രാമ [കവിത]
[കവിത]
നെയ്യാറ്റിൻകര തുഞ്ചൻ ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന "തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രം" എന്ന സംഘടനയുടെ നേതൃത്വത്തിൽ, ഇപ്പോൾ രാജ്യവ്യാപകമായി നടന്നു വരുന്ന "ദേശീയ രാമായണ മഹോത്സവ"ത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച "രാമായണ കവിതാ സമാഹാരം" എന്ന ബൃഹദ് പുസ്‌തകത്തിൽ വന്ന "രാമ" എന്ന ചെറുകവിത, നിങ്ങളുടെ വായനയ്ക്കായി പരിചയപ്പെടുത്തുന്നു.
വായിയ്ക്കുക, വിലയേറിയ അഭിപ്രായങ്ങൾ അറിയിയ്ക്കുക.
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
=============
രാമ
രാവിനെ മായ്ക്കുവോനല്ലയോ നീ
താതന്റെ വാക്കിന്നു വിലയേറ്റുവാൻ
രാജ്യം ത്യജിച്ചവനല്ലയോ നീ
ഭൂമികന്യയ്ക്കന്നു നാഥനായോൻ
അനുജന്നു തണലായ ജ്യേഷ്ഠനായോൻ
ഭരതന്നു നൽകിയാ പാദുകത്താൽ
പ്രജകളെ കാത്തോരു രാജനായോൻ
അടവിയിൽ സഹജർക്കു കാവലായോൻ
മാരീച മായയ്ക്കു പാത്രമായോൻ
കേസരീപുത്രന്നു സ്വാമിയായോൻ
ബാലീവധം ചെയ്തു മിത്രമായോൻ
ഉള്ളിലായ് നന്മ നിറച്ചിരുന്നോ-
രസുരന്നുമഭയം കൊടുത്തവൻ നീ
അബലരെന്നെണ്ണുമാ വാനരരാൽ
സേതുവെ ബന്ധിച്ച ധീരനും നീ
ഈരഞ്ചു തലകളും എയ്‌തെറിഞ്ഞാ
അസുരന്നു നീയന്നു മുക്തി നൽകി
ആസുരരെത്രമേൽ പോയീടിലും
ആസന്ന മരണമെന്നോർമ നൽകി
രാമ രാമ രഘു രാമ രാമ
രാമ രാമ രഘു രാമ രാമ
രാമ രാമ രഘു രാമ രാമ
രാമ രാമ രഘു രാമ രാമ
അടിയന്റെ അകതാരിലറിയാതെയുണരുന്നൊ-
രാസുര ചിന്തകളൊക്കെയും നീ
അടിയോടെ നീക്കണേ തമ്പുരാനേ
ആ രാവിനെ മായ്ക്കണേ രാഘവേന്ദ്ര
രാമ രാമ രഘു രാമ രാമ
രാമ രാമ രഘു രാമ രാമ
* * * * *
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment