സമയമില്ല പോലും ....[ലേഖനം]


സമയമില്ല പോലും ....!!


പതിവിൽ  കൂടുതൽ തിരക്കുള്ള ഒരു ദിവസം. ഒരുപാടു ജോലികൾ തീർക്കാനുള്ള ബദ്ധപ്പാടിനിടയിലായിലാണ് മൊബൈൽ ചിലച്ചത്. സുഹൃത്താണ്‌. 

"...എടാ എന്ത് പണിയാ നീ കാണിച്ചത് ? എന്താ നീ ഇന്നലെ പാർട്ടിക്ക് വരാത്തത് ?..."

"സോറി ഡാ ...സമയം കിട്ടിയില്ല ...നിനക്കറിയാമല്ലോ എന്റെ "  ബാക്കി പറയുന്നതിന് മുൻപേ അവൻ കാൾ കട്ട് ചെയ്തു.

വീണ്ടും ജോലിത്തിരക്കിലേക്ക്. ലഞ്ച് ബ്രേക്കിന്  വീണ്ടും അടുത്ത കാൾ. അടുത്ത ഒരു  ബന്ധുവാണ്.

"...എടാ എന്ത് പണിയാ നീ കാണിച്ചത് ? എന്താ നീ ശനിയാഴ്ച്ച സീതേടെ  കല്യാണത്തിനു വരാത്തത്?"

"സോറി അങ്കിളേ  ...സമയം കിട്ടിയില്ല ...അങ്കിളിനു അറിയാമല്ലോ എന്റെ തിരക്ക് "  ബാക്കി പറയുന്നതിന് മുൻപേ അങ്കിൾ കാൾ കട്ട് ചെയ്തു.

*  *  *  *

സംഭാഷങ്ങണങ്ങൾ നമുക്ക് വളരെ പരിചിതമല്ലേ? ഒരു ദിവസം തന്നെ നമ്മൾ ഉത്തരങ്ങൾ എത്ര തവണ ആവർത്തിക്കുന്നു ? ജീവിതത്തിൽ ഒരിക്കലെങ്കിലും " ..എനിക്കിഷ്ടം  പോലെ സമയം ഉണ്ട് " എന്ന് പറയുന്ന ഒരാളെയെങ്കിലും നിങ്ങൾ ഇതുവരെ പരിചയപ്പെട്ടിട്ടുണ്ടോ?

ആർക്കും സമയമില്ല....ഒന്നിനും.

രാവിലെ എണീറ്റാൽ പിന്നെ ഒന്നിനും സമയമില്ല. പ്രഭാതഭക്ഷണം ഉണ്ടാക്കാൻ സമയമില്ല, കുട്ടികളെ സ്കൂളിൽ വിടാൻ സമയമില്ല, അത് കഴിഞ്ഞു സ്വയം കുളിച്ചൊരുങ്ങാൻ സമയമില്ല, പ്രഭാതഭക്ഷണം കഴിക്കാൻ സമയമില്ല, ഓഫീസിൽ സമയത്ത് എത്താൻ സമയമില്ല, ഇനി എത്തിയാൽ തന്നെ ജോലിചെയ്തു തീർക്കാൻ സമയമില്ല, ഉച്ചഭക്ഷണം ഒന്ന് സ്വസ്ഥമായി കഴിക്കാൻ സമയമില്ല, വൈകുന്നേരം സമയത്തിറങ്ങാൻ സമയമില്ല, ബസ്‌ സ്റ്റോപ്പിലോ വഴിയിലോ കാണുന്ന പരിചയക്കാരെ കണ്ടു ഒന്ന് മിണ്ടാൻ (എന്തിനു ഒന്ന് ചിരിക്കാൻ) പോലും സമയമില്ല.

സൂപ്പർ മാർക്കറ്റിൽ കളയാൻ സമയമില്ലാത്തത് കൊണ്ട് ഓർഡർ എല്ലാം മൊബൈൽ വഴിയാക്കി. ഹോം ഡെലിവറി ഉണ്ടല്ലോ.

വീട്ടിലെത്തിയാൽ ആരോടും ഒന്ന് മിണ്ടാൻ സമയമില്ല. അത്താഴം ഉണ്ടാക്കാൻ സമയമില്ലാത്തതിനാൽ അതും ഫോണ്‍  വഴി ഓർഡർ ചെയ്യാം.

രാവിലെ മറിച്ചു നോക്കാൻ പോലും തയ്യാറാകാത്ത ദിനപത്രം ഒന്ന് വായിക്കാൻ  സമയമില്ല. ഓണ്‍ ചെയ്തു വച്ചിരിക്കുന്ന TV ഒന്ന് നോക്കാൻ സമയമില്ല. 

എന്തിന് ? ഒരു ദിവസം മുഴുവൻ നീണ്ട 'സമയമില്ലായ്മ' കഴിഞ്ഞു ഒന്ന് സ്വസ്ഥമായി 'ബാത്ത് റൂമിൽ' പോകാൻ പോലും സമയമില്ല...!!

 **********

കഷ്ടം. ഈ തിരക്കുകൾക്കിടയിൽ നമ്മൾ എപ്പോളാണ് ജീവിക്കുന്നത് ?
ഓ മറന്നു...ഈ തിരക്കുകൾക്കിടയിൽ "ജീവിതം"........
അതിനേക്കുറിച്ചോർക്കാൻ നമുക്കെവിടെ സമയം...അല്ലേ ?

**********

ഇല്ലാത്ത സമയത്തിൽ നിന്നും വെറും 10 നിമിഷം എടുത്ത് ഒന്നോർക്കുക.

1. ഒരു ദിവസം എന്നത് 24-മണിക്കൂർ മാത്രമാണ് 
2. ശരാശരി 7-മണിക്കൂർ ഉറങ്ങുന്നു, ബാക്കി 17 -മണിക്കൂർ
3. പ്രഭാതകൃത്യങ്ങൾ + കുളി = 30 min; പ്രഭാതഭക്ഷണം = 15-min ; വസ്ത്രധാരണം = 15-min; ബാക്കി 16-മണിക്കൂർ
4. ഒരു ദിവസത്തെ ശരാശരി യാത്ര = 3-മണിക്കൂർ ; ബാക്കി 13-മണിക്കൂർ
5. ഓഫീസിൽ ശരാശരി 9-മണിക്കൂർ; ബാക്കി 4-മണിക്കൂർ
6. ഷോപ്പിംഗ്‌ ശരാശരി 1 -മണിക്കൂർ; ബാക്കി 3-മണിക്കൂർ
7. വൈകിട്ട് വീട്ടിലെത്തി ഡ്രസ്സ്‌ മാറി ചായ കുടിക്കാൻ ആകെ 30 min; കുളി = 15 min; പത്രവായന= 15 min; ബാക്കി 2 -മണിക്കൂർ.
8. ഫോണ്‍ കാൾ, ഫേസ് ബുക്ക്‌ , വാട്ട്‌ സ് ആപ്  = ശരാശരി 1-മണിക്കൂർ; ബാക്കി 1  -മണിക്കൂർ.
9. ഭാര്യയോട് (ഭർത്താവിനോട്) അല്ലെങ്കിൽ കുട്ടികളോട് 'വഴക്കടിക്കാൻ' 30 min ; ബാക്കി 30 -min 
10. അത്താഴം കഴിക്കാൻ 30 min; ബാക്കി 'പൂജ്യം''.

ഇതിനിടയിൽ ഒന്ന് 'നെടുവീർപ്പിടാൻ' നമുക്കെവിടെ 'സമയം' ? 
അപ്പോൾ സത്യത്തിൽ 'സമയമില്ല' അല്ലെ ?

********
ദിവസത്തിന്റെ നീളം 24-മണിക്കുറിൽ കൂടുതലാക്കാൻ നമുക്കാവില്ല. അതുകൊണ്ടു തന്നെ അതിനെക്കുറിച്ചാലോചിച്ചു സമയം കളയുന്നതിൽ ഒരർത്ഥവുമില്ല. പകരം ആ 24-മണിക്കൂർ എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കാം എന്നല്ലേ നാം ആലോചിക്കേണ്ടത് ?

24-മണിക്കുറിൽ കിട്ടുന്ന സമയം കൊണ്ട്, കുടുംബത്തിലേയും ഓഫീസിലെയും അന്തരീക്ഷം സൗഹൃദപരമായി നിലനിർത്തുക. വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും ഊഷ്മളമായി മുന്നോട്ടു കൊണ്ട് പോകുക. 
********
ഓർക്കുക.
നമ്മുടെ പഴയ തലമുറ ഇതെല്ലാം ചെയ്തിരുന്നു. നമ്മളെക്കാൾ സന്തോഷത്തോടെ ഇവിടെ ജീവിച്ചിരുന്നു. ജോലിയും, കുടുംബവും, ബന്ധങ്ങളും, സൗഹൃദങ്ങളും ഒക്കെ നന്നായി കാത്തു സൂക്ഷിച്ചിരുന്നു. അവർക്ക് എല്ലാത്തിനും 'സമയം' ഉണ്ടായിരുന്നു. 

ഇനി, അന്ന് ഒരു ദിവസം എന്നുള്ളത് 24-മണിക്കൂർ തന്നെ ആയിരുന്നില്ലേ ??

സ്നേഹത്തോടെ,
ബിനു 





Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]