സുമിത്ര - ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും ഒരമ്മ
[രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ : ഭാഗം-2 ]
കഥാപാത്ര പരിചയം:സുമിത്ര - രാമായണത്തിലെ, അത്രയൊന്നും അറിയപ്പെടാത്ത ഒരമ്മ. കൃത്യമായി പറഞ്ഞാൽ, ലക്ഷ്മണന്റെയും ശത്രുഘ്നന്റെയും അമ്മ. ഇത്തവണ ആ അമ്മയെ കുറിച്ചാണ് നമ്മൾ പറയുന്നത്.
സുമിത്രയെ ഏതാണ്ട് രണ്ട് അവസരങ്ങളിൽ മാത്രമാണ്, രാമായണ മഹാകാവ്യത്തിൽ നമ്മൾ കാണുന്നത്.
ഒന്ന്: പുത്രകാമേഷ്ടി നടത്തി കൈവന്ന, ദേവനിർമ്മിതമായ ആ പായസം, ദശരഥൻ തന്റെ പത്നിമാർക്ക് പങ്കു വയ്ക്കുമ്പോൾ.
രണ്ട്: ശ്രീരാമ-ലക്ഷ്മണന്മാർ, സീതാദേവിയോടൊത്ത് വനവാസത്തിനായി അയോധ്യാ രാജധാനി വിട്ടിറങ്ങുമ്പോൾ.
ഈ രണ്ടവസരങ്ങളിലല്ലാതെ, കാര്യമായി മറ്റെങ്ങും, നമുക്കീ കഥാപാത്രത്തെ രാമായണത്തിൽ കാണാനാവില്ല.
വിശകലനം/വ്യാഖ്യാനം:
ഒരു പക്ഷേ, നിങ്ങൾ ചിന്തിയ്ക്കുന്നുണ്ടാകും. ഒരു മഹാകാവ്യത്തിൽ, വെറും രണ്ട് അവസരങ്ങളിൽ മാത്രം വന്നു പോകുന്ന ഒരു കഥാപാത്രത്തെ, എന്തുകൊണ്ട് നമ്മൾ ഇവിടെ ഈ പരമ്പരയ്ക്കായി തിരഞ്ഞെടുത്തു എന്ന്. അല്ലേ?
ശരിയാണ്. പക്ഷെ അതിനു കൃത്യമായ കാരണവുമുണ്ട്.
ദശരഥന്റെ മൂന്ന് പത്നിമാരിൽ ഒരുവളാണ് സുമിത്ര. ഒരു പരിഭവമോ, അമിതാഹ്ലാദമോ, അമിത ദുഃഖമോ ഒന്നും ഇല്ലാതെ, സ്വസ്ഥമായൊഴുകുന്ന ഒരു ചെറു അരുവി പോലെ, അങ്ങിനെ ശാന്തമായി ജീവിച്ച, തീർത്തും നിസ്വാർത്ഥയായ ഒരു പാവം രാജ്ഞി.
സ്വന്തം ഭർത്താവായ ദശരരഥനു മേൽ പോലും, അനാവശ്യമായ ഒരു സമ്മർദ്ദത്തിനും മുതിരാത്തവൾ. കൊട്ടാര അകത്തളങ്ങളിലെ ഒരു ഗൂഢാലോചനകളിലും പങ്കില്ലാത്തവൾ. അങ്ങിനെ, എത്ര വേണമെങ്കിലും നല്ലതു പറയാം നമുക്കീ സുമിത്രയെ കുറിച്ച്.
നമ്മൾ മുകളിൽ സൂചിപ്പിച്ച, ആ പായസം പങ്കുവയ്ക്കലിലേയ്ക്ക് മടങ്ങി വരിക. പായസപ്പാത്രവുമായി ദശരഥൻ ആദ്യമെത്തുന്നത് കൗസല്യയുടെ അടുത്തേയ്ക്കാണ്. പകുതി അവിടെ നൽകി, ബാക്കി പകുതി കൈകേയിയ്ക്കും നൽകുന്നു ദശരഥൻ. സുമിത്ര എന്ന ആ മൂന്നാമത്തെ രാജ്ഞിയെ, ഒരുവേള ഓർക്കുന്നു പോലുമില്ല ഇവിടെ ആ രാജൻ.
പിന്നീട്, കൗസല്യയും കൈകേയിയും അവരുടെ പങ്കിൽ നിന്നും കുറച്ചു വീതം പായസം പകുത്തു നല്കുമോമ്പോഴും, അതിൽ പരിഭവമേതുമില്ലാതെ അത് വലിയ സന്തോഷത്തോടെ കൈക്കൊള്ളുന്നുമുണ്ട് ഈ സുമിത്ര. അവിടെയാണ്, സുമിത്രയുടെ ആ സൗമ്യ സ്വഭാവത്തെ നമ്മൾ വേറിട്ട് കാണേണ്ടതും.
എന്നാൽ, സുമിത്രയുടെ സ്വഭാവഗുണം നമ്മൾ ശരിയ്ക്കും മനസിലാക്കുന്നത്, രണ്ടാമത്തെ അവസരത്തിലാണ്.
ശ്രീരാമ-ലക്ഷ്മണന്മാർ, സീതാദേവിയോടൊത്ത് വനവാസത്തിനായി പുറപ്പെടുന്ന സമയത്ത്, ലക്ഷ്‌മണൻ തന്റെ അമ്മയോട് യാത്ര ചോദിയ്ക്കുന്നു. അമ്മയെ കൗസല്യാദേവിയുടെ അടുത്ത് സുരക്ഷിതയായി ഏൽപ്പിയ്ക്കുകയും ചെയ്യുന്നു.
ഇവിടെയാണ് സുമിത്ര എന്ന അമ്മയുടെ ആ വലുപ്പം നമ്മൾ അറിയേണ്ടത്. സ്വന്തം പുത്രനായ ലക്ഷ്‌മണൻ, ജ്യേഷ്ഠനായ രാമനൊപ്പം കാനനവാസത്തിനു പോകണം (അതും പതിന്നാലു കൊല്ലത്തേക്ക്) എന്ന് പറയുമ്പോൾ, ആ അമ്മ മകനെ തടയുന്നതേയില്ല. ഒരു പക്ഷേ, മറ്റേതൊരമ്മയും അത്തരമൊരു അവസരത്തിൽ അത് ചെയ്തു പോയേക്കും. തീർച്ച.
തന്റെ രാജകൊട്ടാരത്തിൽ, തനിയ്ക്കൊപ്പം സർവ സുഖസൗകര്യങ്ങളോടെയും, ഒരു രാജകുമാരനായി തന്നെ വാഴേണ്ട തന്റെ പ്രിയപ്പെട്ട മകൻ, പിതാവിന്റെ വാക്ക് പാലിയ്ക്കാൻ വേണ്ടി മാത്രം വനവാസത്തിനു പുറപ്പെടുന്ന ജ്യേഷ്ഠന്റെ കൂടെ, സ്വന്തം ഇഷ്ടപ്രകാരം കൂട്ട് പോകുന്നു എന്ന് പറയുമ്പോൾ, ഏതൊരമ്മയാണ് തടയാൻ ശ്രമിയ്ക്കുകയെങ്കിലും ചെയ്യാതിരിയ്ക്കുക? കുറച്ചു കൂടി സാമാന്യവത്കരിച്ചു പറഞ്ഞാൽ, തന്റെ അർധസഹോദരൻ മാത്രമായ ഒരു ജ്യേഷ്ഠനോപ്പം പോകാൻ തയ്യാറെടുക്കുമ്പോൾ?
എന്നാൽ ആ മകനെ ചേർത്ത് നിർത്തി, അനുഗ്രഹം നൽകിയ ശേഷം ഈ അമ്മ പറയുന്നത് നോക്കുക.
ലക്ഷ്മണ വീരൻ സുമിത്രയാമമ്മയെ
തൽക്ഷണെ കൗസല്യകൈയിൽ സമർപ്പിച്ചു
വന്ദിച്ച നേരം സുമിത്രയും പുത്രനെ
നന്ദിച്ചെടുത്തു സമാശ്ലേഷവും ചെയ്തു
നന്നായാനുഗ്രഹം ചെയ്തു തനയനു
പിന്നെയുപദേശവാക്കുമരുൾ ചെയ്‌താൾ:
"അഗ്രജൻ തന്നെപ്പരിചരിച്ചെപ്പോഴു-
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ.
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചു കൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ."
"മകനേ, നീ നിന്റെ ജ്യേഷ്ഠനായ രാമനെ, ഇനിമേൽ, പിതാവായ ദശരഥന് തുല്യം കാണണം. ഒരു കാരണവശാലും നീ ജ്യേഷ്‌ഠനെ പിരിയരുത്. സീതാദേവിയെ, നീ ഞാനായി തന്നെ (അതായത്, സ്വന്തം അമ്മയായി തന്നെ) കാണണം..."
തുടർന്ന് പറയുന്നു.
"നീ ആ കാനനത്തെ അയോദ്ധ്യയായി തന്നെ കാണുക. അങ്ങിനെയെങ്കിൽ സർവവും ശുഭമായി തന്നെ വരും.."
ഇതാണ്, നന്മ മാത്രം മനസിലുള്ള ആ നല്ല മാതാവിന്റെ പക്ഷം.
ആ അമ്മയുടെ മാനസിക ഔന്നത്യം മനസ്സിലാക്കുവാൻ, ഇതിലും കൂടുതൽ സന്ദർഭങ്ങൾ വേണമോ?
വേണ്ട എന്നു തന്നെയാണ് എന്റെ പക്ഷം.
ഇവിടെ, ഈ ചുരുക്കം വരികളിൽ കൂടി, നല്ല സഹോദരബന്ധം സ്നേഹത്തിൽ മാത്രമല്ല, പരസ്പര ബഹുമാനത്തിൽ കൂടി അധിഷ്ഠിതമായതാകണം എന്ന വലിയ സന്ദേശമാണ് ഒരമ്മ നമുക്ക് നൽകുന്നത്.
ഒരു നല്ല സഹോദരൻ, തന്റെ കൂടെപ്പിറപ്പിന്റെ നല്ല കാലത്തു മാത്രമല്ല, ഏറ്റവും മോശം കാലത്തും കൂടെ നിൽക്കുന്നവനും, ഒരു വേള സംരക്ഷകൻ തന്നെയും ആകണം. അതിനു വേണ്ടി, ഒരുപക്ഷേ തന്റെ രാജ്യം തന്നെ (അതായത്, സർവസ്വവും) ഉപേക്ഷിയ്ക്കേണ്ടി വന്നാൽ പോലും, അതൊരു നഷ്ടമായേ കാണരുത്, എന്നാണ് ഇവിടെ വിവക്ഷിയ്ക്കുന്നത്.
സഹോദര ബന്ധങ്ങൾ ഈ പറഞ്ഞതു പോലെ ഊഷ്മളവും, ബഹുമാനത്തിൽ അധിഷ്ഠിതവുമായാൽ, അത് ഉത്തമ കുടുംബത്തെയും, അങ്ങിനെയുള്ള ഉത്തമ കുടുംബങ്ങൾ, ഉത്തമ സമൂഹത്തെയും, ഉത്തമ സമൂഹങ്ങൾ ഉത്തമ ദേശത്തെയും, ഉത്തമ ദേശങ്ങൾ, ഉത്തമ രാജ്യത്തെയും സൃഷ്ടിയ്ക്കും എന്നു കൂടി നമ്മൾ മനസിലാക്കേണ്ടതുണ്ട്.
[എന്നാൽ, ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ, നമുക്ക് കാണാൻ കഴിയുന്നത്, കൂടുതലും വിള്ളൽ വീണ സഹോദരബന്ധങ്ങൾ ആണ്. അല്ലേ? അതുകൊണ്ടു തന്നെ, സുമിത്രയുടെ ഈ ഉപദേശത്തിന്, നമ്മൾ ജീവിയ്ക്കുന്ന ഈ കാലഘട്ടത്തിൽ പ്രസക്തി ഏറുകയും ചെയ്യുന്നു.]
അവസാനമായി, രാമായണ മഹാകാവ്യത്തിലെ ഏറ്റവും നല്ല 'അമ്മ' കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ ആരെങ്കിലും എന്നോട് പറഞ്ഞാൽ, എനിയ്ക്കു മറ്റൊരു ആലോചനയും ഇല്ല തന്നെ.
നിങ്ങൾക്കോ?
ആലോചിയ്ക്കുക. നന്നായി തന്നെ.
പിൻകുറിപ്പ്: രാമായണ മഹാകാവ്യത്തിൽ, ലക്ഷ്മണോപദേശം, താരോപദേശം തുടങ്ങി, വളരെ ഗഹനമായ അർത്ഥതലങ്ങളുള്ള കുറെയേറെ ഉപദേശങ്ങൾ ഉണ്ട് എങ്കിൽ തന്നെയും, അതിലൊക്കെ പ്രാധാന്യമുള്ളതത്രെ, വെറും എട്ടു വരികളിൽ മാത്രം ഒതുങ്ങുന്ന ഈ അതിലളിതമായ 'സുമിത്രോപദേശം' !!
======================
സ്നേഹത്തോടെ- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Presented very nicely
ReplyDeletethank you .....
Deletethank you ...
ReplyDeleteസുമിത്രാ മാതാവ് 🙏🙏🙏🙏
ReplyDelete