ഇടതനോ ...വലതനോ .....അതോ..... നടുവനോ ? [ആനുകാലിക വിമർശനം ]

ആമുഖം:
കുഞ്ഞുപാക്കരൻ : നാട്ടിലെ പാവം കൂലിപ്പണിക്കാരൻ. അന്നന്നത്തെ അന്നത്തിന് അധ്വാനിച്ചു സമ്പാദിക്കുന്നവൻ. പക്ഷെ, ആനുകാലിക സംഭവങ്ങളെ നർമ്മത്തിന്റെ മേമ്പൊടി തൂകി അവതരിപ്പിക്കാൻ മിടുക്കൻ.
കുമാരച്ചൻ : തനി നാടിൻ പുറത്തുകാരൻ. ടിവി ചർച്ചകൾ സ്ഥിരമായി കാണുമെങ്കിലും പലതും മനസിലാകാറില്ല. 

*** *** ***
എടാ കുഞ്ഞുപാക്കരാ ഒന്ന് നിന്നേ ...

ഓ കുമാരച്ചനോ ? എന്താ കാര്യം ? നല്ലൊരു ദിവസമായിട്ട് പുറകീന്ന് വിളിക്കല്ലേ ....

അതല്ല പാക്കരാ ...ഇന്നലെ ടിവി ചർച്ച കണ്ടിട്ട് ഒന്നും മനസിലായില്ല. അപ്പോൾ മുതലുള്ള സംശയമാ ...നീ ഒന്ന് പറഞ്ഞു താ .....

ശരി ..ചോദിക്ക്

അതെ നമ്മുടെ ഈ കേരളത്തിൽ ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ഈ നാടെന്താ നന്നാകാത്തത് ?

എന്റെ കുമാരച്ചാ നിങ്ങളിങ്ങനെ ആളെ എടങ്ങേറാക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കല്ലേ ...

അതല്ല പാക്കരാ ..നീയൊന്ന് പറഞ്ഞു താ... വെറുതെ അല്ലല്ലോ ചോദിച്ചിട്ടല്ലേ ?

ശരി പറയാം ...ശ്രദ്ധിച്ചു കേൾക്കണം. ...അടിസ്ഥാനവർഗത്തിന്റെ പ്രസ്ഥാനമെന്ന് അറിയപ്പെടുന്ന ഇടതും,അതിബൂർഷ്വാസികളെന്നു മറ്റുള്ളവർ വിളിക്കുന്ന വലതും, പിന്നെ വർഗീയമെന്ന് അധിക്ഷേപിക്കുന്ന ....."

നിർത്ത് ....നിർത്ത് ....ഇത് ഞാൻ സ്ഥിരം ചാനൽ ചർച്ചകളിൽ കേൾക്കുന്നതാ ...സ്ഥിരം "ചർ ച്ചാ വീരൻമാർ "ഇതൊക്കെ എടുത്തല്ലേ സ്ഥിരം പെരുമാറുന്നത് ? അത്തരം വായിൽ കൊള്ളാത്ത മുട്ടൻ കാര്യങ്ങളൊന്നും അല്ല എനിക്കു വേണ്ടത് ....നീ ഒന്ന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു താടെ ....

ശരി ...എന്നാൽ കേട്ടോളൂ ......ഇപ്പം കുമാരച്ചൻ ഇത്തിരി മീൻ വാങ്ങാൻ നമ്മുടെ കവലയിലേക്കു ചെന്നു  എന്ന് കരുതുക.

എടെ പാക്കരാ, കാര്യം ചോദിക്കുമ്പോൾ നീയൊരു മാതിരി ......

ഹ ...ചൂടാകാതെ കുമാരച്ചാ ... മുഴുവൻ കേൾക്കൂ ... കവലയിൽ നമുക്ക് രണ്ട് മീൻകാരല്ലേ ഉളളൂ .... ചേട്ടൻ നോക്കുമ്പോളതാ നല്ല ഒന്നാംതരം അയല....അങ്ങിനെ തിളങ്ങുന്നു. നല്ല 'ഫ്രഷ് സാധനം. ഇന്നിതു തന്നെ വാങ്ങിയേക്കാം എന്ന് കരുതി ഒന്നെടുത്തു നോക്കിയപ്പോളല്ലേ മനസിലായത് ...ഹോ പഴകി നാറിയ സാധനം ....തൊട്ടാൽ കൈ നാറും ആ പരുവം ...

മനസാ ആ മീൻകാരനെ പ്രാകി  (നേരിട്ടു പറയാൻ ധൈര്യം പോര) അടുത്ത മീൻകാരനെ നോക്കി . അതാ നല്ല ഒന്നാം തരം  മത്തി. ജീവനുണ്ടോ എന്ന് പോലും തോന്നി ....അത്രയ്ക്ക് ഫ്രഷ്. സന്തോഷത്തോടെ ഒരെണ്ണം എടുത്തു നോക്കി. ഹോ ...കുറഞ്ഞത്‌ ഒരു മാസത്തെയെങ്കിലും പഴക്കം കാണും. മണം കേട്ടാലേ ഓക്കാനം വരും...ആരും കാണാതെ താഴെയിട്ടു .

ഒന്ന് കൂടെ ചുറ്റും നോക്കി. അതാ ഒരു പുതിയ മീൻകാരൻ. ഇവിടെയെങ്ങും മുൻപ് കണ്ടിട്ടില്ലല്ലോ? സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് മനസിലായത് ഇടക്കൊക്കെ സൈക്കിളിൽ മീനുമായി വരാറുള്ള പയ്യൻ ആണ് . ഓ ...ഇയാളും തുടങ്ങിയോ? വല്ല നല്ല മീനും കണ്ടേക്കും എന്ന വിചാരത്തോടെ നോക്കി. അയിലയും മത്തിയും ഒന്നുമില്ല ...ഉള്ളത് ആകെ കുറെ നത്തോലി മാത്രം. വാങ്ങണോ ? വേണ്ടയോ? ആകെ സംശയം.

കുമാരച്ചാ, ഇപ്പോൾ കാര്യങ്ങൾ ഏതാണ്ടൊക്കെ മനസിലായോ ? ഇതാണ് നമ്മുടെ കേരളത്തിലെ രാഷ്ട്രീയം. അകലെ നിന്ന് നോക്കുമ്പോൾ തിളങ്ങും, അടുത്തു ചെന്നാലോ നാറും. പിടികിട്ടിയോ ?

ഉവ്വ...ഉവ്വ... പക്ഷെ പാക്കരാ...എന്താ ഇതിനൊരു പോംവഴി? നമ്മൾ എന്നും ഇവരുടെ ഈ "ചീഞ്ഞ മീൻ" തന്നെ തിന്നണം എന്നാണോ?

അല്ല കുമാരച്ചാ ..ഒരു വഴിയുണ്ട്. നമ്മൾ ഈ നാട്ടുകാരെല്ലാം കൂടി ഒരു പുതിയ മീൻ കട അങ്ങ് തുടങ്ങണം. എന്നിട്ട് നമുക്കാവശ്യമുള്ള നല്ല മീനുകൾ വാങ്ങി വില്ക്കണം.നമുക്കെല്ലാം നല്ല മീനും കിട്ടും, ഇവന്മാരുടെ കച്ചോടോം പൂട്ടിക്കാം.

ഓ ..അതൊക്കെ നടക്കുവോടാ പാക്കരാ?

എന്താ നടക്കാത്തെ? പക്ഷെ അതിനു നമ്മൾ നാട്ടുകാർ ആത്മാർത്ഥമായി ശ്രമിക്കണം എന്ന് മാത്രം. ഓ ...പറഞ്ഞു പറഞ്ഞു നേരമങ്ങ് പോയി .....ഇന്ന് പണിക്കുപോയില്ലെങ്കിലേ വൈകിട്ട് ഇത്തിരി മീൻ മേടിക്കാനുള്ള കാശുണ്ടാകില്ല....കുമാരച്ചാ, അപ്പൊ ശരി ..."

ഓ ...ഈ കുഞ്ഞുപാക്കരനൊരു 'പ്രസ്ഥാനം' തന്നെ കേട്ടോ ...എന്ന് മനസിൽ കരുതി പാവം കുമാരച്ചൻ ചായക്കടയിലേക്ക് കയറി.

*** *** ***




















Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]