ദീപാവലി
ദീപാവലി
[കവിത]
അന്ധകാരത്തിന്റെ ആഴത്തിൽ നിന്നൊരു
അലറിക്കരച്ചിൽ ഞാൻ കേട്ടു
അമ്മക്കരളിലേയ്ക്കാഞ്ഞിറങ്ങുന്നൊരു
അരമുഴം വാളു ഞാൻ കണ്ടു
പുലരികൾ വിരിയവേ കതിരവൻ കരയുന്നു
കിരണങ്ങൾ പാഴിലായ് പോയിടുന്നു
ഒരു മാത്ര പോലുമവ മാറ്റുന്നതില്ലത്രെ
മനുജന്റെ മനസ്സിലെ അന്ധകാരം
കൗമാരകാലം കടക്കാത്ത കുട്ടികൾ
കാലന്റെ ദൂത് വഹിച്ചിടുന്നു
യൗവ്വനപ്പാതി കടക്കുവോർ ഉന്മാദ
യാത്ര മുഴുമിച്ചു തീർത്തിടുന്നു
കാലം കലികാലമാണെന്നിരിയ്ക്കിലും
കന്മഷമിത്രമേൽ വേണ്ടതുണ്ടോ?
കരിയാതെയെരിയുന്ന തിരിനാളമൊന്നുള്ളിൽ
കാറ്റിൽ കെടാതെ നാം കാത്തിടേണ്ടേ?
തെളിയിച്ചു നിർത്തിടാം ഒരു നൂറു തിരികളീ
നടുമുറ്റ നടുവിൽ ഇന്നാവലിയായ്
ദീപാവലിയ്ക്ക് തെളിയട്ടെ മനതാരിൽ
ഓരോ മനുജനും നറുവെളിച്ചം
അറിയാതെ ആശിച്ചു പോകുന്നു ഞാൻ
ഉള്ളിൽ എരിയുന്ന ദീപം നിറഞ്ഞു കത്താൻ
ആവലിയായി പടർന്നീടുവാൻ
അന്ധകാരത്തിനന്തകനായീടുവാൻ..!
===============
നിറയട്ടെ പൊൻവെളിച്ചം ഓരോ മനസ്സിലും..!
ഏവർക്കും ദീപാവലി ആശംസകൾ ...!!
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
പിൻകുറിപ്പ്: കൗമാരം കടക്കാത്തവർ പ്രണയപ്പകകൾ കൊന്നു തീർക്കുമ്പോൾ, യൗവ്വനം കടക്കാത്തവർ മയക്കുമരുന്നുകളുടെ ആഴക്കടലുകൾ നീന്തിക്കടക്കുമ്പോൾ, ബാക്കിയായവർ അക്ഷമയുടെ നൂൽപ്പാലങ്ങൾ ഓടിക്കടക്കുമ്പോൾ, പ്രതീക്ഷയുടെ ഒരു ചെറു ദീപമെങ്കിലും തെളിയിയ്ക്കുവാൻ, ആരെക്കൊണ്ടാവും? അവരവർക്കല്ലാതെ..?

Comments
Post a Comment