ഈശ്വരവിശ്വാസം : ആവശ്യമോ, അനാവശ്യമോ ? [ചിന്താവിഷയം]




ഒരുപാടു തവണ നമ്മുടെ സമൂഹത്തിൽ ചൂടേറിയ ചർച്ചാവിഷയമാകുകയും എന്നാൽ എങ്ങുമെത്താതെ എപ്പോഴും വിവാദത്തിൽ മാത്രം കലാശിക്കുകയും ചെയ്യുന്ന വിഷയം.

ഈശ്വരവിശ്വാസം മനുഷ്യന് ആവശ്യമോ, അത്യാവശ്യമോ? ഈശ്വര വിശ്വാസമില്ലെങ്കിൽ മനുഷ്യന് ഈ മണ്ണിൽ ജീവിച്ചു കൂടെ ? അങ്ങിനെ ജീവിക്കാമെങ്കിൽ പിന്നെ ഈശ്വര വിശ്വാസം  എന്തിനാണ് ? എന്തിനാണ് നമുക്ക് അമ്പലങ്ങളും പള്ളികളും? ഇനി ഈശ്വര വിശ്വാസം ആവശ്യമാണെങ്കിൽ തന്നെ ഏത് ഈശ്വരനിൽ വിശ്വസിക്കും? എല്ലാ മതങ്ങളിലും ഉണ്ടല്ലോ ഒരുപാട് ഈശ്വരന്മാർ ......

ഇങ്ങനെ വ്യക്തമായ ഉത്തരം നല്കാനാവാത്ത എത്ര എത്ര ചോദ്യങ്ങൾ?

നമുക്കിതിന്റെ ഉത്തരങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഒരു ചെറിയ ഉദാഹരണം നോക്കാം.

*  *  *  *

നിങ്ങൾ തനിയെ ഒരു ദീർഘയാത്ര നടത്തുന്നു എന്ന് കരുതുക. തീർത്തും  വിജനമായ ഒരു പ്രദേശത്ത് കൂടിയാണ് നിങ്ങളുടെ യാത്ര. അങ്ങിനെ നിങ്ങൾ ഒരു പുഴയുടെ കരയിൽ എത്തുന്നു. നിങ്ങൾക്ക്  ഇനി യാത്ര തുടരണം എങ്കിൽ ആ പുഴ കടക്കണം. എന്നാൽ അതിനു ആകെ ഉള്ളത് ഒരു ഒറ്റത്തടി പാലം മാത്രമാണ്. അതും കൈവരികൾ ഒന്നും ഇല്ലാത്ത ഒരു തെങ്ങ് തടിപ്പാലം.

നിങ്ങൾക്കാണെങ്കിൽ ഭയം മൂലം ആ പാലത്തിലേക്ക് കയറാനെ ആകുന്നില്ല. പാലത്തിനു താഴെ കൂലം കുത്തിയൊഴുകുന്ന പുഴയാണ്. ഒന്ന് കാലിടറിയാൽ പിന്നെ ജീവൻ ബാക്കിയുണ്ടാകില്ല. തിരിച്ചു നടക്കാനും വയ്യ.

അങ്ങിനെ, എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ അതാ നിങ്ങൾ വന്ന വഴിയെ തന്നെ  മറ്റൊരാൾ വരുന്നു. നിങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യാതെ നേരെ  അയാൾ  ആ ഒട്ടത്തടിപ്പാലത്തിൽ കയറുന്നു. വളരെ അനായാസമായി ആ പാലം കടന്നു അക്കരെയെത്തി എങ്ങോട്ടോ നടന്നു മറയുകയും ചെയ്തു. 

അത് കണ്ട്ടപ്പോൾ നിങ്ങൾക്കും  ധൈര്യമായി. പാലത്തിലേക്ക് കയറി, പക്ഷെ, രണ്ടു മൂന്ന് അടി നടന്നു.  ഭയം മൂലം മുന്നോട്ടു പോകാനാകാതെ തിരികെ പുറകോട്ടു തന്നെ പോരേണ്ടി വന്നു.

പിടിക്കാൻ ഒരു ചെറിയ കൈവരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ  എന്ന് അറിയാതെ ആഗ്രഹിച്ചു പോയി. എങ്കിൽ, തീർച്ചയായും നിങ്ങൾക്കാ പാലം കടക്കാൻ പറ്റുമായിരുന്നു.  ഇനി ഒരു പക്ഷെ ആ കൈവരിയിൽ പിടിക്കാതെ തന്നെ നിങ്ങൾ ആ പാലം കടന്നേനെ കാരണം, അറിയാതെ കാലൊന്നിടറിയാൽ താങ്ങാൻ ഒരു കൈവരി ഉണ്ട് എന്ന തോന്നല്‍  തന്നെ നിങ്ങൾക്ക് ആവശ്യമായ ആത്മവിശ്വാസം നല്കുമായിരുന്നു. ആ ആത്മവിശ്വാസം നിങ്ങളെ ഈ പാലം കടക്കാൻ സഹായിക്കുകയും ചെയ്യുമായിരുന്നു.

**  **  **

ഇനി നിങ്ങൾ ഇങ്ങനെ ഒന്ന് ആലോചിച്ചു നോക്കൂ.

ആ കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുഴ നിങ്ങളുടെ ജീവിതം ആണെന്ന് സങ്കല്പ്പിക്കുക. ജീവിതമാകുന്ന ആ പുഴ കടക്കാൻ സഹായിക്കുന്ന ആ കൈവരി ആയി നമുക്ക് ഈശ്വരവിശ്വാസത്തെ കാണാം.

ജീവിതമാകുന്ന ആ പാലം കടക്കാൻ ആ കൈവരി അവിടെയുണ്ട് എന്ന തോന്നൽ തന്നെ നമുക്ക് ആവശ്യമായ ആത്മബലം അഥവാ ആത്മവിശ്വാസം നല്കുന്നു. ഒരുപക്ഷെ ആ കൈവരി ജീവിതത്തിൽ ഒരിക്കലും നമുക്ക് ഉപയോഗിക്കേണ്ടി തന്നെ വരില്ല. എന്നാലും അത് നമുക്ക് സഹായമായി എപ്പോഴും അവിടെ ഉണ്ട്, അതും ഒരു കൈപ്പാടകലെ, എന്ന തോന്നൽ തന്നെ നമുക്ക് ധാരാളമാകുന്നു.

അങ്ങിനെയെങ്കിൽ, എങ്ങിനെയാണ് മറ്റൊരാൾ ഇതേ പാലത്തിലൂടെ വളരെ അനായാസമായി അക്കരെ കടന്നത്‌ ? അപ്പോൾ അയാൾക്ക് ഈശ്വരസഹായം  വേണ്ടിയിരുന്നില്ലെ ?

നല്ല ചോദ്യം. നല്ല ഉത്തരം തന്നെ വേണം അതിന്.

 അത്രയും മനോബലം അഥവാ ആത്മബലം ഉള്ള ഒരാൾക്ക് വേണമെങ്കിൽ യാതൊരു മനചാഞ്ചല്യവും കൂടാതെ തന്നെ ജീവിതമാകുന്ന പാലം കടക്കാൻ കഴിയും, അതും ഒരു കൈവരിയുടെയും സഹായമില്ലാതെ തന്നെ. പക്ഷെ അത്തരം ആളുകൾ വളരെ വളരെ വിരളമാണെന്നു മാത്രം.

ഇനി മറ്റൊരു കൂട്ടർ കൂടിയുണ്ട്. ആത്മബലം താരതമ്യേന കുറഞ്ഞവർ. പക്ഷേ, കൈവരിയിൽ പിടിച്ചു പാലം കടക്കാൻ മടിയുമാണ് (അല്ലെങ്കിൽ നാണക്കേടുമാണ്). അതുമല്ലെങ്കിൽ ആരെങ്കിലും കണ്ടാൽ ''ധൈര്യമില്ലാത്തവൻ'' എന്നു കരുതില്ലേ എന്ന പേടിയുമാവാം.

എന്താകും ഇത്തരക്കാരുടെ ഗതി? തീർച്ചയായും, അവർ ജീവിതയാത്രയിൽ കാലിടറി വീഴുക തന്നെ ചെയ്യും.

**  **  **

നമുക്കിത് ഇങ്ങനെ ഉപസംഹരിക്കാം.

1. ഈശ്വരവിശ്വാസം അത്യാവശ്യമല്ല, പക്ഷേ ആത്മബലം കുറഞ്ഞ മഹാഭൂരിപക്ഷം വരുന്ന മനുഷ്യർക്കും, ജീവിതയാത്രയിൽ ഒരു താങ്ങായി ഈശ്വരവിശ്വാസം ആവശ്യമാകുന്നു.

2. ആത്മബലം കൂടിയ ഒരു ചെറുവിഭാഗം മനുഷ്യർക്ക്, ഈശ്വരവിശ്വാസമില്ലാതെ തന്നെ സ്വന്തം ജീവിതയാത്ര തുടരുവാനാകും.

3. യഥാർത്ഥത്തിൽ ആത്മബലം കുറഞ്ഞ, എന്നാൽ അതുണ്ട് എന്ന് നടിക്കുന്ന ' അഭിനവ' ആത്മബലക്കാർക്ക് ജീവിതയാത്രയിൽ കാലിടറുക  തന്നെയാവും ഫലം, ഈശ്വരവിശ്വാസമില്ലെങ്കിൽ.

സുഹൃത്തേ, നിങ്ങൾ മേൽപ്പറഞ്ഞ ഏതു വിഭാഗത്തിൽ പെടുന്നു എന്നു ആലോചിച്ചു കണ്ടെത്തുക. എന്നിട്ട് തീരുമാനിക്കുക, നിങ്ങളുടെ ജീവിത യാത്രയിൽ തുണയായി ഈശ്വരവിശ്വാസം വേണമോ വേണ്ടയോ എന്ന്.

സ്നേഹത്തോടെ,
ബിനു












Comments

  1. ഈശ്വരവിശ്വാസം വൈദ്യനെപ്പോലെയാണ്, രോഗമുണ്ടെങ്കിൽ വൈദ്യതില്ലാതെ പറ്റില്ല, അരോഗാവസ്ഥയിൽ വൈദ്യനെ ആവശ്യവുമില്ല. അതു കൊണ്ട് "രോഗം' വരാതെ നോക്കുക ( മനസ്സിനെ യുക്തിയുക്തം ചിന്തിക്കാൻ ശീലിപ്പിക്കുക) ആവില്ലെങ്കിൽ തീർച്ചയായും വൈദ്യനെ - ഈശ്വരവിശ്വാസത്തെ നമ്പുക.

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]