറോട്ടയും, പുട്ടുമാണ് വിഭവങ്ങൾ. ഓരോ പൊറോട്ട വീതം ഓർഡർ ചെയ്തു. ദീർഘദൂരയാത്രകളിൽ സാധാരണയായി നോൺ വെജ് ഒഴിവാക്കുകയാണ് പതിവ്. വെജ് ആയി കപ്പക്കറിയുണ്ട് എന്ന് കടക്കാരൻ പറഞ്ഞപ്പോൾ, എന്നാൽ പിന്നെ ഒരു പരീക്ഷണാർത്ഥം അതാകാം എന്നുവച്ചു.
ചൂട് പൊറോട്ടയുടെ കൂടെ, കപ്പയും പയറും ചേർന്ന ഒരു കറി. അതൊരു വല്ലാത്ത കോമ്പിനേഷൻ ആയിരുന്നു കേട്ടോ. കൂടെ, പൊടിയരിയ്ക്കാത്ത ഒരു കടുകടുപ്പൻ ചായയും. അതവരുടെ സ്പെഷ്യൽ ആണത്രേ.
ക്ഷീണമൊക്കെ പമ്പയും കടന്ന് എങ്ങോ പോയി.
കുറ്റ്യാടി കവലയിൽ എത്തിയപ്പോൾ, ആ തിരക്കിലും ഏറെ ബദ്ധപ്പെട്ട് ട്രാഫിക് നിയന്ത്രിയ്ക്കുന്ന പോലീസുകാരനോട്, തൊട്ടിൽപ്പാലത്തേയ്ക്കുള്ള വഴി ചോദിച്ചു. എത്ര സൗമ്യനായാണ് അദ്ദേഹം അടുത്തേയ്ക്കു വന്ന്, വഴി വിശദമായി പറഞ്ഞു തന്നത്?
പുതിയ ചുരത്തിലെ കാഴ്ചകൾ പകർത്തണം, നിങ്ങളെ കാണിയ്ക്കണം എന്നൊക്കയായിരുന്നു കരുതിയത്. നിർഭാഗ്യമെന്നു പറയട്ടെ, ചുരം കയറാൻ തുടങ്ങിയതും, കനത്ത മഴ പെയ്തു തുടങ്ങി. മുൻപിലെ വഴി പോലും കാണാൻ പ്രയാസം.
താമരശ്ശേരി ചുരത്തെ അപേക്ഷിച്ചു നോക്കുമ്പോൾ, തിരക്കേതുമില്ല.
ചില ഹെയർപിൻ വളവുകൾ, വീതിയില്ലാത്തതിനാൽ തന്നെ, വളരെ ശ്രദ്ധാപൂർവ്വം കയറേണ്ടവയാണ്.
ഇടയ്ക്കൊക്കെ, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്തോട് കൂടിയ, ചെറിയ കടകളുമുണ്ട്.
അടുത്ത തവണ വരുമ്പോൾ, ഈ ചുരത്തിൽ നിർത്തിയാവാം പ്രഭാത ഭക്ഷണം, എന്നായി വണ്ടിയ്ക്കുള്ളിലെ, കൂട്ടായ തീരുമാനം.
നേരത്തെ പറഞ്ഞത് പോലെ, മഴയായതിനാൽ തന്നെ, ചുരത്തിന്റെ തുടക്കത്തിൽ കണ്ട, ഭംഗിയുള്ള ആ പള്ളിയോ, പിന്നീട് കണ്ട, ആ കുടിയേറ്റ സ്മാരകമോ ഒന്നും, ചിത്രമാക്കാനായില്ല.
ഇടയ്ക്ക് മഴ അല്പം കുറഞ്ഞു.
വലതു വശത്തെ ആ ഹരിതാഭ മലനിരകളെ തഴുകി, വയനാടൻ കോടമഞ്ഞ് പതുക്കെ ഒഴുകിയിറങ്ങിയപ്പോൾ, വണ്ടി നിർത്താതിരിയ്ക്കാനായില്ല.
ആ ചാറ്റൽ മഴയിൽ നിന്നുകൊണ്ടു തന്നെ, ഒന്നുരണ്ട് ചിത്രങ്ങൾ പകർത്തി.
തീരെ തിരക്കില്ലാത്തതിനാൽ, വേഗത്തിൽ ചുരം കയറി തീർന്നു.
പുതിയ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ, സാവധാനത്തിലാണ് നമ്മൾ പോകാറുള്ളത്. സ്ഥലവും, സ്ഥലനാമങ്ങളുമൊക്കെ കണ്ട്, ആസ്വദിച്ച് ... അങ്ങിനെ.
ഇത്തവണയും, പുതുമയുള്ളതും, രസകരവുമായ ചില സ്ഥലനാമങ്ങൾ കണ്ണിലുടക്കി.
മൂരികുത്തി, കൂത്താളി, കടിയങ്ങാട്, പാലേരി, ദേവർകോവിൽ, മക്കിയാട്, പഴഞ്ചനാ .... ഇവയൊക്കെ അതിൽ ചിലതു മാത്രം.
ഏതാണ്ട് 12 മണിയ്ക്ക് മുൻപായി തന്നെ, ഞങ്ങൾ വീട്ടിലെത്തി. അച്ഛനും, അമ്മയും വഴിക്കണ്ണുകളുമായി അവിടെയുണ്ടായിരുന്നു. അനിയനും കുടുംബവും, ഒരു കല്യാണത്തിന് പോയിരുന്നു.
ഞാൻ എപ്പോഴും പറയാറുള്ളത് പോലെ, എന്റെ പ്രിയപ്പെട്ട വിഭവം ചക്കക്കുരു, അവിടെ എന്നെയും കാത്തിരുന്നിരുന്നു.
മാങ്ങയുടെ സീസൺ അല്ലാത്തതിനാൽ, ആൾ തേങ്ങയോടൊപ്പം കൂടി, ഒരു തോരൻ രൂപത്തിൽ ആയിരുന്നു, എന്നുമാത്രം. കൂടെ, നല്ല വയനാടൻ പോർക്ക് കറിയും. പിന്നെ, സ്വന്തം പാടത്ത് വിളഞ്ഞ നെല്ലിന്റെ കുത്തരിച്ചോറും.
ഒരു പൊറോട്ട മാത്രം കഴിച്ച്, ഏഴെട്ടുമണിക്കൂർ വാഹനമോടിച്ചെത്തിയവന്റെ മുൻപിലേയ്ക്ക് ഇതൊക്കെ കിട്ടിയാൽ ....? ആഹാ ...ആഹഹാ ...!
ശേഷം, അല്പസമയം വിശ്രമം. അപ്പോഴേയ്ക്കും അനിയനും കുടുംബവും മടങ്ങിയെത്തി. പിന്നെ ഓരോ ചായയും കുടിച്ച്, വരാന്തയിൽ ഇരുന്ന് എല്ലാവരും കൂടി വിശേഷങ്ങൾ പങ്കിടുന്ന തിരക്കിലായി.
ഞങ്ങളുടെ ഈ വർത്തമാനം, പലപ്പോഴും ഒച്ചപ്പാടും, പൊട്ടിച്ചിരികളും, പരസ്പരമുള്ള കളിയാക്കലുകളും ഒക്കെയായി, ഏറെ നേരെ നീളും കേട്ടോ. അത് രാത്രിയായാലും, പകലായാലും.
കാരണം, നമ്മൾ എല്ലാവരും ഒത്തുകൂടുന്ന അവസരങ്ങൾ കുറവാണല്ലോ. വർഷത്തിൽ ഒന്നോ, ഏറിയാൽ രണ്ടോ മാത്രം.
പിറ്റേന്ന്, വഴിയിലൂടെ പോകുന്ന അയൽവക്കക്കാരും, പരിചയക്കാരുമൊക്കെ അമ്മയോട് ഉറക്കെ ചോദിയ്ക്കുന്നത് കേൾക്കാം "മൂത്തയാളൊക്കെ വന്നിട്ടുണ്ട് ..അല്ലേ.."
അല്ല പിന്നെ...
എന്നാൽ, ഇനിയൊരു കുളിയാകാം, എന്നും കരുതി അല്പം വെളിച്ചെണ്ണ എടുത്തപ്പോൾ ആണ്, ആ വയനാടൻ തണുപ്പ് അറിഞ്ഞത്. ഇത് കണ്ടോ?
അത്താഴവും കഴിഞ്ഞ്, പുറത്തു ചാറുന്ന ആ നൂൽമഴയുടെ സ്നിഗ്ദസംഗീതവും കേട്ട്, കമ്പിളിപ്പുതപ്പിനടിയിൽ ഒന്ന് ചുരുണ്ടുറങ്ങാൻ, എന്ത് രസമാണെന്നോ?
പിന്നെ, കോടമഞ്ഞുമൂടിയ അടുത്ത പ്രഭാതത്തിലേയ്ക്ക്, ചുമ്മാ ഉണർന്നെണീൽക്കാനും.
രാവിലെ പ്രഭാത ഭക്ഷണം ഇത്തിരി കാര്യമായി തന്നെ തയ്യാറാക്കി. നോക്കിക്കേ. ഹോം മേഡ് ചപ്പാത്തി, കാന്താരി സ്പെഷ്യൽ മുട്ടക്കറി, കൂടുതൽ കുരുമുളക് പൊടി ചേർത്ത് വരട്ടിയ പോർക്ക് ഫ്രൈ ....
ഉച്ചയ്ക്ക് മൂന്ന് മണി വരെ, പതിവ് പോലെ ആ WFH (വീട്ടിലിരുന്ന് ജോലി ചെയ്യലേ...).
വൈകുന്നേരത്തോടെ, പ്രിയപ്പെട്ട കൊട്ടവയലിലേക്കൊരു നടത്തം. കൂട്ടിന് കുട്ടിക്കൂട്ടവും.
കൊട്ടവയലിലെ അസ്തമയ കാഴ്ച ഏറെ സുന്ദരമാണ്. മുൻപ് ഞാനത് പലവട്ടം പങ്കുവച്ചിരുന്നു.
എന്നാൽ, ഇന്ന് മഴക്കാറുള്ളതിനാലും, ഇടയ്ക്കു മഴ ചാറുന്നതിനാലും, ആ അസ്തമയം കാണാനാവില്ല എന്ന തിരിച്ചറിവിൽ, യാത്ര ഇത്തിരി നേരത്തെയാക്കിയതാണ്. ആ നാട്ടു കാഴ്ചകൾ നിങ്ങൾ ഈ ചിത്രങ്ങളിലൂടെ കാണൂ.
ദേ ഈ കാണുന്നത് കോളിമരമാണ്. നല്ല ഭംഗിയുള്ള ചുവന്ന പൂക്കൾ. ആ ഭംഗി കണ്ടു പകർത്തിയതാണ്.
പിന്നീട്, അനിയനാണ് പേരൊക്കെ പറഞ്ഞു തന്നത്. കാണാൻ ഉള്ള ഭംഗിയ്ക്കപ്പുറം ഒരു ഉപയോഗവുമില്ലാത്ത മരമാണത്രെ. വിറകായി പോലും ഉപയോഗിയ്ക്കാത്തത്. ആകെയുള്ള ഉപയോഗം, വാർക്കപ്പണിയ്ക്ക് തട്ട് ഉണ്ടാക്കാം എന്നത് മാത്രം.
മടങ്ങിയെത്തി ഒരു കുളിയും കഴിഞ്ഞപ്പോൾ, സമയം സന്ധ്യ കഴിഞ്ഞിരുന്നു. പിന്നെ കുട്ടിക്കൂട്ടത്തെയും കൂട്ടി, മാനികാവ് ക്ഷേത്രത്തിനടുത്തുള്ള ബന്ധുവീട്ടിലേക്കൊരു യാത്ര.
കഴിഞ്ഞ തവണ വന്നപ്പോൾ, തോട്ടത്തിൽ നിന്നും നല്ല നാടൻ മാമ്പഴം പെറുക്കി നമ്മൾ മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കിയില്ലേ? അവിടേയ്ക്ക്.
അവിടെയെത്തിയാൽ പിന്നെ, സമയം പോകുന്നതറിയില്ല. വർത്തമാനങ്ങൾക്കും, കൂട്ടച്ചിരികൾക്കും, സൽക്കാരത്തിനും ഒക്കെ, എല്ലാവരും ഒന്നിനൊന്നു മെച്ചം.
ആദ്യം ചക്ക വറുത്തത്; അതും വീട്ടിൽ വറുത്തത്. പിന്നെ, കർണാടകയിൽ നിന്നും എത്തിച്ച പേരയ്ക്കകൾ. ഇടയ്ക്കിടെ നേരംപോക്കിന് കുറച്ച് നാടൻ പാളയംകോടൻ പഴം. അതിനു ശേഷം ബീഫും, മീനും, മോരുകൂട്ടാനും, മുട്ട പൊരിച്ചതും, തോരനും ഒക്കെ ചേർന്ന അത്താഴം.
ഡയറ്റിംഗ് ഒക്കെ സ്വാഹ...
പിന്നെ, ഇത്തിരി നേരം നമ്മുടെ കടുവാക്കുന്നേൽ കുറുവച്ചന്റെ ഷൂട്ടിംഗ് പ്രാക്ടീസ് (ഉണ്ടയെല്ലാം മാറ്റിയിട്ടാണെ).
തിരികെ വീടെത്തിയപ്പോൾ, സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. നല്ല തണുപ്പ്. കാലും മുഖവും കഴുകി. പിന്നെ നേരെ കമ്പിളിപ്പുതപ്പിനടിയിലേയ്ക്ക്.
ഉണർന്നെണീറ്റത്, മഞ്ഞുപുതച്ച ഉത്രാടത്തിലേയ്ക്ക്.
ഇതിനിടയിൽ പഴയ ആൽബങ്ങൾ തപ്പിയെടുത്ത ദേവു, ഒരു ഫോട്ടോയുമായി ഓടിയെത്തി. പഴയൊരു ഓണോർമ്മ.
നിലത്ത് ചമ്രം പടിഞ്ഞിരുന്ന്, ഓണസദ്യ കഴിച്ചിരുന്ന ആ ഭൂതകാലത്തേയ്ക്ക് ഒരെത്തിനോട്ടം.
കോഴിക്കോട് നിന്നും, ഏറ്റവും ഇളയ അനിയനും കുട്ടികളും വരാൻ എല്ലാവരും കാത്തുനില്പായി. എന്നിട്ടു വേണം, എല്ലാ വയനാടൻ യാത്രകളിലും നമ്മൾ നടത്താറുള്ള ആ മുത്തങ്ങ വനയാത്രയ്ക്ക് പോകാൻ.
കൊടും വനത്തിലൂടെയുള്ള ആ ഗുണ്ടൽപേട്ട് യാത്ര; അതൊരു വല്ലാത്ത അനുഭവമാണ് കേട്ടോ.
നമുക്ക് ഭാഗ്യമുണ്ടെങ്കിൽ, കരിവീരന്മാരെയും, കാട്ടുപോത്തിനേയും, കരടിയെയും, ഒക്കെ കാണാൻ കഴിയും.
ബത്തേരിയിലെ പ്രശസ്തമായ 'മത്തായിസ് ബേക്കറി'യിൽ നിന്നും, കുറച്ചു സ്നാക്ക്സ് ഒക്കെ വാങ്ങിയാണ്, ഞങ്ങളുടെ യാത്ര.
ഇരുവശങ്ങളിലും വന്മരങ്ങൾ നിറഞ്ഞ, മുത്തങ്ങ വനത്തിലൂടെയുള്ള യാത്ര.
കാടിന്റെ പൂർണ്ണ നിശബ്ദതയിൽ, വാഹനത്തിന്റെ സൈഡ് ഗ്ലാസ്സുകൾ താഴ്ത്തി, പതുക്കെ അങ്ങിനെ പോകുമ്പോൾ, നമ്മൾ അനുഭവിയ്ക്കുന്ന, ആ ഒരു സുഖമുണ്ടല്ലോ...
നമ്മുടെ കണ്ണുകൾ, നമ്മൾ പോലുമറിയാതെ, ആ വനത്തിന്റെ നിഗൂഢതയിൽ, കരിവീരന്മാരെയും, കാട്ടികളെയും (കാട്ടുപോത്ത്) തേടിക്കൊണ്ടേയിരിയ്ക്കും.
നമുക്ക് കാഴ്ച്ചഭാഗ്യമുണ്ടെങ്കിൽ മാത്രം, അവ നമ്മുടെ കൺമുൻപിൽ പെടും.
ആ അലസഗമനം, ചിലപ്പോൾ, തലയുയർത്തിയുള്ള ആ ഫോട്ടോ പോസിംഗ് ... ആഹാ .. അതൊക്കെ ഈ മുത്തങ്ങ വനത്തിനും, അവിടുത്തെ ആ അന്തേവാസികൾക്കും മാത്രം സ്വന്തം.
ഇത്തവണയും നമ്മുടെ പ്രതീക്ഷകൾ തെറ്റിയില്ല.
തന്റെ കുഞ്ഞിക്കൊമ്പനെയും കൊണ്ട്, ഒരു ആനയമ്മ ഞങ്ങളെ വരവേറ്റു. വല്യ നാണക്കാരൻ ആയതിനാൽ, കുട്ടിക്കൊമ്പൻ അമ്മയ്ക്ക് മറഞ്ഞാണ് നിൽപ്പ്, എന്നുമാത്രം.
മാൻകൂട്ടങ്ങളാകട്ടെ ധാരാളം.
എന്നാൽ, കാട്ടികളെ കാണാനുള്ള ഞങ്ങളുടെ ആഗ്രഹം നടന്നില്ല കേട്ടോ. കാരണം, അതിനു മുൻപേ വനം അവസാനിച്ചു.
വണ്ടി വഴിയരികിൽ ഒതുക്കി, കുറച്ച് സ്നാക്സ് കഴിച്ച് എല്ലാവരും ക്ഷീണം തെല്ലകറ്റി.
ഇരു വശങ്ങളിമുള്ള ആ സൂര്യകാന്തി, ബന്ദി(ചെണ്ടുമല്ലി) പൂപ്പാടങ്ങൾ, നല്ലൊരു വിളവെടുപ്പിന്റെ എല്ലാ ക്ഷീണവും പേറി, ഇനിയും ഉറക്കം വിട്ടകലാത്ത കണ്ണുകളുമായി ക്ഷീണിതാവസ്ഥയിലാണ്. അതിനാൽ തന്നെ, അവയെ ഇനിയും ശല്യപ്പെടുത്തേണ്ടതില്ല എന്നുവച്ചു.
പിന്നെ, ടോൾ ഗേറ്റും കടന്നു ഞങ്ങൾ, ആ മുന്തിരിത്തോട്ടത്തിലെത്തി. അവിടെയും വിളവെടുപ്പിന്റെ കാലം, ഏതാണ്ട് കഴിയുന്നു.
നബിദിനം ആയതു കൊണ്ടാകാം, അത്രയധികം തിരക്കില്ല.
കുറച്ചു ചിത്രങ്ങൾ പകർത്തി.
അരികിലായി പ്രായമേറിയ ഒരു അമ്മ ചോളം വിൽക്കുന്നു. ഒരു വലിയ പാത്രത്തിൽ വലിപ്പമുള്ള ചോളം പുഴുങ്ങുകയാണ്. പിന്നെ ഓർഡർ അനുസരിച്ച്, ഓരോന്നിനെ പുറത്തെടുത്ത് മുളകും, ഉപ്പും, നാരങ്ങാ നീരും തേയ്ക്കുന്നു.
കണ്ടപ്പോൾ കൊതി സഹിയ്ക്കാനായില്ല. ഞങ്ങളും വാങ്ങി കുറച്ചെണ്ണം. നല്ല രുചി. കൃത്രിമത്വങ്ങൾ ഇല്ലാത്തതിനാലാവാം. അല്ലെങ്കിൽ, ഞങ്ങളുടെ വിശപ്പും കൊതിയും കൊണ്ടാകാം.
പിന്നെ മടക്കയാത്ര, അതേ വനത്തിലൂടെ.
അധിക ദൂരം പിന്നിട്ടില്ല. റോഡിന്റെ വലതു വശത്തായി കൂറ്റനൊരു കാട്ടി. വേഗം, ഞങ്ങൾ വണ്ടി തിരിച്ചു.
ഒരു കൂസലുമില്ലാതെ, പച്ചപ്പുല്ലുകൾ തിന്നുകയാണവൻ.
"കഷ്ടപ്പെട്ട് ഇത്രടം വന്നതല്ലേ? എന്നാൽ നല്ലൊരു പോസിരിയ്ക്കട്ടെ വേഗമങ്ങെടുത്തോ ..." എന്ന മട്ടിൽ, അവൻ മണ്ണിലേയ്ക്ക് തല താഴ്ത്തിയും, ഗൗരവത്തിൽ ഞങ്ങളെ നോക്കിയും, ഒക്കെ പോസ് ചെയ്തു.
പിന്നെ, "ഇന്നിത്രയും മതി" എന്ന മട്ടിൽ അലസമായി തിരികെ നടന്നു. എണ്ണ തേച്ച് മിനുക്കിയത് പോലെ, അവന്റെയാ ദേഹം വല്ലാതെ തിളങ്ങുന്നു, തുളുമ്പുന്നു.
ആഹാ .. ഇന്നത്തെ യാത്ര ഗംഭീരം എന്ന മട്ടിൽ, ഞങ്ങളും വണ്ടി തിരിച്ചു.
വഴിയ്ക്കിരുവശങ്ങളിലും നിന്ന്, മാൻകൂട്ടങ്ങൾ സന്തോഷത്തോടെ ഞങ്ങൾക്ക് 'ബൈ..ബൈ' പറഞ്ഞു.പിന്നെ തിരക്കിട്ട് പുല്ലു തിന്നുവാൻ തുടങ്ങി. അന്തിയാവുന്നതിനു മുൻപേ അവർക്കും വീടണയണമല്ലോ.
അടുത്തതായി യാത്ര പറയാൻ വന്നതോ? ദേ ഏതാണ്ട് പന്ത്രണ്ടോളം ആനകൾ അടങ്ങിയ ഒരു ആനക്കൂട്ടവും.
അവർ തൃശ്ശൂർ പൂരത്തിന് നിൽക്കുന്നത് പോലെ, നിരന്നു നിന്ന് വിട നൽകിയപ്പോൾ ഉള്ളിലാരോ ഒരു വെഞ്ചാമരം വീശി. മനസ്സ് നിറഞ്ഞു, അറിയാതെ കണ്ണുകളും.
നിങ്ങൾ എപ്പോഴെങ്കിലും വയനാട് പോകുന്നുവെങ്കിൽ, മറക്കരുത് ഈ മുത്തങ്ങ വഴി ഒരു വനയാത്ര നടത്താൻ. ഒരുപക്ഷേ, അതാവും നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത്.
പിന്നെ ഞങ്ങൾ, നേരെ ബത്തേരി 'മൈസൂർ വെജ് കഫേ'യിലേയ്ക്ക്. പ്രഭാത ഭക്ഷണത്തിന് ശേഷം, കാര്യമായി ഒന്നും കഴിച്ചിട്ടില്ല. ഇപ്പോൾ സമയം വൈകുന്നേരം 4 മണി കഴിഞ്ഞിരിയ്ക്കുന്നു.
വൃത്തിയും വെടിപ്പുമുള്ള ഉഗ്രൻ കഫേ.
പാനിപൂരിയിലും, പാവ് ബാജിയിലും തുടങ്ങി ഞങ്ങൾ.
പണ്ടത്തെ ആ മുംബൈ വാസത്തിന്റെ നനുത്ത ഓർമ്മകൾ, അറിയാതെ ഓടിയെത്തി മനസ്സിലേയ്ക്ക്.
മൈത്രി പാർക്കിൽ നിന്നും, വഴിയരികിലെ തട്ടുകടയിൽ നിന്നുവാങ്ങിയ ഒരു ജംബോ വടാപാവും കഴിച്ചു കൊണ്ട്, ചെമ്പൂരിലേക്കുള്ള തണൽ വിരിപ്പിട്ട ആ നീളൻ വഴിവക്കിലൂടെ, കാഴ്ചകൾ കണ്ട്, വർത്തമാനങ്ങളും പറഞ്ഞ്, അലസം നടന്നിരുന്ന ആ മുംബൈ സായന്തനങ്ങൾ.
പ്രവാസജീവിതത്തിലെ നൊമ്പരപ്പെടുത്തുന്ന ആ ഗൃഹാതുരത്വം, കുറച്ചെങ്കിലും മറക്കുവാൻ ആ നടപ്പൊക്കെ എത്രയോ സഹായിച്ചിരുന്നിരുന്നു.
വേഗം ആ ഓർമ്മകളിൽ നിന്നും മടങ്ങിയെത്തി ഞങ്ങൾ. കാരണം, മേശമേൽ ഇതിനകം ദോശയും, നെയ്‌റോസ്റ്റുമൊക്കെ നിരന്നിരുന്നു.
അയ്യോ ... ഒരു കാര്യം പറയാൻ മറന്നു.
നേരത്തെ പാനിപൂരി മേശമേൽ കൊണ്ട് വച്ചപ്പോൾ, അതിൽ മീട്ടാ പാനി (മധുരമുള്ളത്) കാണാനില്ല. കട്ടാ പാനി (എരിവും പുളിയുമുള്ളത്) മാത്രമേയുള്ളൂ. അത് കണ്ടതും, കൂട്ടത്തിലൊരാൾ വെയിറ്ററെ വിളിച്ചു പറഞ്ഞു.
'മുജ്‌ഹേ മീട്ടാ പാനി ഭീ ചാഹിയെ...'
[ഒരു നിമിഷം, നമ്മൾ മുംബയിൽ ആണ് എന്ന് കരുതിയാവും ഇത് ഹിന്ദിയിൽ പറഞ്ഞത്]
പാവം വെയ്റ്റർ അങ്ങോട്ടുമിങ്ങോട്ടും ഒന്ന് നോക്കി.
'മുജ്‌ഹേ മീട്ടാ പാനി ഭീ ചാഹിയെ...'
'അയ്യോ ... എനിയ്ക്ക് ഹിന്ദി അറിയാൻ പാടില്...ല എന്ന് ഇയ്യാളോടാരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ ...' എന്നൊരു ദയനീയ മുഖഭാവത്തോടെ, ആൾ വേഗം കിച്ചണിലേക്കോടി.
ഞങ്ങളാണെങ്കിൽ ചിരിയോട് ചിരി ... അപ്പോളാണ് നമ്മുടെ ആൾക്ക്, ഭാഷ മാറിപ്പോയത് മനസ്സിലായത്.
എന്താല്ലേ?
എന്തായാലും ശരി, അൽപ്പസമയത്തിനുള്ളിൽ നമ്മുടെ മീട്ടാ പാനി മേശമേൽ എത്തി കേട്ടോ.
അതാണ്. ഭാഷയിലൊന്നും ഒരു കാര്യവുമില്ലന്നെ.
അൽപ്പം വേഗത്തിലാക്കി ഞങ്ങൾ ആഹാരം കഴിപ്പ്. കാരണം 5:30 ന് തൊട്ടടുത്ത തീയേറ്ററിൽ 'ബത്‌ലഹേം കുടുംബ യൂണിറ്റ്' കാണാനുള്ളതാണ്. സീറ്റുകളൊക്കെ കുട്ടപ്പായി നേരത്തെ ബുക്ക് ചെയ്തിരുന്നു.
ബത്തേരി ഐശ്വര്യ തിയേറ്ററിന്റെ, ഐശ്വര്യമുള്ള പൂമുഖത്ത്, ആ പഴയ സിനിമ പ്രൊജക്ടർ വച്ചിരിയ്ക്കുന്നു. പുതുപുത്തൻ പോലെ.
ഏറെ കൗതുകത്തോടെ ഞങ്ങൾ അതിന്റെ ചുറ്റും നടന്നു. പിന്നെ, കുട്ടികൾക്ക് അതെന്താണെന്നു പറഞ്ഞു കൊടുത്തു.
ഇന്നത്തെ ഡിജിറ്റൽയുഗ സന്തതികൾക്ക്, അതൊക്കെ കേട്ടുകേൾവി പോലുമില്ലാത്ത ഒരു സാധനമല്ലേ?
എത്രയൊക്കെ സൂപ്പർസ്റ്റാറുകൾ കയറിയിറങ്ങി പോയ, എത്രയൊക്കെ കുളിരാർന്ന രംഗങ്ങൾ കണ്ട് കണ്ണ് പൊത്തിയ, എത്രയോ സംഘടന രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച, എത്രയോ ആർപ്പുവിളികളാൽ കോരിത്തരിച്ച, എത്രയോ കണ്ണുകളെ ഈറനണിയിച്ച, ഒരു കാലഘട്ടത്തിന്റെ ആവേശമാണ് ഇന്നൊരു പ്രദർശനവസ്തു മാത്രമായി, തികഞ്ഞ നിർവ്വികാരതയോടെ, നമ്മുടെ മുൻപിൽ ഇരിയ്ക്കുന്നത്.
സിനിമ കണ്ടു. വളരെ ചുരുക്കിപ്പറഞ്ഞാൽ, ഒരു 'നൂറുശതമാനം ഫീൽ ഗുഡ് മൂവി'. ആസ്വദിച്ച് കണ്ടിരിയ്ക്കാവുന്ന, ഏറെ ചിരിയ്ക്കാവുന്ന, ഒട്ടുമേ അശ്ലീലങ്ങളില്ലാത്ത, ചെമ്മേ ചിരിച്ചുകൊണ്ട് നമുക്ക് സിനിമാശാല വിട്ടിറങ്ങാവുന്ന, ഒരു നല്ല സിനിമ.
ഇനി അതിനുമപ്പുറം കുറച്ചുകൂടി പറഞ്ഞാൽ ... നമ്മുടെയൊക്കെ ആ ഓർമ്മകളിൽ എവിടെയോ, ഇപ്പോഴും മറഞ്ഞു കിടക്കുന്ന ആ നനുനനുത്ത കൗമാര-യൗവ്വന പ്രണയോർമ്മകളെ, ഒന്ന് തൊട്ടുണർത്താൻ... ആ യവനകഥയിലൂടെ, പ്രിയപ്പെട്ട ഇടയകന്യകയുടെ കൈയ്യും പിടിച്ച് അല്പദൂരം നടക്കാൻ, പിന്നെ യാത്ര പറയാതെ അകന്നു പോയ ആ പ്രണയിതാവിനെ ഓർത്ത് ഇത്തിരി കണ്ണ് നനയിയ്ക്കാൻ.... ഒക്കെ പറ്റിയ ഒരു സിനിമ.
ഇനിയും ഈ രാത്രിയിൽ, നമുക്ക് ഒരു സ്ഥലത്തു കൂടി പോകുവാനുണ്ട്. സ്ഥലം മനസ്സിലായോ?
ഹോട്ടൽ വിൽട്ടൻ. പത്താംതരത്തിലെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ, അനിയൻമാരുടെ മിടുമിടുക്കരായ കുട്ടികൾക്ക്, നേരത്തെ തന്നെ നമ്മൾ ഇവിടെ നിന്നും ഒരു 'ട്രീറ്റ്' ഓഫർ ചെയ്തിരുന്നതാണ് കേട്ടോ.
എല്ലാം കഴിഞ്ഞ് വീടണഞ്ഞപ്പോൾ, രാത്രി ഏറെ വൈകിയിരുന്നു.
രസകരവും, കാഴ്ചകളാൽ സമൃദ്ധവുമായ, ഒരു യാത്രയുടെ ഓർമ്മകളുമായി വീണ്ടും കമ്പിളിപ്പുതപ്പിനടിയിലേയ്ക്ക്.
നാളെ പുലരാൻ പോകുന്ന ആ തിരുവോണത്തെ, ഇത്തിരി നേരത്തെയൊന്ന് സ്വപ്നം കാണാൻ കൊതിച്ചു കൊണ്ട്.
യാത്രകൾ ... അത് കനലുകളാണ്. ഏറെ നാളുകൾ അവ നമ്മുടെ മനസ്സുകളിൽ, ദൈനംദിന തിരക്കുകളുടെ ആ ചാരവും മൂടി, അങ്ങിനെ കിടക്കും.
എപ്പോഴെങ്കിലും നമുക്ക് ഏകാന്തത അനുഭവപ്പെടുമ്പോൾ, വല്ലാത്തൊരു വിരസത തോന്നുമ്പോൾ, അതുമല്ലെങ്കിൽ, ജീവിതയാത്രയുടെ ആ തിരക്കിൽ വല്ലാതങ്ങു വീർപ്പു മുട്ടുമ്പോൾ, നമ്മൾ അവയെ ചാരം വകഞ്ഞു മാറ്റി, ഒന്ന് പുറത്തെടുക്കണം.
പിന്നെ, ചെറുതായൊന്ന് ഊതണം. അവ നന്നായി ജ്വലിച്ചു തുടങ്ങും. കനകപ്രഭയോടെ.
ആ ജ്വലനം, നമ്മിലേക്ക് വല്ലാത്തൊരു ഊർജ്ജത്തെ സന്നിവേശിപ്പിക്കും. അത് മതിയാകും, പിന്നെ കുറെയേറെ നാളേയ്ക്കുള്ള നമ്മുടെ ആ ജീവിതപ്രയാണത്തിന്.
അതെ; അതു തന്നെയാണ് ജീവിതത്തിൽ യാത്രകളുടെ പ്രാധാന്യവും.
അവ ഓർമ്മകളാണ്... എന്നെന്നും ഓമനിയ്ക്കാനുള്ള നല്ലോർമ്മകൾ..!!
ബാക്കി വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.... അവിടെ നമ്മൾ, കർണാടകയിലെ അധികമാരും കാണാത്ത ഒരു ഉൾനാടൻ വില്ലേജിലേയ്ക്ക് പോകും. എല്ലാവരും തയ്യാറല്ലേ?
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
************
***********





































Comments
Post a Comment