നന്മ മരമായ്, മറുനാട്ടിൽ ഒരു മലയാളിക്കൂട്ടം [ലേഖനം]
[ലേഖനം]
പകൽ മുഴുവൻ നീണ്ട തിരക്കിൻറെ ആ ആലസ്യം തീർക്കാൻ, പതിവുള്ള സായാഹ്‌ന ചായ കുടിയ്ക്കുന്ന സമയത്താണ്, തികച്ചും അപ്രതീക്ഷിതമായി, ഭാരതത്തിന്റെ പൂന്തോട്ട നഗരത്തിൽ നിന്നും ആ ഫോൺ കാൾ എന്നെ തേടിയെത്തിയത്.
ബെംഗളുരൂ 'സുവർണ കർണാടക കേരള സമാജ'ത്തിൽ (SKKS) നിന്നും ആയിരുന്നു ആ വിളി.
സമാജത്തിന്റെ വാർഷിക ആഘോഷമായ 'സുവർണ സംഗമം 2020'- നോടനുബന്ധിച്ച്, അവർ ഒരു സ്മരണിക പുറത്തിറക്കുന്നുവെന്നും, അതിലേക്കായി ഒരു സാഹിത്യരചന വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. സന്തോഷത്തോടെ അതു ഞാൻ സ്വീകരിയ്ക്കുകയും പിന്നീട് അയച്ചു കൊടുക്കുകയും ചെയ്തു.
മിയ ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങളും, സിദ്ധാർഥ് മേനോൻ , അഞ്ജു ജോസഫ് തുടങ്ങിയ പ്രശസ്ത ഗായകരും, ഒക്കെ പങ്കെടുത്ത നിറപ്പകിട്ടാർന്ന ആ ഒത്തുചേരലിൽ, നേരിട്ട് പങ്കെടുക്കാൻ ആയില്ലെങ്കിലും, സംഘാടകർ അയച്ചു തന്ന വീഡിയോ ചിത്രങ്ങളിലൂടെ, അതു ഞാനും കണ്ടാസ്വദിച്ചു.
സത്യം പറയട്ടെ. ബെംഗളൂരു, മൈസൂർ, മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിലെ, എന്റെ ആ ഗതകാല-പ്രവാസ-ജീവിതത്തിന്റെ നിറമുള്ള ഓർമ്മകൾ, അറിയാതെ മനസ്സിൽ അലകൾ ഉയർത്തുകയും ചെയ്തു.
മുൻ വർഷങ്ങളിലും, സുരേഷ്‌ഗോപി, ദിലീപ്, നാദിർഷ, ഇന്നസെന്റ്, കാവ്യാ മാധവൻ, ജയറാം, ടോംസ് തുടങ്ങി പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെയായിരുന്നുവത്രേ സുവർണ സംഗമങ്ങളിൽ പങ്കെടുത്തത്.
സ്വാഭാവികമായും, ഈ സംഘടനയെ പറ്റി കൂടുതൽ അറിയുന്നതിലേക്കായി, ബെംഗളുരുവിലുള്ള ചില സുഹൃത്തുക്കൾ വഴി അന്വേഷിച്ചു.
2011 മുതൽ, വളരെ വിപുലമായ രീതിയിൽ പ്രവർത്തിയ്ക്കുന്ന ഒന്നത്രേ 'സുവർണ കർണാടക കേരള സമാജം (ഈസ്റ്റ് സോൺ)'. കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല അവർ.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കായി, തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ പ്രവർത്തിയ്ക്കുന്ന സുവർണ ക്ലിനിക്, അതിൽ എടുത്തു പറയേണ്ടതാണ്. നിർദ്ധനരായ ആളുകൾക്ക് പൂർണ്ണമായും സൗജന്യമാണ് ഇവിടെ ചികിത്സ. പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ എല്ലാ ചികിത്സകളും ലഭ്യമാകുന്ന, ഒരു മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഇതിനെ ഉയർത്തുക എന്നതാണ് സമാജത്തിന്റെ അടുത്ത ലക്ഷ്യം.
കൂടാതെ, വിവിധ മെഡിക്കൽ ക്യാമ്പുകൾ, ആധാർ ക്യാമ്പുകൾ, കുട്ടികൾക്കായുള്ള പഠന ക്യാമ്പുകൾ, പുസ്തക പ്രദർശനങ്ങൾ, പരിസ്ഥിതി ബോധവൽക്കരണം എന്നിങ്ങനെ പല തലങ്ങളിൽ, വളരെ സജീവമാണ് സമാജത്തിന്റെ പ്രവർത്തനങ്ങൾ. വിവിധ കലാ-കായിക മത്സരങ്ങളും ഇവർ സംഘടിപ്പിയ്ക്കാറുണ്ട്.
കൂടെ, തങ്ങളുടെ കുട്ടികൾ മാതൃഭാഷ മറക്കാതിരിയ്ക്കാൻ, മലയാള പഠന ക്‌ളാസുകളും നടത്തുന്നു.
വിഷു, ഓണം,ക്രിസ്തുമസ്, ബക്രീദ് എന്നിങ്ങനെ മലയാളികളുടെ എല്ലാ ആഘോഷവേളകളും അവർ ഗംഭീരമായി കൊണ്ടാടുന്നു.
പക്ഷേ, ഇതിനേക്കാളൊക്കെ എന്നെ ആകർഷിച്ചത് മറ്റൊന്നാണ്. അതിവരുടെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ്.
നമ്മുടെ സ്വന്തം നാട് പ്രളയത്തിൽ മുങ്ങിയപ്പോൾ, അവർ ഈ മലയാള നാടിനു വേണ്ടി നീട്ടിയ കൈത്താങ്ങ്. ലക്ഷങ്ങളുടെ നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളുമാണ് അന്നിവർ ആലപ്പുഴ, വയനാട് തുടങ്ങിയ ജില്ലകളിലേക്ക് കയറ്റി അയച്ചത്.
ഏറെ വൈകിയെങ്കിലും, കേരളത്തിന്റെ പേരിൽ ആ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ.
ഇനി, ഈ കൊറോണക്കാലത്താകട്ടെ, അവർ വീണ്ടും തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത വെളിപ്പെടുത്തുന്നു. ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന സമൂഹത്തിലെ ആ പാവങ്ങൾക്ക്, ദിവസേന 150 ലേറെ ഭക്ഷണപ്പൊതികൾ ആണ് തികച്ചും സൗജന്യമായി, ഇവർ ഇപ്പോൾ വിതരണം ചെയ്യുന്നത്.
പ്രിയ വായനക്കാരേ,
ഇപ്പോൾ ഞാൻ ഈ ചെറു കുറിപ്പ് എഴുതുന്നത്, ഇവരുടെ പ്രവർത്തനങ്ങളെ പ്രശംസിയ്ക്കാൻ മാത്രമല്ല; കൂടെ, ഇവരുടെ സഹായം ആവശ്യമുള്ള ആരെയെങ്കിലും (ബെംഗളൂരുവിലെ ഇവരുടെ പ്രവർത്തന മേഖലയിൽ) നിങ്ങൾക്ക് അറിയാമെങ്കിൽ, ഉടൻ ഇവരെ ബന്ധപെടുക എന്ന് പറയാൻ കൂടിയാണ്.
Chairman : 9844 017 145
Convenor : 98450 81006
http://www.skksblreast.com
Suvarana Karnataka Kerala Samajam,
#30 & 31, 2nd Cross, Oil Mill Road,
St. Thomas Town, Bangalore - 560 084
ഏവർക്കും ആയുരാരോഗ്യസൗഖ്യം നേർന്നു കൊണ്ട്,
സ്നേഹപൂർവ്വം,
ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
mail: binu.monippally@gmail.com
ഈ ലേഖനത്തിന്റെ ശബ്ദചിത്രത്തിനായ് സന്ദർശിയ്ക്കുക:
***********
[സുവർണസംഗമം സ്മരണികയിൽ പ്രസിദ്ധീകരിച്ച ആ കവിത താഴെ ചേർക്കുന്നു]
[സുവർണസംഗമം സ്മരണികയിൽ പ്രസിദ്ധീകരിച്ച ആ കവിത താഴെ ചേർക്കുന്നു]
പറക്കമുറ്റുമ്പോൾ..... [കവിത]
പറക്കമുറ്റവേ പറന്നകലുമാ -
കിളിക്കുഞ്ഞിൻ കണ്ണിൽ കനവ് പൂക്കുന്നു
ചിറകടിച്ചു ഞാൻ പറന്നിടും ചിരം
അനന്തമാകുമീ ഗഗനവീഥിയിൽ !
വിയർത്തൊലിയ്ക്കുമാ കതിരവന്നു ഞാൻ
ചിറകുവീശിയും കുളിരു നൽകിടും
പശിയതേറവേ പറന്നുചെന്നു ഞാൻ
മധുരമൂറുമാ ഫലങ്ങൾ തിന്നിടും
തണൽ വിരിയ്ക്കുമാ മരങ്ങൾ തന്നുടെ
ഉയർന്ന ചില്ലയിൽ തളർന്നുറങ്ങിടും
'അരുത്' ചൊല്ലുവാൻ അരികിലില്ലമ്മ
സ്വതന്ത്രനായി ഞാൻ പറന്നു പാറിടും !
***
പറക്കമുറ്റവേ പറന്നു പോയൊരാ -
കുരുന്നു പൈതലിൻ കനലു ചിന്തയിൽ
ഉരുകിയെന്നുമാ മനം തപിക്കുന്നു
കരഞ്ഞു കണ്ണുനീരുറവ വറ്റിയ
മിഴികളിന്നുമാ നിഴലു തേടുന്നു
ചിറകടിച്ചവൻ തളർന്നിരിക്കുമോ?
കുരലുണങ്ങവേ ഉറവ* കാണുമോ?
പശിയടക്കുവാൻ ഫലങ്ങൾ കാണുമോ?
തളർന്നുറങ്ങുവാൻ ഇടം കിടയ്ക്കുമോ?
ചിറകടിയിലെൻ വിയർപ്പു ചേർന്നുകൊണ്ടു -
റങ്ങിയാണവൻ ഉണർന്നതെന്നുമേ!
***
പരുന്തു മൂങ്ങയും കുറുനരികളും
അലഞ്ഞു മേവുമാ വിപിനമാകവേ
തളർന്നുറങ്ങുമാ കുരുന്നു പൈതലിൻ
അവസ്ഥ പാടുവാനശക്തനാണു ഞാൻ!
ഉറച്ചു ചൊല്ലിടാം ഒരമ്മതൻ ചിറ-
കേകുമാ സുഖം വേറെ കിട്ടിടാ
അമ്മ ചൊല്ലിടും 'അരുതു' പോലും നിൻ
രക്ഷയെന്നു നീ അറിഞ്ഞുകൊള്ളുക
നിറഞ്ഞു തൂവരുതമ്മ തൻ കണ്ണുകൾ
അരുമപൈതലിൻ വിയോഗമോർത്തിനി
കരുതണം, മക്കൾ കരുതി വാഴണം
തപിച്ചിടാതെയാ മനസ്സു കാക്കണം !!
*********
*നീരുറവ
ശാരീരിക അകലം
സാമൂഹിക അവബോധം
മാനസിക അടുപ്പം
അതാകട്ടെ ഈ കൊറോണക്കാലത്ത് നമ്മുടെ മുദ്രാവാക്യം...
Comments
Post a Comment