താരകം തന്നെ, ഈ താര ...!!
[രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ : ഭാഗം-3]
കഥാപാത്ര പരിചയം:
താര - ബലവാനായ വാനര രാജൻ ബാലിയുടെ പ്രിയപത്‌നി.
പറയുമ്പോൾ ഒരു വാനര രാജ്ഞിയെങ്കിലും, രാമായണത്തിൽ കുറച്ചേറെ പ്രാധാന്യമുള്ള ഒരു കഥാപാത്രം തന്നെയാണ് ഈ താര.
രാമായണ മഹാകാവ്യത്തിൽ, മൂന്ന് അവസരങ്ങളിലാണ് താരയെ നമുക്ക് കാണാൻ കഴിയുന്നത്.
ഒന്ന്: ബാലീ-സുഗ്രീവ യുദ്ധത്തിന്റെ ഒന്നാം പാദത്തിലെ പരാജയത്തിന് ശേഷം, ശ്രീരാമ പിന്തുണയുടെ ബലത്തിൽ, സുഗ്രീവൻ വീണ്ടുമൊരു യുദ്ധത്തിനായി ബാലിയെ വെല്ലുവിളിയ്ക്കുമ്പോൾ, സ്വന്തം ഭർത്താവിനെ തടയുന്ന താര.
രണ്ട്: ബാലിവധത്തിനു ശേഷം ശ്രീരാമനെ നേരിൽ കാണുന്ന നിരാശയായ, എന്നാൽ ധൈര്യവതിയായ താര.
മൂന്ന്: തന്റെ രാജാഭിഷേകത്തിനു ശേഷം സുഗ്രീവൻ, സീതാന്വേഷണത്തിൽ വേണ്ടത്ര ശുഷ്‌കാന്തി കാണിയ്ക്കുന്നില്ല എന്ന കാരണത്താൽ, സുഗ്രീവനെ നിഗ്രഹിയ്ക്കുന്നതിനായി എത്തുന്ന, അതികോപാകുലനായ ലക്ഷ്മണനെ, തന്റെ നയചാതുരിയാൽ ശാന്തയാക്കുന്ന താര.
വിശകലനം/വ്യാഖ്യാനം:
മഹാസിംഹനാദം പുറപ്പെടുവിച്ച്, കിഷ്ക്കിന്ദാപുരദ്വാരത്തിൽ നിന്നു കൊണ്ട് സുഗ്രീവൻ, വീണ്ടും ഒരു യുദ്ധത്തിനായി ബാലിയെ വെല്ലുവിളിയ്ക്കുകയും, ബാലി യുദ്ധസന്നദ്ധനായി പുറപ്പെടുകയും ചെയ്യുമ്പോൾ, തന്റെ പ്രിയതമനെ തടഞ്ഞുകൊണ്ട് താര പറയുന്നത് നോക്കുക.
"ഒരിയ്ക്കൽ യുദ്ധത്തിൽ പരാജയപ്പെട്ട് പലായനം ചെയ്ത സുഗ്രീവൻ, വീണ്ടും വന്ന് ഇത്തരത്തിൽ ഒരു വെല്ലുവിളി നടത്തണമെങ്കിൽ, അത്രയും ശക്തനായ ഒരു പുതിയ മിത്രം അവനുണ്ടാകും എന്നതിൽ യാതൊരു സംശയവും വേണ്ട ..."
നോക്കൂ, ഇവിടെ എത്ര കൃത്യമായാണ് താര ആ അനുമാനത്തിൽ എത്തുന്നത്; തന്റെ ഭർത്താവിനെ തടയാൻ നോക്കുന്നത്. [രാജാവും, ബുദ്ധിമാനുമായ ബാലി പോലും ചിന്തിയ്ക്കാത്ത ഒരു സാധ്യതയെ ആണ് താര ഇവിടെ ഇപ്രകാരം ചൂണ്ടിക്കാണിയ്ക്കുന്നത്].
എന്നാൽ, ബാലി അത് കണക്കിലെടുക്കാതെ പുറപ്പെടാനൊരുങ്ങുമ്പോൾ, ഒരൊറ്റ ശ്വാസത്തിൽ താര വീണ്ടും പറയുന്നു. തങ്ങളുടെ പുത്രനായ അംഗദൻ ഒരു ദിനം നായാട്ടിനു കാട്ടിൽ പോയപ്പോൾ, അവിടെ വച്ച് കേട്ട ആ രാമ-സുഗ്രീവ സഖ്യ-വാർത്തകളെ പറ്റി.
ബാലിയുടെ മുൻപിൽ അവസാനശ്രമമെന്ന നിലയിൽ, താര കരഞ്ഞു കാലു പിടിച്ചു പറയുന്നത് നോക്കുക.
"....അതുകൊണ്ട്, അങ്ങ് എല്ലാ വൈരങ്ങളും വെടിഞ്ഞ്, സുഗ്രീവനെ ഇളമയായി വാഴിയ്ക്കുകയും, അതുവഴി എന്നെയും, നമ്മുടെ മകൻ അംഗദനെയും, പിന്നെ നമ്മുടെ ഈ രാജ്യത്തെയും, അങ്ങിനെ ഈ കുലത്തെ തന്നെയും രക്ഷിയ്ക്കുകയും ചെയ്യേണമേ...".
ഇവിടെ താരയുടെ ആ പ്രായോഗിക ബുദ്ധിവൈഭവം നമ്മൾ കാണുന്നു. ഒപ്പം രാജ്യ-കുല സ്നേഹവും.
ശേഷം നമ്മൾ താരയെ കാണുന്നതാകട്ടെ, അതീവ ദുഖിതയായ നിലയിൽ, ബാലിയുടെ മൃതശരീരത്തിനടുത്ത് വച്ചാണ്. ഭർത്താവിനെ അത്യധികം സ്നേഹിച്ച താരയ്ക്ക്, അദ്ദേഹത്തിന്റെ ആ ദേഹവിയോഗത്തിൽ വല്ലാത്ത ശൂന്യതാബോധമാണുണ്ടാകുന്നത്. അതുകൊണ്ടു തന്നെ രാമനോട് താര പറയുന്നു.
"ഭാര്യാവിയോഗം നന്നായി അറിയുന്ന നിങ്ങൾ, എന്നെയും എത്രയും വേഗം മൃത്യുലോകത്തയയ്ക്കുക. അപ്രകാരം, എന്റെ ഭർത്താവിന്റെ ഈ കഠിനമായ ഭാര്യാവിയോഗത്തിനും, അറുതി വരുത്തുക.....".
ഈ അവസരത്തിൽ നമ്മൾ കാണുന്ന താര, ഭർതൃവിയോഗത്തിൽ ദുഖിതയായ വെറുമൊരു ഭാര്യ മാത്രമാണ്.
എന്നാൽ, താരയുടെ ആ വിലാപത്തിനു മറുപടിയായി, ശ്രീരാമൻ ഇഹലോകജീവിതത്തിന്റെ അർത്ഥത്തേയും, അർത്ഥമില്ലായ്മയെയും കുറിച്ച് താരയോട്, അതിദീർഘമായി തന്നെ സംസാരിയ്ക്കുന്നു. ദേഹിയേയും, ദേഹത്തേയും കുറിച്ചും.
ഇതാണ് രാമായണത്തിലെ പ്രശസ്തമായ ആ "താരോപദേശം".
[താരോപദേശം വളരെ ഗഹനമായതിനാൽ തന്നെ, അത് നമ്മൾ മറ്റൊരു അവസരത്തിലേയ്ക്കായി മാറ്റി വയ്ക്കുന്നു].
താരോപദേശം ശ്രവിച്ച താര, ആത്മാനുഭൂതി കൈവരിച്ച്, ജീവിതത്തിന്റെ മോഹവലയത്തിൽ നിന്നും വിമോചിതയായി, ജീവന്മുക്തയായി ('ജീവിച്ചിരിയ്ക്കെ തന്നെ മുക്തയായവൾ' എന്നർത്ഥം) ആയി തീരുകയാണ്.
അങ്ങിനെയുള്ള ആ താരയെ ആണ്, മൂന്നാമത്തെ അവസരത്തിൽ നമ്മൾ കാണുന്നത്.
ഈ ലേഖനത്തിന്റെ കഥാപാത്രപരിചയ ഭാഗത്ത് നമ്മൾ സൂചിപ്പിച്ചത് പോലെ, രാജാഭിഷേകത്തിനു ശേഷം, സീതാന്വേഷണത്തിൽ സുഗ്രീവൻ വേണ്ടത്ര ശുഷ്‌കാന്തി കാണിയ്ക്കുന്നില്ല എന്ന വിചാരത്താൽ, സുഗ്രീവനെ നിഗ്രഹിയ്ക്കുന്നതിനായി എത്തുന്ന കോപാകുലനായ ലക്ഷ്മണനെ തടയാൻ, സുഗ്രീവൻ താരയുടെ സഹായം തേടുകയാണ്.
കുപിതനായ ലക്ഷ്മണനെ സമാധാനിപ്പിയ്ക്കാൻ, താരയുടെ ആ 'സാരസ്യസാര വാക്യങ്ങൾ' വളരെ ആവശ്യമാണ് എന്നാണ് ഇവിടെ സുഗ്രീവൻ കരുതുന്നത്.
ലക്ഷ്മണനോടുള്ള താരയുടെ ആദ്യ വാചകം തന്നെ നോക്കുക.
"....വന്നാലും ... ഇത് അങ്ങയുടെ മന്ദിരമാണ് എന്നറിഞ്ഞു കൊള്ളുക ...".
ഇവിടെ താരയുടെ ഈ വാക്കുകളിൽ, ഒരമ്മയുടെ സ്നേഹവും, ഒരു ആതിഥേയയുടെ സാമാന്യമര്യാദയും മാത്രമല്ല, കൃത്യമായ ഒരു നയതന്ത്രജ്ഞതയും കൂടി അടങ്ങിയിരിയ്ക്കുന്നു, എന്നു തന്നെ പറയേണ്ടി വരും?
അല്ലേ?
ലക്ഷ്മണനെ തീർത്തും ശാന്തനാക്കാം, എന്ന തികഞ്ഞ ആത്മവിശ്വാസത്തിൽ താര തുടരുന്നതു നോക്കുക.
"....ഭക്തനായെത്രയുമുത്തമനായ് തവ
ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ
കോപമുണ്ടായാലവനെന്തൊരു ഗതി?
ചാപല്യമേറുമിജ്ജാതികൾക്കോർക്കണം ...."
അങ്ങയുടെ ഭക്തൻ മാത്രമല്ല, ഭൃത്യൻ കൂടിയാണ് ഈ കപീന്ദ്രൻ എന്ന താരയുടെ ഉപചാരവാക്കുകൾ, ആ ലക്ഷ്മണകോപത്തെ നന്നായി തണുപ്പിയ്ക്കുക തന്നെ ചെയ്തു.
"ചാപല്യമേറുമിജ്ജാതികൾ" എന്ന് തന്റെ തന്നെ വർഗത്തെ കുറ്റപ്പെടുത്തുമ്പോഴും, താര ഒരു മാത്ര പോലും ലക്ഷ്മണനെ കുറ്റപ്പെടുത്തുന്നില്ല എന്നും കാണുക.
കോപിഷ്ഠനായാൽ (അതും തന്റെ ജ്യേഷ്ഠന് വേണ്ടി), പിന്നെ ഉഗ്രമൂർത്തിയെ പോലെ ഉറഞ്ഞു തുള്ളുന്ന ആ ലക്ഷ്മണനെ ശാന്തനാക്കാൻ, സാക്ഷാൽ ശ്രീരാമൻ പോലും രാമായണത്തിൽ പലയിടത്തും ഏറെ കഷ്ടപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ആ ലക്ഷ്മണനെ ഇവിടെ താര എത്ര തന്മയത്തത്തോടെയാണ് ശാന്തനാക്കുന്നത് എന്ന് നോക്കുക.
ഈ നയചാതുര്യം കാണുമ്പോൾ, സുഗ്രീവ രാജ്യത്തിൻറെ ഏറ്റവും കഴിവുറ്റ ഒരു നയതന്ത്രജ്ഞയാണ് അഥവാ അംബാസഡർ ആണ് താര എന്നു വേണമെങ്കിലും നമുക്ക് പറയാം. അല്ലേ?
ഇനി, ചുരുക്കി പറഞ്ഞാൽ, രാമായണമാകുന്ന ആ നീലാകാശത്തിലെ, ഒരു ശുഭ്രനക്ഷത്രം അഥവാ തിളക്കമേറിയ ഒരു താരകം തന്നെയാണ് ഈ താര, എന്ന് നമുക്ക് നിസ്സംശയം പറയാം.
======================
സ്നേഹത്തോടെ- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment