'ദേവമാത'യുടെ തിരുമുറ്റത്ത് [ഓർമ്മയിൽ ആ നല്ല കാലം]


ദേവമാതയുടെ തിരുമുറ്റത്ത് 
[ഓർമ്മയിൽ ആ നല്ല കാലം]

സംവത്സരങ്ങൾക്കു മുൻപിലൊരു കാലം
സ്വപ്നങ്ങൾ പൂവിടും മായകാലം
കൗമാര കുസുമങ്ങൾ വിടരുന്ന കാലം
പൊടിമീശ പൊട്ടിമുളയ്ക്കുന്ന കാലം

പുണ്യമാ ദേവാലയത്തിന്നു ചാരെയാ
പെരുമയേറീടും കലാലയത്തിൽ
എവിടെ നിന്നൊക്കെയോ ഒന്നു ചേർന്നു
കുറെയേറെ കുട്ടികൾ അന്നൊരുനാൾ

നാട്ടിൻപുറത്തിന്റെ നന്മ പേറി
മലയാള ഭാഷ തൻ രുചിയറിഞ്ഞ്
'കോളജിൻ' പടിവാതിൽ കേറിയപ്പോൾ
ഒരു വേള അന്തിച്ചു പോയോ അവർ?

ഇംഗ്ലീഷും മംഗ്ലീഷും മാറി മാറി
തട്ടിന്മുകളിൽ തകർത്തിടുമ്പോൾ
തങ്ങളിൽ തങ്ങളിൽ നോക്കീയവർ
സജലമാം കണ്ണുകളോടെയന്ന്

എങ്കിലും തോൽക്കുവാൻ നിന്നതില്ല
വീറോടെ തന്നെ കുറിച്ചു അങ്കം
പതിയെ അവരുടെ വരുതിയിലായ്
മാക് മില്ലൻ ഗ്രാമറിൻ ഹാൻഡ്ബുക്കുകൾ

കാലം പതുക്കെ കടന്നു പോകെ
ജീവിതത്തിന്റെയാ കുത്തൊഴുക്കിൽ
അവരും പിരിഞ്ഞു പല വഴിയ്ക്കായ്
ജീവസന്ധാരണ ലക്ഷ്യമോടെ

ഏറെ നാൾ കൂടിയിന്നൊത്തുകൂടാൻ
ഏറെ കൊതിച്ചൊരാ ദിനവുമെത്തി
മോദം നിറയുന്ന മാനസത്തിൽ
ബുദ്ബുദം പോൽ പൊങ്ങിയോർമ്മകളും

വർഷങ്ങളെത്രയോ പോയ്‌മറഞ്ഞു
ജീവിതമെത്രമേൽ മാറിവന്നു
നവ കുസുമങ്ങൾ വിരിഞ്ഞതെത്ര
ജീവിത വാടിയിൽ ശേഷകാലം

എങ്കിലും ആ നല്ലൊരോർമ്മകളെ
മായാതെ മങ്ങാതെ ഹൃത്തടത്തിൽ
കാലമിതിത്രയും കാത്തു വച്ച, പൊൻ-
സൗഹൃദങ്ങളെ നന്ദി ..നന്ദി ...!!

പൊൻ സൗഹൃദങ്ങളെ നന്ദി ..നന്ദി ...!!
എൻ സൗഹൃദങ്ങളെ നന്ദി ..നന്ദി ...!!



സ്നേഹത്തോടെ
- ബിനു മോനിപ്പള്ളി 
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com

പിൻകുറിപ്പ്: 1987-89 കാലഘട്ടത്തിൽ കുറവിലങ്ങാട് ദേവമാതാ കോളേജിൽ പ്രീ-ഡിഗ്രി പഠിച്ച ആ നല്ല കാലത്തിന്റെ ഓർമ്മയ്ക്ക്‌...... ഏറെ കാലത്തിനു ശേഷം, കൃത്യമായി പറഞ്ഞാൽ 30 വർഷങ്ങൾക്കു ശേഷം  തികച്ചും അവിചാരിതമായി നവമാധ്യമങ്ങൾ വഴി ഈ കഴിഞ്ഞ ആഴ്ച ആ പഴയ സുഹൃത്തുക്കളിൽ കുറച്ചു പേരെയെങ്കിലും വീണ്ടും കണ്ടുമുട്ടാൻ സാധിച്ചു എന്നതിൽ ഹൃദയം നിറഞ്ഞ സന്തോഷം. ആ സുവർണ്ണ കാലഘട്ടത്തിന്റെ ഓർമയ്ക്ക് മുൻപിൽ സമർപ്പിയ്ക്കുന്നു ഈ ചെറു കവിത. ഇനിയും ബാക്കിയുള്ള സുഹൃത്തുക്കൾക്കായി ഞങ്ങൾ കാത്തിരിയ്ക്കുന്നു ......




Comments

  1. Another well written poem.
    Thank u & Congratulations behalf of third Batch.
    My dear friend.

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]