അയ്യപ്പനും ശാസ്താവും തമ്മിൽ ....?

 

അയ്യപ്പനും ശാസ്താവും തമ്മിൽ ....?

[അയ്യപ്പ വിശേഷങ്ങൾ -I] 

പുണ്യത്തിന്റെ, വ്രതാനുഷ്ഠാനത്തിന്റെ, ശരണം വിളികളുടെ, ഒരു വൃശ്ചികം കൂടി .....! 

ഈ പുണ്യവേളയിൽ, അയ്യപ്പനെക്കുറിച്ച്, ശാസ്താവിനെക്കുറിച്ച് ഒക്കെ നമ്മളിൽ പലർക്കും മുൻപ് (ഒരുപക്ഷേ, ഇപ്പോഴും) തോന്നിയിട്ടുള്ള, എന്നാൽ ഇതേവരെ കൃത്യമായ ഉത്തരങ്ങൾ കിട്ടാത്ത ചില സംശയങ്ങൾ, ഒന്നുകൂടിയൊന്ന് നോക്കിയാലോ .....?

ഈ അയ്യപ്പനും, ശാസ്താവും തമ്മിൽ എന്താണ് ബന്ധം? അഥവാ, എന്തെങ്കിലും ബന്ധം ഉണ്ടോ?

അതോ, ഇവർ രണ്ടും ഒരാളാണോ? 

അങ്ങിനെയെങ്കിൽ പക്ഷേ, ശാസ്താവ് ഒരു ഗൃഹസ്ഥനും, അയ്യപ്പൻ ഒരു ബ്രഹ്മചാരിയുമാണല്ലോ?

ഇനി അഥവാ, ഗൃഹസ്ഥനായ ശാസ്താവ് തന്നെയാണ് ഒരുവേള അയ്യപ്പനെങ്കിൽ, പിന്നെ ശബരിമലയിൽ *സ്ത്രീപ്രവേശനം നിഷിദ്ധമായതെങ്ങിനെ? 

ഇവ്വിധമുള്ള നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടി നടത്തിയ, സാമാന്യം നീണ്ട ഒരു 'ഐതിഹ്യ-വിജ്ഞാന-സമാഹരണ-യാത്ര'യിൽ നിന്നും ലഭിച്ച ചില വിവരങ്ങളാണ്, നമ്മൾ ഇന്നിവിടെ പങ്കുവയ്ക്കുന്നത്.

'ഹരിഹരപുത്രൻ' എന്ന് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. അല്ലേ? അങ്ങിനെ നമ്മൾ ശരണം വിളിയ്ക്കാറുമുണ്ട്. 

ആരാണ് ഈ 'ഹരിഹരപുത്രൻ'? അയ്യപ്പനാണോ?

ശരിയ്ക്കും, ഹരിയുടെയും ഹരന്റെയും ആ പുത്രൻ ശാസ്താവാണത്രെ.

ആ കഥ നമുക്കാദ്യം കാണാം.

കലിയുഗത്തിൽ, ധർമ്മത്തിന് അപരിഹാര്യമായ ച്യുതി സംഭവിച്ചപ്പോൾ, അതിന്റെ പുനഃസ്ഥാപനത്തിന്, ശൈവ-വൈഷ്‌ണവ ശക്തിയും പ്രഭാവവും ഒന്നായി അനിവാര്യമായപ്പോൾ, അതിനായത്രേ ഹരിഹര പുത്രനായി ശാസ്താവ് അവതരിച്ചത്. അതായത്, ശിവന്റെയും വിഷ്ണുമായയുടെയും പുത്രനായി. 

അപ്പോൾ നമുക്ക് വീണ്ടും ഒരു സംശയം വരാം. പുരാണങ്ങളിൽ നമ്മൾ കേട്ടിരിയ്ക്കുന്നത് ശിവഭഗവാന് മോഹിനിയിൽ ഉള്ള പുത്രൻ എന്നാണല്ലോ, എന്ന്. 

അതും ശരിയാണ്. 

അതായത്, ഭഗവാൻ വിഷ്ണുവിന്റെ 'മായാ-മോഹന-സ്ത്രൈണ ഭാവ'മത്രേ വിഷ്ണുമായ**. ആ വിഷ്ണുമായയുടെ 'മൂർത്തീഭാവ'മത്രേ ഈ മോഹിനി. അതിനാലാണ് മോഹിനിയെ, 'മായാമോഹിനി' എന്ന് പലപ്പോഴും, പലയിടത്തും വിശേഷിപ്പിയ്ക്കുന്നതും.

ശാസ്താവ്, ധർമ്മസംസ്ഥാപനാർത്ഥം അവതരിച്ചതിനാൽ തന്നെ, 'ധർമ്മശാസ്താവ്' എന്നും അറിയപ്പെടുന്നു.

ശാസ്താവിന്, പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരും, സത്യകൻ എന്നൊരു മകനും ഉണ്ടത്രേ.

പിന്നീട്....

താൻ സൃഷ്ടിച്ച കേരനാടിന്റെ അതിജീവനത്തിനും, വിശ്വാസരക്ഷയ്ക്കുമായി സാക്ഷാൽ പരശുരാമൻ, അവിടെ അനേകം ശാസ്താക്ഷേത്ര പ്രതിഷ്ഠകൾ നടത്തിയത്രെ. 

ആ ശാസ്താക്ഷേത്രങ്ങളിൽ ഏറെ പ്രാധാന്യം അർഹിക്കുന്നവയാണ് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, ശബരിമല, പൊന്നമ്പലമേട് എന്നിവ. ഇവ പൊതുവേ 'പഞ്ചക്ഷേത്രങ്ങൾ' എന്നാണ് അറിയപ്പെടുന്നത്.

കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം: ഭഗവാൻ ബാലരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

ആര്യങ്കാവ് ശാസ്താ ക്ഷേത്രം: ഇവിടെയാകട്ടെ ഭഗവാൻ യുവാവിൻ്റെ രൂപത്തിലാണ്.

അച്ചൻകോവിൽ ശാസ്താ ക്ഷേത്രം: ഇവിടെ ഭഗവാൻ പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരോടൊപ്പം, ഗൃഹസ്ഥാശ്രമിയുടെ രൂപത്തിലാണ് കാണപ്പെടുന്നത്.

ശബരിമല: ഇവിടെയെത്തുമ്പോൾ ഭഗവാൻ വാനപ്രസ്ഥ രൂപത്തിലാണ്.

പൊന്നമ്പലമേട്: ഇവിടെയോ? ഇവിടെ ഭഗവാൻ യോഗിയായി കാണപ്പെടുന്നു.

അതായത്, സാക്ഷാൽ പരശുരാമൻ ശബരിമലയിൽ പ്രതിഷ്ഠിച്ചത് ശാസ്താവിനെയാണ്. അയ്യപ്പനെയല്ല. 

ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് അവിടുത്തെ ആ കൊടിമരം.

ഒരു ക്ഷേത്രത്തിലെ കൊടിമര മുകളിൽ ഉണ്ടാവുക, ആ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയുടെ വാഹനത്തിന്റെ രൂപമത്രെ. ശബരിമലയിൽ ഉള്ളത് വാജിരൂപം അതായത് കുതിരയുടെ രൂപമാണ്. കുതിര, ശാസ്താവിന്റെ വാഹനമാണല്ലോ.

പ്രതിഷ്ഠ അയ്യപ്പനായിരുന്നുവെങ്കിൽ, കൊടിമരമുകളിൽ വരേണ്ടത്, അയ്യപ്പവാഹനമായ പുലിയുടെ രൂപമായിരുന്നു.

താൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലെ പൂജാകർമ്മങ്ങൾ യഥാവിധി നിർവ്വഹിയ്ക്കുന്നതിനായി, പരശുരാമൻ (ഇപ്പോഴത്തെ ആന്ധ്രാപ്രദേശ്‌ ദേശത്തുനിന്നും) ഏതാണ്ട് അറുപത്തിനാലോളം ബ്രാഹ്മണകുടുംബങ്ങളെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നുവത്രെ. അതിലെ രണ്ടു  ബ്രാഹ്മണ സഹോദരങ്ങളുടെ കുടുംബങ്ങൾ പിന്നീട് താഴമൺ, തരണനല്ലൂർ എന്നീ പേരുകളിൽ അറിയപ്പെട്ടു. ഇതിലെ ***താഴമൺ കുടുംബമാണ് ഇപ്പോഴും ശബരിമലയിലെ 'തന്ത്രി' സ്ഥാനം അലങ്കരിയ്ക്കുന്നത്.

കൂടാതെ, പരശുരാമൻ ഈ ക്ഷേത്രങ്ങളിൽ നടത്തേണ്ട പൂജാവിധികളും, അനുഷ്ഠിയ്ക്കേണ്ട  ആചാരമര്യാദകളും മറ്റും, കിറുകൃത്യമായി നിർവ്വചിച്ചിരുന്നുവത്രെ. 

എന്നാൽ കാലങ്ങളേറെ കഴിഞ്ഞപ്പോൾ, കൊടും കാടായ ശബരിമലയിലെ ആ ക്ഷേത്രപൂജാകർമ്മങ്ങളിൽ നന്നേ മാറ്റം വരികയും, ഒപ്പം അവിടെ വനവാസികളായ ആദിവാസികൾ അവരുടേതായ രീതിയിൽ പൂജകൾ ചെയ്യാൻ ആരംഭിയ്ക്കുകയും ചെയ്തുവത്രേ.

കൂടാതെ, തമിഴ്‌നാട്ടിൽ നിന്നും കടന്നു കയറിയ ചില വനംകൊള്ളക്കാർ, ഉദയനൻ എന്നൊരാളുടെ നേതൃത്വത്തിൽ, തങ്ങളുടെ സ്വൈര്യവിഹാരത്തിനു തടസ്സമായ, അന്നാട്ടിലെ വനക്ഷേത്രങ്ങളെയെല്ലാം, മുച്ചൂടും നശിപ്പിയ്ക്കുവാനുള്ള ശ്രമവും തുടങ്ങി. 

മാത്രവുമല്ല, രാത്രികളിൽ മഹിഷി എന്ന രാക്ഷസിയുടെ ഉപദ്രവം കലശലാകുകയും, തന്മൂലം രാത്രികാലങ്ങളിൽ അന്നാട്ടിലെ പുരുഷന്മാർക്ക് സ്വഭവനങ്ങളിൽ അന്തിയുറങ്ങാൻ ആവാതെ വരികയും ചെയ്തുവത്രേ.  

അപ്പോഴത്രേ ധർമ്മശാസ്താവ് ഒരു മനുഷ്യാവതാരമെടുക്കാൻ തീരുമാനിച്ചത്. അങ്ങിനെ 'മണികണ്ഠൻ' അഥവാ 'അയ്യപ്പൻ'  ജന്മമെടുത്തു. 

പിന്നീട്, അയ്യപ്പൻ പന്തളം കൊട്ടാരത്തിൽ എത്തിയതും, വളർന്നതും, പുലിപ്പാൽ തേടിപ്പോയതുമായ കഥകളൊക്കെ നിങ്ങൾക്കും ഏറെ സുപരിചിതമാണല്ലോ. 

കടുത്തസ്വാമികളോടും, വാവരോടുമൊപ്പം ചേർന്ന്, ദുഷ്ടശക്തികളെയെല്ലാം അമർച്ച ചെയ്ത അയ്യപ്പൻ, തന്റെ മനുഷ്യാവതാര ലക്‌ഷ്യം മുഴുവനായും പൂർത്തിയാക്കി, ശേഷം ശബരിമലയിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചു.

അതികഠിനമായ യോഗവിദ്യയിലൂടെ അഥവാ ഭക്തിസാധനയിലൂടെ മാത്രം ഒരാൾക്ക് നേടാനാവുന്ന ഈശ്വരപ്രാപ്തിയെ, ഒരു സാധാരണ മനുഷ്യനു പോലും നേടാനാവുന്ന ലളിതമായ തരത്തിൽ, അയ്യപ്പൻ ചിട്ടപ്പെടുത്തിയത്രെ. അതത്രെ 41 ദിവസത്തെ ആ വ്രതാനുഷ്ടാനവും, ഇരുമുടിക്കെട്ടും, നെയ്‌ത്തേങ്ങയും ഒക്കെ. 

ആ കഠിനവ്രതവുമനുഷ്ഠിച്ച്, മലചവിട്ടി, ഭക്തിപൂർവ്വം തന്നെ കാണാനെത്തുന്ന ഒരു ഭക്തൻ, തനിയ്ക്ക് അഥവാ ഭഗവാന് തന്നെ സമനാണ് അഥവാ സമാനനാണ് എന്ന ആ വലിയ തത്വം (തത്ത്വമസി) ഈ ലോകത്തിന് സമ്മാനിച്ചിട്ടാണ്, അയ്യപ്പൻ മടങ്ങുന്നത്.

അദ്ദേഹം, ഇപ്പോഴത്തെ മാളികപ്പുറം ക്ഷേത്രത്തിനു മുൻവശത്തായുള്ള ആ 'മണിമണ്ഡപ'സ്ഥാനത്ത്, ഒരു പർണ്ണശാലയിൽ യോഗനിദ്രയിലാണ്ട്‌, ക്രമേണ സമാധിയായി ശാസ്താവിൽ ലയിയ്ക്കുകയായിരുന്നുവത്രെ. ശേഷം, തന്റെ ആ ഭൗതികശരീരം, യോഗശക്തിയാൽ സ്വയം ദഹിപ്പിയ്ക്കുകയും ചെയ്തുവത്രേ.

അങ്ങിനെ, ശാസ്താവിൽ വിലയം പ്രാപിച്ച ആ അയ്യപ്പനത്രേ ശബരിമലയിൽ ഉള്ളത്.

ഇരുമുടിക്കെട്ടുമായി ഒരുതവണ പതിനെട്ടാംപടി കയറിയെത്തുന്ന ഒരു ഭക്തന്, ആ ആദ്യ ദർശനത്തിൽ മാത്രമാണ് സാക്ഷാൽ അയ്യപ്പനെ കാണാനാവുക എന്നൊരു വിശ്വാസവും നിലവിൽ ഉണ്ട്. പിന്നീട്, ഇരുമുടിക്കെട്ടിറക്കി വിശ്രമിച്ച്, ശേഷം വടക്കേ നടയിലൂടെ വീണ്ടും കയറി, എത്ര തവണ തന്നെ ദർശനം നടത്തിയാലും, അപ്പോഴൊക്കെ ഒരു ഭക്തന് അവിടെ കാണാനാവുക ശാസ്താവിനെയത്രേ.

ഇപ്പോൾ, പ്രിയവായനക്കാർക്ക് അയ്യപ്പനും, ശാസ്താവും തമ്മിലുള്ള ബന്ധം, ഏതാണ്ട് കൃത്യമായി മനസ്സിലായിക്കാണും എന്ന് കരുതുന്നു.

ഒറ്റവാക്കിൽ പറഞ്ഞാൽ, ഗൃഹസ്ഥ ദേവനായ ശാസ്താവിന്റെ, നൈഷ്ഠിക ബ്രഹ്മചാരിയായ മനുഷ്യാവതാരമത്രെ അയ്യപ്പൻ.

 

ഇനിയും കൂടുതൽ അയ്യപ്പ വിശേഷങ്ങൾ, വരും ഭാഗങ്ങളിൽ ....!

സ്വാമിയേ... ശരണമയ്യപ്പ ...!!

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പുകൾ:

[*കൂട്ടത്തിൽ പറയട്ടെ, ശബരിമലയിലെ സ്ത്രീപ്രവേശന വിലക്കിനെ കുറിച്ച് വളരെ വിശദമായി, 2018 ൽ തന്നെ നമ്മൾ ഒരു ലേഖനം എഴുതിയിരുന്നു. അന്ന് വായിയ്ക്കാൻ സാധിയ്ക്കാതെ പോയവർക്കായി ആ ലിങ്ക് ഇവിടെ പങ്കുവയ്ക്കുന്നു. http://binumonippally.blogspot.com/2018/10/blog-post.html

[**വിഷ്ണുമായ എന്ന പേരിൽ തന്നെ ചാത്തൻസ്വാമിയുമായി ബന്ധപ്പെടുത്തിയുള്ള മറ്റൊരു ഐതിഹ്യം കൂടി നിലവിൽ ഉണ്ട്. എന്നാൽ അത് ശബരിമലയുമായി ഒരുതരത്തിലും ബന്ധമുള്ളതല്ല. ഹൈന്ദവ, മലവാര വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ് ആ വിഷ്ണുമായ അഥവാ വിഷ്ണുമായ ചാത്തൻ. പോത്തിന്റെ പുറത്ത് കുറുവടിയുമായി ഇരിക്കുന്ന ഒരു ബാലന്റെ രൂപമാണത്രേ ആ വിഷ്ണുമായ ചാത്തന്റേത്]

[***ചില ഐതിഹ്യങ്ങൾ പ്രകാരം, ഇപ്പോഴത്തെ താഴമൺ കുടുംബത്തെ, പഴയ ആ പൂജാസമ്പ്രദായങ്ങൾ പുനഃസ്ഥാപിയ്ക്കപ്പെട്ടപ്പോൾ, പന്തളം കൊട്ടാരം വീണ്ടും ശബരിമലയിൽ നിയോഗിച്ചു, എന്നും കാണുന്നുണ്ട്]

അവലംബം: വിവിധ ഹൈന്ദവ പുരാണങ്ങളും, അനേകം വാമൊഴിക്കഥകളും അടിസ്ഥാനമാക്കിയാണ് ഈ രചന. ഇതിൽ ഐതിഹ്യപരമോ, വിശ്വാസപരമോ ആയ തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിയ്ക്കുക. ആവശ്യമെങ്കിൽ, തീർച്ചയായും അവ തിരുത്തപ്പെടുന്നതാണ്.

വാമൊഴിക്കഥകൾ സംഗ്രഹിച്ചത്: ശ്രീ. സുന്ദരേശൻ മുഴയമ്മാനാൽ  

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

പഴമയെ നെഞ്ചേറ്റുന്നൊരാൾ [യാത്രാ വിവരണം]