യാത്രാമൊഴി [കവിത]
യാത്രാമൊഴി
പടിവാതിൽ ചാരത്തു നില്ക്കെ
കരയിൽ നിന്നകലുന്ന തിരമാല പോലെന്റെ
ഓർമ്മകൾ പുറകോട്ടു പാഞ്ഞു
പതയുന്ന യൗവ്വനം തനുവാകെ നിറയുന്ന
ഭൂതകാലത്തിന്റെ തികവിൽ
മുൻപിന്നു നോക്കാതെ അവിവേകിയായ ഞാൻ
കർമ്മങ്ങളെന്തൊക്കെ ചെയ്തു ?
കരിമഷിയെഴുതിയ കണ്ണുകൾ കണ്മുൻപിൽ
നിറവായി നിനവായി നിന്നോ-
രന്നിന്റെ ലാവണ്യ മാസ്മര ലഹരിയിൽ
ആമോദമാർത്തുല്ലസിച്ചു.
അവനി തൻ അതിരുകൾ തീരെ
കുറവെന്നു ഞാനന്നു മനസ്സിൽ കുറിച്ചു
കാണാത്ത കാഴ്ചകൾ കാണുവാൻ,
എത്താത്ത കനിയൊക്കെയെത്തിപ്പിടിക്കുവാൻ
കണ്മുന്നിൽ തെളിയുന്ന സൗന്ദര്യമൊക്കെയും
തനിയെ കരഗതമാക്കീടുവാൻ.
കാമുകിമാരൊക്കെ കാണാൻ കൊതിക്കുന്ന
കാർവർണ്ണനായങ്ങു മാറീടുവാൻ
ഞാനന്നു മോഹിച്ചിരുന്നതിൽ തുച്ഛമേ
പിന്നീട് ബാക്കിയായുള്ളൂ
തീരാത്ത മോഹമായ് ദാഹമായ് യൗവ്വനം
ദാഹാർത്തമായ് പെയ്തിറങ്ങെ
വേണം ഇനി കുറെ 'സമ്പാദ്യ'മെന്നുള്ള
ചിന്തയന്നെന്നുള്ളിൽ നിറയെ
പിന്നെ, പണത്തിന്റെയധികാരിയാകുവാൻ
കൈമെയ് മറന്നു ഞാനോടി
ഒരുപാടു കള്ളങ്ങൾ കള്ളത്തരങ്ങളും
ഒരു പക്ഷെ അതിലൂർന്നു വീഴാം
പ്രതിബന്ധമൊക്കെയും തച്ചുടച്ചന്നു ഞാൻ
അശ്വമേധം പോൽ കുതിക്കെ
പൊട്ടിത്തകർന്നൊരാ സ്നേഹബന്ധങ്ങളെ
പുച്ഛിച്ചു ഞാനന്നു തള്ളി
ഒരുപാടു കണ്ണുനീർ ചിതറിയാ വഴിയിലെ
വഴിപോക്കരൊന്നുമെൻ ഹൃത്തിൽ
ഒരുമാത്ര പോലും തങ്ങിനിന്നില്ല ഞാൻ
മിഴിയടച്ചല്ലേ കുതിച്ചൂ !!
പൊട്ടിത്തകരുന്ന ജീവിത യാനത്തിൻ
'ചില്ലാര' ശബ്ദങ്ങളന്നെൻ
അശ്വത്തിനായം പതിന്മടങ്ങാക്കുന്ന
'ഉത്തേജക' ങ്ങളായ് മാറി !!
* * * *
ഒടുവിൽ ഞാനാശിച്ച ലക്ഷ്യത്തിലേക്കങ്ങ-
വശനായ് ആർത്തനായ് എത്തേ,
അതു വീണ്ടുമകലെയായ് കാണാത്തദൂരത്തു
കണ്മുന്നിലെങ്ങോ മറഞ്ഞു
ഒന്നുണ്ടു കേവലമാശ്വാസമേകുവാൻ
അതു മാത്രമാണെന്റെ നേട്ടം
ഒരുപാടു കണ്ണുനീർ വീണൊരെൻ പാതയിൽ
തെല്ലും പടർന്നില്ല രക്തം !!
ഒരുപാടു കണ്ണുനീർ ഒഴുകിപ്പടർന്നൊരാ-
കറയേറ്റ ജീവിതശ്ശീല
ഒട്ടുമേ ചെന്നിറം ഏറ്റിയിട്ടില്ലതിൽ
ഒരു തുള്ളി രക്തവും സത്യം !!
മണ്ണിതിൽ ജീവന്റെ അർത്ഥമില്ലായ്മകൾ
പതിയെയറിഞ്ഞു ഞാൻ നില്കെ
പിന്തിരിഞ്ഞോടുവാൻ കഴിയില്ല കാരണം
പിന്നിട്ട വഴി ഞാൻ തകർത്തു
മുന്നോട്ടു പോകുവാൻ കഴിയില്ല കാരണം
മുന്നിലെ വഴിയിന്നു തീർന്നു
വഴിമുട്ടിയയനത്തിനറുതി വരുത്തുന്ന
പാവമാം വഴിപോക്കനെപ്പോൽ
ജീവിത യാത്ര ഞാൻ തീർക്കുന്നു
കേവല, നൈരാശ്യമോടൊട്ടു തന്നെ...!!
******************
[originally written on 12/06/2000]
*************
binumonippally.blogspot.in
*ചിത്രത്തിന് കടപ്പാട്: Google Images
Comments
Post a Comment