ശ്യോ ... ഈ എഫ്‍ബീലെ ഒരു കാര്യം [നാടൻപാട്ട്]

ശ്യോ ... ഈ എഫ്‍ബീലെ ഒരു കാര്യം ....

[നാടൻപാട്ട്]

എന്നെന്നും എഫ്‍ബീല് നമ്മള് കാണുന്നോരാണേലും 
കൂട്ടുകാരാണെന്നു നമ്മക്ക് ചൊല്ലാമോ കുഞ്ഞോനേ 
നീയെന്റെ പോസ്റ്റതൊരെണ്ണം 'ലൈക്കു'ന്ന നേരത്തോ 
നിന്റെയാ ഫോട്ടോ ഞാനങ്ങ് 'ഷെയറി' കുഞ്ഞോനേ 

ഇന്നാള് ഞാനേ സ്റ്റാറ്റസ് "ക്രേസി"ന്നാക്കീപ്പം 
കൂട്ടമായെത്തുന്നു "ക്രേസി ടൂ" പോസ്റ്റുകളൊട്ടേറെ 
കൊള്ളാലോ ഇക്കളി, തോന്നി ഞാൻ എഫ്‍ബീലോട്ടാകെ 
കുത്തി-മറിഞ്ഞപ്പോ കണ്ടൊരു കാഴ്ചകൾ ചൊല്ലാം ഞാൻ 

എന്തോരം കൂട്ടുകാരണപ്പാ എഫ്‍ബീലെല്ലാർക്കും 
എല്ലാരും 'ഇന്റിമേറ്റ്' ആയ കൂട്ടുകാരാണത്രെ 
നൈറ്റിയിൽ, 'ലോൺലി' പോസ്റ്റണ 'ആന്റി'മാരൊട്ടേറെ 
ലുങ്കിയിൽ, 'അഞ്ചാറ് പായ്ക്കു'ള്ള ചേട്ടന്മാർ അതിലേറെ 

കുട്യോൾക്ക് കഥയൊന്നു ചൊല്ലുവാൻ നേരം കിടയ്ക്കാത്തോ- 
രച്ഛന്മാർ എഫ്‍ബീലെത്തുമ്പോൾ 'കഥയങ്കിൾ' ആകുന്നു 
വാവയ്ക്ക് പാലുകൊടുക്കാത്ത അമ്മമാർ എഫ്‍ബീലോ 
'വർക്ക് ഔട്ട്' ഫോട്ടോയിൽ മിന്നണ 'ക്യൂട്ട് ഗേൾ' ആണത്രേ 

വീട്ടിലെ 'പാതി'യോടിത്തിരി കിന്നാരം ചൊല്ലാത്തോൻ 
എഫ്‍ബീല് ഫുൾ ടൈം ഇറ്റുന്ന തേൻകുഴമ്പാണത്രെ
കെട്യോന് കഞ്ഞി കൊടുക്കാത്ത കൊച്ചമ്മമാരിവിടെ 
പഞ്ചാരപ്പാല് വിളമ്പുന്ന കാഴ്ചകൾ ധാരാളം 

'ഫോട്ടോ-ഷൂട്ടെ'ന്നുള്ള പേരിലെ ട്രെൻഡ് ഒരു ട്രെൻഡ് ആണേ 
നാട്ടാർക്കു കണ്ടു രസിയ്ക്കാൻ എന്തു സുഖമാണേ 
'വൈറലെ'ന്നോമനപ്പേരില് അവയങ്ങു പാറുമ്പോൾ 
വരവായി താഴെയടിക്കുറിപ്പതുമൊരു ട്രെൻഡ് ആയി 

വീട് മറന്നിട്ടൊരിയ്ക്കലും എഫ്‍ബീല് കേറല്ലേ 
നാട്ടിലെ കൂട്ടെല്ലാം വിട്ടിട്ടും എഫ്‍ബീല് നീന്തല്ലേ
വീടിനെ വീടായി കാണണം നീയെന്നും കുഞ്ഞോനേ 
വീടിനെ വീടായി മാറ്റണം നീയെന്നും കുഞ്ഞോനേ 

എഫ്‍ബീയെ മോശമാണെന്നല്ല ചൊന്നത് കുഞ്ഞോനേ
നല്ലതായൊട്ടേറെ കാര്യങ്ങളുണ്ടതിലോർക്കേണം 
ഓർക്ക നീ ഒട്ടു 'കരുതലോ'ടൊന്നങ്ങു കൂടീടിൽ 
കൂട്ടിനായൊട്ടേറെ കിട്ടുന്ന വേദിയും വേറെയില്ല... !!

* * * 

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

* ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 



 

Comments

Post a Comment

Popular posts from this blog

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

പഴമയെ നെഞ്ചേറ്റുന്നൊരാൾ [യാത്രാ വിവരണം]