ആർക്കാണ് നിങ്ങളുടെ വോട്ട് ? ? [ലേഖനം]
ആർക്കാണ് നിങ്ങളുടെ വോട്ട് ?
ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മൾ മറ്റൊരു തിരഞ്ഞെടുപ്പിലേക്കെത്തുകയായി. തിരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം നമുക്ക് കരഗതമാകുന്ന ആ 'വിലയേറിയ സമ്മതിദാനാവകാശം' നമ്മൾ വിനിയോഗിക്കും.
പക്ഷെ, ആർക്ക് ? എന്തിനു വേണ്ടി ? എന്തിന്റെ അടിസ്ഥാനത്തിൽ ?
നോക്കൂ.
ഇത്രയും നാൾ ദന്തഗോപുരനിവാസികൾ ആയിരുന്ന നമ്മുടെ നേതാക്കന്മാർ പെട്ടെന്ന് എത്ര വിനയമുള്ളവരായി മാറി എന്ന്. ശീതീകരിച്ച വണ്ടികളിൽ മലർന്നു കിടന്നു മാത്രം യാത്ര ചെയ്തു ശീലിച്ച ആ പാവങ്ങൾ ഇതാ കാലിൽ വള്ളിച്ചെരിപ്പുമിട്ടു ടാറിട്ട റോഡിൽ നടക്കുന്നു. ഇടക്കൊക്കെ പഴയ ഇരുചക്രവാഹനത്തിന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുന്നു ...!!
എന്നും രാവിലെ ബ്യുട്ടിപാർലറിൽ പോയതിനു ശേഷം മാത്രം പത്രക്കാരെ കാണുന്ന ചില നേതാക്കൾ ഇതാ പൊരിവെയിലിൽ വിയർത്തൊലിച്ചു ക്യാമറക്ക് മുന്നിൽ....ഇന്നേവരെ ഒന്ന് പുഞ്ചിരിച്ചു പോലും നമ്മൾ കാണാത്ത മറ്റു ചില നേതാക്കൾ വെളുക്കെ ചിരിക്കുന്നു, തമാശ പറയുന്നു ...
'ഫേസ്ബുക്' എന്നോ 'വാട്സ് ആപ്' എന്നോ ഒക്കെ കേട്ടാൽ ആഗോള കുത്തകകളുടെ അനഭിലഷണീയമായ ബൂർഷ്വാ ഉത്പന്നങ്ങൾ എന്നാക്ഷേപിച്ചിരുന്ന ചിലരൊക്കെ, ദിവസേന രണ്ടും മൂന്നും 'ഫേസ്ബുക്' പോസ്റ്റുകളിടുന്നു ....കുലുങ്ങിച്ചിരിക്കുന്നു.
കേരളം കണ്ടതിൽ വച്ചേറ്റവും കൂടുതൽ അഴിമതി ആരോപണങ്ങളിൽ മുങ്ങിയ മന്ത്രിമാർ ശുഭ്രവസ്ത്രവും ധരിച്ചു, വെളുക്കെ ചിരിച്ച് യാതൊരു ഉളുപ്പുമില്ലാതെ വോട്ടു തേടുന്നു.
അതുവരെ തോളിൽ കയ്യിട്ടു നടന്ന ചില നേതാക്കൾ പെട്ടെന്ന് പാർട്ടി മാറുന്നു പിന്നെ പരസ്പരം തെറി വിളിക്കുന്നു. മറിച്ച്, പരസ്പരം തെറി വിളിച്ചിരുന്ന മറ്റു ചില നേതാക്കൾ മുന്നണി മാറിയപ്പോൾ കളിക്കൂട്ടുകാരെ പോലെ ഒരു പാത്രത്തിൽ നിന്നും ആഹാരം കഴിക്കുന്നു.
ഹോ .... തിരഞ്ഞെടുപ്പിന്റെ, ഇങ്ങനെ മനം കുളിർപ്പിക്കുന്ന കാഴ്ചകൾ ഇനിയും എന്തൊക്കെ ?
ഇനി പ്രിയപ്പെട്ട പൊതുജനത്തിനോടൊരു ചോദ്യം. നിങ്ങൾ ആർക്ക് വോട്ട് ചെയ്യും?
പൊള്ളയായ വാഗ്ദാനങ്ങൾ കുത്തിനിറച്ച പ്രകടനപത്രികകൾ എല്ലാ മുന്നണികളും പുറത്തിറക്കിക്കഴിഞ്ഞു. കുറെയേറെ മോഹനവാഗ്ദാനങ്ങൾ നിരത്തിയും കഴിഞ്ഞു.
ഇനി നിങ്ങളുടെ ഊഴമാണ്.
ഏതെങ്കിലും ഒരു മുന്നണിയെയോ രാഷ്ട്രീയപാർട്ടിയെയോ അന്ധമായി വിശ്വസിക്കുകയും അവർ നിരത്തുന്ന ഏതൊരു സ്ഥാനാർത്ഥിയെയും ജയിപ്പിക്കുകയും ചെയ്യുന്ന ആ പഴയ രീതി മാറ്റാൻ സമയമായില്ലേ ? തീർച്ചയായും.
ചില ലളിതമായ നിർദ്ദേശങ്ങൾ ഇതാ:
1. നിങ്ങളുടെ മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാർത്ഥികളെയും നിങ്ങൾ സ്വയം വിലയിരുത്തുക. വിശദമായി തന്നെ
2. ഏതൊരാൾ ജയിച്ചാലാണോ നിങ്ങളുടെ മണ്ഡലത്തിന് കൂടുതൽ ഗുണകരം, ആ സ്ഥാനാർത്ഥിക്ക് നിങ്ങൾ വോട്ടു ചെയ്യുക. പാർട്ടിയുടെയോ മുന്നണിയുടെയോ നിറവും മണവും ഒന്നും നോക്കാതെ തന്നെ.
3. ഇതുവരെയുള്ള കേരളരാഷ്ട്രീയചരിത്രവും, സ്ഥാനാർത്ഥികളുടെ മുൻകാല പ്രവർത്തികളും നിങ്ങളുടേതായ രീതിയിൽ നിങ്ങൾ ഒന്ന് വിശകലനം ചെയ്യുക. എന്നിട്ടു വേണം മേല്പ്പറഞ്ഞ, യോഗ്യനായ ആളെ കണ്ടെത്താൻ.
4. ഇനി, മൂന്നു മുന്നണി സ്ഥാനാർത്ഥികളും നിങ്ങളുടെ വിശകലനത്തിൽ യോഗ്യരല്ലെങ്കിൽ? യോഗ്യരായ സ്വതന്ത്രസ്ഥാനാർഥികൾ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ വോട്ടു അവർക്കാകട്ടെ.
5. ഇനി അഥവാ, യോഗ്യരായ ഒരു സ്ഥാനാർത്ഥിയും ഇല്ലെങ്കിലോ ? ധൈര്യമായി ഇത്തവണ നിങ്ങളുടെ വോട്ട് 'നോട്ട'ക്ക് ചെയ്യൂ.
ഒരിക്കൽ കൂടി....... ഒരു പാർട്ടിയുടെയും മുന്നണിയുടെയും പൊള്ളയായ വാഗ്ദാനങ്ങളിൽ വശംവദരാകാതെ, നിങ്ങുടെ വോട്ടവകാശം തീർത്തും യോഗ്യരായ (നിങ്ങളുടെ മാത്രം വിശകലനപ്രകാരം), നിങ്ങളുടെ മണ്ഡലത്തിന് ഏറ്റവും അനുയോജ്യനെന്നു നിങ്ങൾ കരുതുന്ന ആ സ്ഥാനാർത്ഥിക്ക് തന്നെ ചെയ്യൂ...
കൊടിയോ നിറമോ ജാതിയോ മതമോ വർണ്ണമോ ഒന്നും അതിനൊരു തടസ്സമാകാതിരിക്കട്ടെ. ജനാധിപത്യം എന്നാൽ എന്താണെന്നു ഇവിടുത്തെ എല്ലാ രാഷ്ട്രീയപാർട്ടികളും നിങ്ങളിലൂടെ മനസ്സിലാക്കട്ടെ.......
മഷി പുരണ്ട നിങ്ങളുടെ ആ ചൂണ്ടുവിരൽ യഥാർത്ഥ ജനാധിപത്യത്തിലേക്കുള്ള ചൂണ്ടുവിരലാവട്ടെ ....!!
Comments
Post a Comment