ഇനിയും വറ്റാത്ത ചില നന്മകൾ
ഇനിയും വറ്റാത്ത ചില നന്മകൾ
[കണ്ട കാഴ്ചകൾ - ഭാഗം 5]
തലയ്ക്കു മുകളിൽ എരിയുന്ന ആ മധ്യാഹ്നസൂര്യനെ ഒന്ന് ചരിഞ്ഞു നോക്കി, മലയാളിയുടെ സ്വതസിദ്ധമായ ആ അക്ഷമയോടെ, സ്റ്റിയറിംഗ് വീലിൽ ഏതോ താളവും പിടിച്ച്, പട്ടം കവലയിലെ ആ ട്രാഫിക് സിഗ്‌നലിൽ, പച്ച തെളിയുന്നതും കാത്ത്, പെട്ട് കിടക്കുകയായിരുന്നു ഞങ്ങൾ.
വളരെ പെട്ടെന്ന്, എങ്ങുനിന്നോ വന്ന ശക്തമായ ഒരു കാറ്റിൽ, റോഡിലെ പൊടിപടലങ്ങൾ വല്ലാതെയുയർന്നു.
അതൊന്നടങ്ങിയപ്പോൾ, മുൻപിലെ റോഡിൽ, അസാധാരണമായൊരു ശബ്ദകോലാഹലം. ആദ്യം വിചാരിച്ചത്, ക്യുവിലെ വണ്ടിക്കാർ തമ്മിലുള്ള എന്തെങ്കിലും ചെറിയ കശപിശ ആയിരിയ്ക്കുമെന്നാണ്.
ആളുകളെല്ലാം തീർത്തും അക്ഷമരാകുന്ന ഇന്നത്തെ കാലത്ത്, അതൊരു സാധാരണ സംഭവം മാത്രമാണല്ലോ.
വിൻഡോ ഗ്ലാസ് കുറച്ചങ്ങ് താഴ്ത്തി നോക്കിയപ്പോഴാണ് കണ്ടത്. രണ്ടു മൈനകൾ (ഞങ്ങൾ കോട്ടയംകാരുടെ ആ തനതു ഭാഷയിൽ പറഞ്ഞാൽ, രണ്ടു 'കാറുകാന്മാർ') തമ്മിൽ റോഡിൽ കലഹിയ്ക്കുന്നതാണ്.
മാതൃകാദമ്പതികളായ മൈനകളുടെ സൗന്ദര്യപ്പിണക്കങ്ങൾ, പലപ്പോഴും ഒരു പതിവ് കാഴ്ചയായതിനാൽത്തന്നെ, ഗ്ലാസ് ഉയർത്തിയേക്കാം എന്നു കരുതി. അപ്പോഴാണ് ഒന്നുകൂടി ശ്രദ്ധിച്ചത്.
അതൊരു കലഹമല്ല. മറിച്ച്, ശക്തമായ ആ കാറ്റിൽ പെട്ട്, കൂട്ടിൽ നിന്നും താഴെ വീണ തങ്ങളുടെ കുഞ്ഞിനെ എങ്ങിനെയും രക്ഷിയ്ക്കാനുള്ള, ഒരു അലമുറയിടൽ ആണെന്ന്.
മേലേയ്ക്ക് നോക്കിയപ്പോൾ കണ്ടു. ആ ട്രാഫിക് സിഗ്നൽ പോസ്റ്റിന്റെ അങ്ങ് മുകൾഭാഗത്താണ് ആ കിളികളുടെ കൂട്.
ഒരു നിമിഷം, എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു.
കാരണം, ഇരുവശത്തും നിറയെ വണ്ടികൾ ആയതുകൊണ്ട് കാറിന്റെ വാതിലുകൾ തുറന്ന് പുറത്തിറങ്ങാൻ എനിയ്ക്കാവില്ല.
സിഗ്നൽ എങ്ങാനും മാറിയാൽ, ആ കുഞ്ഞുമൈന ഏതെങ്കിലും വണ്ടിയുടെ ചക്രത്തിനടിയിലാകും.
നമ്മുടെ വണ്ടിയ്ക്കുള്ളിലാകട്ടെ, ഭാര്യയും കുട്ടികളും "അയ്യോ എന്ത് ചെയ്യും ?... ഇനി എന്ത് ചെയ്യും ?" എന്നും പറഞ്ഞ് ബഹളവും തുടങ്ങി.
ക്യുവിലാണെങ്കിലും, കഴിയുന്നത്ര ഇടത്തേയ്ക്കൊതുക്കി വണ്ടിയിൽ നിന്നും എങ്ങിനെയെങ്കിലും പുറത്തിറങ്ങാം എന്ന് കരുതി, ഞാൻ അതിനുള്ള ശ്രമം തുടങ്ങി.
പക്ഷേ അതിനു മുൻപേ, മുൻപിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനക്കാർ ആ മൈനകളെ കണ്ടു. പുറകിലിരുന്ന യുവതി, വേഗം വണ്ടിയിൽ നിന്നിറങ്ങി, ആ പക്ഷിക്കുഞ്ഞിനെയെടുത്ത് റോഡരികിലേയ്ക്ക് നീക്കി വച്ചു.
തിരികെ നടക്കുമ്പോൾ ആണ് അവർ കണ്ടത്, ആ കുഞ്ഞ് പിടച്ച് പിടച്ച് വീണ്ടും റോഡിലേയ്ക്ക് വീഴാൻ തുടങ്ങുന്നു.
അവർ ആ കുഞ്ഞിനെയെടുത്ത് റോഡരികിലെ ആ പുല്ലിലേയ്ക്ക് കുറച്ചു കൂടി മാറ്റി, വളരെ ശ്രദ്ധയോടെ വച്ചു.
ഒരു വൻ അപകടമൊഴിഞ്ഞതിന്റെ ആശ്വാസമാകാം, ആ മൈനകൾ തങ്ങളുടെ പൊന്നുകുഞ്ഞിനുചുറ്റും ആശ്വാസത്തോടെ പറക്കുന്നത് കണ്ടു.
ഏതാണ്ട്, അതേ ആശ്വാസമായിരുന്നു ഞങ്ങൾക്കും.
ഇതൊക്കെ നടക്കുമ്പോൾ, ആ ഇരുചക്രവാഹനം ഓടിച്ചിരുന്ന യുവാവ്, തന്റെ വണ്ടി മറ്റു വണ്ടികൾക്ക് മുൻപിലായി പറ്റുന്നത്ര കുറുകെ വച്ചിരുന്നു. ഇനി അഥവാ പച്ച തെളിഞ്ഞാലും, ആ വണ്ടികളൊന്നും മുന്നോട്ടെടുക്കാൻ പറ്റാത്ത രീതിയിൽ.
ഇതാ ഇപ്പോൾ പച്ച തെളിഞ്ഞു. എങ്കിലും, ആ യുവതി തിരികെയെത്തി സ്വന്തം വണ്ടിയിൽ കയറുന്നതു വരെ, മറ്റു വണ്ടിക്കാർ ക്ഷമയോടെ കാത്തുനിന്നു. ഈ കാര്യങ്ങളൊന്നും അറിയാത്ത, കാഴ്ചകളൊന്നും കാണാത്ത, അങ്ങ് പുറകിലുള്ള ചില വണ്ടിക്കാർ ഉറക്കെ ഹോൺ മുഴക്കിയെങ്കിലും.
തികച്ചും അപ്രതീക്ഷിതമായിരുന്നതിനാലും, എല്ലാം ഏതാനും മിനിറ്റുകൾക്കുള്ളിൽ കഴിഞ്ഞതിനാലും, ഇതൊന്നും നമുക്ക് ക്യാമറയിൽ പകർത്താനായില്ല.
അപരിചിതരായ ആ ഇരുചക്രവാഹനക്കാർ ആരായിരുന്നുവെന്നും അറിയില്ല. ആരായിരുന്നാലും ശരി, അവർക്ക് ഒരു നൂറ് നന്ദി, ഒരു കോടി പുണ്യം.
എന്തായാലും, ഇനിയും ഉള്ളിൽ കനിവിന്റെ ഉറവ് വറ്റാത്തവർ നമുക്ക് ചുറ്റിലുമുണ്ട് എന്ന ആ വലിയ ആശ്വാസത്തോടെ, ഞങ്ങളും പച്ച തെളിഞ്ഞ ആ വഴിയിലൂടെ യാത്ര തുടർന്നു.
ഉള്ളിൽ അപ്പോഴും മുഴങ്ങുന്ന, ആ മൈനകളുടെ ആശ്വാസചിലമ്പലുകൾ ഓർത്തൊരു ദീർഘനിശ്വാസത്തോടെ......!
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally


Comments
Post a Comment