ജിഷ [മാതൃഭൂമി ദിനപത്രത്തിൽ (8-ജൂൺ-2016) പ്രസിദ്ധീകരിച്ച കവിത]
ജിഷ
'പെൻക്യാമറ'യ്ക്കുള്ളിലഭയം തിരഞ്ഞോരു
പെണ്ണായിരുന്നവൾ പക്ഷെ,
പെണ്ണായ് പിറന്നുപോയ് എന്നോരു തെറ്റിന്നു-
ജീവൻ വെടിഞ്ഞവൾ പാവം
കുത്തിമറച്ചൊരാ തകരവാതില്പ്പാളി
കുത്തിത്തുറന്നവനെത്തി, പെരും-
പാമ്പിന്റെയൂരുമായ് കാമാർത്തനായവൻ
കാറിക്കരഞ്ഞവൾ പാവം
ഒക്കെ കഴിയവേ നാട്ടുകാർ നാമെത്തി
ഹർത്താൽ നടത്തിയതു കൃത്യം
രാപ്പകൽ സമരങ്ങൾ, തിരി തെളിക്കൽ
പിന്നെ, മൗനമായ് ജാഥകൾ, തീർന്നു
'കർത്തവ്യ'മെല്ലാം നടത്തിപ്പതുക്കെയാ
നാട്ടുകാരെല്ലാം പിരിയെ,
നെഞ്ചിന്റെയുള്ളിലെ ഗദ്ഗദം
തേങ്ങലായ് പാവമാം അമ്മ വിതുമ്പി
പെണ്ണേ നിൻ മാനത്തിൻ കാവലായ്
നില്ക്കുവാൻ, അയലത്തുകാരൊന്നുമെത്താ;
പെണ്ണേ നിൻ മാനം കാക്കുവാൻ
എപ്പോഴും, കയ്യിൽ കരുതൂ കഠാരി !!
======
** ഏതോ കാപാലികന്റെ കയ്യാൽ പൊലിഞ്ഞുപോയ, പെരുമ്പാവൂരിലെ ജിഷയുടെ നീറുന്ന ഓർമ്മകൾക്കു മുൻപിൽ സമർപ്പിക്കുന്നു.
*************
binumonippally.blogspot.in
Comments
Post a Comment