കവിതപ്പാടം ['ഇമ'യിൽ നിന്നും]
കവിതപ്പാടം
[ഇമ - കവിതാ സമാഹാരം]
കാത്തിരുന്ന ആ പൊതി 'ഇന്ത്യ-പോസ്റ്റ്' ഇന്ന് ഭദ്രമായി കൈകളിൽ എത്തിച്ചു .... ഇതാ ...!
ആകാംക്ഷയോടെ പൊതി തുറന്നു ...!!
കൊയ്ത്തിനു പാകമായ 'കവിതപ്പാടം' ....
ഒന്നിനോടൊന്നു ചേർന്ന് കിടക്കുന്ന 41 കൃഷിക്കാരുടെ 82 പാടങ്ങൾ... ഓരോന്നിലും വെവ്വേറെ ഇനം കതിരുകൾ .....!!
ഇതാ, അതിലെ എന്റെ സ്വന്തം 2 പാടങ്ങൾ... നിങ്ങൾക്കായി ..!!!
അലയുമാ കാറ്റിനെ ആരറിഞ്ഞു ?
അലയുന്ന കാറ്റിന്റെ ഹൃദയത്തിലൊന്നു ഞാൻ
അറിയാതെ തൊട്ടപ്പോൾ ഓർത്തുപോയി
ഇത്രനാൾ അറിയാതെപോയതെന്തിത്രമേൽ
സ്നിഗ്ദ്ധമായുള്ളൊരാ സ്പന്ദനങ്ങൾ
അപരന്റെ ഉള്ളിലായ് ആധി നിറയ്ക്കുന്ന
അതിവേഗമാണവൻ അനിലൻ
മറുനാളിൽ അവനിലെ ആധിയെ ആറ്റുന്ന
കുളിർ തെന്നലാകുവോൻ അനിലൻ
നിറയെ തളിർത്തങ്ങു പൂക്കാൻ തുടങ്ങുമാ
തേൻമാവുലയ്ക്കുവോൻ അനിലൻ
ഇനിയുമൊരു ചെറുകാറ്റിൻ രൂപത്തിലാ കനി
ഉണ്ണിയ്ക്ക് നൽകുവോൻ അനിലൻ
നാറിപ്പുഴുത്തൊരാ നഗരഗന്ധത്തെയാ
നെഞ്ചിൽ പേറുവോൻ അനിലൻ
ഇനിയും നശിയ്ക്കാത്ത ഗ്രാമ്യസുഗന്ധമായ്
ആശ്വാസമേകുവോൻ അനിലൻ
ആറാത്ത കോപത്താലഗ്നിയെരിച്ച-
ങ്ങൂറിച്ചിരിയ്ക്കുവോൻ സൂര്യൻ
ആയിരം കൈകളാൽ ആ താപമൊക്കെയും
ആറ്റാൻ ശ്രമിയ്ക്കുവോൻ അനിലൻ
ആവുന്നപോലൊക്കെ ആവാൻ ശ്രമിച്ചിട്ടും
ആവാതെ പോയവൻ അനിലൻ
ആ നെഞ്ചിലൂറുമാ ഗദ്ഗദം മായ്ക്കുവാൻ
ആരോരുമില്ലാത്തോൻ .... അനിലൻ..!!
******************
പൊന്നുമക്കൾ
കനവിന്റെ തീരത്ത് കനിവോടെ പെറ്റു ഞാൻ
അലിവോടെ പോറ്റിയെൻ പൊന്നുമക്കൾ
നിറയെ പ്രതീക്ഷ തൻ അഞ്ജനം ചാലിച്ച്
കണ്ണേറു തട്ടാതെ കാത്ത മക്കൾ
നിറമുള്ള ജീവിതം കനവ് കണ്ടീടുവാൻ
ചൊല്ലിക്കൊടുത്തോരു പൊന്നുമക്കൾ
നിറഭേദഹേതുവാൽ തല്ലിത്തിമിർക്കുന്നൊ-
രിഹലോകജീവിത കാഴ്ചയിന്ന്
കളിചിരികൾ മാഞ്ഞവിടെ 'പുക' വന്നു-
നിറയുമ്പോഴുന്മാദ നൃത്തം ചവിട്ടുന്നവർ
അപരന്റെ നെഞ്ചിലേക്കാഴ്ന്നിറങ്ങാൻ
ഉള്ളൊരരമുഴം കത്തി കരുതുന്നവർ
ആടിത്തിമിർക്കുന്നു പൊന്നുമക്കൾ
ആറാത്തൊരുന്മാദ ലഹരിയാലെ
രസമുള്ള ജീവിതം തേടി അവർ
'രാസ ലഹരി'യിൽ വീണു പൊലിഞ്ഞീടവേ
തീർത്തും വരണ്ടിറ്റുനീരും പൊടിയ്ക്കാത്ത
കൺകളിൽ നിന്നുമുതിർന്നു വീണു
അമ്മതൻ തേങ്ങലിൻ ചൂടേറ്റുണങ്ങിയ
രണ്ടു നിണത്തുള്ളി മാത്രമിന്ന്...!
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********






👌👌
ReplyDelete🙏🙏
Delete