പുതിയ മന്ത്രിസഭ; പുത്തൻ പ്രതീക്ഷകൾ [ലേഖനം/നിവേദനം]

പുതിയ മന്ത്രിസഭ; പുത്തൻ പ്രതീക്ഷകൾ


കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. പുതിയ മുഖ്യമന്ത്രി, മന്ത്രിമാർ, പുത്തൻ പ്രതീക്ഷകൾ........

പുതിയ ഈ മന്ത്രിസഭക്ക് മുൻപിൽ ലളിതമായ രണ്ടു നിർദ്ദേശങ്ങൾ മാത്രം സമർപ്പിക്കുന്നു.

1. ഓരോ മന്ത്രിയുടെയും പേഴ്സണൽ സ്റ്റാഫിൽ 25 പേർ വീതമുണ്ടല്ലോ ? പൊതു ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും (ഇമെയിൽ വഴി) സ്വീകരിക്കുവാൻ കഴിയുന്ന തരത്തിൽ, ഓരോ മന്ത്രിയും ഒരു മെയിൽ-ഐഡി ഉണ്ടാക്കുക. എന്നിട്ട് അത്തരം മെയിലുകൾ കാര്യക്ഷമമായി കൈകാരം ചെയ്യുന്നതിനായി മേല്പ്പറഞ്ഞ 25 പേരിൽ ഒരാളെ ചുമതലപ്പെടുത്തുക.

ഇമെയിൽ കിട്ടിയാൽ ഉടൻ അയച്ച ആൾക്ക് ഒരു ട്രാക്കിംഗ് നമ്പർ നല്കുക. പിന്നീട് ആ നമ്പർ വഴി അതതു സമയത്തെ സ്റ്റാറ്റസ് നോക്കാനുള്ള ഒരു സംവിധാനവും ഏർപ്പെടുത്തുക.

ഇങ്ങനെ ലഭിക്കുന്ന നല്ല നിർദ്ദേശങ്ങൾ നടപ്പാക്കുകയും അല്ലാത്തവ നിരസിക്കുകയും ചെയ്യുക. എന്തായാലും സ്റ്റാറ്റസ് അയച്ച ആളിനെ അറിയിക്കുക. അല്ലെങ്കിൽ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുക.

[ മുൻപും, നിലവിലും ഇത്തരം നിരവധി സംവിധാനങ്ങൾ (അല്ലെങ്കിൽ സമാന സ്വഭാവമുള്ളവ) ഉണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷെ അതിൽ എത്ര എണ്ണം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്? ആരാണ് അതിന്റെ ഉത്തരവാദിത്വപ്പെട്ട ആൾ?]

ഇനി മറ്റൊന്ന് കൂടി. ഈ ഒരു സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയാൽ, ജനങ്ങൾക്ക്‌ ആവശ്യമുള്ള കാര്യങ്ങൾ എന്ത് എന്ന് സർക്കാരോ ഉദ്യോഗസ്ഥവൃന്ദമോ തലപുകഞ്ഞു ആലോചിക്കേണ്ടതില്ല, മറിച്ചു ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ അവർ ഇതുവഴി നിർദ്ദേശിക്കും. അത് നടപ്പിലാക്കാൻ പറ്റുന്നതാണോ അല്ലയോ എന്ന് സർക്കാരും ഉദ്യോഗസ്ഥരും കൂടി വിശകലനം ചെയ്യുകയും, നല്ല രീതിയിൽ നടപ്പിലാക്കുകയും ചെയ്‌താൽ മാത്രം മതിയാകും.


2. സർക്കാരിന്റെ വിവിധ വകുപ്പുകൾ ഉൾപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഒരു inter-departmental സംവിധാനം ഒരുക്കുക. (നിലവിൽ പൊതുജനം/അപേക്ഷകൻ ഇത്തരം കാര്യങ്ങൾക്കു വേണ്ടി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കയറിയിറങ്ങേണ്ട ഗതികേടിലാണല്ലോ?).

ഉദാഹരണത്തിന്:
ഇക്കഴിഞ്ഞ ദിവസം എന്റെ നാട്ടിൽ സംഭവിച്ച ഒരു കാര്യം തന്നെ എടുക്കുക. ശക്തമായ കാറ്റിലും മഴയിലും മെയിൻ റോഡരുകിലെ ഒരു വസ്തുവിൽ നിന്നിരുന്ന വന്മരം കടപുഴകി തൊട്ടടുത്ത മറ്റൊരു മരത്തിൽ തങ്ങി നിന്നു. ചെറിയൊരു കാറ്റു കൂടി വീശിയാൽ രണ്ടു മരങ്ങളും കൂടി വൈദ്യുതിലൈനും പോസ്റ്റുകളും തൊട്ടടുതത ഒരു വീടും തകർത്ത് റോഡിലേക്ക് വീഴുകയും ചെയ്യും. ഇതിനൊക്കെ പുറമേ, അനേകം ആളുകൾ തൊട്ടടുത്ത ജംഗ്ഷനിലേക്ക് പോകുന്ന ഒരു നടവഴി കൂടി അടച്ചുകൊണ്ടാകും ഈ വൈദ്യുതിലൈൻ പൊട്ടി വീഴുക. രാത്രിയിൽ ധാരാളം അന്യസംസ്ഥാന തൊഴിലാളികൾ മൊബൈൽ വെളിച്ചത്തിൽ നടക്കുന്ന വഴിയാണ് അതെന്നുകൂടി ഓർക്കണം. മാത്രമല്ല ജൂൺ-1 നു സ്കൂൾ തുറക്കുമ്പോൾ നിരവധി കുട്ടികളും രക്ഷിതാക്കളും നടക്കുന്നതും ഈ വഴിയിൽകൂടി തന്നെ.

ഇത്ര ഗുരുതരമായ ഈ അവസ്ഥയിൽ, നിർഭാഗ്യമെന്നു പറയട്ടെ ഈ സ്ഥലത്തിന്റെ ഉടമയെ കണ്ടെത്താനുമായില്ല. വളരെ ദൂരെയെവിടെയോ ആണ് എന്നല്ലാതെ മറ്റൊരു വിവരവും ആർക്കുമില്ല. എങ്കിലും ഞങ്ങൾ EB
യിൽ വിളിച്ചു. അവരുടെ മറുപടി "...മരം മറിഞ്ഞു വീഴാതെ ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല. നിങ്ങൾ തന്നെ വെട്ടണം. വേണമെങ്കിൽ ഞങ്ങൾ ലൈൻ ഓഫ്‌ ആക്കി തരാം ..." എന്നായിരുന്നു. അടുത്തതായി ഫയർഫോഴ്സിൽ വിളിച്ചു. മറുപടി "...മരം വീണു വഴി ബ്ലോക്ക്‌ ആയാൽ മാത്രമേ ഞങ്ങൾക്കു വെട്ടാൻ പറ്റൂ. അല്ലാതെ പറ്റില്ല. നിലവിലെ നിയമം അങ്ങിനെയാണ്...".

അവസാനം ഞങ്ങൾ നാട്ടുകാർ കൂടി വെട്ടാൻ തീരുമാനിച്ചു. അപ്പോളാണ് അടുത്ത പ്രശ്നം. മരം വെട്ടിക്കഴിഞ്ഞു സ്ഥലത്തിന്റെ ഉടമ പരാതി കൊടുത്താൽ പ്രശ്നമാകും. പിന്നെ നേരെ പോലീസ് സ്റ്റേഷനിൽ പോയി അപേക്ഷ നല്കി. അവിടെയും മറുപടി ഏതാണ്ട് മുൻപറഞ്ഞതു പോലെ തന്നെ. "...വെട്ടിക്കോളൂ,  പക്ഷെ ഉടമ പിന്നീട് പരാതി നല്കിയാൽ ഞങ്ങൾക്കു നടപടി എടുക്കേണ്ടി വരും....". പിന്നെ എന്താണ് വേറെ വഴി എന്ന് ചോദിച്ചപ്പോൾ  "...നിങ്ങൾ ജില്ലാകളക്ടറെ കണ്ടു ഒരു അപേക്ഷ കൊടുക്കൂ. അതാവും നല്ലത്.." എന്നായിരുന്നു മറുപടി.

[ഇതാണ് നിലവിലുള്ള നമ്മുടെ ചില നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും അപ്രായോഗികതയും നൂലാമാലകളും]

ഇത്രയുമായപ്പോൾ നാട്ടുകാരിൽ പലരും പിന്മാറി. എന്നാൽ ഒരുപക്ഷെ സംഭവിച്ചേക്കാവുന്ന ഒരു ദുരന്തം ഓർത്തപ്പോൾ ഞങ്ങളിൽ ചിലർക്ക് അതിനു മനസ് വന്നില്ല . ഒരുപാട് ബുദ്ധിമുട്ടി ആ സ്ഥലത്ത് വരാറുള്ള ഒരു തെങ്ങുകയറ്റ തൊഴിലാളിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു. അതു വഴി ഈ സ്ഥലത്തിന്റെ ഉടമയുടെ ബന്ധുവിനെ കണ്ടെത്തി. അങ്ങിനെ അവസാനം അവർ ആ മരങ്ങൾ മുറിച്ചു മാറ്റി. ഏതാണ്ട് 15 ദിവസങ്ങൾക്കു ശേഷം !

ഇതിനിടയിൽ എന്തെങ്കിലും ഒരു അത്യാഹിതം സംഭവിച്ചിരുന്നെങ്കിൽ? അപ്പോൾ മാത്രമാകും എല്ലാവരും ഓടിക്കൂടുക. കണ്ണീരൊഴുക്കുക.

ഇനി, നിങ്ങൾ ചിന്തിച്ചേക്കാം ഈ സംഭവത്തിൽ EB ക്ക് എന്ത് ചെയ്യാൻ പറ്റും എന്ന്. അല്ലെ? പറയാം.
ഇത്തരം ഒരു അപേക്ഷ കിട്ടിയാൽ EB ഉടൻ തന്നെ സ്ഥലപരിശോധന നടത്തുക. എന്നിട്ട് സ്വന്തം ചിലവിൽ മരം വെട്ടി മാറ്റുക. മുകളിൽ പറഞ്ഞ inter-departmental സംവിധാനം വഴി വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക. സ്ഥലമുടമയുടെ വിലാസം കണ്ടെത്തി, ചിലവായ തുകയുടെ ബില്ല് ഉൾപ്പെടെ 15-ദിവസത്തിനുള്ളിൽ അടക്കാൻ ആവശ്യപ്പെട്ടു രജിസ്റ്റർ ലെറ്റർ അയക്കുക. മറുപടി ഇല്ലെങ്കിൽ inter-departmental സംവിധാനം വഴി തന്നെ ആ സ്ഥലത്തെ പോലീസ് സ്റ്റേഷനും ആയി ബന്ധപ്പെട്ടു ഉടമയെ കണ്ടെത്തി പിഴ ഈടാക്കുക. ഇത്തരം പിഴ അടക്കാൻ ഇന്റർനെറ്റ്‌ ബാങ്കിംഗ് സങ്കേതം ഉപയോഗപ്പെടുത്താവുന്നതാണ്.

എത്ര ലളിതമാണ് ? അല്ലെ ?


വേണമെന്നു വച്ചാൽ ഇത്തരം എത്രയോ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ നല്കും? അവയിൽ കുറെയെങ്കിലും നടപ്പിലാക്കിയാലോ ? നമ്മുടെ നാടെത്ര മാറിയേനെ അല്ലെ ?

** അനുബന്ധം: ഒരു കാര്യം കൂടി സന്ദർഭവശാൽ സൂചിപ്പിക്കട്ടെ. നിലവിലുള്ള നടപടിക്രമങ്ങളുടെ പോരായ്മ കൊണ്ട്,ആവശ്യപ്പെട്ട കാര്യം നടത്തിത്തരുവാൻ ആയില്ല എങ്കിൽകൂടി, മേല്പ്പറഞ്ഞ മൂന്നു വകുപ്പുകളിൽ നിന്നും വളരെ മാന്യമായ പെരുമാറ്റമായിരുന്നു ഞങ്ങൾക്കു കിട്ടിയത്. 

*************



*************
binumonippally.blogspot.in




Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]