മോന്തക്കെട്ട് [.... oru corona pattu ....]
[.... oru corona pattu ....]
എന്റെയീ നാട്ടിലിന്നോർക്ക നിങ്ങൾ
മൂക്കു മറയ്ക്കുവാൻ മോന്തയ്ക്കു കെട്ടുമ്പോൾ
മാനുഷരെല്ലാരുമൊന്നു പോലെ
കോടികൾ ബാങ്കിൽ കിടക്കുന്ന 'മോലാളി'
കെട്ടി നടക്കുന്നു മോന്തക്കെട്ട്
കുമ്പിളിൽ കഞ്ഞി കുടിയ്ക്കുന്ന കോരനും
കെട്ടി നടക്കുന്നു മോന്തക്കെട്ട്
കാറിൽ കറങ്ങി നടന്നൊരാ 'തമ്പ്രാനും'
കാൽനട മണ്ടുന്ന കാഴ്ച കണ്ടു
ബർഗറും നൂഡിൽസും തിന്നൊരാ മല്ലൂസ്
ചക്ക പറിയ്ക്കണ കാഴ്ച കണ്ടു
മാങ്ങയും ചേർത്തങ്ങു വയ്ക്കുന്ന നേരത്ത്
ചക്കക്കുരുവിന്റെ ടേസ്റ്ററിഞ്ഞു
ചമ്മന്തി തൊട്ടങ്ങു കഞ്ഞി കുടിച്ചപ്പോൾ
നാവേറെ നന്ദി പറഞ്ഞു പോലും
സൂപ്പറായ് മാർക്കറ്റിൽ ഷോപ്പ് ചെയ്തോരവർ
റേഷൻ കടയിലെ ക്യൂവിലായി
കെട്ടതു മോന്തയ്ക്കിരുന്നതു കൊണ്ടത്രേ
മാനക്കേടാകാതെ രക്ഷപെട്ടു
തുള്ളി കുടിക്കാഞ്ഞാൽ തുള്ളി വിറയ്ക്കുവോർ
തുള്ളിയും കിട്ടാതെ തുള്ളി പോലും
കോടതിയന്നങ്ങു തീർത്തു പറഞ്ഞപ്പോൾ
തുള്ളിയില്ലാതെയും തുള്ളൽ നിന്നു
ശകടങ്ങൾ തിങ്ങി നിറഞ്ഞൊരാ വീഥികൾ
കാർബൺ മറഞ്ഞു ചിരിച്ചു നിന്നു
കാക്കയും മയിലുമാ ആനയുമൊക്കെയും
സ്വൈര്യവിഹാരം നടത്തിടുന്നു
ഇത്തിരിപ്പോന്നോരാ വൈറസിൻ മുന്നിലീ
ലോകം മറിഞ്ഞ മറിവ് കണ്ടോ ?
തീർത്തും നിസ്സാരരീ ഭൂമിയിൽ മാനവർ
എന്ന തിരിച്ചറിവുണ്ടാകണം
ആപത്തുകാലത്തങ്ങോടിയെത്തീടുക
ബാങ്കിൽ കിടക്കുമാ കോടിയല്ല
തൊട്ടയലത്തെയാ കൊച്ചുകുടിലിലെ
കോരനും കൂട്ടരുമോർമ്മ വേണം
കൈകഴുകീട്ടു നാം ഒന്നു കരുതുകിൽ
കോവിഡും ദൂരെയകന്നുപോകും
ഐക്യമാണൈക്യമാണിന്നത്തെ ആവശ്യം
ഓരോ മനസ്സിലും ഓർമ്മ വേണം ....
ഐക്യമാണൈക്യമാണിന്നത്തെ ആവശ്യം
ഓരോ മനസ്സിലും ഓർമ്മ വേണം ....
ഓരോ മനസ്സിലും ഓർമ്മ വേണം ....
LET US BREAK THE CHAIN....
ഈ 'അടച്ചിടൽ കാലം'
ആ 'തിരിച്ചറിവി'ന്റേതാകട്ടെ....
നാം നാടിനൊപ്പം ...
നാട് നമുക്കൊപ്പം ....!!
===========================
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
പിൻകുറിപ്പ്: ഇത്തവണ ഈ ഗാനം ആലപിയ്ക്കുവാനുള്ള അവസരം പ്രിയ വായനക്കാർക്ക് നൽകുന്നു. അതുകൊണ്ടു തന്നെ കൂടെ ചേർത്തിരിയ്ക്കുന്ന വീഡിയോയിൽ ആ ഭാഗം ഒഴിച്ചിട്ടിരിയ്ക്കുന്നു.
പ്രചോദനം: ശരിയ്ക്കും പറഞ്ഞാൽ, ഈ ഗാനത്തിന് പ്രചോദനമായത് 2020 -ഏപ്രിൽ-12 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന മൂന്ന് ലേഖനങ്ങൾ ആണ്. ശ്രീ സത്യൻ അന്തിക്കാട്, ശ്രീ സി രാധാകൃഷ്ണൻ എന്നിവരുടെ ലേഖനങ്ങളും, പിന്നെ ശ്രീ ശ്രീപെദ്രെ എന്ന സാമൂഹ്യ പ്രവർത്തകനെ കുറിച്ചുള്ള ഒരു ലേഖനവും.
Update on 16-May-2020:
ഈ പാട്ട് ഇഷ്ടപ്പെടുകയും പാടാൻ തയ്യാറാവുകയും ചെയ്ത ശ്രീ സലിം കുളപ്പടയോടുള്ള നന്ദി അറിയിയ്ക്കുന്നു.
ശ്രീ സലിം കുളപ്പടയുടെ ആലാപനഭംഗിയിൽ യുട്യൂബിൽ കാണുന്നതിന്:
https://youtu.be/Awcy8uhcTyg
Goodluck. Proud of you, Binu
ReplyDelete👍👍 Thomas Elavumkal
ReplyDelete