ആത്മാവിൽ ഒരു സുന്ദര ശില്പം [കവിത]
ആത്മാവിൽ ഒരു സുന്ദര ശില്പം
അന്തരാത്മാവിലെ ചിത്രത്തിനന്നു ഞാൻ
ആദ്യമായ് നിൻ രൂപഭംഗിയേകി
അവ്യക്തമായൊരാ ചിത്രം പൊടുന്നനെ
സുവ്യക്തമായിയെൻ ഹൃത്തടത്തിൽ
ആയിരം അർക്കന്മാർ ഒന്നിച്ചുദിച്ചപോൽ
പ്രോജ്ജ്വലിച്ചന്നതെൻ ഹൃത്തടത്തിൽ
അനുരാഗ കുസുമങ്ങൾ അഭിഷേകമാക്കിയെൻ
ആരാധ്യദേവതേ നിൻ ചരണെ
കാറ്റിലിളകുന്ന കുറുനിര മെല്ലവേ
മാടിയൊതുക്കുന്ന ശാലീനതേ
കരവിരുതോടെ ഞാൻ കരളിൽ കുറിക്കുന്നു
ആരും കൊതിക്കും നിൻ രൂപഭംഗി
ഒഴുകിയിറങ്ങുന്ന കാർകൂന്തൽ തുമ്പത്ത്
തുളസിക്കതിരിന്റെ നൈർമ്മല്യം
കാച്ചെണ്ണ മണമോലും കൂന്തലിനെന്നുമേ
കാറ്റിന്റെ കയ്യിനാൽ താലോലം
മലയാള മങ്കയ്ക്കു ഭൂഷണമാകുന്ന
ശ്രീയൊഴുകുന്നോരാ വദനത്തിൽ
മഞ്ഞളും ചന്ദനത്തൈലവും തീർക്കുന്നു
മതിയെ മയക്കുന്ന സൗരഭ്യം
അളകങ്ങൾ അതിരിന്നു കാവലായ് നില്ക്കുന്ന
നെറ്റിയിൽ ചന്ദന തൊടുകുറിയും
കരിനീലക്കണ്ണിന്നു ചാരുത കൂട്ടുവാൻ
എണ്ണയിൽ ചാലിച്ചൊരഞ്ജനവും
അഴകൊത്ത നാസികത്തുമ്പിലായ് മിന്നുന്നു
വൈരം പോൽ സ്വേദത്തിൻ മൂക്കുത്തി
അഴകോലും കവിളിണയ്ക്കഴകതു കൂട്ടുവാൻ
ഇടതിലായ് ചെറിയൊരു കാർമറുക്
എന്തോ പറയുവാൻ എന്നും തുടിക്കുന്നു
കരളേ നിൻ ചേലൊത്ത ചുണ്ടിണകൾ
പതിയെ വിറയ്ക്കുന്നോരധരമിന്നാരിലും
പുളകത്തിൻ പൂക്കൾ വിതറും നൂനം
നനുനനെ രോമങ്ങൾ കുനുകുനെ നില്ക്കും നിൻ
വടിവൊത്തൊരാ മൃദു പിൻകഴുത്തിൽ
അധരങ്ങൾ ചേർക്കുവാനിന്നും കൊതിക്കുന്നു
അറിയാതെയെങ്കിലുമെൻ മനസ്സ്
ഇണ പിരിയാത്ത രണ്ടരുമകൾ മേവുന്ന
അഴകോലും നിൻ നിറമാറിടത്തിൽ
മുഖമൊന്നണയ്ക്കുവാനനുമതിക്കായിന്നു
കാലമിതെത്രയായ് കാത്തിരിപ്പൂ
ആലില പൊൻവയർ കണ്ണേറു തട്ടാതെ
കാവലായ് നില്ക്കുന്ന നാഭിച്ചുഴി
ആഴക്കടലിന്റെയാഴമതത്രയും
സ്വായത്തമാക്കിയിന്നെന്നു തോന്നും
തബല തൻ താളത്തിനൊത്തോ തുളുമ്പുന്നു
കരളേ ചലിക്കും നിതംബ ഭംഗി
ചന്ദനക്കാതൽ കടഞ്ഞതിൽ തീർത്തു നിൻ
വടിവൊത്ത മൃദുലമാം കാലിണകൾ
റോസാദലങ്ങളും നാണിക്കും സ്നിഗ്ദമാം
നിൻ കാൽവിരലതു കാണുമ്പോൾ
ഗോതമ്പു നിറമാർന്ന കണങ്കാലു രണ്ടിലും
നേർമ്മയിൽ പണിയിച്ച പാദസരം.
*************
binumonippally.blogspot.in
*ചിത്രത്തിന് കടപ്പാട്: Google Images
പിൻകുറിപ്പ്: ഇതെഴുതി, ഏറെ നാളുകൾക്കു ശേഷം (2020-മെയ്-1) ലണ്ടൻ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന "ലണ്ടൻ മലയാള സാഹിത്യവേദി" അവരുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച "ആത്മാവിൽ ഒരു സുന്ദരശില്പം" എന്ന കവിത, ഇവിടെ നിങ്ങൾക്കായി പങ്കു വയ്ക്കുന്നു.
രചന: ബിനു മോനിപ്പള്ളി
സംഗീതം / ആലാപനം: തങ്കൻ മൂവാറ്റുപുഴ
👌👌👌
ReplyDeleteHe dedicated for me
ReplyDeleteThank you