WFH കാലത്തെ മാനസിക സമ്മർദ്ദങ്ങൾ - എങ്ങിനെ നേരിടാം?
WFH കാലത്തെ മാനസിക സമ്മർദ്ദങ്ങൾ - എങ്ങിനെ നേരിടാം?
അതേയ് ...
പെട്ടെന്ന് പ്രായം കൂടി എന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ ?
ഇടയ്ക്കിടെ പോയി കണ്ണാടി നോക്കാറുണ്ടോ ?
മുഖത്ത്, കണ്ണിനു താഴെ ആയി ഉള്ള ആ കറുപ്പ് നിറം കുറച്ചു കൂടിയോ ?
പഴയതു പോലെ പുരികങ്ങൾ ഷേപ്പ് ആക്കാൻ ഒരു ഉത്സാഹം ഇല്ല ...അല്ലെ ?
അല്ല... നിങ്ങളാണെങ്കിൽ ഷേവ് ചെയ്തിട്ട് ദിവസങ്ങൾ ആയല്ലോ ..
മുടി വല്ലാതെ നീണ്ടിരിയ്ക്കുന്നു
ആകെ വല്ലാത്ത ഒരു മുഷിവു തോന്നുന്നുണ്ടല്ലേ?
പെട്ടെന്ന് ഒറ്റപ്പെട്ടതു പോലെ ഒരു തോന്നൽ ?
കൂട്ടുകാരെ ഒന്ന് കാണാൻ ...കുറച്ചു പരദൂഷണമെങ്കിലും ഒന്ന് പറയാൻ ... വല്ലാത്ത ഒരു മോഹം ...?
ഓഹ് .. ഈ വാട്സപ്പ് പോലും അങ്ങ് മടുത്തു തുടങ്ങി..അല്ലെ ?
ആകെ മൊത്തം ടോട്ടലി ..... വല്ലാത്ത ഒരു ടെൻഷൻ.. ..?
=============
ഈ പറഞ്ഞതിൽ ചിലതോ അല്ലെങ്കിൽ പലതോ, നിങ്ങളുടെ കാര്യത്തിൽ ശരിയാണോ?
ആണെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് പ്രായം കൂടി എന്നു തന്നെയാണ് ..
ഏഹ്.... അതെങ്ങിനെ പെട്ടെന്ന് പ്രായം കൂടും, എന്നാണോ ...?
സംഗതി ശരിയാണ് .. പക്ഷെ ആ പ്രായം ശരീരത്തിനല്ല കൂടിയത് ..നിങ്ങളുടെ മനസിനാണ് ....
ഈ കൊറോണ കാലത്ത്, വീട്ടിൽ ഇരുന്നു വർക്ക് ചെയ്തും (WFH എന്ന ഓമനപ്പേരിൽ), പിന്നെ കുട്ടികളുടെ ആ ഓൺലൈൻ ക്‌ളാസ് നോക്കിയും ... കൂടെ വീട്ടുപണികൾ ചെയ്തും ..... ഒക്കെ അതങ്ങു കൂടിയതാവും...
നമുക്ക്, അതൊന്നു കുറയ്ക്കണ്ടേ? മനസിനെ മധുരപതിനേഴിലേയ്ക്കല്ലെങ്കിലും ഒരു മധുര 25 ലേയ്‌ക്കെങ്കിലും ഒന്നു കൊണ്ട് വരണ്ടേ?
വേണ്ടെന്നോ ? ഏയ് ..അത് ചുമ്മാ ...
അതേയ് .... ആരും അറിയണ്ട .. നമുക്ക് ... കുറയ്ക്കാമെന്നേ ...അതിനുള്ള ചില സൂത്രപ്പണികൾ പറഞ്ഞു തരാം ... പക്ഷേ, ശ്രദ്ധിച്ചു കേൾക്കണം കേട്ടോ ...
A. നിങ്ങളുടെ കാര്യത്തിൽ:
1. WFH കാലത്തും നിങ്ങളുടെ ദിനചര്യകളിൽ ഒരു മാറ്റവും വരുത്താതിരിയ്ക്കുക.
2. കൃത്യ സമയത്ത് സൈൻ-ഇൻ, കൃത്യ സമയത്ത് സൈൻ-ഔട്ട്.
3. ചെയ്യുന്ന ജോലിയിൽ 100% ആത്മാർത്ഥത
4. അനുവദനീയമായതിലും കൂടുതലായി എടുക്കുന്ന എല്ലാ ഇടവേളകളും, ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ മാത്രം.
5. കിറു കൃത്യമായ റിപ്പോർട്ടിങ്.
B. നിങ്ങളുടെ പങ്കാളിയുടെ/മാതാപിതാക്കളുടെ കാര്യത്തിൽ:
1. അവരും WFH ആണെങ്കിൽ മുകളിൽ പറഞ്ഞ 5 കാര്യങ്ങളും ബാധകം
2. അവർ ജോലിയില്ലാത്തവരോ / ജോലിയ്‌ക്കോ-വ്യാപാരത്തിനോ ആയി പുറത്തു പോകുന്നവരോ ആണെങ്കിൽ, നിങ്ങളുടെ WFHന്റെ കാര്യങ്ങൾ വിശദമായി, എന്നാൽ ലളിതമായി അവരുടെ ഒഴിവു സമയത്ത് അവരെ ബോധ്യപ്പെടുത്തുക.
3. അനാവശ്യമായി WFH നിടയിൽ അവർ നിങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്നത്, ഒരു പരിധി വരെ അങ്ങിനെ ഒഴിവാക്കാം.
C. കുട്ടികളുടെ കാര്യത്തിൽ:
1. ഓർക്കുക. ഒരു അധ്യയന വർഷത്തെ മുഴുവൻ ടെൻഷനുകളും കുട്ടികൾ ഒഴുക്കി കളയുന്നതും, വരുന്ന അധ്യയന വർഷത്തേക്കുള്ള മാനസിക തയ്യാറെടുപ്പുകൾ നടത്തുന്നതും, അവരുടെ ആ മധ്യവേനലവധിക്കാലത്താണ്.
2. ഇത്തവണ, ആ അവധിക്കാലം മുഴുവനായും നഷ്ടപെട്ടവരാണവർ. ആ നഷ്ടബോധവും, നിരാശാബോധവും ഉള്ളവർ.
3. ഓൺലൈൻ ക്ലാസുകളുടെ കാര്യം കൂടെക്കൂടെ പറഞ്ഞ്, അവരെ അനാവശ്യ മാനസിക സമ്മർദ്ദത്തിന് അടിമപ്പെടുത്താതിരിയ്ക്കുക.
4. ഓർക്കുക. ഒരു വിഷയത്തിനോ, കുറച്ചു വിഷയങ്ങൾക്കോ ഒരിത്തിരി മാർക്ക് കുറഞ്ഞു പോയി എന്നോർത്ത്, ഇവിടെ ഒരു ആകാശവും ഇടിഞ്ഞു വീഴില്ല.
5. കഴിഞ്ഞ മൂന്ന് മാസത്തിനിടെ, 18 വയസിൽ താഴെ പ്രായമുള്ള 66 കുട്ടികൾ മാനസിക സമ്മർദ്ദത്താൽ മാത്രം ആത്മഹത്യയിൽ അഭയം തേടിയ ഒരു സംസ്ഥാനമാണ് നമ്മുടേത്.
6. അമിതമായ മൊബൈൽ ഉപയോഗത്തിന്റെയും, അനിയന്ത്രിതമായ നവമാധ്യമ കൂട്ടുകെട്ടുകളുടെയും അപകടങ്ങൾ, വളരെ സൗമ്യതയോടെ, ഉദാഹരണ സഹിതം കുട്ടികളെ ബോധ്യപ്പെടുത്തുക.
7. അനാവശ്യ വെബ്‌സൈറ്റുകളിൽ കുട്ടികൾ സന്ദർശിയ്ക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ, അവരെ സ്വകാര്യമായി മാറ്റി നിർത്തി, അതിന്റെ ദൂഷ്യവശങ്ങൾ ക്ഷമയോടെ പറഞ്ഞു മനസിലാക്കുക. വീട്ടിലെ മറ്റുള്ളവർ കേൾക്കേ പോലും, അവരെ ഈ കാര്യത്തിൽ വഴക്കു പറയാതിരിയ്ക്കുക.
D. സാമ്പത്തിക അച്ചടക്കം:
1. ഒരു സാമ്പത്തിക ഞെരുക്കം പ്രതീക്ഷിയ്ക്കുക
2. കുടുംബത്തിൽ കൂട്ടായി, അതിനനിസരിച്ച് അത്യാവശ്യമല്ലാത്ത ചിലവുകൾ കുറയ്ക്കാനുള്ള തീരുമാനങ്ങൾ എടുക്കുക. എല്ലാവരും ഒരുമിച്ച് നടപ്പിലാക്കുക.
3. അനാവശ്യ വാങ്ങലുകൾ ഒഴിവാക്കുക.
E. നിങ്ങൾ ഒരു മേലധികാരി/തൊഴിലുടമ ആണെങ്കിൽ:
1. WFH കാലത്ത്, ഉല്പാദനക്ഷമതയിൽ 10 മുതൽ 20 ശതമാനം വരെ ഇടിവ് പ്രതീക്ഷിയ്ക്കുക. അതിനനുസരിച്ച് പദ്ധതികൾ പുന:ക്രമീകരണം നടത്തുക.
2. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക വെട്ടിച്ചുരുക്കലുകൾ നടത്തുന്നുണ്ട് എങ്കിൽ, അത് ബന്ധപ്പെട്ട തൊഴിലാളികളെ മുൻകൂട്ടിഅറിയിയ്ക്കുക.
3. WFH ന്റെ ആദ്യ ഒന്നോ-രണ്ടോ മാസങ്ങളിൽ, കഴിയുന്നത്ര ഉദാര സമീപനം കൈക്കൊള്ളുക.
4. ഇത് തൊഴിലാളികളുടെ മാത്രമല്ല നിങ്ങളുടെയും ദിവസങ്ങളെ കഴിയുന്നത്ര സന്തോഷപൂർണ്ണമാക്കും
F. ഏറ്റവും പ്രധാനപ്പെട്ടത്:
1. ഒരു ദിവസത്തിലെ 24 മണിക്കൂറിൽ, ഏറ്റവും കുറഞ്ഞത് 30 മിനുട്ടുകൾ, നിങ്ങൾ നിങ്ങൾക്ക് മാനസിക ഉല്ലാസം തരുന്ന ഒരു പ്രവർത്തിയ്ക്കായി അഥവാ വിനോദത്തിനായി നീക്കി വയ്ക്കുക. അത് എഴുത്തോ, വായനയോ, ടെലിവിഷൻ കാണലോ, തുന്നലോ, ചിത്രപ്പണികളോ, പാചകമോ, പാട്ടുപാടലോ, നൃത്തമോ, പൂന്തോട്ട പരിപാലനമോ..... അങ്ങിനെ എന്തുമായിക്കൊള്ളുക.
2. നിങ്ങളുടെ വീട്ടിലെ ഓരോ അംഗങ്ങളെയും (കുട്ടികൾ ഉൾപ്പെടെ ) ഇതുപോലെ 30 മിനുട്ടുകൾ സ്വന്തം വിനോദത്തിനു വേണ്ടി മാറ്റി വയ്ക്കാൻ പ്രേരിപ്പിയ്ക്കുക.
3. ഓർക്കുക. ആ 30 മിനുട്ടുകൾ എപ്പോൾ എന്നുള്ളത്, കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം, ഓരോ അംഗവും ക്രമീകരിയ്ക്കുക.
4. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ കുറഞ്ഞത് 15 മിനുട്ട് നേരം നിങ്ങൾ കുട്ടികളോടൊപ്പം വീട്ടുപരിസരത്തോ ചുറ്റുവട്ടത്തോ നടക്കാനിറങ്ങുക.
G. മാനസിക ആരോഗ്യം
1. മാനസിക ആരോഗ്യം എന്നത് ശാരീരിക ആരോഗ്യം പോലെയോ, അല്ലെങ്കിൽ അതിനേക്കാളേറെയോ പ്രധാനപ്പെട്ടതാണ്.
2. ശാരീരിക അനാരോഗ്യം, നിങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നതും അതിനാൽ തന്നെ എത്രയും വേഗം അതിനുള്ള ചികിത്സാമാർഗങ്ങൾ തേടാൻ കഴിയുന്നതും ആണ്.
3. മാനസിക അനാരോഗ്യം നിങ്ങൾക്കു തന്നെ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതോ, ചിലപ്പോൾ തിരിച്ചറിയാൻ തന്നെ കഴിയാത്തതോ ആകാം. അതിനാൽ തന്നെ, തക്ക സമയത്ത് അതിനുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തുക എന്നതും ഏറെ വിഷമകരമാണ്.
4. മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ നോക്കുക എന്നതാണ് ഏറ്റവും ഫലവത്തായ മാർഗം.
5. 'നാളെ എന്ത് ചെയ്യും?' എന്നതിന് പകരം 'ഇന്ന് എന്ത് ചെയ്യാം?' എന്നു മാത്രം ആലോചിയ്ക്കുക. നാളത്തെ കാര്യം നാളെ ആലോചിക്കാമല്ലോ.
6 . മാനസിക ആരോഗ്യമില്ലായ്മ എന്നത്, മാനസിക രോഗം ആണ് എന്ന് തെറ്റിദ്ധരിയ്ക്കാതിരിയ്ക്കുക. മാനസിക ആരോഗ്യം എന്നത് കൊണ്ട് ഇവിടെ വിവക്ഷിയ്ക്കുന്നത്, അധിക മാനസിക സമ്മർദ്ദങ്ങളില്ലാത്ത അവസ്ഥയെ ആണ്. അതികഠിനമായ മാനസിക സമ്മർദ്ദങ്ങൾ ഒരുപക്ഷേ, ഭാവിയിൽ മാനസിക രോഗങ്ങളിലേയ്ക്ക് പോലും വഴി തെളിച്ചേക്കാം.
7. അനാവശ്യമായ കോപം, അസാധാരണമായ ഓർമ്മക്കുറവ്, അനാവശ്യ ധൃതി, അകാരണമായ ഉന്മേഷക്കുറവ്, ഭക്ഷണത്തോടുള്ള വിരക്തി, ഉറക്കമില്ലായ്മ, താളം തെറ്റിയ ദിനചര്യകൾ... ഇവയൊക്കെ മാനസിക സമ്മർദ്ദത്തിന്റെ സൂചനകൾ ആവാം.
H. ചില മുൻകരുതലുകൾ:
1. എല്ലാ ശാരീരിക മുൻകരുതലുകളും (മാസ്ക്, സാനിറ്റൈസർ ...) എടുക്കുക.
2. ഒരു ദിവസം അവസാനിയ്ക്കുമ്പോൾ, ആ ദിവസത്തെ ബാക്കിയായ എല്ലാ സമ്മർദ്ദങ്ങളും നാളേയ്ക്ക് മാറ്റിവച്ച്, സ്വസ്ഥമായ മനസ്സോടെ, ഏറിയാൽ രാത്രി 11മണിയോടെയെങ്കിലും ഉറങ്ങാൻ കിടക്കുക.
3. മുതിർന്നവർക്ക് കുറഞ്ഞത് 7-8 മണിക്കൂറുകളും, കുട്ടികൾക്ക് 8-9 മണിക്കൂറുകളും, സ്വസ്ഥമായ ഉറക്കം ഇപ്പോൾ വളരെ ആവശ്യമാണ്.
4. മൊബൈൽ ഫോണുകൾ ഉറക്കമുറിയിൽ പ്രവേശിപ്പിയ്ക്കാതിരിയ്ക്കുക.
ഓർക്കുക .. മലയാളികൾ കരുത്തരാണ് ... ഒരുമയുള്ളവരും .... ആ ഒരുമയും കരുത്തും പ്രളയ കാലത്തു മാത്രമല്ല എന്ന് നമ്മൾ തെളിയിയ്‌ക്കേണ്ടിയിരിയ്ക്കുന്നു ...
നമ്മുടെ മനോബലം നമ്മുടെ കരുത്ത് ...
നിങ്ങൾ മാനസികമായി കരുത്തരായാൽ, നിങ്ങളുടെ കുടുംബം കരുത്തുറ്റതാകും ... എല്ലാ കുടുംബങ്ങളും കരുത്തുറ്റതായാൽ നമ്മുടെ ഈ നാടും കരുത്ത് നേടും .....
പ്രിയരേ ... ഈ മാനസിക സമ്മർദ്ദം കുറയ്ക്കുവാനുള്ള ഈ ലളിതമാർഗ്ഗങ്ങൾ നിങ്ങൾക്കിഷ്ടമായി എങ്കിൽ, അത് ആദ്യം നിങ്ങളുടെ കുടുംബത്തിലുള്ളവരുമായി പങ്കു വയ്ക്കുക. പ്രാവർത്തികമാക്കുക.
ശേഷം, നിങ്ങളുടെ കൂടി നിർദ്ദേശങ്ങളോടൊപ്പം കൂട്ടുകാരോട് പങ്കു വയ്ക്കുക.
ഏവർക്കും ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നുകൊണ്ട്,
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Very well written. The points are organized very nicely.
ReplyDelete