കുമാരച്ച ചിന്തകൾ

കുമാരച്ച ചിന്തകൾ 

[ചെറുകഥ]

"ന്റെ പാക്കരാ ... മ്മ്‌ടെ കുമാരച്ചനെന്താ പറ്റ്യേ? ..."

രാമേട്ടന്റെ കടയിൽ, വൈകുന്നേരത്തെ ആ പതിവ് ചായ മോന്തുന്ന കുഞ്ഞുപാക്കരനോടായിരുന്നു ചോദ്യം.

"ന്താ ... പറ്റ്യേ?.."

"അപ്പ ...നീയൊന്നും അറിഞ്ഞില്ലേ ..?"

"ഇല്ല ..."

"ങ് ...അവനേ... ഇന്ന് രാവിലെ മുതൽ ഒന്നും കഴിയ്ക്കുന്നില്ലത്രേ ... കാര്യമായിട്ട്  മിണ്ടുന്നും ഇല്ലാന്ന് ..." 

"അയ്യോ .... ഇന്നലെ വൈകീട്ടും ഞങ്ങൾ ഒരുമിച്ചാണല്ലോ ഇവിടുന്നു പോയത് ..."

"അതേന്ന് .... ഇതിപ്പം... ഇന്ന് രാവിലെ മുതലാ .."

"രാമേട്ടാ ... ന്റെ ചായ, പറ്റില് എഴുതിയേക്കേ ..."

കുഞ്ഞുപാക്കരൻ വേഗം കുമാരച്ചന്റെ വീട്ടിലേയ്ക്ക് നടന്നു.

ഭാഗ്യം, ആള് ആ കോലായിൽ ഇരിപ്പുണ്ട്. 

കൂടെ, താടിയ്ക്ക് കയ്യും കൊടുത്ത് ഭാര്യയും ഉണ്ട്.

"ഇച്ചേയി ... എന്താ പറ്റിയെ ..?"

"ന്റെ പാക്കരാ ..എനിയ്ക്കൊന്നും അറിയാമ്മേല .."

"ന്ന് വച്ചാ? ...."

"ഇന്ന് രാവിലെ ഞാൻ ആൾക്ക് ചായയുമായി ചെന്നപ്പോ, എന്നോട് പറയുവാ .... ചായ വേണ്ട മോഷണാന്ന്..."

"ലൂസ് മോഷനോ ..? അതിനിത്തിരി മരുന്ന് കൊടുത്താ പോരെ ..? ..അല്ലേൽ ഇത്തിരി ഇഞ്ചിനീര് ... അയിനാണോ ഈ പുകില്?..."  

'ഡാ ..ഞാനും അതാ കരുതിയെ ... പക്ഷേ, ഇത് അതല്ലാന്ന്.."

"പിന്നെ ..?"

"മോഷണം ആണെന്ന് .... മോഷണം... കൂടെ വേറെ എന്തൊക്കെയോ പിറുപിറുക്കേം ചെയ്തു .."

"മോഷണോ...? എന്നിട്ട് .."

"ഞാൻ വേഗം ഒരു കട്ടൻ ചായ കൊടുത്തു ... അപ്പഴും പറയുവാ ... ഈ ചായേം വേണ്ട, ഇതും മോഷണാന്ന്..."

"ഏഹ്.... ഇതെന്തു കഥ ..?"

"ന്റെ പാക്കരാ ..തീർന്നില്ല .... രാവിലെ പുട്ടും പഴോം കൊണ്ട് കൊടുത്തപ്പോ ... വീണ്ടും പറയുവാ ... വേണ്ട, അതും മോഷണാന്ന്..."

"..ല്ല ഇച്ചേയി ... ഇനി രാത്രി കുമാരച്ചൻ വല്ലോം മോഷ്ടിക്കാൻ പോയോ ..... വല്ല തേങ്ങയോ, വാഴക്കുലയോ ... മറ്റോ .....?"

"ഡാ ... പാക്കരാ .... നീ രാവിലെ എന്റെ വായീന്ന് വല്ലോം കേക്കുവേ ..."

"അല്ല ... ഞാൻ ചുമ്മാ ചോദിച്ചതാ ... എല്ലാം മോഷണം ..മോഷണം ന്ന് പറഞ്ഞോണ്ട് ..... ആട്ടെ ...ആള് ഉച്ചയ്ക്ക് വല്ലോം കഴിച്ചോ ..?

"ഇല്ലന്നെ ... രാവിലെ കഴിയ്ക്കാത്തോണ്ട് ഉച്ചയ്ക്കിത്തിരി ചക്കപ്പുഴുക്കും, കാന്താരിമുളകും ഉണ്ടാക്കി കൊടുത്തു .... അപ്പോഴും ആ പതിവ് പല്ലവി തന്നെ ... മോഷണം .."

"ന്റെ ദൈവമേ ....ന്താ പറ്റിയെ കുമാരച്ചന് ..? ഇന്നലെ രാത്രി ആള് വല്ലോം കഴിച്ചാരുന്നോ ?..." 

"പിന്നേ ... വയറ് നിറച്ച് കപ്പപ്പുഴുക്കും മത്തിക്കറീം  കഴിച്ച് കിടന്ന മനുഷേനാ ..."

"വൈകുന്നേരം ചായ കുടിച്ചോ ?"

"അതാ പാക്കരാ പ്രശ്നം .... രാവിലേം ഉച്ചയ്ക്കും ഒന്നും കഴിയ്ക്കാത്ത മനുഷേനല്ലേ, എന്നാൽ കഴിച്ചോട്ടെ എന്നും കരുതി ഞാൻ ഒരു മുട്ടേം പുഴുങ്ങി, ഇത്തിരി ജീരകവെള്ളോം കൊടുത്തു ...."

"എന്നിട്ട് ?.."

"വെള്ളം കുടിച്ചു ... മുട്ട കണ്ടതും ....എന്റെ പാക്കരാ ..."

"എന്താണ്ടായേ?...."

"ആൾടെ ഭാവം അങ്ങ് മാറി ... എന്നെ വല്ലാത്തൊരു നോട്ടോം നോക്കി.... എന്നിട്ടാ മുട്ടയെടുത്ത് മുറ്റത്തേയ്ക്ക് ഒരേറ്‌..."  

"ഇച്ചേയി ...വെഷമിയ്ക്കാതെ ... ഞാനൊന്ന് ചോദിയ്ക്കട്ടെ കുമാരച്ചനോട് .."

അത്ര നേരവും ഒന്നും പറയാതെ, എന്നാൽ എന്തൊക്കെയോ പിറുപിറുത്ത് ആ കോലായിൽത്തന്നെ ഇരിയ്ക്കുകയായിരുന്നു, നമ്മുടെ കുമാരച്ചൻ.

"കുമാരച്ചാ ..വന്നേ നമുക്ക് അവിടെ ഇരിയ്ക്കാം ..."

കുഞ്ഞുപാക്കരൻ ആളേം കൂട്ടി ആ പ്ലാവിൻ ചുവട്ടിലേക്ക് നടന്നു.

അവിടെ, ആ കല്ലുകളിൽ ഇരുന്നാണ് അവർ എന്നും സംസാരിയ്ക്കാറുള്ളത് ... നാട്ടുകാര്യങ്ങൾ മുതൽ അന്തർദ്ദേശീയ കാര്യങ്ങൾ വരെ ....

"ഇനി പറ ... കുമാരച്ചാ ... എന്നാ പറ്റിയേ ..?"

ഈ ചോദ്യത്തിനും ... പിന്നീടുള്ള ചോദ്യത്തിനും, ഒരു മറുപടിയും കിട്ടാതായപ്പോൾ, കുഞ്ഞുപാക്കരന് കുറേശ്ശേ ദേഷ്യം വന്നു തുടങ്ങി ...

"എന്നാ പിന്നെ ... എന്നാന്നാ ചെയ്യ് ... ഞാൻ പോണ് .."

"പാക്കരാ നില്ല് ... ഞാൻ പറയാം ..."

"ആ .... പറ .."

"അതേയ് ... ഇന്നലെ രാത്രി ഉറക്കം വരാൻ ഇത്തിരി വൈകി ... അപ്പഴാ ഞാൻ കുറച്ച് ആലോചിച്ചേ ..."

"എന്തോന്ന് ..?"

"അതല്ല ..ശരിയ്ക്കും പറഞ്ഞാ... നമ്മളൊക്കെ ഒരു കണക്കിൽ  മോഷ്ടാക്കളാണെന്ന്..."

"മോഷ്ടാക്കളോ ..? നമ്മൾ, ആരുടെ എന്ത് മോഷ്ടിച്ചു ..?"

"എന്ത് മോഷ്ടിച്ചെന്നോ ?.... പറയാം .."

"ന്നാ ... പറ ..."

"രാവിലെ തന്ന ആ പാലില്ലേ ...? അത് ശരിയ്ക്കും മോഷ്ടിച്ചതല്ലേ...?"

"അത് നിങ്ങടെ പുള്ളിപ്പശൂന്റെയല്ലേ ..? പിന്നെന്ത് മോഷണം ..?

"അതല്ല പാക്കരാ .. അത് ശരിയ്ക്കും ആ പശു അതിന്റെ കുഞ്ഞിന് കൊടുക്കാൻ ഉണ്ടാക്കിയതല്ലേ ...? അത് നമ്മൾ മോഷ്ടിയ്ക്കുകയല്ലേ ..?"

"അപ്പൊ .. ആ കട്ടൻ ചായ ..?"

"ആ തേയിലയേ ... അത് ആ പാവം ചെടിയുടെ കൂമ്പ് നമ്മൾ മോഷ്ടിച്ചതല്ലേ ..?"

"അപ്പൊ ... പുട്ടും പഴോം ..?"

"എന്താ സംശയം? .... അരി നെല്ലീന്ന് മോഷ്ടിച്ചു ..... പിന്നെ പഴം .. അതും .."

കാര്യങ്ങൾ പതുക്കെ കൈവിടുകയാണെന്ന് കുഞ്ഞുപാക്കരന് മനസ്സിലായി.

"അപ്പൊ ..ഉച്ചയ്ക്കത്തെ ആ ചക്കപ്പുഴുക്കോ ..?"

"ആ പ്ലാവിന്റെ വംശവർദ്ധനവിനുള്ള ചക്ക, നമ്മൾ നിർദ്ദയം മോഷ്ടിച്ചതല്ലേ ..?"

"ശരിയാ ..ശരിയാ ... പക്ഷേ, ആ പാവം കാന്താരി മുളക് ചമ്മന്തി..?"

"അതും മോഷണം ... മുളകിന്റെ  വംശവർദ്ധന..."

ഇത്രേം ആയപ്പോൾ കുഞ്ഞുപാക്കരൻ ഇടയ്ക്കു കയറി .... 

"അത് പോട്ടെ ..ആ മുട്ട എറിഞ്ഞതോ ?"

"അതോ .. പാക്കരാ ... കീയോം... കീയോം പറഞ്ഞ് ഈ മുറ്റത്തൂടെ പാഞ്ഞു നടക്കേണ്ട ഒരു പാവം കോഴിക്കുഞ്ഞിനെയല്ലേ ആ മോഷണം ഇല്ലാണ്ടാക്കിയേ ... നീ പറ ..."

"എല്ലാം മനസ്സിലായി ...കുമാരച്ചാ.... ശരിയാട്ടോ ... നമുക്കേ ഇതൊക്കെ ഒന്ന് ശരിയാക്കണം ..."  

"പാക്കരാ ...നീയും ഞാനും ഉടുത്തേക്കണ ഈ മുണ്ടുകളില്ലേ ..? അതും ഒരുതരം മോഷണമാണോന്നാ ഞാൻ ഇപ്പൊ ആലോചിയ്ക്കുന്നെ .... ഈ പരുത്തിച്ചെടിയുടെ വംശവർദ്ധന ....."

"എന്റെ പൊന്നു കുമാരച്ചാ ... ഇതും പറഞ്ഞ് ആ മുണ്ടൊന്നും  ഉരിഞ്ഞേക്കല്ലേ...." 

"അല്ല .. പാക്കരാ ... നമ്മൾ ഇമ്മാതിരി മോഷണം മുഴുക്കെ നിർത്തണം .... വേണ്ടേ ... നീ പറ... പറഞ്ഞേ പറ്റൂ ..."

"അതിപ്പം ..."

"ചുമ്മാ ..... അതിപ്പം ഇതിപ്പം എന്നൊന്നും പറയാതെ ... നീ കാര്യം പറ പാക്കരാ .... വേണ്ടേ? ... വേണ്ടേന്ന്?"

ആളുടെ, ആ പറച്ചിലിലെ പെട്ടെന്നുള്ള ഭാവമാറ്റം മനസ്സിലായ പാക്കരൻ, ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ ഇരുന്നു. 

"ഇച്ചേയിയേ ... ഞാനിപ്പം വരാം ...ദേ കുമാരച്ചൻ പ്ലാഞ്ചോട്ടിലാണേ..."

ഇടവഴിയേ, ഇത്തിരി പരിഭ്രമത്തോടെ സ്വന്തം വീട്ടിലേയ്ക്കു നടക്കുമ്പോൾ, കുഞ്ഞുപാക്കരൻ വെറുതെയൊന്ന് ആലോചിച്ചു. 

ഒരു കണക്കിൽ പറഞ്ഞാൽ, ആ കുമാരച്ചൻ പറഞ്ഞതിലും ഇത്തിരി കാര്യമൊക്കെയുണ്ട്.

ഒരു കാര്യം ചെയ്യാം. 

ഇന്ന് അത്താഴോം കഴിഞ്ഞ് കിടക്കുമ്പോൾ, അതൊന്ന് വിശദമായി ആലോചിയ്ക്കാം.

ഈ പറഞ്ഞതൊക്കെ മോഷണമാണെങ്കിൽ...? മഹാ മോശമല്ലേ?

* * * 

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

Comments

Popular posts from this blog

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

'കെട്ടുനിറ'യും ശബരിമല യാത്രയും [ഹൈന്ദവ പുരാണങ്ങളിലൂടെ - 2]