ഇതു സൂര്യകാന്തിയുടെ ദുഃഖം [കവിത]
ഇതു സൂര്യകാന്തിയുടെ ദുഃഖം
ഇതു സൂര്യകാന്തിയുടെ ദുഃഖം
മണ്ണിലിതു പെൺപൂവിന്റെ ശാപം
അവനിയിൽ ജീവിതവാടി തൻ കോണിലായ്
അലസമായ് അന്നു വളർന്നു
ആർക്കും വേണ്ടാതെയന്നു വളർന്നു
പനിനീരിൻ പുഷ്പങ്ങൾ കമനീയമാക്കുമാ-
വാടിയിലനാഥയായ് നിന്നു
ജലമില്ല, വളമില്ല കാറ്റിൻ തലോടലില്ലു-
ലകിലൊരു പേരില്ലവൾക്ക്
ഒരു നാളിലാരോ വിളിച്ചു 'കാന്തി'
അതു പിന്നെ പേരായി മാറി
തൂമണം തൂകുന്ന കൂട്ടർക്കു ചാരെയായ്
പൂക്കാത്ത പെണ്ണവൾ നിന്നു
വെറുതെ, കണ്ണുനീർ ചെടിയായ് വളർന്നു
സായന്തനങ്ങളിൽ കൂട്ടുചെടികൾക്കു-
പരിഹാസപാത്രമായ് തീർന്നു
ഒരുവേള പോലുമൊരു കരിവണ്ടവളുടെ
ചാരെയണഞ്ഞില്ലയൊട്ടും
കളിവാക്കു പറയുവാൻ കാമുകരാരുമേ
കനവിലും വന്നില്ല കഷ്ടം
പൂക്കൾ തൻ കാമുകൻ സൂര്യൻ
ഒരു നോക്കു നോക്കിയില്ലൊട്ടും
"പൂക്കാത്ത ചെടിയിതു പാഴ്ച്ചെടി-
യെന്തിനിവൾ ?" സൂര്യനോ മനസ്സിൽ നിനച്ചു
നിശയുടെ പ്രിയതമൻ ചന്ദ്രൻ
കാന്തിയെ കാണാത്ത മട്ടിൽ നടന്നു,
പാവം, കാന്തിയവൾ കണ്ണുനീർ വാർത്തു
എന്തിനെൻ പാഴ്ജന്മമെന്നു കരഞ്ഞു.
****
യൗവ്വനയുക്തയാം കന്യകയന്നവൾഒരുനാളിൽ ഋതുമതിയായി
കവിളുകൾ ചോന്നു, കവിൾത്തടം ചോന്നു
കണ്ണിൽ കവിതകൾ പൂത്തു
കാലത്തിൻ കയ്യുകൾ തളിർമേനിയതിനെ
കരവിരുതാലെ ചമച്ചു
കുങ്കുമ നിറമാർന്ന പൂവൊന്നു മൊട്ടിട്ടു
കതിരവൻ കണ്ണൊന്നു ചിമ്മി
കരിനീലമെഴുതിയ കൺകളിൽ കാന്തിക്കു-
മഴകായി സ്വപ്നങ്ങൾ പൂത്തു
കുങ്കുമപ്പൂവു വിടർന്നു
കതിരോന്റെ ചെങ്കിരണങ്ങൾ പൊതിഞ്ഞു
അഴകാർന്ന പെണ്ണായ കാന്തിയവളെ
കതിരവൻ വാരിപ്പുണർന്നു, പെണ്ണവൾ
തരളിത ഗാത്രിയായ് നിന്നു, കതിരവൻ
ആമോദമവളിൽ പടർന്നു
തൻപ്രിയകാമുകൻ കൈവിട്ടു പോയൊരാ-
പനിനീർ പൂക്കൾ വിതുമ്പി, പിന്നവ
ധർത്തിയിൽ വീണങ്ങടിഞ്ഞു
സൂര്യന്റെ പെണ്ണിനോടന്നവർ ചൊല്ലി പോൽ
"കാന്തിയല്ലിന്നു നീ സൂര്യകാന്തി"
കൂട്ടർ തൻ വാക്കുകൾ കേട്ടവൾ
ഉൾക്കുളിരോടെ തലയാട്ടി നിന്നു,
പിന്നെ തെല്ലൊന്നു ഗർവ്വിൽ ഞെളിഞ്ഞു
"സൂര്യന്റെ പെണ്ണാണു ഞാനീ-
വിശ്വമെൻ കാല്ക്കീഴിലാക്കും"
***
ദിവസങ്ങളൊന്നായ് കൊഴിഞ്ഞു വീഴ്കെപൂവിൻ തൂമധു മുഴുവനുമുണ്ടു തീരെ
'കാന്തി തൻ ശോഭ കുറഞ്ഞോ?'
സൂര്യന്നു, സന്ദേഹമുള്ളിലുദിച്ചു
അനുരക്ത സൂര്യന്റെയുള്ളിൽ
ആവേശമാറിത്തണുത്തു
പഴയപോലവനിന്നു പുല്കില്ല പുണരില്ല
കാന്തിയോ വേപധു പൂണ്ടു
ആശങ്ക കരളിൽ പടർന്നു
"തൻ പ്രിയ കാമുകൻ പുതു പൂവ് തേടിയോ?
തന്നെയുപേക്ഷിച്ചകന്നോ?"
ഒരുവേള നേരിട്ടു കണ്ടുവെന്നാകിലും
കവിതകൾ പൂക്കില്ലവന്റെ കണ്ണിൽ
കാന്തി തൻ ചാരെ വിടർന്നൊരാ-
പനിനീരിൻ, പൂക്കളാണവനിന്നു പഥ്യം
കൂട്ടർ തൻ പഴിവാക്കു കേൾക്കവേ,
കാന്തി തൻ കരളിൽ കദനം നിറഞ്ഞു
അവനിയിൽ തൻ ജീവനന്ത്യം കുറിക്കുവാൻ
ഒരുമാത്രയവളും നിനച്ചു
എങ്കിലും തന്നുള്ളിൽ മൊട്ടിട്ടൊരാ-
കൊച്ചു ജീവന്റെയുൾത്തുടിപ്പറികെ,
കാന്തിക്കുമുള്ളിൽ നിറഞ്ഞു
മഹനീയ മാതൃവാത്സല്യം
"പഴിയേറെ കേൾക്കിലും പോറ്റും, ഞാനുമീ-
പൈതലെ പൊൻകുടം പോലെ,
ആദ്യാനുരാഗത്തിൻ അടയാളമാമിവളെ
താരാട്ടു പാടിയുറക്കും"
*****
ഒരുവേള കതിരവൻ വീണ്ടും ചതിക്കാം
എങ്കിലതു പൂവിന്റെ ശാപം
എങ്കിലോ സൂര്യനവൻ അപ്പോഴും മാന്യൻ
അവനിയിൽ പെൺപൂക്കൾ പതിതർ!
ഇതു ലോകമെങ്ങും അറിയുന്ന സത്യം
ഇതു ലോകരെല്ലാമറിയുന്നു നിത്യം
ഇത് സൂര്യകാന്തിയുടെ ദുഃഖം
മണ്ണിലിതു പെൺപൂവിന്റെ ശാപം
[വീണ്ടും വീണ്ടും ചതിക്കപ്പെടുന്ന സ്ത്രീ സമൂഹം; അവർക്കൊരു ഓർമ്മപ്പെടുത്തൽ]
Comments
Post a Comment