ബാല്യം ..[മലയാള കവിത]
[ബാല്യത്തിന്റെ ചാപല്യങ്ങളും കുസൃതികളും നഷ്ടമായ ഇന്നത്തെ കുട്ടികൾക്കു സമർപ്പിക്കുന്നു]
പാതിരാപ്പൂനിലാവൊളിവിതറീടുന്നൊരിന്നിന്റെ
കാണാക്കരയിലിരുന്നു ഞാൻ
അയവിറക്കീടുന്നെൻ ബാല്യകാലം
ചാപല്യം തിങ്ങിയ ഭുതകാലം
കാറ്റിലലയടിച്ചൊഴുകിയെത്തീടുന്ന
അഷ്ടപദിയുടെ താളത്തിൽ
എല്ലാം മറന്നു ഞാനുല്ലസിച്ച
ദുർല്ലഭ സുന്ദര ഭുതകാലം
അമ്മ തൻചൂടന്നെനിക്കേകിയോ-
രാത്മ സായൂജ്യം കുടഞ്ഞെറിഞ്ഞ്
കൂട്ടരോടൊത്തു സമ്മേളിക്കുവാ-
നായിരുന്നന്നെനിക്കേറെയിഷ്ടം
കാലത്തുറങ്ങിയുണർന്നെണീറ്റ്
അമ്പലമുറ്റത്തൊന്നൊത്തു കൂടി
എന്തൊക്കെ വിക്രിയയായിരുന്നു
അന്നു ഞാനൊപ്പിച്ചതെത്ര കഷ്ടം
ഉണ്ടായിരുന്നില്ല 'ട്യൂഷനൊ'ന്നും
ഉണ്ടായിരുന്നില്ല 'നേഴ്സറിയും'
കുഞ്ചുവാശാന്റെ **'കളരി'യാകുന്നെന്റെ-
യാദ്യത്തെയാ വിദ്യാലയം
ഉറക്കെകരഞ്ഞൊരടിയും വാങ്ങി
ഓലയോടൊപ്പം മണലുമേന്തി
കളരിയിൽ പോകുന്നതിന്നുമെന്റെ
ഓർമ്മയിൽ മായാതെ നിന്നിടുന്നു
അക്ഷരമൊന്നു പിഴച്ചുവെന്നാൽ
തെല്ലൊന്നുറക്കെ ചിരിച്ചുവെന്നാൽ
മുറുകിടും ആശാന്റെ കൈവിരലൊന്നെന്റെ
തുടയിൽ മണലോടൊപ്പം
വാവിട്ടുറക്കെ നിലവിളിച്ചു
ക്ലാസ്സു കഴിഞ്ഞു തിരിച്ചു പോകെ
പാവമാ ഗുരുനാഥനേറ്റനേകം
പോക്കിരിപ്പയ്യന്റെ ശാപവാക്ക്
മദ്ധ്യാഹ്നസൂര്യനെരിഞ്ഞടങ്ങേ
കുട്ടികൾ ഞങ്ങൾ കളിതുടങ്ങും
'കുക്കുടു കുടു കുടു', 'സാറ്റുകളി'
ആവില്ല വർണ്ണിക്കാനതുമുഴുക്കെ
'സാറ്റുകളി'ക്കിടെ ശണ്ഠകൂടും
ഞങ്ങളെ തങ്ങളിൽ വേർപിരിക്കാൻ
'റഫറി'യുമുണ്ടായിരുന്നു കേട്ടോ
മറ്റാരുമല്ലതെൻ മുത്തശ്ശി
വൈകിട്ടു ക്ഷീണിച്ച് വീട്ടിലെത്തും
എന്നെയും ചേച്ചിയേം കാത്തിരിക്കും
അമ്മ നൽകീടുന്ന പാലുമോന്തി
അഛ്ചനേം കാത്തങ്ങിരിപ്പാകും
മാസങ്ങളോരോന്നടർന്നു വീഴ്കേ
സർക്കാരു സ്കൂളിങ്കലെത്തീ ഞാൻ
ഒരുദിനം പെട്ടെന്നെന്റഛ്ചനോതി-
'മോനെ കഴിഞ്ഞു നിൻ ബാല്യകാലം
പോവുകിനി സൂക്ഷിച്ചു കൗമാരം
നേർവഴിതന്നെ നീ പോകേണം
കാലിടറാതെ നീ നോക്കേണം...'
* * * * * *
കാലത്തിൻ സാക്ഷിയായ്, ഏകനായി
ഇന്നിന്റെ തീരത്തടയിരിക്കെ
ഉയരുന്നു ഹൃത്തിൽ നിന്നൊരു ചോദ്യം
'ഉണ്ടോയിവിടൊരു ബാല്യകാലം?'
ഇന്നിന്റെ പൈതങ്ങൾ പാവങ്ങൾ
'ചന്ദ്രനിൽ' പോകുന്ന സാഹസികർ
വേണം എണീൽക്കണം നാലിനവർ
എത്തിടും 'ട്യൂഷനാ'യ് ടീച്ചറപ്പോൾ
'റോക്കി'ന്റെ താളത്തിനൊപ്പിച്ച്
'ബാത്തു' കഴിഞ്ഞു മടങ്ങിയെത്തി
'യൂണിഫോമി'ട്ടൊരു 'ടൈ'യ്യും കെട്ടി
പാവമാ പൈതൽ നിസംഗനായി
'ഹോർലിക്സൊ'രു ഗ്ലാസ് വലിച്ചു മോന്തി
'മമ്മി' കൊടുത്തൊരു 'ഭാണ്ഡ'വുമായ്
'ഡാഡി'തൻ 'സ്റ്റാറ്റസി'നൊത്ത വണ്ടീൽ
'എൽകെജീ'ൽ പോകുന്ന പിഞ്ചുബാല്യം
വൈകിട്ടു സ്കൂളിൽ നിന്നെത്തിയാലോ ?
ഉടനെ തുടങ്ങുമാ പതിവു 'ട്യൂഷൻ'
ആവില്ല കുറ്റം പറയുവാനായ്
കാരണം നാളത്തെ ഡോക്ടറവൻ
താങ്ങുവാനാകത്ത ഭാരവുമായ്
തെന്നിത്തെറിച്ചു നടന്നുനീങ്ങും
ഇന്നിന്റെ ബാല്യത്തെ വച്ചുനോക്കേ
'പഴവനി'വനെന്തു ഭാഗ്യം ചെയ്തോൻ...!!
= = = =
** കളരി = നിലത്തെഴുത്താശാൻ കളരി
Comments
Post a Comment