2016 - കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലം [ഒരു ദ്രുതാവലോകനം]
2016 - കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലം [ഒരു ദ്രുതാവലോകനം]
നമ്മൾ ഒരുപാടു കാത്തിരുന്ന ആ തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലവും വന്നു.
ഒരുപാടു പ്രത്യേകതകൾ ഉള്ള ഫലം.
അത്തരം ചില പ്രത്യേകതകൾ.
1. മൂന്നു മുന്നണികളിൽ ഒന്നിന്റെ പോലും പിന്തുണയില്ലാതെ, പൂഞ്ഞാറിൽ പി സി ജോർജ് നേടിയ വൻവിജയം. (അദ്ദേഹത്തിന്റെ ശരീര ഭാഷയോടും സംസാരരീതിയോടും ഉള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ) അത്യുജ്ജലം!
[അഴിമതിയേയും അഴിമതിക്കാരേയും തുറന്നെതിർക്കുന്ന നേതാവിന് വോട്ടു ചെയ്യാൻ ഇഷ്ടപ്പെടുന്ന, ഒരു വലിയ വിഭാഗം ജനങ്ങൾ ഇവിടെ ഉണ്ട് എന്നതിന്റെ ഒരു ഉദാഹരണം; അയാൾ കുറെയേറെ കുറവുകൾ ഉള്ള ആളായാൽ പോലും.]
2. മറ്റു രണ്ടു മുന്നണികളോടും പൊരുതി, ഒടുവിൽ നിയമസഭയിൽ അക്കൌണ്ട് തുറക്കുകയും മറ്റു ഏഴിടങ്ങളിൽ രണ്ടാം സ്ഥാനത്ത് വരികയും ചെയ്ത എൻ ഡി എ യുടെ പ്രകടനം.
[ഒന്നിടവിട്ട തിരഞ്ഞെടുപ്പുകളിൽ മാറിമാറി വിജയിച്ചിരുന്ന രണ്ടു മുന്നണികൾക്കുമുള്ള ശക്തമായ താക്കീത്. എന്തുതന്നെ ചെയ്താലും തങ്ങളിൽ ഒരാളെയേ ജനത്തിന് തിരഞ്ഞെടുക്കാൻ കഴിയൂ എന്ന അവസ്ഥ മാറി വരുന്നതിന്റെ സൂചന].
3. വൻഭൂരിപക്ഷം നേടിയുള്ള എൽ ഡി എഫ് ന്റെ കുതിപ്പ്. പല വന്മരങ്ങളും കടപുഴക്കിയുള്ള യഥാർത്ഥ ജൈത്രയാത്ര.
[എന്തിനും ഏതിനും 'മനസാക്ഷി കോടതി' എന്ന ന്യായം പറഞ്ഞിരുന്ന, ആ ന്യായത്തിൽ ജനങ്ങള കബളിപ്പിക്കാൻ ശ്രമിച്ചിരുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും കിട്ടിയ ഏറ്റവും വലിയ അടി. വികസന പ്രവർത്തനങ്ങൾ കുറെയേറെ ചെയ്തുവെങ്കിലും, എല്ലാത്തിന്റെയും ശോഭ കെടുത്താൻ പോന്ന തരത്തിലുയർന്ന അഴിമതി ആരോപണങ്ങളിൽ മുങ്ങി ക്കുളിച്ച ഒരു സർക്കാരിന്റെ ദയനീയ പതനം.]
4. നോട്ടക്ക് കിട്ടിയ ഒരു ലക്ഷത്തിലേറെ വോട്ട്
[നിലവിലെ രാഷ്ട്രീയസ്ഥിതികളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന, അതിന്റെ നിലവാരത്തകർച്ചയിൽ ശക്തമായ പ്രതിഷേധം ഉള്ള, ഒരു തലമുറ ഇവിടെ ഉണ്ട് എന്നതിന്റെ തെളിവ്]
5. യഥാർഥ കമ്യുണിസ്റ്റ് ആശയങ്ങളും ആദർശങ്ങളും ഉയർത്തിപ്പിടിക്കുന്ന കുറച്ചെങ്കിലും നേതാക്കൾ നമുക്കുണ്ട് എന്നും, അവർക്ക് വൻ ജനപിന്തുണ ഉണ്ട് എന്നും തെളിയിച്ച തിരഞ്ഞെടുപ്പ്.
[കുറഞ്ഞത് കല്പറ്റയിലും മൂവാറ്റുപുഴയിലും എങ്കിലും ഈ ഒരു അളവുകോൽ വച്ചാണ് ജനം തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തത് എന്ന് നിസംശയം പറയാം].
6. അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ നേതാക്കളോടുള്ള വിപ്രതിപത്തി.
[അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ അഹങ്കാരപ്രകടനങ്ങളും പ്രസ്താവനകളും നടത്തുന്ന, ജനത്തിനെ അവജ്ഞയോടെ കാണുന്ന, ഒരൊറ്റ നേതാക്കളെയും തങ്ങൾക്കു വേണ്ട എന്ന് വ്യക്തമായി ജനങ്ങൾ പറഞ്ഞ തിരഞ്ഞെടുപ്പ് ]
7. ഒരു മണ്ഡലവും, ഒരു നേതാവിന്റെയോ, ഒരു പാർട്ടിയുടെയോ കുത്തകയല്ല എന്ന് തെളിയിച്ച തിരഞ്ഞെടുപ്പ്.
[ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും ജനങ്ങൾ ജയിപ്പിച്ചു വിടും എന്ന പണ്ടത്തെ സ്ഥിതി മാറി, ജനങ്ങൾ സ്ഥാനാർഥികളെ കൃത്യമായി വിലയിരുത്തി വോട്ടു ചെയ്തു തുടങ്ങി എന്ന ശുഭസൂചനകൾ. സ്വന്തം മണ്ഡലം നല്ല രീതിയിൽ നോക്കിയ, അല്ലെങ്കിൽ നോക്കാൻ കഴിവുള്ള നേതാക്കളെ പാർട്ടിയോ മുന്നണിയോ നോക്കാതെ ജനങ്ങൾ വിജയിപ്പിച്ചു എന്ന നല്ല തുടക്കം]
***********
മൊത്തത്തിൽ, വളരെ നല്ല തിരഞ്ഞെടുപ്പ് ഫലം എന്ന് പറയാം. ഒപ്പം മൂന്നു മുന്നണികൾക്കുമുള്ള അതിശക്തമായ താക്കീതും -
" ഞങ്ങൾ എല്ലാം കാണുന്നു, അറിയുന്നു, വിശകലനം ചെയ്യുന്നു. നിങ്ങൾ മോശമായാൽ ഞങ്ങൾ നിസ്സംശയം അടുത്ത മുന്നണിയെ തിരഞ്ഞെടുക്കും. അതും മോശമായാൽ മൂന്നാം മുന്നണിയെ തിരഞ്ഞെടുക്കും. ഇനി അതും മോശമായാലോ ? ഒരു നല്ല സ്വതന്ത്രനെ തിരഞ്ഞെടുക്കാനും ഞങ്ങൾക്ക് യാതൊരു മടിയും ഇല്ല" എന്ന് ജനങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞ ഐതിഹാസിക തിരഞ്ഞെടുപ്പ് ഫലം !!
Comments
Post a Comment