ഓടിയെത്തുന്നൊരാ ഓണോർമ്മകൾ..!!
ഓടിയെത്തുന്നൊരാ ഓണോർമ്മകൾ..!!
ഓണനിലാവ് തെളിഞ്ഞതില്ല
പൊന്നോണത്തുമ്പികൾ പാറിയില്ല
ഓണവെയിൽ തനു തഴുകിയില്ല
എൻ പ്രിയ നാടിനിതെന്തു പറ്റി?
കർക്കിടകം കാറാൽ കറുത്തതില്ല
ഇടതൂർന്നോരാ മഴ പെയ്തതില്ല
ഇടനെഞ്ചിലാധി കുറഞ്ഞതില്ല
എൻ പ്രിയ നാടിനിതെന്തു പറ്റി?
സംവത്സരങ്ങൾക്കു പിന്നിലേയ്ക്കെൻ
ഓർമ്മകൾ പായുന്നതെന്തിനായോ?
ഇല്ലായ്മകൾ കൊണ്ട് തീർത്തിരുന്നാ
നിറപൂക്കളക്കൊതി ബാക്കിയാണോ?
മഴനൂലുകണ്ടുകൊണ്ടാ ഇറമ്പിൽ
ഞാനെത്ര നേരമിരുന്നിരുന്നു
ഉത്തരം കിട്ടാത്ത ചോദ്യങ്ങളോ, കുഞ്ഞു-
തോണിയായ് ഒഴുകിയകന്നിരുന്നു
പഞ്ഞമാസത്തിന്റെ അന്ത്യനാളിൽ, അമ്മ
ചൂടായ് വിളമ്പും പനങ്കഞ്ഞിയിൽ
കണ്ണുനീരുപ്പും കലർന്നിരുന്നോ?
പശിയാൽ ഞാനറിയാതെ പോയതാണോ?
ചിങ്ങമാസത്തിൻ കനകസൂര്യൻ
കുന്നിലുദിച്ചങ്ങുയർന്നിടുമ്പോൾ
ആമോദരശ്മികൾ ഉള്ളിലെയാ ഗദ്ഗദ
നിഴലുകൾ മായ്ച്ചിരുന്നു
തുമ്പകൾ പൂത്തൊരാ വയൽവരമ്പിൽ
മുക്കുറ്റികൾ മൂളി നിന്നിരുന്നു
കാക്കപ്പൂ കള്ളനായ് പമ്മി നിന്നാ
വേലീവിശേഷങ്ങൾ കേട്ടിരുന്നു
തൊടിയിലെ ചേനയും ചേമ്പുമൊക്കെ
അയലത്തടുപ്പിലും വെന്തിരുന്നു
ഓടിക്കളിയ്ക്കുവാൻ ആവതില്ലെന്നാ-
രുമൊരു വാക്കുമോതിയില്ല
ഓണപ്പുലരി പിറന്നിടുമ്പോൾ
ഓരോ മുഖവും വിടർന്നിരുന്നു
പൂക്കൾ നിറഞ്ഞൊരാ കോടിമുണ്ടിൽ
പൂമ്പാറ്റകൾ പോലെ പാറി ഞങ്ങൾ
കാലം കറങ്ങിത്തിരിഞ്ഞീടവെ
മാറിയതാരെന്നറിയുകില്ല
നാടിതോ? നാട്ടാരോ? തിട്ടമില്ല
ഓണമതെല്ലെന്നുറപ്പുമില്ല
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally

Comments
Post a Comment