ഇനിയും വറ്റാത്ത ചില നന്മകൾ
ഇനിയും വറ്റാത്ത ചില നന്മകൾ [കണ്ട കാഴ്ചകൾ - ഭാഗം 5] തലയ്ക്കു മുകളിൽ എരിയുന്ന ആ മധ്യാഹ്നസൂര്യനെ ഒന്ന് ചരിഞ്ഞു നോക്കി, മലയാളിയുടെ സ്വതസിദ്ധമായ ആ അക്ഷമയോടെ, സ്റ്റിയറിംഗ് വീലിൽ ഏതോ താളവും പിടിച്ച്, പട്ടം കവലയിലെ ആ ട്രാഫിക് സിഗ്‌നലിൽ, പച്ച തെളിയുന്നതും കാത്ത്, പെട്ട് കിടക്കുകയായിരുന്നു ഞങ്ങൾ. വളരെ പെട്ടെന്ന്, എങ്ങുനിന്നോ വന്ന ശക്തമായ ഒരു കാറ്റിൽ, റോഡിലെ പൊടിപടലങ്ങൾ വല്ലാതെയുയർന്നു. അതൊന്നടങ്ങിയപ്പോൾ, മുൻപിലെ റോഡിൽ, അസാധാരണമായൊരു ശബ്ദകോലാഹലം. ആദ്യം വിചാരിച്ചത്, ക്യുവിലെ വണ്ടിക്കാർ തമ്മിലുള്ള എന്തെങ്കിലും ചെറിയ കശപിശ ആയിരിയ്ക്കുമെന്നാണ്. ആളുകളെല്ലാം തീർത്തും അക്ഷമരാകുന്ന ഇന്നത്തെ കാലത്ത്, അതൊരു സാധാരണ സംഭവം മാത്രമാണല്ലോ. വിൻഡോ ഗ്ലാസ് കുറച്ചങ്ങ് താഴ്ത്തി നോക്കിയപ്പോഴാണ് കണ്ടത്. രണ്ടു മൈനകൾ (ഞങ്ങൾ കോട്ടയംകാരുടെ ആ തനതു ഭാഷയിൽ പറഞ്ഞാൽ, രണ്ടു 'കാറുകാന്മാർ') തമ്മിൽ റോഡിൽ കലഹിയ്ക്കുന്നതാണ്. മാതൃകാദമ്പതികളായ മൈനകളുടെ സൗന്ദര്യപ്പിണക്കങ്ങൾ, പലപ്പോഴും ഒരു പതിവ് കാഴ്ചയായതിനാൽത്തന്നെ, ഗ്ലാസ് ഉയർത്തിയേക്കാം എന്നു കരുതി. അപ്പോഴാണ് ഒന്നുകൂടി ശ്രദ്ധിച്ചത്. അതൊരു കലഹമല്ല. മറിച്ച്, ശക്ത...