Posts

Showing posts from 2023

പുതുവർഷം [കവിത]

Image
  പുതുവർഷം     ലഹരിയിൽ നുരയുന്നതാണെന്റെ നാടിന്നു  ലഹരിയിന്നറിയുന്നുൾ വിങ്ങലോടെ പുതുവർഷരാവിലും ഉയരും ആ ലഹരി തൻ  ഉന്മാദമൂറുന്ന ബുദ്ബുദങ്ങൾ  ഉരുകുന്ന മനസ്സുമാ ഉറയുന്ന കദനവും  കാണാതെ ഉലയുന്നു രാവ് ജന്മം  ഇനിവരും നല്ല നാളെന്നൊരു ചിന്തയ്ക്ക്  ഹേതുവില്ലെങ്കിലും ആശിച്ചു പോം    ലഹരിയില്ലാത്തൊരു വർഷം വരും  കുഞ്ഞു-പെൺ ജന്മ പുഞ്ചിരി പൂത്തു വരും  ഈ ലോക ദുഃഖങ്ങളൊക്കെയും അതിനുള്ളിൽ  നീറിപ്പുകഞ്ഞങ്ങെരിഞ്ഞടങ്ങും ഒരു നൂറു സൂര്യന്റെ തേജസ്സോടാ ചിരി  അപരന്റെ ഹൃത്തിലേക്കാഴ്ന്നിറങ്ങും  പിന്നെ, അവിടെയും സ്‌നേഹച്ചിരി പടർത്തും ആ ചിരി ലോകമങ്ങേറ്റെടുക്കും.    അറിയാതെ ആശിച്ചു പോകുന്നു ഞാൻ .... ഈ ലഹരിയില്ലാത്തൊരു വർഷം വരും  ആ വർഷം 'പുതുവർഷം' ആയിരിയ്ക്കും !! അറിയാതെ ..... ആശിച്ചു പോകുന്നു ഞാൻ .... !!! =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********

നിനവ് [കവിത]

Image
  നിനവ് [കവിത] നിറമുള്ള സ്വപ്‌നങ്ങൾ കുളിരാർന്നൊഴുകുന്ന  ഒരരുവിയ്ക്കു സമമാണ് മനസ്സ്  അരുവി തൻ ഓരത്ത് നിറയെ കായ്ക്കുന്ന  തേന്മാവിൻ മരമാണ് നിനവ്    ഓർമ്മതൻ മാമരം നിറയെ പൂക്കുമ്പോൾ  മനസ്സാകെ നിറയുന്ന പോലെ  പറയാതെയെത്തുന്ന മഴമേഘജാലത്താൽ  പൂവുകൾ കൊഴിയുന്ന നേരം  നൊമ്പരം ഉറയുന്ന പോലെ  മനസ്സാകെ ഉലയുന്ന പോലെ   കൊതിയോടടർത്തിയ  കനിമാങ്ങാ കവിളത്ത്  ചുനയായി നീറുന്ന നേരം  അരികിലേയ്ക്കണയുന്ന ദാവണിക്കാരിയാൾ  ഒരു മുത്തം നൽകുന്ന നേരം  നീറ്റലങ്ങകലുന്ന പോലെ തനുവാകെ ഉലയുന്ന പോലെ   കാലം കറങ്ങുമ്പോൾ കനികൾ മൂക്കുമ്പോൾ  നാവിൽ പുളിയ്ക്കുമാ നിനവ്  ഇനിയൊട്ടു കാലം കാത്തിടാമെങ്കിൽ?  തേനിമ്പമേറ്റുമാ ഓർമ്മ  മധുരിയ്ക്കും മൽഗോവ പോലെ  ഉള്ളകം കുളിരുന്ന പോലെ   =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********   പിൻകുറിപ്പ്: കഴിഞ്ഞ ദിവസം തൃശ്ശൂർ ജവഹർ ബാലഭവനിൽ (ചെമ്പൂക്കാവ് ...

താരക രാവ് [ഭക്തിഗാനം]

Image
  താരക രാവ്   [ഭക്തിഗാനം] താരകങ്ങൾ പൂ വിരിച്ച നീലരാവതിൽ  അജഗണങ്ങൾ ഒന്നുചേർന്ന പാതിരാവതിൽ ജാതനായ ബാലകനിൽ കണ്ടു ലോകരാ രക്ഷകന്റെ ഉണ്മയുള്ള നല്ല പുഞ്ചിരി   ആ കണ്ണുകളിൽ നന്മയൂറും കനിവ് പൂത്തിരി    മാമരങ്ങൾ മഞ്ഞണിഞ്ഞു നിന്ന രാവതിൽ  താരകം വഴിതെളിച്ച പുണ്യരാവതിൽ  എത്തി മൂന്നു രാജരന്ന് പുല്ലു കൂടതിൽ  പൈതലിന്നു കാഴ്ച്ചയായി നല്കിയന്നവർ  ആ വിശുദ്ധ മൂന്നു ദ്രവ്യപാരിതോഷികം   വർത്തമാന കാലമാകെയങ്ങു മാറ്റുവാൻ  ഭാവികാലമതിനെയങ്ങു വാർത്തെടുക്കുവാൻ  മാനവന്റെ പാപമൊക്കെയേറ്റെടുക്കുവാൻ ജാതനായ പൈതലിൻ നിറഞ്ഞ പുഞ്ചിരി  ഈ നമ്മളൊന്ന് ഹൃത്തിനുള്ളിൽ കാത്തുവയ്ക്കണം =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********        

കന്നിമല [ഭക്തിഗാനം]

Image
  കന്നിമല [ ഭക്തിഗാനം]   കന്നിമലയ്ക്ക് ഞാൻ കാൽ ചവിട്ടി  കാനന പാതകൾ ഓടിയോടി  കലിയുഗവരദന്റെ കാൽക്കലായാ  കണ്ണുനീർ പൂക്കളെ കാഴ്ചവയ്ക്കാൻ  കദനങ്ങളെന്നും വിരുന്നിനെത്തും  അഗതിയാമിവളുടെ ജീവിതത്തിൻ  കരിനീല മേഘങ്ങൾക്കിടയിൽ, നിന്റെ  കമനീയ രൂപമാണെന്റെ ആശ  അമ്മ തൻ കണ്ണുനീർ മാറ്റുവാനായ്  വൻപുലിപ്പാലിനായ് പോയതല്ലേ കരളിൽ നിറയുന്നെൻ കദനത്തെയും  കടയോടെ മാറ്റുമെന്നെന്റെ ആശ =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********

ഞാനെന്റെ ഹൃദയം നിനക്ക് നൽകാം [കവിത]

Image
  ഞാനെന്റെ ഹൃദയം നിനക്ക് നൽകാം  [കവിത] ഞാനെന്റെ ഹൃദയം നിനക്ക് നൽകാം  കരളിന്റെ പാതി പകുത്തു നൽകാം  ഞാനെന്റെ മോദം നിനക്ക് നൽകാം  ഞാൻ എന്റെ ദുഃഖം നൽകാതിരിയ്ക്കാം  നീയൊരു മഴയായ് പെയ്തിറങ്ങൂ  മണ്ണിന്റെ മാറ് കുളിർന്നിടട്ടെ  നീയൊരു കാറ്റായ് തഴുകി നിൽക്കൂ  പൂവിൻ സുഗന്ധം പരന്നിടട്ടെ  മുളപൊട്ടി വിരിയും കുരുന്നിന്നു നീ  അമ്മയായ് ചാരത്തു നിന്നിടേണം  നിറയെ തളിർത്താർത്ത് പൊങ്ങിടുമ്പോൾ  അരുമയായ് തഴുകി തലോടിടേണം  അസുരത്വമേറും മനസ്സിന്നു നീ  ആസന്ന ശാന്തി പകർന്നിടേണം  ആശയറ്റുഴലും മനസ്സുള്ളിൽ നീ  ആശാസ്ഫുലിംഗമായ് മിന്നിടേണം  പകയോടെ അതിരുകൾ പണിതുയർത്തും  മനുജന്റെ മനസ്സിൽ നീ ഓതിടേണം  ഒരുമാത്ര പോലുമേ വൈകിടാതെ  "വസുധൈവ.." മന്ത്രമാം സ്നേഹഗീതം  ഇല്ലെന്റെ കയ്യിൽ നിനക്ക് നല്കാൻ  പകരമായൊന്നുമെൻ പ്രകൃതീശ്വരീ  ഞാനെന്റെ ഹൃദയം നിനക്ക് നൽകാം  കരളിന്റെ പാതി പകുത്തു നൽകാം  =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   B...

വാണിമാതേ ...... [പ്രാർത്ഥന]

Image
വാണിമാതേ ...... [പ്രാർത്ഥന] മലയാളമേ നിന്റെ മധുരം  നാവിലൂറുന്ന നേരമെൻ മനസ്സിൽ  കൊതിയോടെയെത്തും പദങ്ങൾ  പുഴ പോലെ ഒഴുകണെ വാണിമാതേ ... കളകള നാദമോടൊഴുകി ചില് - ചില്ലാര മേളം മുഴക്കി  കണ്ടു നിൽപ്പോരിലുൾക്കുളിരായ്  പുഴ താളത്തിലൊഴുകണെ വാണിമാതേ ... മുങ്ങിക്കുളിച്ചു ഞാൻ കയറേ, എൻ  ഉള്ളം കുളിർക്കണേ നിറയെ  ശാന്തമായ് മരുവുമെന്നുള്ളിൽ നീ  നിറവോടെ നിറയണെ വാണിമാതേ ... എന്നുമെൻ കൂടെ ഉണ്ടാക, നാവിൽ  വിളയാടി നീ നിൽക്ക മാതേ  ഉള്ളിലെരിയുമാ കനലായൊരറിവ്  അണയാതെ കാക്കണേ വാണിമാതേ ... =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********

ഒക്ടോബർ രണ്ട് [കവിത]

Image
ഒക്ടോബർ രണ്ട് [കവിത] വീണ്ടുമാ ദിനമെത്തി ' ഒക്ടോബർ രണ്ട് ' ഗാന്ധിയുടെ ജന്മദിനമാണ് പോലും  ആരാണ് 'ഗാന്ധി'യെന്നറിയുന്നവർ  എത്രയിന്നീ നാട്ടിലാരു കണ്ടു? മൂന്നായ് പിരിഞ്ഞോരു ഭാരതത്തെ  ഒന്നായി കാണുവാൻ മോഹിച്ചൊരാൾ  തമ്മിൽ കലമ്പാതെ ഒന്നായിടും  'ഒരു നാളിലീ ജനത' ആശിച്ചൊരാൾ  ഒരു തുള്ളി രക്തവും ചിന്താതെയീ  നാടിന്റെ സ്വാതന്ത്ര്യം കാംക്ഷിച്ചൊരാൾ നാടിന്റെ നന്മയ്ക്കായ് പ്രാർത്ഥിയ്ക്കവേ  ജീവൻ വെടിയേണ്ടി വന്നന്നൊരാൾ  'രാവണ രാജ്യ'മായ് പോരടിയ്ക്കേ  'രാമ രാജ്യ'ത്തിന്നു മോഹിച്ചൊരാൾ  ആ മോഹ പ്രാപ്തിയ്ക്കായ് എന്ത് നമ്മൾ  ചെയ്യുന്നു, ഓർക്കണം മാത്ര നേരം  എന്നിട്ടു മനസ്സാ നമിച്ചിടേണം  രാഷ്ട്ര പിതാവായ ഗാന്ധിജിയെ  എങ്കിലേ ഓർമ്മകൾ ധന്യമാകൂ   'ഒക്ടോബർ രണ്ട'ങ്ങു പൂർണ്ണമാകൂ ..!!  =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********

... ന്നാലും ന്റെ അന്തോണിച്ചാ ....! ['ഷേക്ക് ഹാൻഡ്' സംഭവകഥ]

Image
... ന്നാലും ന്റെ അന്തോണിച്ചാ ....! [ഒരൊന്നൊന്നര 'ഷേക്ക് ഹാൻഡ്' സംഭവകഥ] മ്മടെ ഓണം ഒക്കെ അങ്ങട് തീർന്ന് സ്വസ്ഥായി ഇരിക്കുമ്പഴാ, കൂട്ടത്തിലെ ഒരു ക്ടാവിന്റെ കല്യാണം വരണതേ ...  ശ്ശി നാളായല്ലോ എല്ലാരേം കണ്ടിട്ട് എന്ന് കരുതി പോയി.... എല്ലാരേം കൂട്ടി അങ്ങട്ട് ... അതിപ്പം ഇങ്ങനൊക്കെ ആവൂന്ന് നോം അങ്ങട്ട് കരുതീമില്ല .... ഇമ്മാതിരി ഒരു തട്ട് നിനച്ചൂല്ല .... കലികാലം ... ല്ലാതെന്താ?... ങ് അത് പോട്ടെ ... എന്റെ ഗഡിയെ ... ഇപ്പഴത്തെ ഒക്കെ ഒരു കല്യാണത്തലേന്ന് ... എന്തോരു മേളാപ്പാ ... ഈ ന്യൂജൻ പിള്ളേര് ആകെക്കൂടി കലിപ്പാ കേട്ടാ ... എല്ലാം പൊളപ്പന്മാര് .... പൊളപ്പത്തിമാര് .. ഹോ ... എന്താ ഒരു എനർജി .... ആകെ കൂടി ഒരു ബഹളമയം .... എന്ന് വെച്ചാ ഒരു 4D എഫ്ഫക്റ് ..... സത്യം പറയാല്ലോ .... നുമ്മ ആകെ അങ്ങ് സ്റ്റണ്ട് ആയിപ്പോയീന്നെ .... ശരിയ്ക്കും പറഞ്ഞാ ...എന്റെ ബ്രോ .... ഇതൊക്കെ കണ്ടപ്പം, പണ്ട് നമ്മടെ ആ കല്യാണത്തലേന്നത്തെ പരിപാടി ഒക്കെ അറേഞ്ച് ചെയ്‌തോമ്മാരെ എല്ലാത്തിനേം ഓടിച്ചു പിടിച്ചു ദേ ഈ കെണറ്റിലിടാൻ തോന്നി .... വെറും ശവികള് .... അല്ല പിന്നെ .... അങ്ങനെ, നമ്മൾ ആ പരിപാടികളും, ദലേർ ഇല്ലാത്ത മെഹന്ദീം, ഗാനമേള...

ഓടിപ്പിടിച്ചൊരു ഓണയാത്ര [വയനാടൻ ടൂർ ഡയറി - 2023]

Image
  ഓടിപ്പിടിച്ചൊരു ഓണയാത്ര [വയനാടൻ ടൂർ ഡയറി - 2023] ഓണമല്ലേ? നമുക്കൊരുമിച്ചൊരു യാത്ര പോയാലോ?  അതും ആ വയനാടൻ വനസുന്ദരിയുടെ അടുത്തേയ്ക്ക്. പക്ഷേ, ഒരു കാര്യം നേരത്തെ പറയാം കേട്ടോ. സാധാരണ നമ്മൾ ഒരുമിച്ചു നടത്താറുള്ള ആ യാത്രകൾ പോലെ, അവൾക്കൊപ്പം ഒരു പാട് സ്ഥലങ്ങൾ സന്ദർശിയ്ക്കാൻ ഇത്തവണ നമുക്കാവില്ല. കാരണം ഓണത്തിനുമപ്പുറം, മറ്റു ചില പരിപാടികൾ കൂടി നമുക്കുണ്ട്. സമയമാണെങ്കിൽ തീരെ കുറവും. എങ്കിലും, അവൾ ആ വയനാടൻ പെണ്ണ് നമുക്കായി എന്തെങ്കിലുമൊക്കെ ഒരുക്കി വയ്ക്കാതിരിയ്ക്കില്ല. അത്ര പാവമല്ലേ അവൾ...? എന്നാൽ തുടങ്ങാം... നഗരത്തിന്റെ കത്തുന്ന ആ ചൂടിൽ നിന്നും രക്ഷ തേടി, എന്നാൽ ചുരത്തിലെ ട്രാഫിക് ബ്ലോക്കിനെ പേടിച്ച്, ഞങ്ങൾ വയനാടൻ മണ്ണിലെത്തുമ്പോൾ സമയം നട്ടുച്ച. കഴിഞ്ഞ തവണ ഏറെ നേരം ഞങ്ങളെ പിടിച്ച് വച്ചതിനാലാകണം, ഇത്തവണ 'ബ്ലോക്കേ' ഉണ്ടായില്ല. പക്ഷേ, ചൂട് അസഹനീയം. ആ ചൂടിലും, വേലിപ്പടർപ്പിലെ ഈ ഗ്രാമ സൗന്ദര്യം ഞങ്ങൾക്ക് സ്വാഗതമോതി. ഒരൽപ്പം കുളിരും. ഓണത്തലേന്ന് ഏവരും ഉത്രാടപ്പാച്ചിലിൽ ഉഴലുമ്പോൾ ഞങ്ങൾ, എല്ലാ വയനാടൻ യാത്രയിലും നടത്താറുള്ള മുത്തങ്ങ വനയാത്രയ്ക്കിറങ്ങി. ഇരുവശത്തേയും, വന്യതയാർന്ന ആ വനത്തണലുകൾ...

ത്രിജട: ജഡമല്ലാത്തൊരു മനസ്സുള്ളവൾ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ-2023: ഭാഗം-13]

Image
ത്രിജട: ജഡമല്ലാത്തൊരു മനസ്സുള്ളവൾ  [ രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ-2023:   ഭാഗം-13 ] ത്രിജട. ആ പേര് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു രൂപമാണ് മനസ്സിലേയ്ക്ക് വരുന്നത്. അല്ലേ? കുളിയും നനയുമില്ലാത്ത, കറുത്ത് തടിച്ച രാക്ഷസ രൂപമാർന്ന ഒരു സ്ത്രീ .. ചന്നം പിന്നം ചിതറിക്കിടക്കുന്ന മുടിയിഴകൾ ..ഒക്കെ 'ചട' പിടിച്ചങ്ങിനെ വൃത്തികേടായി ... വല്ലാതെ വെറുപ്പുളവാക്കുന്ന ഒരു 'ചടച്ച' രൂപം.  അല്ലേ? എന്നാൽ, രാമായണത്തിലെ 'ത്രിജട' എന്ന ആ രാക്ഷസി കഥാപാത്രം ശരിയ്ക്കും ഇത്തരത്തിലാണോ?  നമുക്കൊന്ന് നോക്കിയാലോ? കഥാപാത്ര പരിചയം:   രാമായണം പലയാവർത്തി വായിച്ചിട്ടുള്ളവർ പോലും ഈ കഥാപാത്രത്തെ എത്രമേൽ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നറിയില്ല. ജന്മം കൊണ്ട് രാക്ഷസനെങ്കിലും, പിന്നീട് കറതീർന്ന രാമഭക്തനായി മാറിയ വിഭീഷണന്റെ പുത്രിയാണ് ത്രിജട. രാവണനാൽ അപഹരിയ്ക്കപ്പെട്ട്, ലങ്കയിൽ എത്തിയ സീതാദേവിയ്ക്കു കാവലിനായി രാവണൻ ഏർപ്പെടുത്തിയ ആ കാവൽക്കാരിൽ പ്രധാനി. 'ധർമജ്ഞ' എന്നൊരു പേര് കൂടി ത്രിജടയ്ക്കുണ്ട്. വാല്മീകി രാമായണത്തിൽ ഒന്നിലേറെ അവസരങ്ങളിൽ ത്രിജടയെ നമുക്ക് കാണാമെങ്കിലും, അദ്ധ്യാത്മരാമായണത്തിൽ ഏതാണ്ട് ...

ദശരഥൻ: ഒരു ദശാവലോകനം [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ-2023: ഭാഗം-12]

Image
ദശരഥൻ: ഒരു ദശാവലോകനം [ രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ-2023:  ഭാഗം-12 ] ആരാണ് ദശരഥൻ?  എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലല്ലോ, അല്ലേ? കാരണം, രാമായണം അറിയുന്ന, കേട്ടിട്ടെങ്കിലുമുള്ള എല്ലാവർക്കും അദ്ദേഹത്തെ അറിയാം.  ശ്രീരാമദേവന്റെ അച്ഛൻ എന്ന നിലയിൽ, അല്ലെങ്കിൽ കോസല രാജ്യത്തെ മഹാരാജാവ് എന്ന നിലയിൽ. പക്ഷേ, നമ്മൾ ഇവിടെ അറിയാൻ ശ്രമിയ്ക്കുന്നത്, ആ മഹാരാജാവിനെ അല്ല; മറിച്ച്, അവതാര പുരുഷനായ ശ്രീരാമദേവന്റെ അച്ഛനായിട്ടും, അർഹിയ്ക്കുന്ന ആ ഒരു പ്രശസ്തി അല്ലെങ്കിൽ പരിവേഷം, ദശരഥ മഹാരാജാവിന് എന്ത് കൊണ്ടില്ല, എന്നതിനെക്കുറിച്ചാണ്. ജീവിതചിത്രം:  കോസല രാജാവായിരുന്ന അജന്റെയും ഇന്ദുമതിയുടെയും പുത്രൻ. യഥാർത്ഥ നാമം 'നേമി'. പത്ത് (ദശ) ദിക്കുകളിലേക്കും ഒരേ പോലെ സഞ്ചരിയ്ക്കുന്ന രഥമുള്ളവൻ എന്ന അർത്ഥത്തിൽ, അറിയപ്പെടുന്നത് 'ദശരഥൻ' എന്ന പേരിൽ.  കൗസല്യ, കൈകേയി, സുമിത്ര എന്നീ ഭാര്യമാർ. അവരിൽ രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ പുത്രന്മാർ. [വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള രാമായണ കഥകളിൽ, 'ശാന്ത' എന്നൊരു പുത്രി കൂടി  ദശരഥ മഹാരാജാവിനുണ്ട്. ശാന്തയെ അംഗരാജ്യത്തെ രോമപാദ/ലോമപാദ രാജാവ് പിന...

രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ [പരമ്പര: 2023]

Image
രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ  [ പരമ്പര: 2023 ] ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ  ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ  ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ!  ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ  ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ!   ശ്രീരാമ! മമ! ഹൃദി രമതാം രാമ! രാമ! പ്രിയ വായനക്കാരെ, 2020, 2021 വർഷങ്ങളിലെ രാമായണമാസ കാലത്താണ് നമ്മൾ "രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.  ഇതുവരെ ആകെ 11 ഭാഗങ്ങൾ പ്രസിദ്ധീകരിച്ച ആ പരമ്പരയ്ക്ക്, വായനക്കാരിൽ നിന്നും വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എല്ലാവരോടുമുള്ള നിസ്സീമമായ നന്ദി അറിയിയ്ക്കുന്നു. നിങ്ങൾ ഏവരുടെയും, അനുഗ്രഹാശിസുകളോടെ, അനുവാദത്തോടെ, പരമ്പരയിലെ അടുത്ത രണ്ട് ഭാഗങ്ങൾ, ഈ രാമായണമാസത്തിൽ നമ്മൾ പ്രസിദ്ധീകരിയ്ക്കുകയാണ്. ആദ്യഭാഗങ്ങൾ പൂർണമായും വായിയ്ക്കുവാൻ കഴിയാത്തവർക്കായി, ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു. തീർത്തും വ്യത്യസ്തമായൊരു രീതിയിലാണ്, രാമായണത്തെ ഇവിടെ കാണാൻ ശ്രമിയ്ക്കുന്നത്. ഒരു തവണ, ഒരു കഥാപാത്രത്തെ (അല്ലെങ്കിൽ കഥാസന്ദർഭത്തെ) മാത്രം തിരഞ്ഞെടുത്ത്, ആ കഥാപാത്രത...

കണ്ണൻ [ലളിതഗാനം]

Image
  കണ്ണൻ   [ലളിതഗാനം] താമരപ്പൂങ്കുയിൽ പാടി .... താരാട്ട് കേട്ടു നീ ഉറങ്ങി .... താളം പിടിയ്ക്കുവാൻ, കൂടെ ഉറങ്ങുവാൻ  കുസൃതിയാ കുളിർകാറ്റുമെത്തി  കണ്ണുകൾ പൂട്ടി നീ ചെമ്മേ ഉറങ്ങുമ്പോൾ  അമ്പാടിക്കണ്ണനെ പോലെ  കനവതിൽ വന്നാരോ, ഇക്കിളിയാക്കുമ്പോൾ  ചുണ്ടത്തു വിരിയുന്നതമൃത്  കനവിൽ നിന്നുണരവേ ഇളകിച്ചിരിയ്ക്കും നീ  നിറവാർന്ന തിങ്കളേപ്പോലെ  പൈക്കിടാവൊത്തു നീ ഓടിക്കളിയ്ക്കുമ്പോൾ  യദുകുല ബാലനെപ്പോലെ  കാകനോടൊരു കളി ചൊല്ലി കാട്ടുമൈനയോടൊത്തു നീ ഓടി  കാൽമുട്ടിലിത്തിരി ചോര കിനിഞ്ഞപ്പോൾ  കണ്ണനോടൊത്തു ഞാൻ തേങ്ങി  എന്റെ, കണ്ണനെക്കാളേറെ വിങ്ങി  -------- ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്   =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********

ഓർമ്മയിൽ ഇന്നുമാ 'കപ്പവാട്ട്' [ ഓർമ്മക്കുറിപ്പ് ]

Image
ഓർമ്മയിൽ ഇന്നുമാ 'കപ്പവാട്ട്'  [ ഓർമ്മക്കുറിപ്പ്] പതിവില്ലാത്ത വിധം മഞ്ഞു മൂടിയ, ആ തണുത്ത പുലരിയുടെ ആലസ്യത്തിൽ, തലേന്ന് ബാക്കിയായ മെസ്സേജുകൾ അങ്ങിനെ തോണ്ടി വിടുമ്പോളാണ്, ദേ അവൻ ... ആ 'കപ്പ', വീണ്ടും മനസ്സിലേയ്ക്ക് ചാടിക്കയറി വന്നത്.  വെറുതെയങ്ങ് കയറി വന്നതല്ല കേട്ടോ. ഏതാനും വർഷങ്ങൾക്ക് മുൻപ് എഴുതി, അത്യാവശ്യം 'വൈറൽ' ആയ "വേണ്ട നമുക്കിന്നു കപ്പ" എന്ന ആ കവിത, ഒരു സുഹൃത്ത് ഇന്നും പങ്കുവച്ചിരിയ്ക്കുന്നു.  ങ്ഹാ .... എന്നാൽ പിന്നെ, ഒന്ന് കൂടി നമുക്ക് ആ കപ്പയെ കുറിച്ച് തന്നെ പറഞ്ഞാലോ?  എന്താ? ഏതാണ്ടൊരു മുപ്പത്-നാൽപ്പത് വർഷങ്ങൾ പുറകിലേക്ക് പോയാൽ, ശരിയ്ക്കും ഒരു 'നാട്ടുത്സവം' തന്നെയായിരുന്നു 'കപ്പവാട്ട്'.  ഈ പേരുകേട്ട് അത്രയ്ക്ക് പരിചയം ഇല്ലാത്തവർ, തെറ്റിദ്ധരിയ്‌ക്കേണ്ട. നിങ്ങൾ ഉദ്ദേശിയ്ക്കുന്ന ആ മറ്റേ 'വാറ്റു'മായി ഇതിന് ഒരു ബന്ധവുമില്ല. പിന്നെ, ഇതെന്താ സാധനം എന്നാണെങ്കിൽ, അതാണല്ലോ നമ്മൾ ഇനി പറയാൻ പോകുന്നത്.  അന്നൊക്കെ നാട്ടിൽ, എല്ലാവർക്കും തന്നെ കപ്പകൃഷി ഉണ്ടാകും. അതുകൊണ്ടു തന്നെ, ഊഴം വച്ചാണ് ഓരോ വീട്ടുകാരുടെയും കപ്പവാട്ട്‌. ക...